ശാഖി

 

 

 

 

പ്രിയമുള്ള ഡോക്ടര്‍ എന്ന സ്നേഹപുരസരമായ സംബോധന വെച്ചുകൊണ്ട് ആവലാതി ഉണര്ത്തിക്കാമെന്നാണ് ആദ്യമേ നിനച്ചത് . പിന്നെ അപാകം ദര്‍ശിക്കയാല്‍ പകരം ബഹുമാനപ്പെട്ട എന്ന ആദരമുദ്ര ചാര്ത്തി തന്റെ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാമെന്ന് അയാള്‍ വിചാരിച്ചു എന്തിലും ഒരു ബഹുമാനം ഉണ്ടാകുന്നത് നല്ലതു തന്നെ . ബഹുമാനം, അതിത്തിരി അധികരിച്ചാലും കുഴപ്പമില്ല –

കാരണം വളരെ കുഴഞ്ഞു മറിഞ്ഞ ഒരു പ്രശ്നത്തിന് പരിഹാരം തേടിയാണ് അയാള്‍ ‘മനോരോഗ വിന്റെ മറുപടി ‘ എന്ന പംക്തിയിലേക്കു കത്തെഴുത്ത് തുടങ്ങുന്നത്. പ്രശ്നം അത്ര മേല്‍ ഗുരുതരവും രഹസ്യാത്മകവുമാണ്. ബ്രഹ്മാണ്ഡത്തോളം വലുപ്പവുമുണ്ട് അതെന്നു പറഞ്ഞാലും കുറവാകില്ല ( കത്തെഴുത്തുകാരന്‍ ഒരു സനാതന സവര്‍ണ്ണന്‍ ആകയാല്‍ ഈ ഉപമക്കു സാംഗത്യവുമുണ്ട് ) അതുകൊണ്ട് വിനയത്തില്‍ സ്ഫുടം ചെയ്ത വാക്കുകളിലൂടെ തന്റെ ജീവിത പ്രശ്നം ഡോക്ടറുടെ സമക്ഷം അറിയിക്കാന്‍ അയാള്‍ നിശ്ചയിച്ചു. അങ്ങനെ തുടങ്ങിയതാണ് തന്റെ ജീവിത ചരിത്ര സംഹിതാ രചന.

ബഹുമാനപ്പെട്ട ഡോക്ടര്‍,

എങ്ങനെ തുടങ്ങണമെന്ന് എനിക്കു ഒരു നിശ്ചയവുമില്ല. സന്ധ്യ മയങ്ങിയാല്‍ പിന്നെ തുടങ്ങുകയായി അവന്‍ തന്നെ, തലമണ്ടക്കു ടോര്ച്ചടി കൊണ്ട് മരിച്ച മണീകണ്ഠന്‍ . ഒരു ചാവാലി നായിന്റേതു കണക്കുള്ള ദീന നോട്ടത്തോടെ ഒരു കൈ അകലത്തില്‍ എന്റെ മുന്നില്‍ വയ്യ ! മടുത്തു ഡോക്ടര്‍ മനസിനു ഒരു സമാധാനവുമില്ല അവന്റെ ആ നില്പ്പും പാവം പിടിച്ചൊരു തരം മുഖവും ! ഡോക്ടര്ക്കറിയാമോ , ഞാന്‍ കണ്ണീന്റെ പോള അടച്ചിട്ട് മാസം മൂന്നായി.

എന്തു പറഞ്ഞിട്ടും , എന്തൊക്കെ ചെയ്തിട്ടും ഈ സാധു പിശാച് ഒഴിഞ്ഞു പോണ ലക്ഷണമില്ല. എനിക്കാണെങ്കില്‍ ഈ വിവരം ആരോടും തുറന്നു പറയാനുമാകുന്നില്ല. അതുകൊണ്ടാണ് ഡോക്ടര്‍ ഞാനെല്ലാം അങ്ങേക്ക് തുറന്നെഴുതുന്നത്.

