പലായനം
“ദൈവേച്ഛയനുസരിച്ചു സ്വന്തം മകനെ ബലിനൽകാൻ പോയതിന്റെ ഓർമ്മദിനമാണ് ഇന്ന് .കുഞ്ഞായിരിക്കുമ്പോൾ ഞാൻ കേട്ട കഥകളിൽ എന്നെ ഏറ്റവും പേടിപ്പെടുത്തിയ ഒന്ന് . “
ജാലകത്തിനരികിലെത്തിയ അവൻ സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടത് ചുണ്ടത്തു വച്ചു.

ജാലകത്തിനു വെളിയിൽ നഗരം ആഘോഷദിനത്തെ വരവേൽക്കാനായി ഒരുങ്ങുകയായിരുന്നു . തെരുവുകളിൽ പുത്തൻ കുപ്പായങ്ങളണിഞ്ഞ കുട്ടികൾ തുള്ളിച്ചാടി നടക്കുന്നു . പ്രാർത്ഥനകളുടെ അലയൊലികൾ തെരുവാകെ അലയടിക്കുന്ന താളമാകുന്നു.പുത്തനുടുപ്പുകൾ അണിഞ്ഞുകൊണ്ടു കുട്ടികളും മുതിർന്നവരും ആരാധനാലയത്തെ ലക്ഷ്യമാക്കി നടക്കുന്നു .

അവൾ മെത്തയിരുന്നുകൊണ്ട് അവനെ സാകൂതം നോക്കി .
അവളുടെ മടിയിൽ ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രമായ ഡൊണാൾഡ് ഡക്കിന്റെ ചിത്രമുള്ള തലയിണയാണ് .അതിൽ ഇരുകൈമുട്ടുകളും ഊന്നിക്കൊണ്ടവൾ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്നു .

“ഒരിക്കൽ ഉപ്പയോട്‌ ഞാനതു ചോദിച്ചിരുന്നു .
ഉപ്പയുടെ നെഞ്ചിൽ കിടക്കുമ്പോഴായിരുന്നു ആ നാലുവയസ്സുകാരന്റെ ചോദ്യം .ആദ്യം പുഞ്ചിരിച്ചു തള്ളിയെങ്കിലും പിന്നീടദ്ദേഹം എനിക്ക് മറുപടി തന്നു .എനിക്കുവേണ്ടി ദൈവത്തോട് സമരത്തിലേർപ്പെടുമെന്നായിരുന്നു ആ മറുപടി.”
അയാൾ ഒരു നിമിഷം മൗനം പാലിച്ചു .
ചുണ്ടിലിരുന്ന സിഗരറ്റിന്റെ അവസാന പുകയെ ആസ്വദിച്ചുകൊണ്ട് അവശേഷിപ്പിനെ ജനലിലൂടെ പുറത്തേക്കിട്ടു .

അവൾ അവനരികിലെത്തി .
അവന്റെ തോളിൽ കയ്യിട്ടുകൊണ്ടവളും അവനോടൊപ്പം പുറത്തേക്കു നോക്കി നിന്നു.

ആരാധനാലയത്തിൽ പ്രാർത്ഥനതുടങ്ങിയിരിക്കുന്നു.
തെരുവാകെ വിജനമായിരിക്കുന്നു.
അടഞ്ഞു കിടക്കുന്ന കടകളുടെ മുൻവശങ്ങളിൽ ഇരുചക്രവാഹനങ്ങൾ നിറഞ്ഞു നിൽക്കുന്നു .

