തന്റെ നോവൽ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു ഹരീഷിന്റെ വാക്കുകൾ:
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എന്റെ നോവല്‍ ‘മീശ’ മൂന്നു ലക്കം പിന്നിട്ടിരിക്കുന്നു. ചെറുപ്പം മുതല്‍ മനസ്സില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനഫലവുമാണത്. എന്നാല്‍ നോവലില്‍നിന്നും ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. എനിക്കു നേരെ സമൂഹമാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്. ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്റെ കരണത്ത് അടിക്കേണ്ടതാണെന്ന് പരസ്യമായി പറഞ്ഞു. അതിലുപരി എന്റെ ഭാര്യയുടെയും രണ്ട് കൊച്ചു കുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അസഭ്യപ്രചാരണങ്ങള്‍ തുടരുന്നു. അമ്മയെയും പെങ്ങളെയും, മരിച്ചു പോയ അച്ഛനെയും അപവാദം പറയുന്നു. വനിതാ കമ്മിഷനിലും വിവിധ പോലീസ് സ്‌റ്റേഷനുകളിലും എനിക്കു നേരെ പരാതി നല്‍കിയിരിക്കുന്നു. അതുകൊണ്ട് എന്റെ നോവല്‍ ‘മീശ’ ഞാന്‍ പിന്‍വലിക്കുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി നോവല്‍ ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ടെന്നു തോന്നുമ്പോള്‍ പുറത്തിറക്കും. എന്നെ ഉപദ്രവിച്ചര്‍ക്കെതിരെ നിയമനടപടിക്ക് ശ്രമിക്കുന്നില്ല. രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടുവാനുള്ള കരുത്ത് എനിക്കില്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപ സമിതി അംഗങ്ങള്‍ക്ക്. കൂടാതെ എപ്പോഴും കൂടെനിന്ന കുടുംബാംഗങ്ങള്‍ക്ക്. എഴുത്ത് തുടരും