(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ ഒന്‍പതാമത്തെ കഥാപ്രസംഗം)
യേശുദേവന്‍ എന്നും ലോകത്തിന്റെ വെളിച്ചമായിരുന്നു. ഇരുളില്‍ തപ്പിത്തടയുന്നവരെ വെളീച്ചത്തിലേക്ക് നയിക്കാനാണ് അദ്ദേഹം മനുഷ്യപുത്രനായി ഈ മണ്ണില്‍ അവതരിച്ചത്.
കുരുടന്റെ കണ്ണു തെളീച്ചുകൊണ്ടൂം
ചെകിടനു കേള്‍വി പകര്‍ന്നുകൊണ്ടും
കാരുണ്യരൂപനാമേശുദേവന്‍
നാടുകള്‍ തോറും സഞ്ചരിച്ചു
അതെ എങ്ങും നന്മയുടെ പൂക്കള്‍ വിടര്‍ത്തിക്കൊണ്ട് അദ്ദേഹം മുന്നോട്ടു നീങ്ങി. അധ്വാനിക്കുന്നവര്‍ക്കും ഭാരം വഹിക്കുന്നവര്‍ക്കും അദ്ദേഹം അത്താണിയായി മാറി. പാപികളായ പലരും മാനസാന്തരപ്പെട്ട് ആ നീതിമാനെ അനുഗമിച്ചു. തങ്ങളുടെ സര്‍വസ്വവും അദ്ദേഹത്തിന്റെ മുന്നില്‍ അവര്‍ അര്‍പ്പിച്ചു. അത്തരമൊരു പരിവര്‍ത്തനത്തിന്റെ കഥയാണ് ഇവിടെ കഥാപ്രസംഗ രുപേണ അവതരിപ്പിക്കുന്നത് ‘ സക്കേവൂസിന്റെ മാനസാന്തരം ‘
പുതിയ നിയമത്തിന്‍ താളിലൂടെ
നമ്മള്‍ക്കു തെല്ലൊന്നു സഞ്ചരിക്കാം
സുവിശേഷ വചനത്തിന്‍ വഴിയിലൂടേ
നമ്മള്‍ക്കു മുന്നോട്ടു സഞ്ചരിക്കാം
വരൂ നമുക്കല്പ്പം നേരത്തേക്ക് ഇസ്രായേലിലെ ജറിക്കോ പട്ടണത്തിലേക്കു കടന്നു ചെല്ലാം. രണ്ടായിരം സംവത്സരങ്ങള്‍ക്കു മുമ്പുള്ള ഒരു സായാഹ്നം. പട്ടണത്തില്‍ നല്ല തിക്കും തിരക്കും. അതാ അകലെ നിന്ന് ഒരാരവം ഉയര്‍ന്നു കേള്‍ക്കുന്നല്ലോ ! എന്താണത്?
ദാവീദിന്‍ പുത്രനാമേശുദേവന്‍
വീഥിയിലൂടെ വരുന്നുവത്രെ
അത്ഭുത കൃത്യങ്ങള്‍ ചെയ്തു മന്ദം
പാതകള്‍ താണ്ടി വരുന്നുവത്രെ
ദൈവപുത്രനായ യേശുവിന്റെ വരവ് പട്ടണവാസികളെ സന്തുഷ്ടരാക്കി. അനേകം രോഗികളും കുരുടന്മാരും യേശുവിന്റെ അടുത്തു വന്നു, അദ്ദേഹമവരെ സുഖപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
തിരുമൊഴിയെന്തെന്നു കേള്‍ക്കുവാനും
തിരുമുഖം നേരിട്ടു കാണുവാനും
പട്ടണവാസികള്‍ കൂട്ടമായി
നാഥന്റെ ചാരത്തു വന്നു കൂടി
കുട്ടികളും യുവാക്കളും സമ്പന്നരും ദരിദ്രരും മുതലാളികളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ആ വലിയ പുരുഷാരം മുന്നോട്ടു നീങ്ങി. അവര്‍ നാല്‍ക്കവലയിലെത്തി അപ്പോഴാണ് യേശുദേവന്‍ രസകരമായ ആ കാഴ്ച കണ്ടത്! തൊട്ടടുത്തുള്ള സിക്കമൂര്‍ മരത്തിന്റെ മുകളിലതാ ഒരാള്‍ ഒരോന്തിനേപ്പോലെ പറ്റിച്ചേര്‍ന്നിരിക്കുന്നു ആരാണത്…?
