സധൈര്യം യുക്തിവാദി

 

 

 

 

ഇലകള്‍ ഒന്നും ശ്വസിക്കുന്നില്ല . അമ്മയെ കാണാതെ വിഷണരായ നക്ഷത്രക്കുഞ്ഞുങ്ങള്‍ അനക്കമില്ലാതെ നില്ക്കുകയാണ്. കൂരിരുട്ടിനെ ഭേദിക്കാന്‍ ഒരു മിന്നാമിനുങ്ങു പോലും അനങ്ങിപ്പറക്കുന്നില്ല. നക്ഷത്രങ്ങളില്‍ നിന്നുള്ള നാട്ടുവെളീച്ചത്തിന് തടസമായി കാര്മേഘങ്ങളുടെ പ്രയാണം . അമവാസി രാത്രിയുടെ ഭീകരതയ്ക്കു മാറ്റ് കൂട്ടൂന്നതിനായി പതിഞ്ഞു തെളിഞ്ഞും അന്തരീക്ഷത്തില്‍ അപശബ്ദങ്ങള്‍ ഓളം തല്ലുന്നുണ്ട്.

ആരെയെങ്കിലുമൊക്കെ കൂട്ടിനു കിട്ടും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഇനി പറഞ്ഞിട്ട് എന്തു കാര്യം? വരുന്നതു വരട്ടെ, അപ്പോ കാണാം . മനസിനെ സ്വയം ധൈര്യപ്പെടുത്തിക്കൊണ്ട് സാധാര വേഗതയില്‍ നടന്നു . പട്ടണ പ്രദേശം പിന്നിലേക്ക് പോയ്ക്കൊണ്ടിരുന്നു . വീട്ടില്‍ എത്തണമെങ്കില്‍ ഇനിയും മൂന്നു കിലോ മീറ്റര്‍ നടക്കണം . നടക്കുക എന്നത് ഒരു പ്രശ്നമായിരുന്നില്ല . കറന്റ് പോവാതിരുന്നാല്‍ മതി . സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടം ഉണ്ടാകുമല്ലോ . വീട്ടില് നിന്ന് ഇറങ്ങുന്ന നേരം മനസില്‍ കുറിച്ച എല്ലാ കണക്കുകളും തെറ്റിക്കൊണ്ടിരിക്കുകയാണ് . വീട് എന്നു പറഞ്ഞാല്‍ എന്റെ സ്വന്തം വീടല്ല. ശനിയും ഞായറും സ്കൂളിനു മുടക്കമായതുകൊണ്ട് ഞാന്‍ രണ്ടു ദിവസത്തേക്ക് എന്റെ മൂത്ത സഹോദരിയുടെ വീട്ടിലേക്കു വന്നതാണ് . ഇന്നു വെള്ളീയാഴ്ച . സ്കൂള്‍ വിട്ടതും വീട്ടില്‍ പോയി ഡ്രസ് മാറ്റി പെട്ടന്ന് ഇങ്ങോട്ടു പുറപ്പെട്ടു. എന്നിട്ടും ചേച്ചിയുടെ വീട്ടിലെത്താന്‍ വൈകി. മണീ ആറര കഴിഞ്ഞു. അതായത് ഫസ്റ്റ്ഷോ സിനിമയുടെ സമയം കഴിഞ്ഞു .എം ജി. ആറിന്റെ പടമായിരുന്നു . വല്ലാതെ വാശി പിടിച്ചതു കൊണ്ടു മാത്രമാണ് സെക്കന്റ് ഷോ കാണാന്‍ പോകാനുള്ള അനുവാദം കിട്ടിയത് . അന്നേരം വല്യേച്ചി നല്ലവാക്ക് പറഞ്ഞതാണ്.

