സാഹിത്യവാരാവലോകനം നൂറിന്റെ നിറവിൽ

 

 

 

 

 

സാഹിത്യവാനാവലോകനം നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പിനെ പറ്റി പറയും മുമ്പ് കേരളസാഹിത്യവേദിയെ കുറിച്ച് പറയണം, കോട്ടയം സാഹിത്യവേദിയുടെ സംസ്ഥാനസമിതിയെ പറ്റി പറയണം. കലാകാരൻമാർ ഉൾപ്പെടെയുള്ള സാഹിത്യകാർ അർദ്ധപട്ടിണിയിലൊക്കെ കഴിഞ്ഞു കൂടിയ കാലമൊക്കെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.

അത്തരമൊരു കാലത്ത് ചില എഴുത്തുകാർ കോട്ടയത്ത് വന്ന് ഒരൊത്തുകൂടൽ നടത്തിയിരുന്നു.
സർഗ്ഗവാസനയുടെ ചേരും പടി ചേർക്കൽ. ആലപ്പുഴയിൽ നിന്നും തകഴി ശിവശങ്കരപ്പിള്ളയും, കോഴിക്കോട് നിന്ന് എസ് . കെ. പൊറ്റെക്കാടും, വടക്കൻ പറവൂരിൽ നിന്നും കേശവദേവും അതിൽ പെടും . മിക്കവാറും ആ ഒത്തു ചേരലിനു ഇടമായത് കൊടുപ്പുന്ന ഗോവിന്ദ ഗണകന്റെ ഓഫിസ് മുറിയായിരുന്നു. ജ്യോതിഷമുറിയെന്നു കൂടി കൂട്ടി വായിക്കണം ആ മുറിയെ. ഇടക്കും തലക്കും ആ കൂടിച്ചേരൽ നടന്നിരുന്നു .നല്ലൊരു സാഹിത്യാസ്വാദകൻ കൂടിയായിരുന്നു ഗോവിന്ദ ഗണകൻ . അല്ലാതെ തരമില്ലലോ.

കാലക്രമേണ എഴുത്തുകാരുടെ അംഗസംഖ്യ ഏറിവന്നു. ആ മീറ്റിങ് നിശ്ചിത ദിവസം നിശ്ചിത സമയത്തതൊക്കെ എങ്ങിനെയൊക്കെയോ ആയിത്തിർന്നു.

അക്കാലത്തത്തൊക്കെ ഏറിയ കൂറും നാട്ടുവർത്തമാനങ്ങൾ ,സാഹിത്യ ചർച്ചകൾ, രാഷ്ട്രീയ ചർച്ചകൾ, നാട്ടിൻ പുറത്ത് സംഭവിക്കുന്ന കാര്യങ്ങൾ ഒക്കെ നടന്നു വന്നിരുന്നത് മുഖ്യമായും ചായക്കടകളിലും ഒക്കെയായിരുന്നു എന്നത് നമുക്കറിയാം. പക്ഷെ ഇവിടെ അടുത്ത് ചായക്കട നടത്തിയിരുന്ന രാമൻ നായർ തന്റെ വകയായി അവർക്കുള്ള ചായയുമായെത്തി ആ കൂട്ടായ്മയിൽ ഒരാളായിതീരാറുണ്ടായിരുന്നു .

ഇത്രയും മഹാരഥന്മാരായ എഴുത്തുകാരോട് ചായക്കുള്ള കാശ് മേടിക്കുകയോ, അത് രാമൻ നായർക്ക് ചിന്തിക്കാൻ കൂടി പറ്റിയിട്ടുണ്ടാകില്ല. ആ അടുപ്പം തകഴിയെന്ന മഹാപ്രതിഭയെ തകഴിചേട്ടൻ എന്ന വിളിക്കാൻ പാകത്തിലങ്ങനെ വളർന്നു.

ഒരിക്കൽ ചായഗ്ളാസുകൾ വിരലുകൾ കൊണ്ട് കൊരുത്ത് എടുത്തുകൊണ്ടിരിക്കുമ്പോൾ രാമൻ നായർ പറഞ്ഞു.

‘ കേരളത്തിലെ മിക്കവാറും ജില്ലകളിലെ എഴുത്തുകാർ ഇവിടെ എത്തിച്ചെരുന്നുണ്ടല്ലോ? നമുക്കി കൂടിചേരലിനു ഒരു പേരിട്ടാലോ? ‘

എല്ലാവരുടെയും ശ്രദ്ധ രാമൻനായരിലായി.

