പിതാവ് ഒരു പുസ്തകപ്രേമിയായിരുന്നു. അത് കൊണ്ട് തന്നെ നാനാതരം പുസ്തകം വീട്ടിൽ സുലഭം.
പബ്ലിസിറ്റി ആഗ്രഹിക്കാത്ത അന്തർമുഖനായിരുന്നു പിതാവ്. മൗനമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഒരു പ്രവാസ ഇടവേളയിൽ ഞാൻ നാട്ടിൽ എത്തി. തറവാട്ടുപുരയിൽ സൂക്ഷിച്ച് വെച്ച അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിലൂടെ ഞാൻ ഒരു നാൾ പരതുകയും, ഒരു പിടി പുസ്തകങ്ങൾ ഞാൻ എന്റെ സ്വഗൃഹത്തിലെ പുസ്തകസെൽഫിലേക്ക് മാറ്റുകയും ചെയ്തു. ആ പുസ്തകങ്ങളെ കേടുകൂടാതെ നല്ലൊരു സുരക്ഷിത സ്ഥലത്തിലേക്ക് മാറ്റേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോന്നി.
എന്റെ കുട്ടിക്കാലത്ത് എനിക്ക് പുസ്തകങ്ങളേക്കാൾ താത്പര്യം സിനി മാഗസിനികളോടായിരുന്നു.അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ (പിതാവിന്റെ ) പുസ്തകങ്ങളെ പരിചയപ്പെടുവാനും, മനസ്സിലാക്കുവാനും എനിക്ക് നേരത്തെ കഴിയാതെ പോയതും.
ഇവിടെ ജിദ്ദ സമീക്ഷാ സാഹിത്യ വേദിയുടെ ആഭ്യമുഖ്യത്തിൽ മാസംതോറും നടത്തി വരുന്ന പി.ജി.സ്മാരക പ്രതിമാസ വായനയിൽ പങ്കാളിയായതിന് ശേഷമാണ് പുസ്തകത്തെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു പക്ഷെ ആ കാരണം കൊണ്ടാവാം പിതാവിന്റെ പുസ്തക ശേഖരത്തിലൂടെ കണ്ണോടിക്കുവാനും, ഓരോരോ പുസ്തകങ്ങൾ മറിച്ച് നോക്കി എന്തിനെക്കുറിച്ചെന്നൊക്കെയെന്ന് അറിയുവാനും സാധിച്ചത്. അത് ജീവിതത്തിൽ എനിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായി തോന്നി.
കഴിഞ്ഞ വെക്കേഷനിൽ നാട്ടിൽ പോയ സന്ദർഭത്തിൽ ബാക്കിയുള്ള പുസ്തകം മാറ്റുന്നതിന്റെ ഭാഗമായി ഓരോന്നായി ഞാൻ ചിട്ടപ്പെടുത്തി വെയ്ക്കുന്നതിന്റെ ഇടയിൽ എനിയ്ക്ക് കിട്ടിയത് എന്നെ സംബന്ധിച്ച് അമൂല്യ നിധികളായിരുന്നു. അത് വേറൊന്നുമല്ല….!
ഒരു തകര ബോക്സിൽ സൂക്ഷിച്ച് വെച്ച കുറെ പത്ത് പൈസയുടെ നാണയ തുട്ടുകൾ, 1979 മുതലുള്ള ലോട്ടറി ടിക്കറ്റുകൾ, അദ്ദേഹം കൈവരിച്ച സർട്ടിഫിക്കറ്റുകൾ, പല ഘട്ടങ്ങളിലായി അദ്ദേഹം അണിഞ്ഞിരുന്ന കണ്ണടകൾ. ഇതൊക്കെ എനിയ്ക്ക് ലഭിച്ചപ്പോൾ വല്ലാത്തൊരു അനുഭൂതിയും, കൂടെ സങ്കടവും തോന്നി. ഞാനതെല്ലാം സ്വഗൃഹത്തിലെ സുരക്ഷിതമായ സ്ഥലത്തിലേക്ക് മാറ്റിവെച്ചു.
ഓർമകൾക്ക് മരണമില്ല. പ്രതീക്ഷിക്കാതെ നമ്മുടെ മുന്നിൽ വരുന്നതും, ലഭിക്കുന്നതുമായ ഒട്ടേറെ സംഭവങ്ങൾക്ക് നാം ചിലപ്പോൾ സാക്ഷിയാവാറുണ്ട്. അത് ഒരു പക്ഷെ സ്വഭാവികമായും നമ്മെ ആ പഴയ ഗൃഹാതരുത്വത്തിലേക്ക് കൂട്ടികൊണ്ട് പോയേക്കും.!
നമുക്ക് ചിലപ്പോൾ ചില വൃക്തികൾ വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയിൽ പോസ്റ്റ് ചെയ്യുന്ന ഗൃഹാതരുത്വം തുളുമ്പുന്ന ഫോട്ടോകൾ കാണുമ്പോൾ നമ്മടെ മനസ്സ് കുളിർമയേകാറുണ്ട്. പല വിധ സാഹചര്യത്തിൽ ജീവിയ്ക്കുന്ന നമ്മൾ കഴിഞ്ഞ് പോയ കാലഘട്ടത്തെക്കുറിച്ച് ഓർക്കുക വളരെ വിരളമാണ്. ആകസ്മികമായി നമുക്ക് കിട്ടുന്ന ഇത്തരം ഫോട്ടോസ്, അല്ലെങ്കിൽ നാം കാണേണ്ടി വരുന്ന ചില വേറിട്ട കാഴ്ചകൾ എന്നിവ നമ്മെ ആ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോവാറുണ്ട്. അപ്പോൾ നാം ആ ഗൃഹാതരുത്വം അനുഭവച്ചറിയുന്നു. അത്തരം സാഹചര്യത്തിൽ ജീവിച്ച് പോന്ന ആളുകൾക്കെ അതിന്റെ രുചിയും, മണവും ആസ്വോദിച്ചറിയുവാൻ സാധിക്കുകയൊള്ളൂ. അത്തരം ഓർമകൾ എന്നും നമ്മുടെ നിഴലായി നമ്മുടെ കൂടെ കൊണ്ടുപോവാൻ സാധിച്ചാൽ…..
അത് നമ്മടെ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അടിത്തറപാകാൻ സാധിക്കും.
നാം നിസ്സാരമായി കാണുന്ന അല്ലെങ്കിൽ തള്ളിക്കളയുന്ന ഓർമകൾ……. പിന്നീട് നമുക്ക് അമൂല്യ നിധികളായി തോന്നിയേക്കാം. അത് കൊണ്ട് സൂക്ഷിക്കേണ്ടവ സൂക്ഷിക്കുകയും, കാണേണ്ടവ കാണുകയും, മനസ്സിലാക്കുകയും ചെയ്യുക. നാളെ ഒരു പക്ഷെ നിങ്ങൾക്ക് ഇത് തുണയായേക്കാം.