” മോനേ നിനക്ക് ആരും കൂട്ടില്ലല്ലോ നീ ഒറ്റക്കു പോണ്ട ”

പക്ഷെ അവനത് ചൊവിക്കൊണ്ടില്ല , ചേച്ചി വീണ്ടും പറയാന്‍ തുടങ്ങി

” അങ്ങനെ വേണമെങ്കില്‍ നിനക്ക് നേരത്തെ വന്ന് ഫസ്റ്റ് ഷോ കാണാന്‍ പോകാമായിരുന്നല്ലോ ഇപ്പോ നിയ്യ് ധൈര്യം കാണിക്കും സിനിമ കഴിയുമ്പോള്‍ സമയം മണി പന്ത്രണ്ടര . നട്ടപ്പാതിര . നീകൊച്ചല്ലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഇച്ചിരിപ്പൊട്ടുള്ള കുട്ടി വേണ്ട” ചേച്ചി തീര്‍ത്തു പറഞ്ഞു.

പക്ഷെ എന്റെ വാശി അതിനും മേലെ ആയിരുന്നു. അത് വെറും വാശിയല്ല എന്റെ ധൈര്യത്തോടുള്ള വെല്ലുവിളീ കൂടി ആയിരുന്നു. അതിനും കാരണമുണ്ട് .

ഇരുപത്തഞ്ചും മുപ്പതും വയസുള്ള ചേട്ടന്മാര്‍ പോലും ആസമയത്ത് അതുവഴി ഒറ്റക്ക് യാത്ര ചെയ്യുമായിരുന്നില്ല . അത്രയും ഭീതി ജനകമായിരുന്നു ആ വഴി .

സിനിമ തിയേറ്റര്‍ സ്ഥിതി ചെയ്യുന്ന ആ കൊച്ചു പട്ടണത്തില്‍ നിന്നും കിഴക്കോട്ടുള്ള റോഡിലൂടെ രണ്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ വലതു ഭാഗത്തേക്ക് ടാറിങ് ഇല്ലാത്ത വഴിയിലേക്ക് തിരിയാം . ഉടനെ കയറ്റം ആരംഭിക്കുകയായി. ചെറിയൊരു കുന്നിന്റെ നെറുകിലേക്കുള്ള വഴിയാണ് അത് . കുന്നിന്റെ മുകളില്‍ ഒരു ക്രിസ്ത്യന്‍ പള്ളി ഉള്ളതുകൊണ്ട് വഴിക്ക് അത്യാവശ്യം വീതി ഉണ്ടെന്നെള്ള ഒരു സമാധാനമുണ്ട്. കയറ്റം കയറിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങിങ്ങായി നാലോ അഞ്ചോ വീടികള്‍ മാത്രം. അത് കഴിഞ്ഞാല്‍ ഇരുവശവും വിജനമാണ്. കാരണം, അത്രയും ഭാഗം ചുടലയാണ്. നോട്ടം എത്താന്‍ പ്രയാസം തോന്നുന്ന അത്രയും വിസൃതമാണ് ചുടല . അതിന്റെ നടുവിലൂടെയാണു റോഡ് . വലിയ ഒന്നും ഇല്ല. അത്രയും ദൂരം സ്ട്റീറ്റ് ലൈറ്റ് ഇല്ല . ഇതെല്ലാം മനസിലാക്കിയിട്ടു തന്നെയാണ് എന്റെ വാശിയെ ജയിപ്പിച്ച് പാതിരാ പടം കാണാന്‍ ഇറങ്ങിത്തിരിച്ചത്.

രണ്ട് കിലോമീറ്റര്‍ പിന്നിട്ടത് അറിഞ്ഞില്ല. ഞാന്‍ വലതു വശത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഇനിയുള്ള ഒരു കിലോമീറ്റര്‍ ദൂരം അതാണ് പ്രശ്നം . കയറ്റം വകവയ്ക്കാതെ മുന്നോട്ടു നടന്നു . ആദ്യത്തെ വീടിനു മുന്നിലെത്തിയപ്പോള്‍ പട്ടികള്‍ കുരയ്ക്കാന്‍ തുടങ്ങി . എന്റെ കൈവശം ഒന്നും ഇല്ല . മനസില്‍ ധൈര്യം മാത്രം ആര്‍ക്കമ്മ് അതാണ് ഏറ്റവും വലിയ കൈമുതല്‍. അന്ധ വിശ്വാസങ്ങളെ പുച്ഛിച്ചു തള്ളൂന്ന താന്‍ എന്തിനു ഭയക്കണം ? എങ്കിലും വല്യേച്ചി പറഞ്ഞ ചില കാര്യങ്ങള്‍ ഏതൊരുവന്റെയും ധൈര്യത്തെ ഹനിക്കുന്നതായിരുന്നു .