താൻ പറയുന്നത് വിലവയ്ക്കപ്പെടും എന്ന മനസിലായിക്കഴിഞ്ഞപ്പോൾ രാമൻ നായർ പറഞ്ഞു.

‘നമുക്കിതിന് ‘കേരള സാഹിത്യ വേദി’ എന്ന പേരിട്ടാലോ തകഴിചേട്ടാ ?’

കേട്ടയുടനെ അവിടെ കൂടിയ സാഹിത്യകാരൻമാർ എല്ലാവരും അത് കൈയടച്ച് അംഗീകരിച്ചു.

എസ്‌ . കെ പൊറ്റക്കാട് പറഞ്ഞു.

‘ഈ സുദിനത്തിന്റെ ഓർമ്മക്കായി പരിപ്പുവടയും കട്ടൻ ചായയും പോരട്ടെ’

കേശവദേവ് പറഞ്ഞു.

‘ഇപ്പോൾ കുടിച്ചതല്ലേ ഉള്ളു’

‘എന്നാ പിന്നെ ഒരു മണിക്കൂർ കഴിഞ്ഞു മതിയല്ലേ ‘

അങ്ങിനെ കേരളസാഹിത്യവേദി നിലവിൽ വന്നു അല്ല, ഒരു പേരിട്ടിൽ കർമ്മം നടന്നു.

ആസ്ഥാനം കോട്ടയം തന്നെ. പിന്നെയും കുറേക്കാലം ഗണകന്റെ മുറിയും രാമൻ നായരുടെ ചായക്കടയും വർത്തമാനത്തിനൊരു പിൻബലമായി.

എഴുത്തുകാർ തമ്മിലുള്ള വർത്തമാനങ്ങളും കൈയെഴുത്തു കൃതികൾ വായിക്കുകയും അഭിപ്രായം പറയുകയും ഒക്കെയായി കുറെ നാളുകൾ അല്ല, വർഷങ്ങൾ പിന്നിട്ടപ്പോഴോ വെറുതെ വർത്തമാനങ്ങളും ചർച്ചകളുമൊക്കെയായി കാലം കഴിച്ചാൽ പോരല്ലോ നിർദ്ധനരായ എഴുത്തുകാർക്കൊരു താങ്ങാകാൻ കൂടി പറ്റിയ സംവിധാനം വേണ്ടേ എന്നോരു ആകാംക്ഷ ആ എഴുത്തുകാരെ മറ്റൊരു സംവിധാനത്തിന്റെ കീഴിലെത്തിച്ചു .

സാഹിത്യ പ്രവർത്തക സഹകരണ സംഘം.

അതിന്റെ തലപ്പത്ത് സാഹിത്യവും ബിസിനസ് സംരഭമാക്കി മാറ്റാമെന്ന് പിൽക്കാലത്ത് കേരളത്തിന് തിരിച്ചറിവ് നൽകിയ ഡി. സി .കിഴക്കേമുറി.

സ്വാഭാവികമായും ആ സഹകരണ സംഘം തഴച്ച് വളർന്നു. അല്ലാതെ തരമില്ലല്ലോ. സഹകരണ സംഘത്തിന് വളക്കൂറുള്ള മണ്ണല്ലേ അന്നും ഇന്നും കേരളം. ലോക സാമ്പത്തിക മേഖല നട്ടം തിരിഞ്ഞ കാലത്ത് ഇന്ത്യ അതിൽ നിന്നൊക്കെ തലനാരിഴക്ക് രക്ഷപ്പെട്ടത് ശക്തമായ സഹകരണ മേഖല സാധാരണ ജനങ്ങൾക്ക് കൂടി പ്രാപ്യമായ നിലയിൽ പ്രവർത്തിച്ച് പോന്നിരുന്നതിനാലാണ് .

സാഹിത്യ സഹകരണ സംഘം നിലവിൽ വന്നത് മുതൽ എഴുത്തുകാരുടെ വളർച്ച തുടങ്ങുകയായി. ഓരോ എഴുത്തുകാർക്കും തങ്ങൾ ചെയ്യുന്നത് മാന്യമായ നാല് കാശു കിട്ടുന്ന തൊഴിൽ തന്നെയെന്ന തിരിച്ചറിവിലേക്ക് എത്താൻ കഴിഞ്ഞു .

ക്രമേണ കേരളസാഹിത്യ വേദി പേരിൽ മാത്രമായി ചുരുങ്ങി.

ഉണ്ടോ ഉണ്ട്, ഇല്ലേ ഇല്ല എന്ന പോൽ .