സമയമാപിനി പിറകോട്ടൊഴുകുമ്പോൾ ആ നാലുവയസ്സുകാരൻ അവന്റെ ഉപ്പയുടെ നെഞ്ചിൽ തലചായ്ച്ചു കിടക്കുകയായിരുന്നു .ഉമ്മറത്തെ തിണ്ണയിൽ മലർന്നു കിടക്കുകയായിരുന്ന ആ ഉപ്പയുടെ വലതുകൈയ്യിൽ ഏതോ മാസികയുണ്ടായിരുന്നു .ഇടതുകൈകൊണ്ടദ്ദേഹം ആ നാലുവയസ്സുകാരന്റെ തലമുടിയിൽ വിരലോടിച്ചു.ആ സമയത്തായിരുന്നു അവന്റെ ആ ചോദ്യം .
“ഒരുപക്ഷേ പ്രവാചകനിൽ നിന്നും ആ മറുപടിയായിരിക്കില്ല ദൈവം പ്രതീക്ഷിച്ചുണ്ടാവുക .മകനെ വിട്ടുനൽകാൻ തയ്യാറാകാതിരുന്നെങ്കിൽ ആ സ്നേഹത്തിന്റെ പേരിലായിരുന്നേനെ ഈ ആഘോഷദിനം .ത്യാഗത്തിന്റെ സ്മരണപുതുക്കലിന് പകരം സ്നേഹത്തിന്റെ സ്മരണപുതുക്കുന്ന ദിനം .”
ആ വാക്കുകളുടെ സാരാംശം മനസ്സിലാക്കാതെ അവൻ ഉറക്കമായിരുന്നു അപ്പോഴേക്കും .എങ്കിലും പിതാവ് തന്നെ ദൈവേച്ഛക്ക് വിട്ടുനൽകില്ല എന്ന ആശ്വാസം ആ മുഖത്ത് തെളിഞ്ഞിരുന്നു . പിതാവ് തന്റെ കൈപിടിച്ചുകൊണ്ട് ഏതോ മലയുടെ മുകളിലേക്ക് കയറാൻ തുടങ്ങുന്നതിന്റെ ദൃശ്യങ്ങൾ അവന്റെ സ്വപ്നങ്ങളിൽ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു .

“ഷുഗർ ..?”
അവൾ സ്പൂണിൽ എടുത്ത പഞ്ചസാരത്തരികൾ അവനു നേരെ നീട്ടിക്കൊണ്ടു ചോദിച്ചു .
അവൻ തലയാട്ടി ..
“അച്ഛൻ ഇപ്പോൾ ..?”
കപ്പിലെ ചായ ഇളക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു .
“അറിയില്ല ..
കൗമാരത്തിൽ ഒരിക്കൽക്കൂടി ഞാനീ ചോദ്യം ഉപ്പയോട്‌ ചോദിച്ചിരുന്നു .ഒരുപക്ഷെ അന്ന് ദൈവം പുത്രബലി തടഞ്ഞിരുന്നില്ലെങ്കിലോ എന്ന ചോദ്യം .ഈ ആഘോഷദിനം എന്തിന്റെ പേരിലായിരിക്കും അറിയപ്പെടുക എന്നും .അദ്ദേഹം ഒന്നു ചിരിക്കുക മാത്രം ചെയ്തു . “ഓടിട്ട കെട്ടിടങ്ങളുടെ നീണ്ടനിരയാണ് തെരുവിന്റെ ഇരുവശത്തേയും കാഴ്ച
ഓരോ കെട്ടിടങ്ങളിലും അഞ്ചോ ആറോ കടമുറികളാണ് .കെട്ടിടങ്ങൾക്കു പിന്നിലായി ആസ്ബറ്റോസ് ഷീറ്റിട്ട കുടുസ്സുമുറികളിൽ കച്ചവടക്കാരുടെ കുടുംബങ്ങൾ താമസിക്കുന്നു .പാതി തുറന്നു കിടക്കുന്ന കടമുറികൾക്കുള്ളിൽ നിന്നും കുട്ടികളുടെ ചിരികൾ ,കരിവളകളുടെ കിലുക്കങ്ങൾ . ആസ്ബറ്റോസ് മുറികളിൽ നിന്നും തെരുവിലേക്കെത്തുന്ന മാംസവിഭവങ്ങളുടെ കൊതിയൂറുന്ന ഗന്ധങ്ങൾ . റോഡിലൂടെ ഓടിക്കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് വിരുന്നു വന്നിരിക്കുന്ന കാബൂളിവാലകൾ .അവരുടെ സൈക്കിളിൽ നിന്നും ആകാശത്തേക്കുയരാൻ വെമ്പി നിൽക്കുന്ന പലവർണ്ണങ്ങളിലുള്ള ബലൂണുകൾ. അത്തറുകൾ നിറച്ച സഞ്ചിയും തോളിലേറ്റിക്കൊണ്ട് നടന്നുനീങ്ങുന്ന മധ്യവയസ്കരായ ഫക്കീറുമാർ . ഇതായിരുന്നു തെരുവിലെ ആ സമയത്തെ കാഴ്ചകൾ .
തെരുവിന്റെ വഴികളെല്ലാം ചെന്നെത്തുന്നത് കുന്നിനുമുകളിലുള്ള ആ ആരാധനാലയത്തിന്റെ ഗെയ്റ്റിന് മുന്നിലാണ് . അവിടെ നിന്നും മുകളിലേക്ക് പടവുകൾ .

