മനുഷ്യജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളിലും കൂട്ടായ്മകൾക്ക് പ്രസക്തിയുണ്ടായിരുന്നു. ഇപ്പോഴും കൂട്ടായ്മകൾക്ക് പ്രസക്തി ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. എന്നാൽ പലരീതിയിലും കൂട്ടായ്മകളുടെ പ്രസക്തി കൂടുകയാണ് ഉണ്ടായിട്ടുള്ളത്. ഗുഹാന്തരങ്ങളിൽ വസിക്കുന്ന കാലം മുതൽക്കേ ആദിമ മനുഷ്യൻ ചെറു സംഘങ്ങളായാണ് ജീവിച്ചിരുന്നതും ഇരതേടിയിരുന്നതും. പിന്നീടുള്ള കാലഘട്ടങ്ങളിലും സംസ്കാരങ്ങളിലും എല്ലാം തന്നെ കൂട്ടായ പ്രവർത്തനങ്ങളാണ് നാം പ്രാചീനകാലം മുതൽക്കേ കണ്ടു വന്നിട്ടുള്ളത്. കാലം പുരോഗമിക്കുന്തോറും ഈ കൂട്ടായ്മകളിൽ പലതരത്തിലുള്ള പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണത്തിനും, കുറച്ചുകൂടി എളുപ്പമായ നായാട്ടിനും ഒക്കെ ആയാണ് ആദിമ മനുഷ്യൻ കൂട്ട് കൂടി താമസിച്ചിരുന്നത്. പിന്നീട് സംസ്കാരസമ്പന്നരാകുന്തോറും സമാന ചിന്താഗതിയുള്ളവരും സമാനജീവിതരീതികൾ പിന്തുടരുന്നവരും ഒരേ ദിക്കിൽ ഒരു കൂട്ടമായി ജീവിതം നയിക്കാൻ തുടങ്ങി. രാജ്യഭരണവും ഭരണകൂടങ്ങളും നേതൃത്വപാടവവും എല്ലാം ഒഴിച്ചു നിർത്തി നിരീക്ഷിച്ചാലും അപ്പോഴും മനുഷ്യസമൂഹം ചെറിയ ചെറിയ കൂട്ടായ്മകളായിത്തന്നെയാണ് നില കൊണ്ടിരുന്നത് എന്ന് കാണാൻ കഴിയും. ഇവയെ നമുക്ക് അർദ്ധ കൂട്ടായ്മകൾ എന്ന് വിളിക്കാം ,ഇങ്ങനെയുള്ള കൂട്ടായ്മകൾ കൊണ്ട് വ്യക്തി നേട്ടങ്ങൾ അത്ര ഉണ്ടാകുന്നില്ല. എന്നാൽ ഒരു പൊതു ആവശ്യം മുൻനിർത്തി തന്നെയാണ് ഇങ്ങനെ ഉള്ള കൂട്ടായ്മകൾ ഉണ്ടാകുന്നതും, നിലനിൽക്കപ്പെടുന്നതും. ഉദാഹരണത്തിന് ഒരു വിദ്യാലയം അല്ലെങ്കിൽ ഒരു കാര്യാലയം, ഇവ പൊതു ആവശ്യം മാനിച്ചു തന്നെ നിലനിൽക്കുന്ന സ്ഥാപനങ്ങളാണ്. എന്നാൽ ഇവിടെ വരുന്ന എല്ലാവരും ഒരേ താല്പര്യക്കാരായിരിക്കില്ല, ഇങ്ങനെ ഉള്ള കൂട്ടായ്മകളെ അർദ്ധ കൂട്ടായ്മകൾ എന്ന് വിളിക്കാം പൊതുവായ ചില നേട്ടങ്ങൾ നേടിയെടുക്കൽ സാധിക്കാൻ ഇങ്ങനെയുള്ള കൂട്ടായ്മകൾ തീർച്ചയായും സഹായിക്കും.
അപ്പോൾ എന്താണ് സാമൂഹിക കൂട്ടായ്‌മ? എന്തിനാണ് സാമൂഹിക കൂട്ടായ്മകളിൽ മനുഷ്യൻ ആകൃഷ്ടരാകുന്നത്? ഒരു കാലഘട്ടം വരെ ഈ ലോകത്ത് കൂട്ടുകുടുംബ വ്യവസ്ഥിതി തന്നെയാണ് അനുവർത്തിച്ചിരുന്നത്. എന്നാൽ അതിൽ ഉളവാകുന്ന അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും മറ്റു പല കാരണങ്ങളുമാവാം കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബ വ്യവസ്ഥിതിയിലേക്ക് ഒരു മാറ്റം സമൂഹത്തിനുണ്ടാക്കിയത് . ഇങ്ങനെ കാലം മുന്നോട്ട് നീങ്ങുന്തോറും അറിഞ്ഞോ അറിയാതെയോ ഏതൊരു മനുഷ്യനും കൂട്ടായ്മയുടെ പ്രാധാന്യം തിരിച്ചറിയുന്നുണ്ട്. അതിൻ ഫലമായിട്ടാവുമല്ലോ അണു കുടുംബ വ്യവസ്ഥിതിയിൽ മുന്നേറുന്ന ഈ കാലത്തും നവ മാധ്യമങ്ങൾ നിറയെ സാമൂഹിക കൂട്ടായ്മകൾ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്നത്.