”മോനേ ശിവദാസാ ഇതൊന്നും ചേച്ചി ചുമ്മാ പറയുന്നതല്ല. നിന്റെ ചോരത്തിളപ്പ് അത്ര നല്ലതല്ല. പ്രേതപ്പിശാചുകള്‍ വിളയാടുന്ന ചുടലക്കാടാണ് ഇരുവശവും. നിന്നേക്കാള്‍ ധൈര്യവും ആരോഗ്യവുമുള്ള വീരന്മാരും ധീരന്മാരും വെല്ലുവിളീയോടെ രാത്രിയില്‍ അതുവഴി യാത്ര ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് . എല്ലാവരും പാതി വഴി ചെന്ന് പേടിച്ച് പിന്‍ തിരിഞ്ഞ് ഓടി . രണ്ടോ മൂന്നോ പേര്‍ പേടിച്ച് വിറച്ച് നി പിടിച്ചു ചത്തു പോയിട്ടുണ്ട് അവരുടെ പ്രേതവും ഇപ്പോള്‍ അവിടെ വിളയാടുന്നുണ്ട് ”

നാലുപാടും എന്തെങ്കിലും ചലനങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുകൊണ്ടാണ് എന്റെ നടത്തം. മിതമായ വേഗതയില്‍. എങ്ങും ഒരു ഇല പോലും അനങ്ങുന്നില്ല. ഒരു കാര്യം ഞാന്‍ മനസിലാക്കി. അട്ടഹാസങ്ങളെക്കാളും പോര്‍വിളീകളേക്കാളും മറ്റ് ഏതു വധഭീക്ഷണികളേക്കാളും ഭയാനകമാണ് ഘോരാന്ധകാരം സൃഷ്ടിക്കുന്ന മൂകാന്തരീക്ഷം. അങ്ങ് സ്ട്രീറ്റ് ലൈറ്റിന്റെ പതിഞ്ഞ വെട്ടം കാണാം. അവിടെ എത്തും വരെ ശ്വാസം അടക്കിപ്പിടിച്ചു കൊണ്ടു വേണം നടക്കാന്‍. സ്വന്തം നിശ്വാസത്തിന്റെ ശബ്ദം പോലും ഭീതിതമാകുന്നുണ്ട്.

ചുറ്റുവട്ടം ഒളീകണ്ണിട്ട് നോക്കുന്നതിനിടയില്‍ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു . നടത്തത്തിന്റെ വേഗത കുറച്ചു ഇടതുവശത്താണ് ഞാന്‍ അത് കണ്ടത് . വ്യക്തമായി ഒന്നും മനസിലായില്ല അങ്ങോട്ട് തന്നെ സൂക്ഷിച്ചു നോക്കി. അത് തീക്കനലാണ്. ശ്മശാനഭൂമിയുടെ ഏതാണ്ട് മദ്ധ്യത്തിലാണ് . വീണ്ടും എന്റെ മനസില്‍ സംശയം. ഈ ശ്മശാനത്തില്‍ ശവശരീരങ്ങള്‍ കുഴിച്ചിടുകയാണു പതിവ് ദഹിപ്പിക്കുന്ന കാര്യം ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല. എങ്കില്‍ ഈ കനല്‍ എങ്ങിനെ ഉണ്ടായി? എന്റെ വെറും തോന്നലാണോ ?