ഈ മണീകണ്ട്ഠനെന്ന വ്യക്തി ജീവിച്ചിരുന്ന കാലത്ത് എന്റെ ഉറ്റ ചങ്ങാതി ആയിരുന്നു കെട്ടോ . എന്നെപ്പോലെ പക്ഷെ ” ശാഖി’ യിലല്ല ‘ ബാലകുല’ത്തിലായിരുന്നു അവനു കമ്പം. ആ, പിന്നെ അവന്റെ പ്രേത ശല്യം തുടങ്ങുന്നത് അന്നു രാത്രി മുതലാണ് . മൂന്നു മാസങ്ങള്‍ക്കു മുന്‍പുള്ള ആ കാളരാത്രി മുതല്‍. ആ രാത്രിയിലാണല്ലോ മണീകണ്ട്ഠനെന്ന എന്റെ പ്രിയപ്പെട്ട ചങ്ങാതിയുടെ ദുര്മ്മരണം നടന്നത് ..

ഇനി സംഭവം തെളീച്ചു പറയാം. ഞാനും , മണികണ്ട്ഠനും ടെക്സ്റ്റയില്‍ ഷോപ്പ് അടച്ച് – കട എന്റേതും , മണീകണ്ട്ഠന്‍ അവിടെ പണിക്കാരനുമാണ് കോട്ടോ- നമസ്തേ ഒക്കെ അടിച്ച് പിരിയാന്‍ നേരമാണ് സംഭവം. ശരിക്കും ആദ്യം ഒന്നും പിടികിട്ടിയേ ഇല്ല പിന്നെയാണ്, തലമണ്ടക്കു ടോര്‍ച്ചും കൊണ്ട് ‘മേടിയതാണെന്നു’ മനസിലായത് എങ്ങനെ , മനസിലായി എന്നാണെങ്കില്‍ എന്റെ സന്തതസഹചാരി ആയി ഞാന്‍ കൊണ്ടു നടക്കുന്ന ആ പഴയ നെടുനീളന്‍ ടോര്‍ച്ചു വെച്ച് അവരവന്റെ തലക്കു ചാമ്പുമ്പോള്‍ ഞാന്‍ അറിയാതെ പോകുന്നതെങ്ങിനെ?

അവര്‍ പാര്‍ട്ടി ഗുണ്ടകള്‍ തന്നെ. പാര്‍ട്ടി ഏതെന്ന് തെളിച്ച് പറയണമെന്നുണ്ട് പക്ഷെ, കൈ വിറക്കുന്നു . കള്ളം പറയുന്നേരം കൈ വിറക്കുന്ന ഒരസുഖം എനിക്ക് പണ്ടേയുണ്ട്. പക്ഷെ ഇത് ആ കൈ വിറയല്ല ഡോക്ടര്‍ ജീവഭയം അധികരിച്ചുള്ളതാണ് . ഡോക്ടര്‍ക്ക് ഊഹിക്കാമോ , സംഗതിയുടെ കിടപ്പ്. ഞാന്‍ പ്രാണനും കൊണ്ടോടി രക്ഷപ്പെട്ടു ടോര്‍ച്ച് കനാലിലേക്കു ‘ വീക്കി’.

ഹാവൂ! മേല് കഴുകി ഊണൊന്നും കഴിച്ചില്ല. കണ്ണൊന്നടക്കുവാന്‍ നോക്കുമ്പോള്‍ തൊട്ടു മുന്നില്‍ നില്ക്കുന്നു മണീകണ്ട്ഠന്‍ . കണ്ണില്‍ പതിവ് ദീന നോട്ടം. ജനലഴിക്കപ്പുറമായാണ് അവന്റെ നില്പ്പ്. ഞാനാദ്യം ഒന്നു ഞെട്ടി.

ഇനിയിവന്‍ രക്ഷപ്പെട്ടു വന്നതായിരിക്കുമോ എന്ന് ഞാന്‍ സംശയിച്ചു . എന്റെ നട്ടെല്ലിലൂടേ പേടിയുടെ ഒരു കൊള്ളിയാന്‍ മിന്നി. ഞാന്‍ രണ്ടും കല്പ്പിച്ച് എഴുന്നേറ്റു . ജനലഴിയിലെ അവന്റെ കൈവിരലുകള്‍ തൊട്ടു .

അമ്മേ….! അപ്പോഴല്ലേ എനിക്കു കാര്യം തിരിഞ്ഞത് അവന്‍ പ്രേതമാണ്. അന്നേരം എനിക്ക് പാതി ശ്വാസവും വീണൂ. രഹസ്യം വെളീയില്‍ മറ്റാരും അറിയാന്‍ പോണില്ലല്ലോ എന്നോര്ത്ത് .