പച്ചിലച്ചാര്‍ത്തില്‍ മറഞ്ഞിരിക്കും
മര്‍ത്യനെ സൂക്ഷിച്ചു നോക്കി ദേവന്‍
നാട്ടിലെ ചുങ്കപ്പിരിവുക്കാരന്‍
സക്കേവൂസാണെന്നറിഞ്ഞു ദേവന്‍
യേശുവിന് അയാളെ ശരിക്കും മനസിലായി.
ചുങ്കക്കാരന്‍ സക്കേവൂസ് ആയിരുന്നു അത്. റോമാചക്രവര്‍ത്തിക്കു വേണ്ടി ജനങ്ങളില്‍ നിന്ന് കരം പിരിക്കുന്ന ക്രൂരനായ ഉദ്യോഗസ്ഥന്‍. ആ വഴി കടന്നു പോകുന്ന ഇസ്രായേല്‍ക്കാരില്‍ നിന്ന് അയാള്‍ അമിതമായി ചുങ്കം ഈടാക്കി വന്നു.
അന്യായമായി കരം പിരിച്ചും
അന്യരെ ദ്രോഹിച്ചും കൊള്ള ചെയ്തും
സക്കേവൂസങ്ങനെ കേമനായി
നാടന്‍ പണക്കാരില്‍ മുമ്പനായി
പക്ഷെ അതുകൊണ്ടെന്തു കാര്യം? നാട്ടില്‍ ആര്‍ക്കും അയാളെ ഇഷ്ടമായിരുന്നു. ‘അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ദുഷ്ടന്‍’ എന്നാണ് ആളുകള്‍ അയാളെപ്പറ്റി വിശേഷിപ്പിച്ചിരുന്നത്. അയല്‍ക്കാര്‍ പോലും അയാളുടെ വീട്ടില്‍ പോവുകയോ അയാളോടു മിണ്ടുകയോ ചെയ്യാറില്ല. കൂട്ടത്തില്‍ കുറിയവനായതുകൊണ്ട് ‘ ഉണ്ടസക്കേവൂസ് എന്ന പരിഹാസപ്പേരും അയാള്‍ക്കു കിട്ടി. സമൂഹത്തില്‍ അയാള്‍ കുഷ്ഠരോഗിയേപ്പോലെ വെറുക്കപ്പെട്ടവനായി മാറി.
ആരോരുമിഷ്ടപ്പെടാതെ മന്നില്‍
ജീവിച്ചിരിപ്പതിലര്‍ഥമുണ്ടോ?
താനൊരു ചീത്ത മനുഷ്യനാണെ
ന്നയാള്‍ക്കു തോന്നിത്തുടങ്ങി മെല്ലെ
ഈ സന്ദര്‍ഭത്തിലാണ് സക്കേവൂസ് യേശുവിനെ പറ്റി കേള്‍ക്കാന്‍ ഇടയായത്. ഒരു ദിവസം തെരുവിലൂടെ കടന്നു പോകുമ്പോള്‍ രണ്ടു വഴി പോക്കര്‍ തമ്മില്‍ സംസാരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു.
” ഹാ ! …യേശു എത്ര നല്ലവന്‍ അവന്‍ രോഗികളെ സൗഖ്യപ്പെടുത്തുന്നു, പാപികളെ മാനസാന്തരപ്പെടുത്തുന്നു !”
” ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു ദാനം ചെയ്യണമെന്ന് അവന്‍ വിളീച്ചു പറയുന്നു, അവനെ കാണാന്‍ ആയിരങ്ങള്‍ ഓടിക്കൂടുന്നു”
യേശു മഹേശ്വനെ കാണുവാനും
സ്നേഹവചനങ്ങള്‍ കേള്‍ക്കുവാനും
സക്കേവൂസങ്ങനെ കാത്തിരുന്നു
ദാഹിച്ചു മോഹിച്ചു കാത്തിരുന്നു
ഈ കാത്തിരിപ്പിനിടയിലാണ് യേശുദേവന്‍ അതു വഴി വരുന്നുണ്ടെന്ന വാര്‍ത്ത സക്കേവൂസിന്റെ കാതിലെത്തിയത് . എന്തു ത്യാഗം ചെയ്യേണ്ടി വന്നാലും യേശുവിനെ ഒരു നോക്കു കാണണം അവിടുത്തെ തിരുവചനങ്ങള്‍ കേള്‍ക്കണം അയാള്‍ ഉറപ്പിച്ചു. എന്നിട്ട് സക്കേവൂസ് ആര്‍ത്തിയോടെ യേശു വരുന്ന വഴിയിലേക്കു ഓടി. പക്ഷെ, എന്തു ചെയ്യാം തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടമല്ലേ? പൊക്കമില്ലാത്ത സക്കേവൂസിനുണ്ടോ യേശുവിനെ കാണാന്‍ കഴിയുന്നു? അയാള്‍ വല്ലാതെ നിരാശനായി ഇനി എന്തു ചെയ്യും?
പെട്ടന്നു പോംവഴി കണ്ട പോലെ
തപ്പിത്തടഞ്ഞു നടന്നു ചെന്ന്
തൊട്ടടുത്തുള്ള സിക്കമൂര്‍
കൊമ്പത്തു കേറി മറഞ്ഞിരുന്നു
ഈ കാഴചയാണ് യേശുവിന്റെ ശ്രദ്ധയില്‍ പെട്ടത്.
പച്ചിലച്ചാര്‍ത്തില്‍ മറഞ്ഞിരിക്കും
മര്‍ത്ത്യനെ സൂക്ഷിച്ചു നോക്കി ദേവന്‍
നാട്ടിലെ ചുങ്കപ്പിരിവുകാരന്‍
സക്കേവൂസാണെന്നറിഞ്ഞു ദേവന്‍
യേശുവിനെ അയാള്‍ കണ്‍ കുളിര്‍ക്കെ കണ്ടു.
സ്നേഹം തുളുമ്പുന്ന കണ്ണുകള്‍ പ്രകാശം വഴിയുന്ന മുഖം കരുണാര്‍ദ്രമായ തൂമന്ദഹാസം
സക്കേവൂസിന്റെ ഹൃദയം ആഹ്ലാദം കൊണ്ട് തുടി കൊട്ടി. അങ്ങോട്ടോടിച്ചെന്ന് യേശുവിനെ ഒന്നു കെട്ടിപ്പുണരാന്‍ അയാള്‍ ആശിച്ചു. എങ്കിലും ജനക്കൂട്ടം തന്നെ പരിഹസിക്കുമോ എന്നു പേടിച്ച് അയാള്‍ മരത്തില്‍ നിന്നു താഴെയിറങ്ങിയില്ല.
പെട്ടന്നാണ് യേശുവിന്റെ ശബ്ദം ഉയര്‍ന്നു കേട്ടത്. ”സക്കേവൂസ് വേഗം ഇറങ്ങി വരിക ഇന്നെനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു”
നാഥന്റെ വിളി കേട്ട് സക്കേവൂസ് അത്ഭുതസ്ത്ബ്ധനായി. എന്ത്? യേശുവിന് തന്നെ അറിയാമെന്നോ?
സക്കേവൂസിന്റെ മുഖം തെളീഞ്ഞു
യേശുവിന്‍ പാദത്തില്‍ വീണു തേങ്ങാന്‍
അക്ഷണമയാള്‍ കൊതിച്ചു പോയി.
