ലോക സാഹിത്യത്തിൽ എന്നും സജീവമായ ഒരു ചോദ്യമാണ് എഴുത്തുകാരൻ അവന്റെ കാലത്തെ എഴുതണോ എന്നുള്ളത്. വലിയ എഴുത്തുകാരെല്ലാം അവരുടെ കാലഘട്ടത്തെയാണ് എഴുതിയതെന്നും നല്ല എഴുത്തിന് കാലദേശ അതിരുകളില്ലെന്നും രണ്ടു വാദഗതികൾ തീർപ്പില്ലാതെ നിലനിൽക്കുന്നു.
ഈ വിഷയത്തെപ്പറ്റി കവി സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
‘ഇയ്യിടെ ഒരു മുതിര്‍ന്ന കഥാകൃത്ത് പ്രസംഗിച്ചതായി വായിച്ചു, സമകാലീന സംഭവങ്ങള്‍, അവസ്ഥകള്‍ ഇവയെക്കുറിച്ച് കവിതകളും കഥകളും എഴുതുന്നത് ശരിയല്ലാ എന്ന്. ഒന്നു ചോദിച്ചു കൊള്ളട്ടെ: താങ്കള്‍ ഇന്ത്യയില്‍ ഇതിഹാസങ്ങളായി വാഴ്ത്തപ്പെടുന്ന രാമായണം, മഹാഭാരതം എന്നീ കൃതികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതിഹാസമെന്നാല്‍ ചരിത്രമെന്നാണ് അര്‍ഥം എന്നും ആ കൃതികളുടെ രചയിതാക്കളായി പറയപ്പെടുന്നവര്‍ അവയിലെ കഥാപാത്രങ്ങളും സമകാലീന സാക്ഷികളും ആണെന്നും താങ്കള്‍ക്കറിയാമോ? കുഞ്ചന്‍ നമ്പ്യാരും ആശാനും മുതല്‍ ഇടശ്ശേരിയും വൈലോപ്പിള്ളിയും വരെ , അഥവാ ഹോമറും ഷേക്സ്പിയറും മുതല്‍ എലിയട്ടും നെരൂദയും വരെ, അഥവാ ഹാര്‍ഡിയും ഡിക്കെന്‍സും യൂഗോവും മുതല്‍ ടോള്‍സ്റൊയിയും ഡോസ്റൊയെവ്സ്കിയും കാഫ്കയും മാര്‍കേസ്സും വരെയുള്ളവരെല്ലാം സ്വന്തം കാലത്തെ അവസ്ഥകളും സംഭവങ്ങളും പ്രതിഫിപ്പിച്ചവരാണെന്നും അങ്ങിനെ അല്ലാത്ത ഒരു വലിയ എഴുത്തുകാരനും ലോകത്ത് ഉണ്ടായിട്ടില്ലെന്നും താങ്കള്‍ ആലോചിച്ചിട്ടുണ്ടോ?’