പിറകില്‍ നിന്നാണടിച്ചത്. കണ്ട് കാണാന്‍ വഴിയില്ല. ടോര്ച്ചെടുത്ത് തലങ്ങും വിലങ്ങും തലമണ്ടമേല് ചെണ്ടമേളം നടത്തുകയല്ലായിരുന്നോ ( ദാ , വീണ്ടും എന്റെ കൈ വിറക്കുന്നു) ടോര്ച്ചും കൊണ്ട് ഞാനോടി വഴിക്കു വച്ച് കനാലിന്റെ  നെഞ്ചിലേക്ക് ‘ വീക്കു’ കയും ചെയ്തു. ആ അധ്യായം അവിടെ അവസാനിക്കേണ്ടതാണ്. രാഷ്ട്രീയ കുടിപ്പക നിത്യ സംഭവമായതിനാല്‍ കേസ് കാര്യമായില്ലെന്ന നിലക്ക് പ്രത്യേച്ച് -പക്ഷെ….!

ഞാനവനോടു കട്ടായമായിട്ട് പറഞ്ഞു ‘ സ്ഥാലം വിട്ടോ ഞാനാള് നീ വിചാരിക്കണ പോലല്ല വളരെ പെശകാണ് !”

അവനതും കേട്ട് പൊയ്ക്കോളും എന്നായിരുന്നു എന്റെ ധാരണ. അവന്‍ വലിയ ഭക്തനായിരുന്നില്ലേ? നാവിന്‍ തുമ്പിലെപ്പോഴും ഈശ്വര നാമം പന്താടിക്കളിച്ചിരുന്ന വലിയ ഭജനക്കാരന്‍ ! അവന് എവിടേക്കൊക്കെ പോകാം. കൈലാസോ , വൈകുണ്ട്ഠോ സ്വര്ഗ്ഗോ എവിടെ വേണമെന്നു വച്ചാല്‍ പൊയ്ക്കോട്ടെ അതല്ലെങ്കില്‍ ഗന്ധര്വ്വ ലോകോ നാഗലോകോ എങ്ങോട്ടെന്നു വച്ചാല്‍ പൊയ്ക്കോ. എനിക്കു കിടന്നുറങ്ങണം.

കടുപ്പത്തില്‍ ഒന്നു ചിനച്ച് ജനലും വാതിലുമടച്ച് ഞാന്‍ പുതപ്പു മൂടിക്കിടന്നു. ശിക്ഷ! ഉറക്കം പക്ഷെ , ഒട്ടും വന്നില്ല. ഇത്തിരി വെള്ളം കുടിക്കാമെന്ന് ‘ നിരീച്ച്’ ഞാന്‍ പുതപ്പ് നീക്കി എഴുന്നേറ്റു . അപ്പോള്‍ ദാ നില്ക്കുന്നു, മരിച്ച മണീകണ്ട്ഠന്‍ മുന്നില്‍. കണ്ണില്‍ ചാവു നായിന്റെ ദീനമായ നോട്ടം. എനിക്കു കലി വന്നു.

ഞാന്‍ സനാതഹിന്ദുമതവിശ്വാസിയാണെന്നു മുന്പേ സൂചിപ്പിച്ചുവല്ലോ. ശാഖി പ്രസ്ഥാനത്തിന്റെ സജിവ പ്രവര്ത്തകന്‍ പത്താം ക്ലാസ് ജയിച്ചിട്ടില്ലെങ്കില്‍ കൂടി ഒരു നമ്പൂതിരിയാണ് ഞാന്‍ പ്രേത സഹവാസം എന്നെ പോലുള്ള ആഡ്യ ബ്രാഹ്മണ വര്‍ഗ്ഗങ്ങള്‍ക്ക് പഥ്യമല്ല. അതുകൊണ്ട് അനിഷ്ടമനസോടെ ഞാന്‍ സഹസ്രനാമ പാരായണം തുടങ്ങി. മൂന്നേ മൂന്നു ശ്ലോക വായനയോടേ എനിക്കു മടുത്തു. എന്തൊരു മുഷിപ്പന്‍ പദ്യങ്ങള്‍. പോരാത്തതിനു നാവു കുഴയും വിധംത്തിലാണ് അതിന്റെ സംസ്കൃതവും. എനിക്കാണെങ്കില്‍ ധ്യാനം, മന്ത്രം, ഭജന ഇത്യാദി നമ്പറുകളോട് സ്വതേ കലിയാണ്.