എന്തുമാകട്ടെ നമുക്കെന്ത് എന്ന ഭാവത്തില്‍ സ്വയം ധൈര്യം സംഭരിച്ച് വീണ്ടും മുന്നോട്ടു നടന്നു. വെല്ലുവിളീയോടെയാണ് പ്രതികരിക്കുന്നത് എങ്കിലും മനസ് ചുമ്മാ പറഞ്ഞു ‘ ഇനിയൊരിക്കലും ഇങ്ങനെ ഒരു സാഹസപ്പണി വേണ്ട ‘

ചുടലയുടെ നടുവിലൂടെ പാതി വഴി പിന്നിട്ടിരിക്കുന്നു. ഇനിയും മുക്കാല്‍ കിലോമീറ്ററോളം സഞ്ചരിച്ചു കഴിഞ്ഞാലെ ചുടലകളുടെ പാര്‍ശ്വങ്ങളില്‍ നിന്നും മുക്തി നേടനാവുകയുള്ളു . തിരിച്ചു പോകാം എന്ന് വെച്ചാല്‍ എങ്ങോട്ടു പോകും? എനിക്ക് എത്തിച്ചേരേണ്ടത് എന്റെ ചേച്ചിയുടെ വസതിയിലേക്കല്ലെ? അതിനു ഇനിയും ഏറെ ദൂരം മുന്നോട്ടു പോകണം.

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം അക്കാര്യം ഉറപ്പാണല്ലോ . അത്, പേടിച്ച് – വിറങ്ങലിച്ച് മരിക്കണോ , അതോ പ്രേതങ്ങളുടെ കൈകൊണ്ടു മരിക്കണോ , അതാണ് ഇപ്പോഴത്തെ പ്രശ്നം . എന്തോ ഒരു ഉള്‍ക്കിടിലം വര്‍ദ്ധിക്കുന്നതു പോലെ . എല്ലാം വെറും തോന്നലാണ്. താന്‍ ഒരു നിരീശ്വരവാദിയല്ലെങ്കില്‍ പോലും, യുക്തി വാദി ആണല്ലോ പിന്നെ എന്തിനു ഭയക്കണം? ബാറ്ററി റീചാര്‍ജ്ജ് ചെയ്യും പോലെ ധൈര്യം സ്വയം സംഭരിച്ചു. എങ്കിലും പിന്‍ തിരിഞ്ഞു നോക്കാന്‍ ഒരു മടി .

വലതു വശത്തെ ചുടലയുടെ അറ്റത്ത് എന്തോ തിളങ്ങുന്നുണ്ട് . അത് വെറും തോന്നലല്ല അനങ്ങുന്നുണ്ട് ഇപ്പോള്‍ തിളക്കം രണ്ടായിക്കാണാം . അത് പിന്നെ നാലായി ആറ് , എട്ട് , പത്ത്…ഞാന്‍ അവിടേക്കു തന്നെ ശ്രദ്ധിച്ചു . മിന്നാമിനുങ്ങുകളല്ല എണ്ണം പന്ത്രണ്ടില്‍ വന്നു നിന്നു. ഇനി വര്‍ദ്ധിക്കുന്നില്ല . നായകള്‍ അല്ല കുറുക്കന്മാരായിരിക്കുമോ ? എന്നാല്‍ കുരക്കുകയോ ഓരിയിടുകയോ ഒന്നും ചെയ്യുന്നില്ല . ഇപ്പോള്‍ ശരിക്കും ഭയം തന്നെ വരിഞ്ഞ് മുറുക്കുന്നത് പോലെ ഒരു അനുഭവം.

മനസ് വീണ്ടും പറഞ്ഞു ” വേണ്ടായിരുന്നു.”

