എല്ലാവരുടേയും ജീവിതത്തിൽ എന്നപോലെ എൻ്റെ ജീവിതത്തിലും, ഓരോ കാര്യങ്ങളും സംഭവിക്കാൻ അതിൻ്റെതായ സമയവും കാലവും ഉണ്ട് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിൽപ്പെട്ട ഒരാളാണ് ഞാൻ. എന്നിരുന്നാലും, അങ്ങനെ സംഭവിക്കുന്ന ചില കാര്യങ്ങൾക്ക് ഹേതുവാകുന്നതാകട്ടെ ഞാൻ തന്നെയായിരിക്കും. എന്നാൽ മറ്റു ചില കാര്യങ്ങൾ എൻ്റെ അറിവോ, സമ്മതമോ കൂടാതെ സംഭവിക്കുന്നതുമായിരിക്കും. അങ്ങനെ ചിന്തിച്ചാൽ ഈ യാത്ര ഞാൻ സ്വയം തിരഞ്ഞെടുത്ത ഒന്നായിരുന്നു. ഞാൻ കണ്ടെത്തിയ മറ്റു പല വഴികളും, എൻ്റെ ജീവിതത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിന് വിമുഖത കാണിക്കുമ്പോൾ, ഏറ്റവും ഒടുവിലത്തേതായി, എൻ്റെ മുന്നിൽ വീണു കിട്ടിയ ഒരു വഴി : അതു മാത്രമായിട്ടേ ഞാൻ ഇപ്പോൾ ഈ യാത്രയെ ഞാൻ കാണുന്നൊള്ളൂ.
പക്ഷേ ഒന്നുണ്ട്, ഈ യാത്രയുടെ അവസാനം ഞാൻ എൻ്റെ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും എന്നാണ് അയാൾ, ആ കൈനോട്ടക്കാരൻ എന്നോട് തറപ്പിച്ചു പറഞ്ഞത്. ഇന്നേവരെ ഒരു ജ്യോത്സ്യനെ കാണുകയോ, വാരികകളിൽ വരുന്ന വാരഫലം നോക്കുകയോ ചെയ്യാത്ത ആളായിരുന്നു ഞാൻ. അങ്ങനെയുള്ള ഞാനാണ് ഇപ്പോൾ ഒരു കൈനോട്ടക്കാരൻ്റെ വാക്കും കേട്ട്, ഈ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
അതാണ് ഞാൻ ആദ്യമേ പറഞ്ഞത് ഓരോന്നും സംഭവിക്കാൻ അതിൻ്റെതായ സമയമുണ്ടെന്ന്. മനുഷ്യൻ നിസ്സാരനും, നിസ്സഹായനും ആകുന്നിടത്താണല്ലോ, വിധി അല്ലെങ്കിൽ ഈശ്വരനിശ്ചയം എന്ന തോന്നൽ ജന്മം കൊള്ളുന്നത്. ശരിക്കും പറഞ്ഞാൽ, ഞാൻ അയാളിൽ വിശ്വാസമർപ്പിച്ചത് എൻ്റെ മനസ്സിൻ്റെ ബലഹീനത മൂലമായിരുന്നില്ല, മറിച്ച് അയാൾക്ക് എൻ്റെ യുക്തിചിന്തയെ മുഴുവനായും സാധൂകരിക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ്. എൻ്റെ പൂർവ്വകാര്യങ്ങൾ മുഴുവനും, എൻ്റെ തന്നെ കൈരേഖയിലൂടെ, എന്നേയും കൂട്ടിനടന്ന് അയാൾ എനിക്ക് പറഞ്ഞുതന്നു.
ഞാൻ മറ്റാരുമായും പങ്കിടാത്ത കാര്യങ്ങൾ പോലും അയാൾ എന്നോട് പറഞ്ഞപ്പോൾ എനിക്ക് അയാളെ വിശ്വസിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. അയാൾ എനിക്ക് യാത്രയ്ക്കായി നിർദ്ദേശിച്ച സ്ഥലം അത്ര ദൂരത്തൊന്നുമല്ലെങ്കിലും എനിക്ക് യാതൊരു കേട്ടറിവുമില്ലാത്ത ഒരിടമായിരുന്നു അത്.
