മാപ്പർഹിക്കാത്ത ഒരു മണ്ടത്തരം; മാമാങ്കത്തിന്റെ യഥാർത്ഥ തിരക്കഥാകൃത്തായ സജീവ് പിള്ള പറയുന്നു

 

മാമാങ്കത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങിയത്തിന് പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. യഥാർത്ഥ തിരക്കഥാകൃത്തായ സജീവ് പിള്ള തന്റെ അശ്രദ്ധ കാരണം ഉണ്ടായ നഷ്ടത്തെക്കുറിച്ചു വെളിപ്പെടുത്തി രംഗത്തെത്തി. സജീവ് പിള്ളയുടെ സംവിധാനത്തിൽ ആരംഭിച്ച സിനിമയായിരുന്നു ഇത്. പിന്നീട് നിർമാതാവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ എങ്ങനെ സിനിമയെയും തന്നെയും ബാധിച്ചു എന്നു വെളിപ്പെടുത്തുകയാണ് സജീവ് പിള്ള

ഫേസ്‍ബുക് കുറിപ്പ് വായിക്കാം:

ഞാനെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വലിയ സമയമാണ് മാമാങ്കം സിനിമക്കായി കൊടുത്തത്. ഇതിവൃത്തത്തിന്റെ വൈകാരിക തീവ്രതയും അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയവും ഒപ്പം അതിന്റെ സമകാലികതയും സവിശേഷമായ ചരിത്ര പശ്ചാത്തലവും ഒക്കെ അത്രയേറെ പ്രചോദിപ്പിക്കുന്നതായിരുന്നു. ആർക്കും ഒഴിഞ്ഞ്മാറാൻ പറ്റാത്ത്, എന്നും മനുഷ്യൻ അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങളും അത് ഉയർത്തുന്നുണ്ടായിരുന്നു. എഴുതി കഴിഞ്ഞപ്പോഴേക്കും ഒരുപാട് പേർക്ക് സ്ക്രിപ്ട് ഇഷ്ടമായി എന്ന് പറയുകയും ചെയ്തു. പ്രകീർത്തനങ്ങൾ പല തലത്തിൽ നിന്നും ധാരാളമായി വന്നു. സ്ക്രിപ്ട് പലപ്രാവശ്യം പൂർണ്ണമായി വായിച്ച് ബോധ്യം വന്നാണ് ഇപ്പോഴത്തെ നിർമ്മാതാവ് പോലും ഈ പ്രൊജക്ടിലേക്ക് വന്നത്. പക്ഷേ, മാപ്പർഹിക്കാത്ത ഒരു മണ്ടത്തരം ഞാൻ ചെയ്തു: അമിതമായ ആവേശത്തിൽ, പിന്നിലെ കർക്കശമായ തന്ത്രങ്ങൾ മനസ്സിലാക്കാതെ മധുരമായ പാഴ് വാക്കകളെ വിശ്വസിച്ച്, മാരകമായ അശ്രദ്ധയിൽ ഒരു കരാറ് ഒപ്പിട്ടു. ഇപ്പോൾ, ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണ്.

എന്നെയും ഒപ്പം രാജ്യത്തെ പേരുകേട്ട സാങ്കേതിക വിദഗ്ദരേയും അഭിനേതാക്കളേയും ഒക്കെ തൊഴിലടത്തെ കേവല മര്യാദകൾ പോലും ഇല്ലാതെ ഒഴിവാക്കി, നിർമ്മാതാവിന്റെ താല്പര്യമനുസരിച്ച് മാത്രം മുന്നോട്ട് പോയപ്പോൾ നിർമ്മാതാവിനെ കണ്ണടച്ച് പിന്തുണച്ചവരും പറഞ്ഞു: സംവിധാനം മഹാമോശം. സ്ക്രിപ്ട് ഗംഭീരം. സത്യത്തിൽ പ്രശ്നം തുടങ്ങുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് എല്ലാവരാലും ഇത്രയേറെ പ്രകീർത്തിക്കപ്പെട്ട സ്ക്രിപ്ട് വികലമാക്കാൻ കഴിയില്ല എന്ന എന്റെ നിലപാടായിരുന്നു. ഒരു മസാല തട്ടിക്കൂട്ടിന് ഞാൻ തയാറല്ലായിരുന്നു. ആത്മാവും വലിപ്പവും നഷ്ടപ്പെട്ട ഒരു സ്ഥിരം പടപ്പ്. എന്റെ സംശയങ്ങൾ ഇപ്പോൾ ശരിയായിരിക്കുന്നു. സൂത്രത്തിൽ അതിനെ മറികടന്നിരിക്കുകയാണ്. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് അവരുടെ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന ‘ഫസ്റ്റ് ലുക്ക്’ പോസ്റ്ററിൽ ഇല്ല. ഒരു പുതിയ പേരാണ് ടൈറ്റിലും ക്രഡിറ്റും.

ഒരു ഒപ്പിട്ട് പോയി എന്നത് കൊണ്ട്, നിയമപരമായി മുന്നോട്ട് നീങ്ങുന്നതിൽ ചില പരിമിതികൾ ഉണ്ടാകാം. എന്തായാലും കോടതി തീരുമാനിക്കേണ്ടതാണ് ചിലതൊക്കെ. കോടതിയുടെ പരിഗണനയിലുമാണ്.

ഇത്തരം ചതികളിൽ പെട്ട്, ഹൃദയം പൊട്ടിയും സ്ട്രോക്ക് വന്നും ഡിപ്രഷനിൽ വീണും നരകിച്ച് മരിച്ച മലയാളത്തിന്റെ എക്കാലത്തേയും വലിയ ചില സംവിധായകരേയും അഭിനേതാക്കളേയും കലാകാരന്മാരേയും കുറിച്ച് കേട്ടിട്ടുള്ളത് ഓർക്കാം. (പലതും സമീപ കാലങ്ങളിലായിരുന്നെങ്കിലും, തെളിവുകളോ തെളിയിക്കാൻ രേഖകളോ ഇല്ലാത്തത് കൊണ്ട് പേരുകൾ പരാമർശിക്കുന്നില്ല.) പരസ്യമായും രഹസ്യമായും ബഹിഷ്കരിക്കുകയും തമസ്കരിക്കുകയും ചെയ്തതല്ലാതെ ഒരു സംഘടനയും അവരെ പിന്തുണച്ചില്ലായെന്ന് മാത്രമല്ല വേട്ടക്കാർക്കും ചതിയന്മാർക്കും ഒപ്പം ആവേശത്തോടെ നിൽക്കുകയും ചെയ്തു. ഇപ്പോഴും നിൽക്കുന്നു. അത്തരം കൊലച്ചതികളിൽ പോലും ഉണ്ടായിരുന്ന തൊഴിൽ സംസ്കാരത്തിന്റെ ലാഞ്ജനയും ഇപ്പോൾ പോവുകയാണ്. അത്യമിതമായ പണം ഉണ്ടാക്കുന്ന മനോനില സാധാരണ അവസ്ഥകളിൽ നിൽക്കുന്നവരുടെയൊക്കെ കോംപ്രിഹെൻഷന് നിരക്കുന്നതല്ല. എത്ര പണം മുടക്കിയാലും അവനെ (സൃഷ്ടാവിനെ) നശിപ്പിക്കും എന്ന വാശി പരിചയമുള്ളതാകണമെന്നില്ല. അത് മൂർച്ചിപ്പിച്ച്, സംസ്കാരശൂന്യമായ ധാർഷ്ട്യത്തിന് ദാസ്യം ചെയത്, സംഘടനാ താക്കോലുകൾ സമ്പാദിച്ച പണം ആരും അറിയാതെ പോവുമെങ്കിലും പദ്ധതിപടങ്ങളും പലതരം വേഷങ്ങളും ഒക്കെ വഴിയെ കാണാം എന്ന് പ്രതീക്ഷിക്കുന്നു.

എല്ലാം അറിഞ്ഞിട്ടും, മിണ്ടിയാൽ, ഇൻഡസ്ട്രി ബന്ധങ്ങളിൽ കോട്ടം ഉണ്ടാകുമെന്നും പിന്നെ സിനിമ ചെയ്യാൻ പാടായിരിക്കുമെന്നും ഒക്കെ കരുതി നിശബ്ദരായി കാണുന്ന പല മേഖലകളിലായി സിനിമയിൽ പണിയെടുക്കുന്ന ചിലരെങ്കിലും ഇത് ഇതേവരെ ഇല്ലാത്ത കീഴ് വഴക്കമാണ് കൊണ്ടു വരുന്നതെന്ന് തിരിച്ചറിയുക എങ്കിലും ചെയ്യും എന്ന് ഞാൻ പ്രത്യാശിക്കുന്നു. രാജ്യത്തെ പേരു കേട്ട സാങ്കേതി വിദഗ്ദരെയും പൂർണ്ണാർപ്പണം നടത്തിയ അഭിനേതാക്കളേയുമെല്ലാം സാമാന്യ മര്യാദകൾ പോലും ഇല്ലാതെ ഒന്നടങ്കം പുറത്താക്കുക, ജീവിതം കൊടുത്ത, ഡേറ്റുൾപ്പടെ പ്രോജക്ടുണ്ടാക്കിയ, സൃഷ്ടാവുൾപ്പടെയുള്ളവരെ പുറത്താക്കി പൂർണ്ണമായി തമസ്കരിക്കുക പരസ്യമായി തേജോവധം ചെയ്യുക ചതിയിൽ ബൌദ്ധികാവകാശം മുതൽ ക്രഡിറ്റുകൾ വരെ കയ്യടക്കുന്ന പുതിയ സംസ്കാരം ഉണ്ടാക്കുക എന്നതൊക്കെ നല്ല സൂചനയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English