എന്തൊക്കെയാണു സംഭവിക്കുന്നതെന്ന് എനിക്കു തീരെ തിട്ടമുണ്ടായിരുന്നില്ല. സംഗതി മണികണ്ട്ഠന്‍ എന്റെ ടെക്സ്റ്റയില്‍ ഷോപ്പിലെ ജോലിക്കാരനാണ്. നമ്പൂരിയുമാണ്. എന്നിട്ടും എനിക്കവന്റെ മനസിലിരുപ്പ് പിടികിട്ടിയില്ല. ഈ മണികണ്ഠനെന്തു പറ്റിയെന്ന് ഞാന്‍ മാത്രമല്ല ശാഖിക്കാരും മൊത്തം ആശങ്കാകുലരായി. അല്ലേ, ശാഖി കൂടേണ്ട സമയത്ത്കൂടി ബാലകുലം നടത്തിയാല്‍ എന്താ ചെയ്യുക? മണീകണ്ട്ഠനാണെങ്കില്‍ വീടുവീടന്തരം കേറി ബാലകുലം സംഘടിപ്പിക്കയാണ്. സംഗതി ഈശ്വരവിശ്വാസം നല്ലതു തന്നെ. എന്നു വച്ച് കായികാഭ്യാസം നടത്തേണ്ട സമയവും ഭാരതമാതാവിന്റെ വീരപുത്രരെ പിടിച്ചിരുത്തി ഭജന പാടിക്കുന്നത് ശരിയാണൊ? ഭജനയും ധ്യാനവും ഒക്കെ ആയി ഭാരതമാതാവിന്റെ വീരപുത്രനമാരെല്ലാം ‘നഞ്ഞു തിന്ന കോഴി’ യേപ്പോലെ ‘ നടപ്പാണ്.

അതുകൊണ്ടെന്താ കാവിലെ ദേവചൈതന്യം നാള്‍ക്കുനാള്‍ അധ:പതനത്തിലേക്ക് കൂപ്പുകുത്തി. നാട്ടിലെ തമ്പുരാന്‍ പഴയ കാര്യസ്ഥ പ്രമാണിയുടെ മകന്റെ വീട്ടില്‍ ഞങ്ങള്‍ അടിയന്തിര യോഗം കൂടി. അവിടെ വച്ച് ഞാനാണ് മണീകണ്ഠന്റെ പേര് നിര്‍ദ്ദേശിച്ചത്.

താത്പര്യമില്ലാത്തവരെ ഒക്കെ പിടിച്ച് ശാഖിയില്‍ ചേര്‍ത്താലത് വയ്യാവേലിയാകും എന്ന് പറഞ്ഞ് ഒന്നു രണ്ട് പേര്‍ എടങ്ങേറ് ഉണ്ടാക്കിയതാണ്. മണികണ്ട്ഠനു ബാലഗോകുലത്തിലാണു കമ്പം ! വലിയ യോഗ്യതക്കുറവു തന്നെ. ഞാനുടനെ മറ്റൊരു പദ്ധതി മുന്നോട്ടു വച്ചു. അതായത് ദിവസവും രാവിലെ ഒരു മണീക്കൂര്‍ ബാലകുലം . അതിനുള്ള സൗകര്യം തമ്പുരാന്‍ വീട്ടില്‍ ഒരുക്കണം. പിന്നെ വൈകീട്ട് ഈ പിള്ളേരെ ശാഖിയിലും എടുക്കാം. വിഷയം ഭക്തി ആയതിനാല്‍ ദൈവകോപം പേടിച്ച് ആരും എതിര്‍ക്കാനും ഉണ്ടാകില്ല. ‍

തമ്പുരാന്‍ സമ്മതിച്ചു. എനിക്കു സന്തോഷമായി. പത്താം ക്ലാസ് പാസായില്ലെങ്കില്‍ കൂടി ചില നേരം എനിക്കു കാഞ്ഞ ബുദ്ധിയും തന്ത്രവുമല്ലേ എന്നോര്‍ത്ത് . അങ്ങനെ ഭാരതമാതാവിന്റെ അഭിമാനം തിരിച്ചു പിടിക്കുന്നതിനുള്ള സേന ഞങ്ങളുടെ നാട്ടിലും ആരംഭിച്ചു.