ഇതിനിടക്ക്‌ പലരും പല കാലത്തും വന്ന് ഈ പുരാതന കൂട്ടായ്മയെ ഒന്ന് ചലിപ്പിക്കാൻ നോക്കി. ഓയിൽ ഒഴിച്ചും സ്പെയർ പാർട് മാറ്റിയുമൊക്കെ. പക്ഷെ നടന്നില്ല എങ്ങിനെ നടക്കാൻ ,അതിന്റെ ചരിത്ര നിയോഗം അമ്പലപ്പുഴ രാമവർമ്മ സാറിനു തന്നെയായിരുന്നല്ലോ.

കാലം പുനർജീവനം വിധിച്ചിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ നടക്കണമല്ലോ.

നല്ലൊരു ഇടവേളയെടുത്ത് തുടങ്ങിക്കഴിഞ്ഞാൽ ഇടക്ക് വച്ച് നിന്ന് പോകരുതല്ലോ എന്ന ആശങ്ക മനസിനെ  ഒട്ടൊന്നു മഥിച്ചപ്പോൾ കുറെ ചെറുപ്പക്കാരുടെ മുഖം മനസ്സിലിട്ട് കൂട്ടിയും ഹരിച്ചും നോക്കി അമ്പലപ്പുഴ സാർ.

കിട്ടിയത് ഒരു മുഖത്തെ, ഷിബുരാജ് പണിക്കർ. സാറാ പേര് വെളിപ്പെടുത്തിയതിനു പിന്നാലെ അനുബന്ധമായി ഇത്രയും കൂടി പറഞ്ഞു .

‘ഇവനാകുമ്പോൾ എത്ര കഷ്ടപ്പെട്ടാലും കൊണ്ട് നടക്കും ഇടക്ക് ഇട്ടിട്ടു പോകില്ല ‘

അങ്ങിനെയാണ് കേരളസാഹിത്യ വേദി 2011 -ൽ പുതിയ രൂപത്തിൽ പുതിയ ഭാവത്തിലെത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും യൂണിറ്റ് രൂപീകരിക്കാൻ ചെയർമാനായ ഷിബുരാജ് പണിക്കർക്ക് കഴിഞ്ഞു. അമ്പലപ്പുഴ രാമവർമ്മ സാറിന്റെ ദിർഘ വീക്ഷണം.

ചർച്ചകൾ , സൃഷ്ടി അവതരണം , പുസ്തക പ്രകാശനം എന്നൊക്കെയായി യൂണിറ്റുകൾ തമ്മിൽ ആരോഗ്യകരമായ മത്സരമായപ്പോൾ എഴുത്തുകാർക്ക് ഒരു പുതു പുത്തൻ ഉണർവ്വ് ആയി .

അതിനിടയിൽ ഒരശനിപാതം പോലെ കോവിഡ് കാലം എത്തി. സാധാരണ ജീവിതം അരക്ഷിതാവസ്ഥയിലാക്കിയ കാലം. എഴുത്തുകാരും വിറങ്ങലിപ്പിലായി. വീട്ടിൽ ഇരുന്ന് തന്നെ സാഹിത്യപരമായ കാര്യങ്ങൾ പരസ്പരം പറഞ്ഞൊന്നു ഉള്ളു തുറക്കാൻ ഒരു വാട്സ് ആപ്പ് കൂട്ടായ്മ കേരള സാഹിത്യ വേദി രൂപീകരിച്ചു .

ഓരോരുത്തരുടെയും സൃഷ്ടികൾ ഗ്രൂ പ്പിൽ വോയ്‌സ് ആയും ടെസ്റ്റ് മെസേജ് ആയും പോസ്റ്റ് ചെയ്യുന്നു. ഓരോ എഴുത്തുകാരും അതേക്കുറിച്ച് പ്രതികരിക്കുന്നു. പിന്നിട് ഓരോ ആഴ്ചയും ഗ്രൂപ്പിൽ വരുന്ന സൃഷ്ടികൾ വിശകലനം ചെയ്ത് ഒരാൾ സംസാരിക്കുന്ന രീതിയിലെത്തി.

അന്നൊക്കെ അവലോകനം കൈകാര്യം ചെയ്തിരുന്നത് ഷിബുരാജ് പണിക്കർ തന്നെയായിരുന്നു ആദ്യമൊക്കെ ടൈപ്പ് മെസേജ് രൂപത്തിൽ ,പിന്നീടത് വോയ്‌സ് മെസേജ് രൂപത്തിലേക്ക് വഴിമാറി.

