ഒടുവിൽ
ഓർക്കുന്നുണ്ടാകുമോ
വഴിത്താരകൾക്കായി
നെഞ്ചുകീറിയ
കുന്നിൻറെ വേദന..
വഴിയരികിൽ
ഉപേക്ഷിക്കപ്പെട്ട
നമസ്കാരമെന്നോതിയ
കന്യക
ഒറ്റമുണ്ടുടുത്തൊരു
തോട്ടക്കാരൻ
രണ്ടു ശാന്തിപ്രാവുകൾ..
വക്കുപൊട്ടിയ ചെടിച്ചട്ടികൾ
പൂമുഖത്തെ കിണറുകൾ
പൂക്കാലം കൊതിച്ച
പൂന്തോട്ടങ്ങൾ..
ബാക്കിയാവുന്നത്
ഹോട്ടലെന്നു
കൈവീശിക്കാണിച്ചൊരു
കാലൻകുട..
ഹൈവേക്കരികിലുള്ള വീട്ടിൽ
മഴയന്തികളിൽ
വെറും നിലത്ത്
ഇണചേരുന്ന ദുഃഖങ്ങൾ
ഭാരമേന്തിയ
പാണ്ടിലോറിയുടെ
ഞരക്കങ്ങളിലൊന്നിലാവും
തല വെച്ചുചത്തത്…. ?