” സെമിറ്റിക് മതങ്ങളുടെ പിതാവ് ..
ലോക ജനസംഖ്യയുടെ പകുതിയിലേറെപ്പേരും വിശ്വസിച്ചുപോരുന്ന ഈ മൂന്നു മതങ്ങളും അദ്ദേഹത്തെ പിതാവായി വാഴ്ത്തുന്നു . പക്ഷെ ചരിത്ര കഥകളിൽ അവരെല്ലാവരും അവരുടേതായ ഭാഗങ്ങൾ തുന്നിച്ചേർത്തുകൊണ്ട് വ്യത്യസ്ത ഉടുപ്പുകൾ അദ്ദേഹത്തെ അണിയിക്കുന്നു.ബലിനൽകാനായ കൊണ്ടുപോയ പ്രവാചകന്റെ മകൻ പോലും രണ്ടാണ് രണ്ടു മതങ്ങൾക്കും .
എവിടെയാണ് ചരിത്രം നമ്മളെ കബളിപ്പിക്കുന്നത് ..?
അമോറൈറ്റുകളുടെ പിൻഗാമികളായ നിങ്ങൾ അതിൽ ഏതുപക്ഷത്താണ്‌ സാറാ ?”

തെരുവിനിപ്പുറം ആ ബഹുനില ഹോട്ടൽസമുച്ചയത്തിന്റെ നാലാം നിലയിലായിരുന്നു അവനും അവളും . ഹോട്ടൽ ബോയ് കൊണ്ടുവച്ച പ്രഭാതഭക്ഷണങ്ങൾ അവർക്കുമുന്നിലെ ടേബിളിൽ നിരന്നു കിടക്കുന്നു .
നെടുകെ പിളർന്ന പുഴുങ്ങിയ മുട്ടയും ,മുളപ്പിച്ച ചെറുപയറും അവളൊരു പാത്രത്തിലാക്കി കയ്യിൽ പിടിച്ചിരുന്നു .കൂടെ രണ്ടു സ്ലൈസ് ബ്രെഡും .
അവനാകട്ടെ പാതി നിറച്ച ജ്യൂസുമായി ജാലകത്തിനരികിലായിരുന്നു .

അവൾ മറുപടിയൊന്നും പറഞ്ഞില്ല .
അവനാകട്ടെ അതാഗ്രഹിച്ചിരുന്നുമില്ല എന്ന മട്ടിൽ മറ്റുവിഷയങ്ങളിലേക്കു സംസാരത്തിന്റെ ഗതിമാറ്റി.

വംശപരമ്പരകളുടെ ചരിത്രകഥകളിൽ നിന്നും പൊടുന്നനെ ഇറങ്ങിയ മൻസൂർ പിന്നീട് സാറയോടു സംസാരിക്കുന്നതെല്ലാം കമ്പോളത്തെക്കുറിച്ചും നഗരകോണിൽ നിലകൊള്ളുന്ന തെരുവിനെക്കുറിച്ചുമായിരുന്നു .തെരുവിന്റെ സ്ഥാനത്തു വരാൻ പോകുന്ന പുതിയ നഗരചത്വരത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മൻസൂർ വാചാലനായി . നഗരത്തിലെ ഏതുഭാഗത്തുനിന്നും എളുപ്പത്തിൽ എത്താവുന്ന ഒരു ഇടം . അവിടെ നിലകൊള്ളുന്ന ഭീമാകാരനായ ഫ്ലാറ്റ് സമുച്ചയങ്ങളും മാളുകളും .ലോകമെങ്ങും നിറഞ്ഞു നിൽക്കുന്ന മൾട്ടിനാഷണൽ കമ്പനിയുടെ പുതിയ ഓഫീസ്‌റൂം .

“ഇതിനെല്ലാം വിഘാതമായി നിലകൊള്ളുന്നത് …”
സാറാ അർധോക്തിയിൽ നിർത്തി.
മൻസൂറും സാറയും ആ തെരുവിലൂടെ നടക്കുകയായിരുന്നു .
ഇരുവശങ്ങളിലും നിന്നും ഭക്ഷ്യവിഭവങ്ങളുടെ ഗന്ധം അവരിലേക്ക്‌ പടർന്നുകയറി .വിഭവങ്ങൾ നിറച്ച പാത്രങ്ങളുമായി അയൽവീടുകളിലേക്കു പോകുന്ന സ്ത്രീകൾ .
“വിഘ്നങ്ങൾ തീർക്കാൻ മാനേജ്‌മന്റ് പഠനത്തിൽ ഒട്ടനവധി വഴികൾ
പറയുന്നുണ്ട് സാറാ.അതിൽ പറയാതെ പറയുന്ന ചില കാര്യങ്ങൾ ..
അതായിരിക്കും ഒരുപക്ഷെ ഇവിടെ നമുക്ക് പ്രയോഗിക്കാനാവുന്നത് “
അവൾ ഒന്നും മിണ്ടിയില്ല