തികച്ചും ആശങ്കാഭരിതമായ അന്തരീക്ഷം. മിഥ്യയായ പേ പിശാചുകളെ ആയിരുന്നില്ല യഥാര്‍ത്ഥത്തില്‍ ഭയം . ചിന്തയുടെ ധാരകള്‍ ചിതറി ഒഴുകാന്‍ തുടങ്ങി . ഒരു പക്ഷെ പട്ടിണി കിടക്കുന്ന പട്ടികളായിരിക്കും. അല്ലെങ്കില്‍ രാത്രിയില്‍ ആഹാരം തേടിയിറങ്ങുന്ന കുറുക്കന്മാരോ കുറുനരികളൊ ആയിരിക്കാം . അവ അടുത്ത് വന്നാല്‍ താന്‍ എന്തു ചെയ്യും? രക്ഷാമാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല. ആയുധങ്ങള്‍ പോയിട്ട് ഒരു മരക്കമ്പോ വടിയോ പോലും കയ്യില്‍ ഇല്ല. ചെറുത്തു നില്ക്കാനാവാതെ വീണൂരുണ്ട് വിധിക്കു കീഴടങ്ങി ക്രൂരമൃഗങ്ങള്‍ക്ക് ഇരയായി തീരുന്ന അവസ്ഥ ഒരു നിമിഷം എന്റെ മസ്തിഷ്ക്കത്തിലൂടെ റോക്കറ്റ് വേഗത്തിലൂടെ കടന്നു പോയി. അപ്പോഴും ഞാന്‍ നടന്നു കൊണ്ടിരുന്നു. വേഗത വര്‍ദ്ധിപ്പിച്ചു.

 

ഇരു വശങ്ങളിലുമുള്ള മണ്‍കൂനകളെ ഗൗനിക്കാതെ എങ്ങും നിറഞ്ഞ് നില്‍ക്കുന്ന അന്ധകാരത്തെ വകഞ്ഞ് മാറ്റിക്കൊണ്ട് അതിശീഘ്രം മുന്നോട്ടു നീങ്ങി . ചുടലക്കടുകള്‍ അവസാനിക്കാന്‍ ഇനി അധിക ദൂരമില്ല. ചീവീടുകളുടേയും , മൂങ്ങകളുടേയും അപശബ്ദങ്ങള്‍ വിരളമായി കേള്‍ക്കാറുണ്ടെങ്കിലും ഇപ്പോഴാണു ശരിക്കും ഭയം ഉള്ളില്‍ തട്ടുന്നത് . വീങ്ങി നില്‍ക്കുന്ന നിശബ്ദതയെ ഭജ്ഞിക്കുന്നതാകയാല്‍ കാര്യമായി ഭയമൊന്നും തോന്നിയില്ല.

പെട്ടന്നാണ് അത് ഉണ്ടായത് . തൊട്ടു തൊട്ടില്ല എന്ന കണക്കിന് തലയുടെ ഇടതു വശത്തു കൂടെ എന്തോ ചീറിപ്പോയി . ശക്തിയായി കാറ്റടിച്ചു. ഞാന്‍ വെട്ടിത്തിരി‍ഞ്ഞ് നോക്കി . എന്താണെന്ന് പൂര്‍ണ്ണമായും മനസിലാകുന്നതിനു മുന്നേ ഒരു കറുത്ത രൂപം വായുവിലൂടെ ഊളിയിട്ട് ഇരുട്ടിലേക്ക് മറഞ്ഞു പോയി. ഒരു നിമിഷത്തേക്ക് എന്റെ ഉള്ളിലെ കിളിയും അതിനോടൊപ്പം പറന്നു.

സമചിത്തത പെട്ടന്ന് തിരിച്ചു പിടിച്ചു . എന്നാല്‍ ആ ഒരു നിമിഷം കൊണ്ട് ഒരു മാസം മുന്‍പ് വായിച്ചു തീര്‍ത്ത ഭയാനക നോവലിന്റെ താളുകളിലൂടെ മിന്നല്‍‍ പിണരുകള്‍ പോലെ സഞ്ചരിച്ചു . ആ കണ്ടത് വവ്വാലായിരുന്നു . പിന്നെ ഞാന്‍ നിന്ന നില്പ്പില്‍ ഡ്രാക്കുളയേയും ചെന്നായ്ക്കളേയും രക്തദാഹികളായ യക്ഷികളേയും ഒരുമിച്ചു കണ്ടു മറ്റെന്തു പറയാന്‍, ശരിക്കും പേടിപ്പിച്ചു കളഞ്ഞു.