എന്നിരുന്നാലും, ധാരാളം ആളുകൾ അവിടെയെത്തുന്നുണ്ടെന്നും, അവർക്കെല്ലാം തങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് വിടുതൽ ലഭിക്കുന്നുണ്ടെന്നും അയാൾ പറഞ്ഞപ്പോൾ, ഞാൻ ആ യാത്ര യാതൊരു വിമുഖതയും കൂടാതെ തിരഞ്ഞെടുക്കുകയായിരുന്നു.
നാലഞ്ചു ജോഡി വസ്ത്രങ്ങളും, പിന്നെ അത്യാവശ്യം വേണ്ട സാധനങ്ങളും ഒരു ചെറിയ ബാഗിലാക്കിക്കൊണ്ട് ഞാൻ യാത്ര തിരിച്ചു. ഞാൻ താമസിക്കുന്ന ടൗണിൽ നിന്നു തന്നെ അവിടേയ്ക്ക് ഒരു ബസ് പുറപ്പെടുന്നുണ്ട്. അത് മാത്രമാണ് അവിടേയ്ക്കുള്ള ഏക ബസ്.
ആ ബസിൻ്റെ അവസാന സ്റ്റോപ്പിലാണ് എനിക്ക് ഇറങ്ങേണ്ടത്. ‘ബസിറങ്ങിയ ശേഷം ഏകദേശം ഒരു കിലോമീറ്റർ നടക്കാനുണ്ട്’. ബസ് അവിടെ നിന്നും നീങ്ങുന്നതിനിടെ, ആ കൈനോട്ടക്കാരൻ പറഞ്ഞത് ഞാൻ ഓർത്തു.
ബസ്സിൽ അധികം യാത്രക്കാരൊന്നുമില്ല. ആകെ ആറു യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ഞാൻ ഒഴികെ മറ്റെല്ലാവരും വേറെ വേറെ ഇടങ്ങളിൽ ഇറങ്ങാനുള്ളവരായിരുന്നു. ബസിൻ്റെ നടുവിലുള്ള സീറ്റിൽ തന്നെ ഞാൻ സ്ഥാനം പിടിച്ചു.
ചില ആളുകൾ എത്ര പെട്ടെന്നാണ് നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വിതറുന്നത്’, എൻ്റെ തൊട്ടുമുൻപിലെ സീറ്റിൽ ഇരുന്ന യാത്രക്കാരിൽ ഒരാൾ തൊട്ടടുത്തിരുന്ന ആളോട് പറഞ്ഞു. അവർ തുടർച്ചയായി നടത്തുന്ന സംഭാഷണത്തിൽനിന്ന്, അവർ ഉറ്റ സുഹൃത്തുക്കളാണെന്ന് ഞാൻ മനസിലാക്കി.
പെട്ടെന്ന് എനിക്ക് ആ കൈനോട്ടക്കാരനെ ഓർമ്മ വന്നു. ഒരുപക്ഷെ, അയാളുടെ ഉപദേശമില്ലായിരുന്നെങ്കിൽ ഞാൻ ഈ യാത്രയ്ക്ക് തുനിയുകപോലും ചെയ്യില്ലായിരുന്നു. തെല്ലുനേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങിപ്പോയി.
‘’മാഷേ……സ്റ്റോപ്പെത്തി’
കണ്ടക്ടർ എന്നെ വിളിച്ചെഴുന്നേല്പിച്ചു. ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ് അയാളെ നോക്കി. അയാൾക്ക് ആ കൈനോട്ടക്കാരൻ്റെ അതേ മുഖം…!ഞാൻ അയാളെ നോക്കി ഹൃദ്യമായി ചിരിച്ചു. എന്നിട്ട് എൻ്റെ ബാഗുമെടുത്ത് ഞാൻ മെല്ലെ ബസിൽ നിന്നും ഇറങ്ങി.