അതിരാവിലെ ഭജനയും ഭക്തിഗാന സുധയും ആയി മണീകണ്ട്ഠന്റെ ബാലകുലം സന്ധ്യക്കു ഈ ഭക്തിലഹരിയിലാണ്ട ആണായ് പിറന്ന വര്‍ ആയോധനമുറകളുടെ അഭ്യാസികള്‍! ഭാരതാംബയുടെ മാനം രക്ഷിക്കാന്‍ അങ്ങനെ, അവരുടെ മനസും, സുശക്തവും സുസജ്ജവും !‍

നാട്ടിലെ തമ്പുരാന്റെ വീട്ടില്‍ ഞങ്ങള്‍ അടിയന്തിര യോഗം കൂടി.
യോഗത്തില്‍ എനിക്കു നേരെ വിമര്‍ശനമുണ്ടായി. മണികണ്ട്ഠന്‍, ഹിന്ദുമതത്തില്‍ ആണായി പിറന്നോന്‍ ശാഖിയില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം ഹനിക്കുന്നു, അവരുടെ ആത്മീയ വീര്യം കെടുത്തുന്നു, എന്നിങ്ങനെ പോയി ആക്ഷേപങ്ങള്‍. ഞാനും കൂടി അറിഞ്ഞോണ്ടാണ് മണികണ്ട്ഠന്റെ‍ ശാഖി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നു കൂടി കേള്‍ക്കേണ്ട ഗതികേടും എനിക്കു വന്നു ചേര്ന്നു. ഞാനെന്തു പറയാനാണ്? അവര്‍ പറഞ്ഞതത്രയും തല കുലുക്കിക്കേട്ടു. അത്രതന്നെ. അങ്ങനെ മണികണ്ഠനെ എല്ലാം പറഞ്ഞു മനസിലാക്കി ശാഖിയുടെ നേരത്ത് ബാലകുലം നടത്തണ ഏര്‍പ്പാടില്‍ നിന്നും വിലക്കേണ്ട ചുമതല എന്റെ തലയിലായി . ശിക്ഷ !

അങ്ങനെ സമയവും സൗകര്യവും ഒത്തു വന്നൊരു രാത്രി മണികണ്ഠനെ പിടിച്ചു നിര്ത്തി ഞാന്‍ ഗുണദോഷിച്ചു.

”പലരും നമ്മുടെ മതത്തെ ഇവിടെ നിന്നും കെട്ടു കെട്ടിക്കാന്‍ നോക്കുകയാണ്. രാഷ്ട്രീയ പാര്ട്ടികളൂടെ ഉപദ്രവവും ഏറി വരികയാണ്. അതുകൊണ്ട് പൊന്നു മണികണ്ഠാ , നീ ഭാരതമാതാവിന്റെ വീരപുത്രന്മരായി തീരേണ്ട നമ്മുടെ ചെക്കന്മാരുടെ ആത്മവീര്യം കെടുത്തരുത്. ശാഖിയുടെ സമയത്ത് ബാലകുലം നടത്തുന്ന ഏര്പ്പാട് ഇനിയീങ്കിലും നീ നിര്‍ത്തണം ”

വളരെ മയമാര്‍ന്ന ഭാഷയിലാണ് ഞാനിത്രയും പറഞ്ഞൊപ്പിച്ചത്.

മണീകണ്ട്ഠന്‍ അപ്പോള്‍ ലളിതസഹസ്രാ നാമം ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു . പതുക്കെ ആണെങ്കിലും അതിന്റെ ശീലുകള്‍ എനിക്കു കേള്‍ക്കാം. എങ്കിലും എനിക്ക് ഇതൊന്നും തീരെ ഇഷ്ടമല്ല. വിശ്വാസം, അത് ഭ്രാന്തിന്റെ നിലപതനത്തിലേക്കു മാറുകയാണെങ്കില്‍ അതിനെ വിശ്വാസം കൊണ്ടു തന്നെ നേരിടണം അതാണ് എന്റെ വിശ്വാസം.

അതുകൊണ്ട് , ഞാന്‍ സ്വാമി വിവേനാന്ദന്റെ കാര്യം എടുത്തിട്ടു. അതെ ആ കേള്‍വികേട്ട വാക്യം.