സക്കേവൂസ് ഉടനെ മരത്തില്‍ നിന്നു തത്തിപ്പൊത്തി താഴോട്ടിറങ്ങി. യേശുവിന്റെ പാദങ്ങളില്‍ കെട്ടി വീണ് അയാള്‍ പറഞ്ഞു.
” നാഥാ, ഞാന്‍ പാപിയാണ്. എങ്കിലും അങ്ങന്റെ ഭവനത്തിലേക്കു വരണം ”
ഉറ്റചങ്ങാതിമാര്‍ നീങ്ങീടും പോല്‍
ഇരുവരും മെല്ലെ നടന്നു നീങ്ങി
സക്കേവൂസിന്റെ മനസിനുള്ളീല്‍
ആനന്ദം പീലി നിവര്ത്തിയാടി ”
എല്ലാവരും വെറുക്കുന്ന തന്നോട് യേശുനാഥന്‍ സംസാരിക്കുന്നല്ലോ എന്നോര്‍ത്ത് അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്നാല്‍ ചുറ്റും കൂടിയ പുരുഷാരത്തിന് ഇത് ഒട്ടും ഇഷ്ടമായില്ല. ദുഷ്ടനും ജനദ്രോഹിയും പാപിയുമായ ഒരാളുടെ കൂടെ യേശുദേവന്‍ പാര്‍ക്കാന്‍ പോകുന്നതു കണ്ട് അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു.
പാവനരൂപനാമേശു ദേവന്‍
പാപിയോടൊപ്പം പൊറുക്കുമെന്നോ?
ഈ വിധമുള്ളൊരു ഹീന കൃത്യം
ദാവീദിന്‍ പുത്രനു ചേര്‍ന്നതാണോ?
ആളൂകള്‍ യേശുവിനേയും സക്കേവൂസിനേയും മാറി മാറി നോക്കി. ഇതിനിടയില്‍ സക്കേവൂസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഇടറുന്ന കണ്ഠത്തോടെ അയാള്‍ പറഞ്ഞു.
” നാഥാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അതു നാലിരട്ടിയായി തിരിച്ചു കൊടുക്കാമെന്നും ഞാനിതാ സത്യംചെയ്യുന്നു !”
സക്കേവൂസിന്റെ വാക്കുകള്‍ കേട്ട് യേശുവിന്റെ മുഖം പ്രസന്നമായി.
കാണികളൊക്കെയും നോക്കി നില്‍ക്കെ
കാരുണ്യരൂപനാമേശുദേവന്‍
സക്കേവൂസിന്റെ കവിളില്‍ നിന്നും
അശ്രുബിന്ദുക്കള്‍ തുടച്ചു നീക്കി
സക്കേവൂസിന്റെ തലയില്‍ തഴുകിക്കൊണ്ട് യേശു പറഞ്ഞു.
” മകനേ ഇന്ന് ഈ ഭവനത്തിനു രക്ഷ കൈ വന്നിരിക്കുന്നു !”
സക്കേവൂസിന്റെ ഹൃദയത്തില്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും വിടര്‍ന്നു. അയാള്‍ ഒരു പുതിയ മനുഷ്യനായി മാറി. അയാളുടെ മുഖത്ത് നന്മയുടെ വെള്ളി വെളിച്ചം പരന്നു !
എല്ലാവര്‍ക്കും അയാളോട് സ്നേഹവും കാരുണ്യവും തോന്നി. സ്വന്തം തെറ്റുകള്‍ തിരുത്താന്‍ തയ്യാറായ സക്കേവൂസിനെ എല്ലാവരും അഭിനന്ദിച്ചു.
തെറ്റുകള്‍ നമ്മള്‍ക്കു ബോധ്യമായാല്‍
വേഗം തിരുത്തേണം കൂട്ടുകാരേ
ചെയ്യുന്ന തെറ്റുകള്‍ മൂടി വച്ചാല്‍
പാപികളായിക്കഴിഞ്ഞിടും നാം!
Click this button or press Ctrl+G to toggle between Malayalam and English