ആശ്വാസത്തിന്റെ നല്ല ശ്വാസം തിരിച്ചു കിട്ടുന്നതുപോലെ ഒരു തോന്നല്‍ . ഇനി നൂറു മീറ്റര്‍ കൂടി മുന്നോട്ടു പോയാല്‍ ശ്മശാനങ്ങളെ പിന്നിലാക്കാം.

സ്ട്രീറ്റ് ലൈറ്റ് എരിഞ്ഞുകൊണ്ടിരുന്നു . ഇലട്രിക് പോസ്റ്റിനു അടുത്ത് എത്തണമെങ്കില്‍ പിന്നെയുമുണ്ട്‍ അമ്പതു മീറ്റര്‍ ദൂരം . ഇത്രയും ദൂരം പിന്നിട്ട് കഴിഞ്ഞില്ലെ ഇനിയുള്ളത് വെറും നിസാരം . ഞാനറിയാതെ എന്റെ ഉള്ളിലെ അഹങ്കാരത്തിന്റെ വിത്ത് അങ്കുരിക്കാന്‍ തുടങ്ങിയോ എന്നൊരു സംശയം.

പെട്ടന്ന് കണ്ണുകളിലേക്ക് ഇരുട്ട് തുളച്ചു കയറി. ഇതുവരെയും സ്വച്ഛന്തം എരിഞ്ഞു കൊണ്ടിരുന്ന സ്ട്രീറ്റ് ലൈറ്റ് അണഞ്ഞു പോയതാണു കാരണം. കറന്റ് പോയിരിക്കുന്നു നക്ഷത്രങ്ങളെ നോക്കിയാണ് പണ്ട് കടലില്‍ പോയിരുന്ന അരയന്മാര്‍ ‍ ദിശ മനസിലാക്കിയിരുന്നത് . അതുപോലെ താന്‍ ഇത്രയും നേരം ലക്ഷ്യം വെച്ച് നടന്നു നീങ്ങിയിരുന്നത് ഈ സ്ട്രീറ്റ്ലൈറ്റിനെ ആശ്രയിച്ചായിരുന്നു . തല തരിക്കുന്നതു പോലെ തോന്നുന്നു. ഒരടി പോലും മുന്നോട്ടു വെയ്ക്കാന്‍ സാധിക്കാത്ത അത്രയും ഇരുട്ട്. എല്ലാം‍ അന്ധകാരം വിഴുങ്ങി. ഇനി എന്താണ് രക്ഷാമാര്‍ഗം? . വലിയൊരു പരീക്ഷയെ അഭിമുഖീകരിക്കേണ്ടതായ ഘട്ടം വന്നിരിക്കുന്നു. എന്തും സംഭവിക്കാം.

ഇനി താന്‍ എന്തിനും തയാറാണ് , എനിക്കു ജയിച്ചേ മതിയാകു . എന്ന നിശ്ചയത്തോടെ മെല്ലെ മെല്ലെ ശരിക്കും അന്ധനെപ്പോലെ നടന്നു . കുണ്ടും കുഴിയും നിറഞ്ഞ ഈ വഴിയില്‍‍ എവിടെയെങ്കിലും താന്‍ വീണൂ പോകുമോ ! ഭയന്നു വല്ലാതെ ഭയന്നു . അങ്ങനെ സംഭവിച്ചാല്‍‍ താനും ഇവിടെ ഒരു പ്രേതമായി മാറും യുക്തിവാദിയുടെ മനസ് വീണ്ടും മന്ത്രിച്ചു . ‘പ്രേതം അതൊന്നും ഉള്ളതല്ല ‘ എങ്ങു നിന്നോ ആരോ ധൈര്യം പകര്ന്നു തരുന്നതു പോലെ തോന്നി.