“ഭക്ഷണം കഴിച്ചിട്ട് പോകാം വരൂ ..”
ഒരു സ്ത്രീയാണ് .അവരുടെ കയ്യിൽ അടച്ചുവച്ച ഒരു പാത്രവുമുണ്ട് .
പഴയതെങ്കിലും വൃത്തിയുള്ള ചുവന്ന നിറമുള്ള സാരിയായിരുന്നു അവരുടെ വേഷം .
“ഏയ് വേണ്ട ..”
മൻസൂറും സാറയും മറുപടി നൽകിയത് ഒരുമിച്ചായിരുന്നു .
“അങ്ങനെ പറയരുത് .ഈ ദിവസം ആര് ഭക്ഷണം കഴിക്കാൻ വിളിച്ചാലും നിരസിക്കരുത് .ഒരു പിടിയെങ്കിലും കഴിക്കണം ..വരൂ “
അവർ സാറയുടെ കൈപിടിച്ചുകൊണ്ട് നടന്നു .
മൻസൂറിന് അവർക്കൊപ്പം ചെല്ലുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല .

ഓടിട്ട രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള ഇടവഴിയിലൂടെയാണ് അവർ നടന്നത് .
കഷ്ടിച്ചു ഒരാൾക്ക് നടക്കാൻ പാകത്തിലുള്ള വഴി .അത് ചെന്നെത്തുന്നത് കടമുറികളുടെ പിൻവശത്തേക്കാണ് .ഇടതുവശത്തുള്ള കെട്ടിടത്തിന്റെ പിൻഭാഗത്തെ ചായ്പ്പുപോലെ കെട്ടിയുണ്ടാക്കിയ സ്ഥലത്തേക്കാണ് ആ സ്ത്രീ ചെന്ന് കയറിയത് .അത് ഒരു ചായക്കടയുടെ അടുക്കളയായിരുന്നു .
അടുപ്പുകല്ലുകളും അവയിലൊന്നിൽ പൊറോട്ടക്കല്ലും. പാത്രങ്ങളിൽ പകുതിയും റാക്കുകളിൽ വിശ്രമിക്കുന്നു .ചിലവ പാത്രം കഴുകുന്ന ഒരു വലിയ വാഷ്‌ബേസിനിലും .
ഒരു തകരപ്പാളി തള്ളിതുറന്നുകൊണ്ടവൾ പുറത്തേക്കിറങ്ങി .
ഹോട്ടലിനു പിറകിലായി തകരഷീറ്റുകൾ കൊണ്ട് കെട്ടിമറച്ച ഒറ്റമുറിയിലായിരുന്നു ആ സ്ത്രീയുടെ കുടുംബം .എല്ലാ കെട്ടിടങ്ങൾക്കു പിന്നിലും ഇത്തരം ഒറ്റമുറിവീടുകളായിരുന്നു .
സൈനബ ..അതായിരുന്നു ആ സ്ത്രീയുടെ പേര് .ഭർത്താവുമൊത്ത് ആ ചായക്കട നടത്തുന്നു .അവരുടെ ഉപ്പ ,അതിനുള്ളിലെ കയറ്റുപായയിൽ ചുരുണ്ടുകൂടി കിടക്കുന്നു .കൗമാരക്കാരിയായ ഒരു പെൺകുട്ടിയും രണ്ടാൺകുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്ന വീട്ടിൽ ഒരു ആട്ടിൻകുട്ടിയും കുറച്ചു പ്രാവുകളും താമസക്കാരായി കണ്ടു .