” ഭഗവത്ഗീത വായിക്കുന്നതിലും സ്വാമിക്കു പ്രിയങ്കരം ഫുട്ബോള്‍ കളിക്കുന്നതാണ്” എന്ന മഹത്തായ വചനം. സ്വാമി വിവേകാനന്ദന്‍ പോലും ചിന്തിക്കുന്നതിതാണെങ്കില്‍ ഇത്ര വല്യ വെലു കാണിക്കുന്നത് എന്നായിരുന്നു എന്റെ ചോദ്യം.

ഇതു കേട്ടെങ്കിലും നല്ല ബുദ്ധി തെളീഞ്ഞ് മണീകണ്ഠന്‍ ശാഖി സമയത്തും ബാലകുലം നടത്തുന്ന ഏര്‍പ്പാട് നിര്‍ത്തട്ടെ. ഞാന്‍ വിചാരിച്ചു. ഇത്രക്കും കനമുള്ള ലക്ഷ്യം വച്ച് പറഞ്ഞതിനാലാകാം വലിയൊരു ഭാരം ഇറക്ക്ലി വച്ച മാതിരി വലിയ ആശ്വാസം തോന്നി എനിക്ക്. ഞാന്‍ വിയര്പ്പ് നന്നായി തുടച്ച് മണീകണ്ഠനെ ഒന്നു പാളി നോക്കി. അവനപ്പോഴും സഹസ്രനാമജപത്തില്‍ തന്നെ. ഞാന്‍ വീണ്ടും സ്വാമിവാക്യം പറഞ്ഞു. അപ്പോഴും സ്ഥിതി പഴയതു തന്നെ. ഇതു മൂന്നുതവണ ആവര്ത്തിച്ചു ഒടുക്കം എനിക്കു ഭ്രാന്തായി .

കൈയിലെ ടോര്ച്ചു കൊണ് മണീകണ്ഠന്റെ തലമണ്ട നോക്കി നല്ലൊരു വീക്ക് വച്ചു കൊടുത്തു. വല്ല നട്ടും ബോള്‍ട്ടും ഇളകിക്കിടപ്പുണ്ടങ്കില്‍ നേരെ ആയിക്കോട്ടെ എന്നേ ഞാന്‍ വിചാരിച്ചിരുന്നുള്ളു!

ശിരസ് പിളര്‍ന്ന് മണികണ്ട്ഠന്‍ താഴെ വീണൂ. രക്തം പുരണ്ട ടോര്‍ച്ചെന്റെ കൈയില്‍! പിന്നെ ഞാനവിടെ നിന്നില്ല ടോര്‍ച്ച് കനാലിന്റെ നെഞ്ചിലേക്ക് വീക്കി ഒരു വിധം വീടണഞ്ഞു.

ഞാന്‍ മേലുകഴുകി പ്രാശ്ചിത്തത്തിന് ചറപറാന്ന് ഗീത വായിച്ചു. മടുത്തു. തലപൊക്കി നോക്കിയതേ മണീകണ്ഠന്റെ മുഖത്ത് . പേടി മാറ്റാന്‍ ഞാന്‍ ലളിതാസഹസ്രനനാമങ്ങള്‍ എടുത്തു വായിച്ചു. മൂന്നേ മൂന്നു ശ്ലോകം. വായന മടുത്തു തലപൊക്കി നോക്കിയപ്പോള്‍ നായിന്റെ ദൈന്യവുമായി അവന്‍, ആ നില്പ്പ് തന്നെ !

എല്ലാം തുറന്നു പറഞ്ഞ് മനസിന്റെ ഭാരം ഒന്നിറക്കി വയ്ക്കണമെന്ന് ‘ നിരീച്ചാണ്’ ഞാനീ കത്തെഴുതുന്നത് ഉള്‍പ്പേടി നിമിത്തം എനിക്കീ സംഭവം ആരോടും തുറന്നു പറയാനുമാകുന്നില്ല.

എന്തു പറ്യാനാണ്? മന:ശാന്തി നഷ്ടപ്പെട്ടു. ശാഖിയില്‍ പോക്കും നിലച്ചു. ടെക്സ്റ്റയില്‍ ഷോപ്പ് നഷ്ടത്തില്‍ ഓടുന്നു. ‘ഊമ്പന്റെ സ്വത്ത് ഉണ്ടോനു മെച്ചം” എന്ന സ്ഥിതിയാണ്. ഞാനെന്തു ചെയ്യാനാണ് ബഹുമാനപ്പെട്ട ഡോക്ടര്‍? എഴുത്തിന്റെ നീളം കണ്ട് എന്റെ പ്രശ്നം നിസാരമെന്ന് എഴുതിതള്ളരുത്. എന്തിനും ഒരു പശ്ചാത്തലം വേണമെന്ന് നിരീച്ചാണ് ഞാനിത്രയും നീട്ടിപ്പിടിച്ചെഴുതുന്നത്.