ഏറെക്കുറെ സന്ധ്യയായിരിക്കുന്നു. അപ്പോഴവിടെ ഉണ്ടായിരുന്ന മങ്ങിയ വെളിച്ചം കണ്ട് ഞാൻ അനുമാനിച്ചു.‘ഒരാളെപ്പോലും വഴിയിൽ കാണാനില്ലല്ലോ.’ ഞാൻ മനസ്സിലോർത്തു. അതിനിടയിൽ ബസ് തിരിച്ചുപോകുന്ന ശബ്‌ദം ഞാൻ കേട്ടു. ഏകദേശം ഒരു കിലോമീറ്റർ ദൂരം നടന്നു കഴിഞ്ഞപ്പോൾ ആ വഴി ഇടത്തേയ്ക്കും, വലത്തേയ്ക്കുമായി പിരിഞ്ഞു. ഇടത്തേക്ക് തിരിയുന്ന വഴി താരതമ്യേന ഇടുങ്ങിയതും, എന്നാൽ ഭംഗിയുള്ളതുമായിരുന്നു.
വിവിധതരം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടികളുടെ ആവാസകേന്ദ്രമായിരുന്നു അത്. അതുകൊണ്ടുതന്നെ ആ വഴിയിലേക്ക് തിരിയുമ്പോൾത്തന്നെ നല്ല സുഗന്ധമാണ് അനുഭവപ്പെട്ടത്.
”കാഴ്ചക്ക് കൗതുകം തോന്നുമെങ്കിലും ആ വഴിയിലേക്ക് പ്രവേശിക്കുകപോലും ചെയ്യരുത്. പാമ്പും മറ്റ് വിഷജീവികളും ധാരാളമുള്ള കുറ്റിക്കാടാണത്.’’
ആ കൈനോട്ടക്കാരൻ പറഞ്ഞത് അപ്പോൾ ഞാൻ ഓർത്തു.
എനിക്ക് പോകേണ്ടത് വലത്തേയ്ക്ക് തിരിയുന്ന വഴിയിലൂടെയാണ്. ആ വഴിയേ അൽപ്പം മുന്നോട്ട് നടന്നാൽ ഒരു വലിയ ആർച്ച് കാണാം. അതാണ് എൻ്റെ ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള പ്രവേശന കവാടം. അവിടെ എത്തിച്ചേർന്നു കഴിഞ്ഞാൽ പിന്നെയുള്ള കാര്യങ്ങളെല്ലാം അവിടെയുള്ള ആളുകൾ തന്നെ നോക്കിക്കൊള്ളുമെന്നാണ് അയാൾ എന്നോട് പറഞ്ഞത്. ഞാൻ മെല്ലെ വലത്തോട്ട് തിരിയുന്ന വഴിയിലേക്ക് പ്രവേശിച്ചു. അൽപ്പം കൂടി മുന്നോട്ട് നടന്ന് കാണും, മറ്റെവിടെനിന്നോ അവിടേയ്ക്ക് തെന്നിത്തെറിച്ചു വീഴുന്ന പ്രകാശ കിരങ്ങളിലൂടെ ഞാൻ ആ ആർച്ച് കണ്ടു. ‘അതാണ് അയാൾ പറഞ്ഞ പ്രവേശന കവാടം.’ ഞാൻ മനസ്സിൽ പറഞ്ഞു.
എൻ്റെ മനസ്സിൽ ആവേശം തിരതല്ലാൻ തുടങ്ങി. എൻ്റെ എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണല്ലോ, എൻ്റെ തൊട്ടുമുൻപിൽ വിശാലമായ വാതായനവും തുറന്ന് എന്നെ കാത്തുനിൽക്കുന്നത് എന്നറിഞ്ഞപ്പോൾ എൻ്റെ ഉള്ളം തുടിച്ചു.
‘നിശബ്ദതയുടെ താഴ്വരയിലേയ്ക്ക് സ്വാഗതം. ഇവിടെ നിങ്ങൾക്കായി ശവക്കൂനകളുടെ മുകളിൽ പനിനീർപ്പൂക്കൾ പൂത്തുനിൽക്കുന്നു.’ ആ പ്രവേശന കവാടത്തിലെ ആർച്ചിൽ ആലേഖനം ചെയ്തിട്ടുള്ള വാചകങ്ങളാണ് അത്. എനിക്കൊന്നും മനസിലായില്ല.
