സാഹിതീ സംഗമവേദിയുടെ സംസ്ഥാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മാധവിക്കുട്ടി സ്മാരക പുരസ്‌കാരത്തിന് (25,000 രൂപയും ഫലകവും) യു.കെ. കുമാരന്റെ ‘കണ്ടുകണ്ടിരിക്കെ’ നോവലും പ്രദീപ് കുറത്തിയാടൻ സ്മാരക അവാർഡിന് (10,000 രൂപയും ഫലകവും) ജലജ പ്രസാദിന്റെ ‘മൗനത്തിന്റെ ഓടാമ്പൽ’ കവിതാസമാഹാരവും ചരിത്ര നോവലിനുള്ള പുനത്തിൽ കുഞ്ഞബ്ദുള്ള അവാർഡിന് (25,000 രൂപയും ഫലകവും) രവിവർമ്മ തമ്പുരാന്റെ ‘മുടിപ്പേച്ചും’ അർഹമായി.
ഡോ. ശശികല പണിക്കർ, ജഗദീഷ് കോവളം, തിരുവനന്തപുരം രാജശ്രീ, ടി.പി. രാധാകൃഷ്ണൻ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. സാഹിതീ സംഗമവേദിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ അയ്യന്തോൾ സി. അച്യുതമേനോൻ സ്റ്റഡി ആൻഡ് റിസർച്ച് സെന്ററിൽ ഏപ്രിൽ 24 ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ അവാർഡുകൾ നൽകും.