ഷിബുരാജ് പണിക്കർക്ക് ജോലിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂർക്കു പോകേണ്ടി വന്നപ്പോൾ പ്രശസ്ത കവിയും ഗാനരചയിതാവുമായ മേമുറി ശ്രീനിവാസൻ ആഴ്ച തോറുമുള്ള ആ സാഹിത്യ അവലോകനം ഏറ്റെടുത്തു.  എഴുത്തുകാരിലുള്ള മുരടിപ്പ് മാറാൻ അത് ഒരു പരിധി വരെ തുണയായി. ഞായറാഴ്ച്ചതോറുമുള്ള ആ സാഹിത്യഅവലോകനം കേൾക്കാൻ ആളുകൾ ഏറി വന്നു.

രാവിലെ കണ്ടില്ലെങ്കിൽ ഗ്രൂപ്പ് അഡ്മിൻന്റെ നമ്പർ തേടിപ്പിടിച്ച് വിളിയോട് വിളി.
മിക്കവാറും അവലോകനം കേട്ട് കഴിയുമ്പോഴായിരിക്കും പത്രം എത്തുന്നത് തന്നെ .
കോവിഡ് കാലം കഴിഞ്ഞു. അടച്ചിരിപ്പു കാലം പിൻതലമുറക്ക് പറഞ്ഞു കൊടുക്കാനൊരു ഓർമ്മ മാത്രമായി. നിന്ന് പോയ അച്ചടി മാധ്യമങ്ങൾ പു:ന പ്രസിദ്ധീ കരണത്തിനു കോപ്പ് കൂട്ടി തുടങ്ങി.

സാഹിത്യവലോകനം കേരളത്തിലെമ്പാടുമുള്ള ഒരു പറ്റം എഴുത്തുകാരുടെ ആഴ്ചാവസാന ദിനചര്യയുടെ ഭാഗമായി. അവലോകനം നിർത്താനോ നിർത്തിക്കാനോ ആരും അയാറായതേയില്ല. കേരള സാഹിത്യവേദിയുടെ സാഹിത്യഅവലോകനം 100 വാരങ്ങൾ പിന്നിട്ടു. ഒരു പറ്റം എഴുത്തുകാർ എക്സ്റ്റാബ്ലിഷായി .

അവലോകനം മേമുറി ശ്രീനിവാസൻ എന്ന സാഹിത്യകാരന് കേരള സാഹിത്യ വേദിയുടെ സെക്രട്ടറി സ്ഥാനത്തേക്കുള്ള വഴി തുറന്നു .ഓൺലൈൻ മാധ്യമങ്ങളിൽ എഴുത്തുകാരനും പ്രൂഫ് റീഡറും എഡിറ്ററും പ്രസാധകനും ഒക്കെ ഒരാളായിക്കഴിഞ്ഞ സ്ഥിതിക്ക് തിരുത്തിക്കൊടുക്കലുകൾ കാലത്തിന്റെ ആവശ്യമായിരുന്നു.

എഴുത്തുതുടങ്ങിയ കാലത്ത് ഒരു രചന പ്രസിദ്ധീകരിക്കാൻ അയച്ചാൽ മിക്കവാറും പോയതിലും സ്പീഡിൽ തന്നെ തിരിച്ചെത്തുന്നു. മനസിന്റെ മടുപ്പെടുത്തു ദൂരെ കളഞ്ഞ് വീണ്ടും അയക്കുന്നു. അങ്ങനെയൊക്കെ അക്കാലം മുതൽ ഊതിക്കാച്ചപ്പെട്ട ഒരു വിമർശകൻ കൂടിയാണ് മേമുറി ശ്രീനിവാസൻ .

ജീവിതത്തിലൂടെ അദ്ദേഹത്തിന് കിട്ടിയ പരിശീലനം അതിന്റെ അനന്ത സാധ്യ തകൾ ഓരോ എഴുത്തുകാരിലേക്കും പകർന്നു കൊടുത്ത് അവരുടെ പ്രതിഭയെ രാകി മൂർച്ച കൂട്ടുന്ന കാര്യത്തിൽ അദ്ദേഹം വിജയിച്ചു കഴിഞ്ഞു എന്നതാണല്ലോ 100 വാരത്തിന്റെ മികവ് .