‘ഈ വാചകങ്ങൾ അർത്ഥമാക്കുന്നത് എന്താണ്? ആ വാചകങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഗൂഢവും ഭയപ്പെടുത്തുന്നതുമായ സന്ദേശമെന്തായിരിക്കും?’ ഞാൻ മെല്ലെ ഉത്കണ്ഠാകുലനാകാൻ തുടങ്ങി.
പ്രവേശന കവാടം കടന്ന് ഞാൻ അകത്തേയ്ക്ക് പ്രവേശിച്ചു. ഇരുട്ട് പിന്നേയും കനപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി. എന്നിരുന്നാലും, അങ്ങിങ്ങായി അനവധി റാന്തൽ വിളക്കുകൾ തെളിയിച്ചുവച്ചിരിക്കുന്നതുകൊണ്ട് ആ കവാടത്തിനകം താരതമ്യേന പുറത്തുള്ളതിനേക്കാൾ വ്യക്തമായിരുന്നു.
‘‘സ്വാഗതം സുഹൃത്തേ….താങ്കൾ അൽപ്പം വൈകിയാണെങ്കിലും ഇവിടേയ്ക്ക്തന്നെ എത്തുമെന്ന് അയാൾ പറഞ്ഞിരുന്നു.’’ എൻ്റെ പിന്നിൽ നിന്നൊരു ശബ്ദം. ഞാൻ ഞെട്ടിപ്പോയി. ഞാൻ ധൃതിയിൽ തിരിഞ്ഞുനോക്കി. അപ്പോൾ അവിടെ ഒരാൾ തൻ്റെ ദേഹം മുഴുവൻ മൂടുന്ന തരത്തിൽ ഒരു കറുത്ത കോട്ടുമിട്ട് നിൽക്കുന്നു.
അതികായനാണെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ ആരും പറയും. എൻ്റെ കണ്ണുകളിൽ നിഴലിക്കുന്ന ഭയം കണ്ടിട്ടാകണം, അയാൾ എന്നെ നോക്കി വളരെ മനോഹരമായി പുഞ്ചിരിച്ചു. എൻ്റെ ഉള്ളിൽ വല്ലാത്തൊരു ഭയം പടർന്നത് പോലെ …ഞാൻ ചിരിക്കാൻ പോലും മറന്നുപോയി.
‘വരൂ നമുക്ക് അവിടേയ്ക്ക് പോകാം.’ അൽപ്പം മുന്നിലായി കാണുന്ന ഒരു വലിയ ഇരുനില മാളിക ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.
‘‘ഞാൻ ഇവിടേയ്ക്ക് എത്തുമെന്ന് ആരാണ് ഇയാളെ അറിയിച്ചത്? ആ കൈനോട്ടക്കാരനല്ലാതെ മറ്റാർക്കും എൻ്റെ ഈ യാത്രയെപ്പറ്റി അറിയില്ലല്ലോ…. അയാൾ ഇവിടുത്തെ നിത്യസന്ദർശകനാണങ്കിൽ അയാൾക്കും എന്നോടൊപ്പം ഇവിടേയ്ക്ക് വരാമായിരുന്നല്ലോ…’’ ഇത്തരത്തിൽ കുറെ ചോദ്യങ്ങൾക്കും, ഒരുപാട് ഭയാശങ്കകൾക്കും നടുവിലൂടെ ഞാൻ അയാൾക്കൊപ്പം അവിടേയ്ക്ക് നടന്നു.
അയാൾ വിശാലമായ ഒരു പൂമുഖത്തേക്ക് എന്നെ ആനയിച്ചു. അവിടെ വിവിധ തരത്തിലുള്ള ഇരിപ്പിടങ്ങൾ നിരയായും, ഭംഗിയായും ക്രമീകരിച്ചിരുന്നു. ഇരുട്ട് മൂടിയ അന്തരീക്ഷമാണെങ്കിലും, അങ്ങിങ്ങ് വിളക്കുകൾ എരിയുന്നതുകൊണ്ട് അവിടം മുഴുവൻ ഒരുതരം അരണ്ട വെളിച്ചം വലയം ചെയ്‌തിരുന്നു.