ഒരേ ഉദ്ദേശ്യങ്ങൾ അല്ലെങ്കിൽ ഒരേ ലക്ഷ്യം ഉള്ള ഒരു പറ്റം മനുഷ്യർ ഒത്തു ചേരുന്നതിനെയാണ് സാമൂഹിക കൂട്ടായ്മ എന്ന് പറയുന്നത്. ഒരു ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന ഒരുവന് ആ ലക്ഷ്യത്തിലേക്ക് എത്താനുള്ള സമയദൈര്‍ഘ്യം അയാളുടെ വേഗതയ്ക്കനുസരിച്ചും, നിശ്ചയദാർഢ്യത്തിനനുസരിച്ചും, കഴിവിനനുസരിച്ചും ആയിരിക്കും. ഒരു ശരാശരി മനുഷ്യന് ഇവയെല്ലാം തന്നെ ഒരേ അനുപാതത്തിൽ ഉണ്ടാവണമെന്നില്ല. അതിൻ ഫലമായി അയാളുടെ ലക്ഷ്യത്തിലേക്കുള്ള ദൈർഖ്യം നീളുന്നു. ഇങ്ങനെയുള്ള അവസരങ്ങളിൽ അതെ മനുഷ്യൻ അയാളുടെ അതെ ലക്ഷ്യമുള്ള കൂട്ടായ്മയിൽ ചേരുന്നത് വഴി, അയാളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയുന്നു. കാരണം ഇവിടെ ആ കൂട്ടായ്മ ആ ലക്ഷ്യത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുകയും ലക്ഷ്യപ്രാപ്തി കൂട്ടായ്മയിലുള്ള ഏവർക്കും എളുപ്പമാക്കുകയും ചെയ്യുന്നു. ഇവിടെ ഇതിന് സഹായിക്കുന്ന ഒരു ഊർജമുണ്ട്, കാണാനാവാത്ത കേൾക്കാനാവാത്ത ഒന്ന് ആണ് ഊർജ്ജം, ഒരേ തരം ചിന്താഗതിയുള്ള മനുഷ്യരുടെ ഊർജ്ജതലങ്ങളും ഒന്നായിരിക്കും അങ്ങനെ ഒരേ തരത്തിൽ ചിന്തിക്കുന്ന ഒരു കൂട്ടം വ്യക്തികൾ ഒരു പ്രത്യേക ലക്ഷ്യം സാധിക്കാനായി ഒന്നിച്ചു കൂടുമ്പോൾ അതൊരു വലിയ ഊർജ്ജശ്രോതസ്സായി മാറുകയും ലക്ഷ്യപ്രാപ്തി അനായാസമാകുകയും ചെയ്യും. ഉദാഹരണമായി ഒരു വ്യക്തി ഒരു ലക്ഷ്യം മുന്നിൽ വയ്ക്കുന്നു എന്നിരിക്കട്ടെ എന്നും രണ്ടു കിലോമീറ്റർ രാവിലെ അഞ്ചുമണിക്ക് എണീറ്റ് നടക്കാൻ ആണ് അയാളുടെ ലക്ഷ്യം എന്നിരിക്കട്ടെ. അയാൾക്കത് ഒറ്റയ്ക്ക് സാധിക്കാനാകും നല്ല ധിഷണാശക്തിയുണ്ടെങ്കിൽ. അല്ലെങ്കിൽ എന്തെങ്കിലും തിരക്കുകൾ വരുമ്പോൾ, അലസത തോന്നുമ്പോൾ ഒക്കെ അയാൾ അത് വേണ്ടെന്ന് വയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ ഇതേ വ്യക്തി എന്നും അഞ്ചുമണിക്ക് എണീറ്റ് രണ്ടു കിലോമീറ്റർ നടക്കുന്ന ഒരു വ്യായാമക്കൂട്ടായ്മയിൽ അംഗമായാൽ അയാൾക്കത് സ്വന്തം ലക്ഷ്യം സാക്ഷാത്കരിക്കാൻ കൂടുതൽ പ്രചോദനമാകുകയും അയാൾ നിഷ്പ്രയാസം മറ്റു തിരക്കുകൾക്കും പ്രവൃത്തികൾക്കും എന്തെങ്കിലും രീതിയിൽ ഒക്കെ നിവൃത്തിയുണ്ടാക്കി ഇതിനായി സമയം കണ്ടെത്തുകയും ചെയ്യും. അത് തന്നെയാണ് സത്‌സംഗ് പോലുള്ള കൂട്ടായ്മയും ഉദ്ദേശിക്കുന്നത്. സാമൂഹിക കൂട്ടായ്മകളുടെ പ്രധാന ഉദ്ദേശവും പ്രസക്തിയും ഇത് തന്നെയാണ്. നിശ്ചിത സമയത്തിനുള്ളിൽ ഒരു നിശ്ചിത ലക്ഷ്യത്തിലെത്താൻ ഇങ്ങനെയുള്ള കൂട്ടായ്മകൾ സാധാരണ മനുഷ്യനെ സഹായിക്കും.