വളരെ പ്രസിദ്ധരാണെന്നു വിശ്വസിക്കുന്നവർ വരെ മേമുറിയുടെ തിരുത്തലുകൾക്ക് വിധേയരാകാറുണ്ട്.  ഇത്തരം തിരുത്തപ്പെടലുകൾ സാഫല്യം പോലുള്ള അച്ചടി മാധ്യമങ്ങളും കാത്ത് സൂക്ഷിച്ചിരുന്നു. വായനക്കാരും എഴുത്തുകാരും സംവദിക്കുന്ന തല്ലലും തലോടലും എന്ന പംക്തിയിലൂടെ ഒറ്റനോട്ടത്തിൽ വായനക്കാരുടെ കത്തുകൾ എന്ന് തോന്നിപ്പിക്കുമ്പോൾ തന്നെ , എഴുത്തുകാരനും വായനക്കാരനും തിരുത്തലിനു ചെവി കൊടുക്കണം, അക്ഷര തെറ്റുകൾ കടന്നു വരാതെ നോക്കണമെന്ന് ഫ്രൂഫ് റീഡറെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ആ പംക്തി.

നാളെ ഭാഷ വിദ്യാർത്ഥികൾ അവരുടെയൊക്കെ റിസർച്ചിന്റെ ഭാഗമായി ഭാഷയുടെ, സാഹിത്യത്തിന്റെ, പുനര്ജീവനത്തിന്റെ വിവിധ തലങ്ങൾ ഒക്കെ വേർതിരിച്ച് വിശകലനം ചെയ്തു പോകുമ്പോൾ മലയാള സാഹിത്യം കോവിഡിന് ശേഷം , ലോക്ക് ഡൗൺ അടച്ചിരുപ്പുകാലം എന്നൊക്കെ വിശദമായി ചിന്തിക്കേണ്ടിവരും.

ഒരു വിധത്തിൽ പറഞ്ഞാൽ സോഷ്യൽ മീഡിയയുടെ സുവർണ്ണ കാലം തന്നെയായിരുന്നു കഴിഞ്ഞ കൊറോണക്കാലം.

അച്ചടി മാധ്യമങ്ങൾ നട്ടം തിരിഞ്ഞ കാലഘട്ടം കൂടിയെന്ന് എടുത്തു പറയേണ്ടി വരും. വായു പോലെ, ഭക്ഷണം പോലെ എഴുത്തും ജീവിതത്തിന്റെ ഭാഗമായ നാളുകൾ . നാളത്തെ തലമുറ നമ്മൾ സാഹിത്യത്തിന് വേണ്ടി ചെയ്തതൊക്കെ കണ്ടില്ലെന്നു നടിച്ച് പോകരുത് എന്ന അഭിവാഞ്ജ.

കേരള സാഹിത്യ വേദിയുടെ മുഖപത്രമായ വാർത്താ പത്രികയും അതിജീവനത്തിന്റെ പാതയിൽ തന്നെ. ചങ്ങമ്പുഴയെ പോലുള്ളവരുടെ സൃഷ്ടി പ്രസിദ്ധീകരിച്ച വാർത്താപത്രികയുടെ പഴയ ലക്കങ്ങൾ സാംസ്ക്കാരിക വകുപ്പിന്റെ ശേഖരത്തിൽ കണ്ടെത്താനാകും.

ഓൾഡ് ഈസ് ഗോൾഡ് എന്ന പോലെ ഈ പഴയ കാല പ്രസിദ്ധീകരണവും പുനർജീവിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ അറിവിന്റെ പ്രസരണത്തിനായി ആരെങ്കിലുമൊക്കെ നട്ടുവളർത്തിക്കൊണ്ടു വന്നാൽ പിന്നീട്  സമൂഹത്തിന്റെ സ്വത്തായി മാറുന്നു, ഈടുവയ്‌പ്പാകുന്നു.

ഇതൊക്കെ കെട്ടണഞ്ഞു പോകാതെ നോക്കാനും ഒരു സംവിധാനം വേണ്ടതല്ലേ? സാംസ്ക്കാരിക വകുപ്പിനൊക്കെ ഇക്കാര്യത്തിൽ ഇടപെടൽ നടത്താൻ കഴിയണം.

എഴുത്തുകാർ തങ്ങളിൽ ഊറി വരുന്നതൊക്കെ സമൂഹത്തിന്റെ തിരിച്ചറിവിന് വേണ്ടി കൈമാറിക്കൊണ്ടേ ഇരിക്കും.

വാട്സ് ആപ് ഗ്രൂപ്പിന്റെ സാധ്യതകൾ വസൂലാക്കി ഷിബു രാജ് പണിക്കരും മേമുറി ശ്രീനിവാസനും അച്ചടി രംഗത്ത് സാഫല്യം സുബ്രഹ്മണ്യനും ചെയ്തു പോരുന്നത് ഇതൊക്കെ തന്നെയാണ് .

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here