‘‘നമുക്ക് പ്രാർത്ഥനാമുറിയിലേയ്ക്ക് പോകാം. അവിടെയാണ് ഞങ്ങളുടെ പ്രഭു ഇരിക്കുന്നത്. അദ്ദേഹം നിങ്ങളേയും കാത്തിരിക്കുകയാണ്.’’ അവിടം മുഴുവൻ ഒന്ന് കണ്ണോടിക്കുന്നതിനിടയിൽ അയാൾ എന്നോട് പറഞ്ഞു. എന്നിട്ടയാൾ എൻ്റെ മുൻപിൽ നടന്നു. അയാളെ പിന്തുടർന്ന് ഞാനും നടന്നു. ഞങ്ങൾ വിശാലമായ ഒരു ഹാളിലേയ്ക്ക് പ്രവേശിച്ചു.
ആ ഹാളിൻ്റെ വടക്കുവശത്തായി ഒരു ഭിക്ഷാംദേഹിയുടേത് പോലുള്ള ഒരു വലിയ പ്രതിമ സ്ഥാപിച്ചിരുന്നു. അതിൻ്റെ താഴെ, അൽപ്പം മുൻപിലായിട്ട് ചുവന്ന പട്ട് വിരിച്ച ഒരു ഇരിപ്പിടത്തിൽ പ്രഭു ഇരിക്കുന്നുണ്ടായിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ അത് അദ്ദേഹത്തിൻ്റെ തന്നെ പ്രതിമ ആണെന്ന് എനിക്ക് മനസ്സിലായി. പ്രസന്ന വദനം, ആജ്ഞാ ശക്തി നിറഞ്ഞു നിൽക്കുന്ന നോട്ടം, ഒറ്റനോട്ടത്തിൽ പ്രഭുവിനെപ്പറ്റി എനിക്കിങ്ങനെയാണ് തോന്നിയത്.
ഞങ്ങൾ മെല്ലെ അദ്ദേഹത്തിൻ്റെ മുൻപിലേക്ക് ചെന്നു. ഞാൻ അദ്ദേഹത്തിന് വന്ദനം പറഞ്ഞു.
‘‘വരണം വരണം സുഹൃത്തേ….വളരെ നാളുകളായി ഞാൻ താങ്കളെയും കാത്തിരിക്കുകയായിരുന്നു.’’ പ്രഭു എന്നോട് പറഞ്ഞു.
ഘനഗംഭീരമായ ശബ്‌ദം! ഞാൻ അദ്ദേഹത്തെ നോക്കി മന്ദഹസിച്ചു.
‘ഇരിക്കൂ’….അദ്ദേഹം എന്നോട് പറഞ്ഞു.
ഞാൻ അദ്ദേഹത്തിൻ്റെ മുൻപിൽ ഇരുന്നു.
‘യാത്രയെല്ലാം സുഖമായിരുന്നു?’ അദ്ദേഹം ചോദിച്ചു.
‘അതെ. വളരെ നന്നായിരുന്നു.’ ഞാൻ ഭവ്യതയോടെ പറഞ്ഞു.
‘അൽപ്പം വൈകിട്ടണെങ്കിലും താങ്കൾ ഇവിടേയ്ക്ക് തന്നെ വന്നു ചേർന്നല്ലോ. ഇനി താങ്കൾക്ക് ഭയാശങ്കകൾ തെല്ലും വേണ്ട.’ പ്രഭു എന്നെ ആശ്വസിപ്പിച്ചു.
‘വന്ദനം പ്രഭോ… അത്താഴം തയ്യാറായിട്ടുണ്ട്.’ അപ്പോൾ അവിടേയ്ക്ക് ഒരാൾ വന്നു പറഞ്ഞു. അയാളുടെ വേഷം കണ്ടിട്ട് അവിടെയുള്ള ഏതോ പരിചാരകൻ ആണെന്ന് എനിക്ക് തോന്നി.
