ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2020-ലെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ് ഹരീഷിന്റെ MOUSTACHE ഉള്‍പ്പെടെ 10 കൃതികളാണ് പരിഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എഴുത്തുകാരനും പ്രൊഫസറുമായ തേജസ്വിനി നിരഞ്ജന, എഴുത്തുകാരന്‍ അരുണി കശ്യപ്, നാടകകൃത്തും സംവിധായകനുമായ രാമു രാമനാഥന്‍, ടാറ്റ ട്രസ്റ്റ് ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍ പോര്‍ട്ട്‌ഫോളിയോ മേധാവി ദീപിക സൊറാബ്ജി എന്നിവരടങ്ങുന്ന ജൂറിയാണ് ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂര്‍ണ്ണമായും ഇന്ത്യന്‍ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബെന്യാമിന്റെ ജാസ്മിന്‍ ഡെയ്‌സ് എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന മലയാളനോവല്‍ ജാസ്മിന്‍ ഡെയ്‌സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു.