അപ്രഖ്യാപിത അടിയന്തരാവസ്ഥയുള്ള നാട്ടിൽ നിയമലംഘനങ്ങളെക്കുറിച്ചും അരുതായ്മകളെക്കുറിച്ചും സാധാരണജനങ്ങളോട് സംസാരിക്കുന്നത് എഴുത്തുകാർ മാത്രമാണെന്നും സിനിമാതാരങ്ങളോ കായികതാരങ്ങളോ അത് ചെയ്യുന്നില്ലെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. അക്കാദമി പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിന് ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
”എഴുത്തുകാർ ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ സംസാരിക്കുന്നു. അവരുടെ ലക്ഷ്യം നിസ്വാർഥമാണ്. അഗ്നി ദേവലോകത്തുനിന്ന് മോഷ്ടിച്ചുകൊണ്ടുവന്ന് പാവപ്പെട്ട മനുഷ്യർക്ക് നൽകിയ യവന പുരാണത്തിലെ പ്രൊമിത്യൂസിനെപ്പോലെയാണ് എഴുത്തുകാർ. വെളിച്ചം കാണിച്ചാൽ മതി സമൂഹം നേർവഴിയിൽ സഞ്ചരിച്ചുകൊള്ളും”- വൈശാഖൻ പറഞ്ഞു. സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം അദ്ദേഹം പി. വത്സലയ്ക്ക് സമർപ്പിച്ചു.