വളരെ ശ്രദ്ധിച്ച് മെല്ലെ മെല്ലെ ഏങ്ങിവലിച്ച് മുന്നോട്ടു നീങ്ങി . അഞ്ചു മിനിറ്റു കഴിഞ്ഞു കാണും സന്തോഷത്തിന്റെ വെളിച്ചം. സ്ട്രീറ്റ് ലൈറ്റ് വീണ്ടും തെളീഞ്ഞു കത്തി. സ്ട്രീറ്റ് ലൈറ്റിന്റെ അടുത്ത് എത്തിയിരിക്കുന്നു . ഇതും ഒരു സത്യം മാത്രം. ആ വലിയ കടമ്പ കടന്നിരിക്കുന്നു . ചുടലപ്പറമ്പുകള്‍ രണ്ടും പിന്നിലായിക്കഴിഞ്ഞിരിക്കുന്നു . ശ്വാസനിശ്വാസങ്ങള്‍ സാധാരണ ഗതിയിലേക്കു തിരിച്ചെത്തി. എന്നാല്‍ ആശ്വാസം തോന്നിയത് ലൈറ്റിനു കീഴില്‍ അല്പ്പനേരം നിന്നപ്പോഴാണ്.

പക്ഷെ ഇതുകൊണ്ടൊന്നും തീരുന്നില്ലല്ലോ. ഇനി പള്ളിസെമിത്തേരിയും കഴിഞ്ഞിട്ടു വേണം ചേച്ചിയുടെ വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയാന്‍ . ഓ.. അതു സാരമില്ല മതില്‍ക്കെട്ടിനു അകത്താണല്ലോ സെമിത്തേരി. കൂദാശ ചൊല്ലി അടക്കിയിരിക്കുന്ന ആത്മാക്കള്‍ മാത്രമാണ് അവിടെ ഉള്ളത് അടങ്ങി ഒതുങ്ങി ജപവും പ്രാര്‍ത്ഥനയുമായി കഴിയുന്നവര്‍. നമ്മള്‍ അവരെ ഉപദ്രവിക്കാതിരുന്നാല്‍ മതി . അതും കഴിഞ്ഞു. എല്ലാം കഴിഞ്ഞൂ .ഞാന്‍ ഇടത്തോട്ടുള്ള വഴിയിലേക്കു തിരിഞ്ഞു , വഴി അവസാനിക്കുന്നത് ചേച്ചിയുടെ വീട്ടുമുറ്റത്താണ്. തന്റെ സാഹസം വിജയിച്ചിരിക്കുന്നു .

ഫിനീഷിംഗ് പോയിന്റ് അടുത്ത് എത്തിയിരിക്കുന്നു. അപ്പോഴതാ വീണ്ടും പ്രശ്നം. വീട്ടുമുറ്റത്ത് പെട്ടന്നൊരു തീനാളം പ്രത്യക്ഷപ്പെട്ടു . ഒരു ആള്‍ രൂപം അനങ്ങുന്നുണ്ട് ഞാന്‍ അടുത്തെത്തി.

ഒരു കനമുള്ള ശബ്ദം, എന്റെ ചെവിയിലേക്ക് വന്ന് കയറി .

” എത്തിയോടാ നീ” ഏത് ബഹളത്തിനിടയിലും തിരിച്ചറിയാനാവുന്ന ശബ്ദം, അത് അളീയന്റേതാണ്. അളീയന്‍ തീപ്പട്ടിക്കമ്പ് ഉരച്ച് ബീഡി കത്തിച്ചതായിരുന്നു . ഞാന്‍ വെറുതെയൊന്നു മൂളി.

” വിശക്കുന്നുണ്ടോ നിനക്ക്” വീണ്ടും അളീയന്റെ ചോദ്യം.

” ഇല്ല അത്താഴം കഴിച്ചിട്ടാണ് പോയത് ”

” എങ്കില്‍ വേഗം ചെന്ന് കിടന്ന് ഉറങ്ങ്”

പിറ്റേന്നാള്‍ രാവിലെ ചേച്ചിയും പിള്ളേരും എന്നെ ആദ്യമായി കാണുന്നതുപോലെ നോക്കി . അവരുടെ മുഖത്ത് ആശ്ചര്യ ഭാവം ഒളിപ്പിച്ചിരിക്കുന്നു. വിജയശ്രീലാളിതനായ ഒരു സാഹസികനെപ്പോലെ അവരെ ഗൗനിക്കാതെ ഞാന്‍ ബാത്റൂമിലേക്ക് നടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English