അനന്തരം , ഈ മനസ് എന്ന അവയവം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? അബോധ മനസ് ഉപബോധ മനസ് ഇവകള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണൊ ? എന്നിങ്ങനെ അന്തസാര ശൂന്യങ്ങള്‍ എന്ന് തനിക്കു തന്നെ തോന്നിയ ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ഒടുക്കം അജ്ഞാതന്‍ എന്ന സ്ഥിരം നാമധേയവും ചേര്‍ത്ത് അയാള്‍ എഴുത്ത് നിര്‍ത്തി കത്ത് തുപ്പലൊട്ടിച്ചു സ്റ്റാമ്പും പതിച്ചു.

പുറത്ത് നിലാവിന്റെ മഴക്കോള് തോര്‍ന്നു തുടങ്ങിയിരുന്നു . ഇരുട്ടിന്റെ കുട ചൂടി അയാള്‍ വീടിനു പുറത്തേക്കു തെറിച്ചു. തപാല്‍ പെട്ടിയിലേക്ക് തന്റെ ജീവിത ഭാരം ഇറക്കി വച്ച് അയാള്‍ നന്നായൊന്നു നിശ്വസിച്ചു. വിജിഗീഷുവായി ഒരു വെല്ലുവിളിയെന്നോണം അയാള്‍ പ്രേത മണീകണ്ഠന് നേരെ കടുപ്പിച്ചൊന്നു നോക്കി. അപ്പോള്‍ എന്തെന്നറിയാത്ത വിധം ദിക്കുകളുടെ കരബന്ധനം തകര്‍ത്ത് കാറ്റിന്റെ ആളായ പ്രവേശങ്ങള്‍! തല്‍ക്ഷണം കണ്മുന്നിലെ മണീകണ്ട്ഠന്‍ ചെറുതായി ചെറുതായി തപാല്‍ പെട്ടിയിലേക്ക് ഊര്‍ന്നിറങ്ങുന്നത് അയാള്‍ തുറുകണ്ണൂകളോടെ കണ്ടു.

ആരുമറിയാതെ മൂന്നു മാസക്കാലം താന്‍ ഉള്ളീലടക്കിപ്പിടിച്ച രഹസ്യങ്ങള്‍. ആത്മാക്കള്‍ക്ക് എന്തും സാധ്യമാണെന്ന ഓര്‍മ്മയുടെ ഭാരത്തില്‍ അയാള്‍ വിവശനായി . ഒരാലംബത്തിനെന്നോണം അയാള്‍ അരയില്‍ പരതി. ഒരു ടോര്‍ച്ചിന്റെ കുറവ് കണ്ടെത്തി. വലിയ ടോര്‍ച്ച് . നല്ല പ്രകാശവും ഊക്കും ഉള്ളത് കനാലിന്റെ നെഞ്ചില്‍ കാലം അഴുകി നരച്ച് ജലപ്പുടവയ്ക്കുള്ളില്‍ അയാള്‍ അത് കണ്ടെത്തി.

പ്രേതമണികണ്ട്ഠന്റെ തലക്കുള്ളീല്‍ ഏതെങ്കിലും നട്ടും ബോള്‍ട്ടും ഇളകിക്കിടപ്പുണ്ടെങ്കില്‍ ആയത് ശരിയാക്കുക എന്ന ഉദ്ദേശ്യത്തോടേ അയാള്‍ അതിവേഗം ബഹുദൂരം കനാല്‍ ജലത്തിലേക്ക് ഊര്‍ന്നിറങ്ങി ടോര്‍ച്ച് കരഗതമാക്കി. വികൃതമായൊരു ചിരിയോടെ ഒരു പ്രഹരശേഷി നല്‍കുന്നതിലേക്ക് മനം കടുപ്പിച്ച് അയാള്‍ പ്രേത മണീകണ്ഠനഭിമുഖം നടന്നു.

കുന്നിറങ്ങി , മലയിറങ്ങി കാറ്റ് താണ്ഡവം തുടര്‍ന്നു.

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here