”ഇവിടെ ആദ്യമായി വരുന്ന ആൾ, അത് ആരായാലും അന്നേ ദിവസം ഞാൻ ആ അതിഥിക്കൊപ്പമേ അത്താഴം കഴിക്കൂ”. പ്രഭു പറഞ്ഞു.
ഇത്രയും ആരാധ്യനായ ഒരാളോടൊപ്പം ഭക്ഷണം കഴിക്കാൻ സാധിക്കുന്നതോർത്ത് എനിക്ക് വലിയ അഭിമാനം തോന്നി.
‘‘ഇന്ന് താങ്കൾ മാത്രമാണ് എൻ്റെ അതിഥി. വരൂ…നമുക്ക് ഊട്ടുമുറിയിലേയ്ക്ക് പോകാം.’’ അതും പറഞ്ഞ് അദ്ദേഹം തൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് എൻ്റെ മുമ്പിൽ നടന്നു. ഞാൻ അദ്ദേഹത്തെ അനുഗമിച്ചു.
മനോഹരമായി അലങ്കരിച്ച ഒരു ഊട്ടുശാല, കൊതിയൂറുന്ന വിഭവങ്ങളുടെ മനം മയക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞ് നിൽക്കുന്നു. ഞങ്ങൾ വരുന്നതും കാത്തു അവിടെ മൂന്നു പരിചാരകർ നിൽക്കുന്നുണ്ടായിരുന്നു.ഞങ്ങളെ കണ്ട മാത്രയിൽ അവരും പ്രഭുവിന് വന്ദനം ചൊല്ലി, എന്നിട്ട് എന്നെ നോക്കി ഭവ്യതയോടെ പുഞ്ചിരിച്ചു.
വളരെ വലുതും, ധാരാളം കൊത്തുപണികൾ ചെയ്‌ത് മോടി കൂട്ടിയതുമായിരുന്നു ആ ഊട്ടുമുറിയിലെ മേശയും കസേരകളും. ഏതാണ്ട് മുപ്പതിന് മുകളിൽ ആളുകൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന വിധത്തിലാണ് അവ പണി കഴിപ്പിച്ചിരിക്കുന്നത്. തീൻമേശ താരതമ്യേന നീളം കൂടിയതും, വീതി കുറഞ്ഞതുമാണ്. അതിൻ്റെ നീളം കൂടിയ വശങ്ങൾ രണ്ടിലും ഓരോ സർപ്പങ്ങളുടെ രൂപങ്ങൾ കൊത്തി വച്ചിരുന്നു.അവയുടെ തലഭാഗം മേശയുടെ ഒരു കോണിലും, അവയുടെ വാൽഭാഗം മേശയുടെ മറ്റേ കോണിലും എന്ന മാതിരിയായിരുന്നു. ആ മുറിയിലെ ഓരോ കസേരകളുടെയും പിൻഭാഗം ഓരോ മരങ്ങളുടെ രൂപത്തിലായിരുന്നു രൂപകൽപ്പന ചെയ്തിരുന്നത്. അല്പം ദൂരെ നിന്ന് അവയെ നോക്കിക്കണ്ടാൽ പടർന്ന് പന്തലിച്ചു കിടക്കുന്ന ഒരു വനത്തിന്റെ നടുവിൽ ഇഴയുന്ന രണ്ടു പാമ്പുകളായിട്ടേ തോന്നൂ .
എങ്കിലും ഒരു കാര്യം ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. അവിടെയും അരണ്ട വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങൾ ഉപവിഷ്ടരായ ഉടനെ പരിചാരകർ വന്നു വിഭവങ്ങൾ ഓരോന്നായി വിളമ്പാൻ തുടങ്ങി.
‘എന്താണ് ഇവിടെ എല്ലായിടത്തും അരണ്ട വെളിച്ചം മാത്രം ഉള്ളത് ?.’ ഞാൻ പ്രഭുവിനോട് ചോദിച്ചു.
‘അത് ഒരു സന്ദേശം നൽകാനാണ്.’ പ്രഭു പറഞ്ഞു.