പുറത്തെ വാകമരത്തിന്റെ ചുവട്ടിലായിരുന്നു അവർക്കുള്ള വിരുന്നൊരുക്കിയത് .അതിനായി ഹോട്ടൽ മുറിക്കുള്ളിൽ നിന്നും ഒരു ബെഞ്ചും ഡെസ്കും കൃശഗാത്രനായ ആ ഗൃഹനാഥൻ മരച്ചുവട്ടിലേക്കു കൊണ്ടുവന്നിരുന്നു . സുന്ദരിയായ കൗമാരക്കാരി ഭക്ഷ്യ വിഭവങ്ങളെല്ലാം അവർക്കു മുന്നിൽ നിരത്തി . ആതിഥേയ അവർക്കൊപ്പമിരുന്നുകൊണ്ട് അവരോടു സംസാരിച്ചുകൊണ്ടിരുന്നു. കുട്ടികൾ രണ്ടുപേരും അപരിചിതരായ അവരെ തെല്ലൊരു കൗതുകത്തോടെ നോക്കി .സാറയും മൻസൂറും ഭക്ഷണം കഴിച്ചുവെന്നുവരുത്തി എണീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല .വയറു നിറച്ചു കഴിച്ചിട്ടേ ആതിഥേയർ അവരെ എണീക്കാൻ സമ്മതിച്ചുള്ളൂ.

തിരിച്ചുപോരാൻ തുടങ്ങുമ്പോൾ മൻസൂർ പോക്കറ്റിൽ കയ്യിട്ടു .കുട്ടികൾക്ക് പണമെന്തെങ്കിലും കൊടുക്കാനായിട്ടാവണം .സാറ അവന്റെ കയ്യിൽ പിടിച്ചുകൊണ്ടത് തടഞ്ഞു .അവനോടു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
“അരുത് ..നിന്റെ കയ്യിലുള്ളത് അവരെ വിറ്റ പണമാണ് .
അതവർക്ക് കൊടുക്കരുത് ..”
അവൻ സ്തബ്ധനായി അവളെ നോക്കി .
ആ കുടുംബം അവരെ കൈവീശി യാത്രയാക്കുകയായിരുന്നു അപ്പോൾ .
തൊട്ടടുത്ത വീടിന്റെ മുന്നിൽ ആ കാബൂളിവാലയുടെ സഞ്ചി കാണാമായിരുന്നു .പരിചിതമല്ലാത്ത ഏതോ സൂഫി ഗാനം ആരോ പാടുന്നു
അകലെയായി ആരാധനാലയം കാണാം ..

“നമുക്ക് അവിടെയാണ് എത്തേണ്ടത് .ഇപ്പോൾ തന്നെ
ബാക്കിയെല്ലാം കമ്പനി നോക്കിക്കോളും ..”
അവൻ പറഞ്ഞു ..ദൃഢമായിരുന്നു അവന്റെ വാക്കുകൾ
അവൾ അവനെ നോക്കി.
“അപ്പോൾ അവിടേക്ക് ഇവർക്ക് എത്തതാണ് കഴിയില്ലേ .?”
” ഇല്ല ..ഗെയ്റ്റ് കടക്കാൻ അവർക്കാവില്ല .”
“എത്രപേർ ..?”
“അറിയില്ല ..ഇവർ പലായനം തുടങ്ങുന്നതുവരെ ..”


തെരുവിലിപ്പോൾ ആളുകൾ കൂടിത്തുടങ്ങിയിരിക്കുന്നു .
അപരിചിതരായ ആളുകളെ അതിനിടയിലായി കാണാൻ തുടങ്ങി .
അവനും അവളും ആ ഗെയ്റ്റ് തുറന്നുകൊണ്ട് കുന്നിനു മുകളിലുള്ള ആരാധനാലയത്തിലേക്കുള്ള പടികൾ കയറാൻ തുടങ്ങി .ഇരുവശങ്ങളിലുമായി മൈലാഞ്ചിക്കാടുകൾക്കടിയിൽ പരേതാത്മാക്കൾ വിശ്രമിക്കുന്നു .
പിന്നിൽ നിന്നും വലിയ ശബ്ദം കേൾക്കുന്നു .
അവൻ തിരിഞ്ഞു നോക്കാതെ നടക്കുകയാണ് .
“അബ്രഹാമിക് മതങ്ങളിലെല്ലാം പാലായനം ഉണ്ടായിട്ടുണ്ടെന്ന് ചരിത്രം
പറയുന്നു .അവ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു .ഒരുപക്ഷെ ഒരു
പ്രവാചകൻ ഇവർക്ക് വഴികാട്ടാൻ ഉണ്ടാകുമായിരിക്കും “

സംസാരിച്ചുകൊണ്ടു വേഗത്തിൽ പടികൾ കയറുന്ന അവനൊപ്പമെത്താൻ
അവൾ പാടുപെട്ടു
അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്ക്കാരം ചട്ടമ്പിശാസ്ത്രത്തിന്
Next articleഘട്ടങ്ങൾ
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here