മനുഷ്യന് നായ്ക്കളുടെ വിലപോലുമില്ല !

ഇവിടെ ചർച്ചകൾക്ക് ഒരു പഞ്ഞവുമില്ല. എന്തിനും ഏതിനും ചർച്ച. പക്ഷെ ചർച്ചകൾ ആവശ്യമാണ്. ആ ചർച്ചയിലൂടെ ആവണം ഓരോ കാര്യങ്ങൾക്ക് പരിഹാരം നാം കണ്ടെത്തേണ്ടത്. പക്ഷെ ഇവിടെ നടക്കുന്ന ഓരോ ചർച്ചകളും ഒരു തുമ്പും വാലും എത്താതെ പിരിയുകയാണ് ചെയ്യാറ്. ഉദാഹരണത്തിന് ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയത് എന്ന് എനിയ്ക്ക് തോന്നുന്ന രണ്ട് കാര്യങ്ങളാണ് ബീഫ് പ്രശ്നവും, നായ ശല്യവും. ഇതിൽ ബീഫ് പ്രശ്നം നമുക്ക് തത്ക്കാലം വിട്ടു കളയാം. നേരെ മറിച്ച് നായ ശല്യം ഇത് നമ്മുടെ കേരളത്തിലാണ്. ഒട്ടേറെ കുട്ടികളെ കണ്ണും, കാതും, മൂക്കും കടിച്ച് മുറിക്കുകയും, അടുത്തിടയായി ഒരു വയോധിക നായയുടെ കടിയേറ്റ് മരിക്കുകയും ചെയത സംഭവത്തിന് നാം ദൃസാക്ഷികളാണ്. എന്നിട്ടും കേരളം ഉണർന്നിട്ടില്ല. ഇപ്പഴും ഞാൻ നേരത്തെ സൂചിപ്പിച്ചപ്പോലെ ചർച്ചകളുമായി മുന്നോട്ട് പോവുകയാണ്.

സാധാരണ ഏതൊരു വിഷയം ചർച്ചയ്ക്ക് എടുത്താലും {അത് നല്ലതായാലും ചീത്തയായാലും}അതിനെ എതിർക്കുന്ന ഒരു കക്ഷി ആ ചർച്ചയിലുണ്ടാവും. ഇവിടെ ഈ നായ വിഷയത്തിലും അതാണ് സംഭവിക്കുന്നത്. ഇങ്ങനെ എതിർക്കുന്ന ആളുകളുടെ കുടുംബത്തിലെ അംഗങ്ങൾക്കൊ , എതിർക്കുന്നവർക്കൊ ആയിരിക്കണം തെരുവുനായയുടെ കടിയേൽക്കേണ്ടത്! അപ്പോൾ പിന്നെ ഇതൊന്നും ആവില്ല സ്ഥിതി! അതിന് പെട്ടെന്ന് തന്നെ തീരുമാനം ആയിക്കോളും, അത് ഏല്ക്കാത്തതിന്റെ വൈകല്യമാണ് ഇപ്പോൾ ഈ കാണുന്ന മൃഗ സ്നേഹം.

ഇപ്പോൾ തെരുവ് നായ കടിക്കുന്നതും, കടിച്ച് കൊണ്ടിരിക്കുന്നതും സാധാരണക്കാരായ ജനങ്ങളെയും, അവരുടെ ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങളെയുമല്ലെ ? അല്ലാതെ എ.സി.യിൽ സുഖിച്ച് ജീവിയ്ക്കുന്ന ഭരണാധികാരികളെയൊ, അവരുടെ മക്കളെയൊ അല്ലല്ലോ. അത് കൊണ്ട് പ്രശ്നമില്ല, അല്ലെങ്കിലും ഇന്നത്തെ അവസ്ഥയിൽ മനുഷ്യജീവന് എന്തു വില! പശുവിന്റെ പേരും പറഞ്ഞ് ഇന്ത്യയുടെ ചില സംസ്ഥാനങ്ങളിൽ പാവപ്പെട്ട എത്രയൊ മനുഷ്യരെ കയറിൽ ബന്ധിച്ച് അടിച്ച് കൊലപ്പെടുത്തുകയും, അത് നോക്കി രസിച്ച് വീഡിയോവിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന എത്രയൊ രംഗങ്ങൾ നാം ദിനേന കാണാറുണ്ട്. എന്നിട്ട് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? പിന്നെ ഒരു നായയുടെ കാര്യത്തിൽ ഇവർ എന്ത് ചെയ്യാനാ………

മനുഷ്യന് മനുഷ്യൻ തന്നെ ശത്രു.ഈ ശത്രുതാ മനോഭാവം ഉണ്ടായതു കൊണ്ട് ഈ രാജ്യത്ത് അതിക്രമക്കൾ വർദ്ധിച്ച് കൊണ്ടിരിക്കുന്നത്.

ഇപ്പോൾ കേരളത്തിൽ മനുഷ്യജീവന് ഭീഷണിയാവുന്ന തെരുവ് നായ്ക്കളെ കൊല്ലുന്നതിന് പകരം, അതിനെ താരാട്ട് പാടി ഉറക്കാൻ കഴിയുമോ എന്നതാണ് വിവരവും വിദ്യാഭ്യാസവുമുള്ള നമ്മുടെ ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നുള്ള ചില ആളുകളുടെ അഭിപ്രായം!

അതിൽ നിന്ന് തന്നെ ഒരു കാര്യം നമുക്ക് മനസ്സിലായി! ഇവിടെ മനുഷ്യ സ്നേഹം അകന്ന് പോയിരിക്കുന്നു, ഒരുവിലയും അതിനില്ല. മനുഷ്യൻ എത്ര ചത്താലും വേണ്ടില്ല. അതിന് കാരണക്കാരായി വന്ന തെരുവ് നായ്ക്കൾ ചാവാൻ പാടില്ല.

ഈ രൂപത്തിൽ നമ്മുടെ രാജ്യം പോയാൽ ,മനുഷ്യരുടെ ജീവനും ,സ്വത്തിനും സംരക്ഷണം നൽകാനെന്ന പേരിൽ നിലകൊള്ളുന്ന ഗവൺമെന്റിന് എന്ത് പ്രസക്തിയാണുള്ളത്?

സൈഫുദ്ധീൻ വണ്ടൂർ
ജിദ്ദ
മൊബൈൽ:0501167658

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here