‘ആ സന്ദേശം എന്താണ് ?.’ ഞാൻ ജിജ്ഞാസയോടെ പ്രഭുവിനോട് ചോദിച്ചു.
‘ലോകാരംഭം മുതൽക്കേ നിലനിൽക്കുന്നതും ഇനി അങ്ങോട്ട് നിലനിൽക്കാൻ പോകുന്നതും ഇരുട്ട് മാത്രമാണെന്ന സന്ദേശം.’ പ്രഭു പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി എന്നെ ആശയക്കുഴപ്പത്തിലാക്കി.
‘അങ്ങേന്താണ് ഉദ്ദേശിച്ചത് ?’ ഞാൻ വീണ്ടും ചോദിച്ചു.
‘നോക്കൂ ,ഇരുട്ടിന്റെ ഭിത്തിയിൽ ഒരു ചെറിയ പോറൽ വീഴ്ത്താൻ വേണ്ടി എത്ര മാത്രം കെടാവിളക്കുകളാണ് ഇവിടെ എരിഞ്ഞുകൊണ്ടിരിക്കുന്നത് ?.ഇരുട്ടിനോട് യുദ്ധം ചെയ്ത് വെളിച്ചം പരാജയപ്പെടുന്നത് മാത്രമാണ് ഇതുവരെ പ്രപഞ്ചചരിത്രത്തിൽ സംഭവിച്ചിട്ടുള്ളത്.’
അപ്പോൾ എനിക്കുണ്ടായ ആശയക്കുഴപ്പം പിന്നെയും ബാക്കി നിൽക്കുന്നു എന്ന് മനസിലാക്കിയിട്ടാവണം അദ്ദേഹം തുടർന്നു .
‘വെളിച്ചത്തിന് നിലനിൽക്കാൻ ഒരു ഊർജ്ജശ്രോതസ്സ് വേണം,പക്ഷേ അന്ധകാരത്തിനു നിലനിൽക്കാൻ യാതൊരുവിധ ശ്രോതസ്സിന്റെയും ആവശ്യമില്ല.’ മെല്ലെ മെല്ലെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എനിക്ക് വ്യക്തമാകാൻ തുടങ്ങി.
”അവനെ വിടരുത്. പിടിക്കവനെ ..” ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയ്ക്ക് പുറത്ത് ഒരു കൂട്ടം മനുഷ്യർ ആക്രോശിച്ചുകൊണ്ട് ആരെയോ പിന്തുടർന്ന് ഓടുന്ന ശബ്ദം. അവിടമാകെ നിറഞ്ഞു നിന്ന ഇരുട്ടിൽ പുറത്ത് നടക്കുന്ന കാര്യങ്ങൾ തികച്ചും അജ്ഞാതമായിത്തന്നെ നിലകൊണ്ടു.
‘എന്താണത് ?.’ ഭയത്തോടും ജിജ്ഞാസയോടും കൂടി ഞാൻ പ്രഭുവിനോട് ചോദിച്ചു.
‘അയാൾ, പുറത്ത് ബഹളം വച്ചുകൊണ്ട് ഓടിയ ആ മനുഷ്യൻ, അയാൾ ഒരു ഭ്രാന്തനാണ്. ഇവിടത്തെ ചുറ്റുവട്ടങ്ങളുമായി ഇതുവരെ പൊരുത്തപ്പെടാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല.’ പ്രഭു പറഞ്ഞു.
‘എന്നാൽ അയാളെ ഇവിടെ നിന്നും പറഞ്ഞു വിട്ടു കൂടെ ?’ഞാൻ ചോദിച്ചു. എന്നാൽ എന്റെ ചോദ്യം പ്രഭുവിന് തെല്ലും ഇഷ്ടമായില്ല എന്ന് അദ്ദേഹത്തിന്റെ മുഖഭാവം എന്നോട് വിളിച്ചു പറഞ്ഞു.
‘താങ്കൾ അത്താഴം കഴിഞ്ഞ് താങ്കൾക്കുള്ള മുറിയിൽ വിശ്രമിക്കൂ.”പ്രഭു പറഞ്ഞു.
അത്താഴം കഴിഞ്ഞ് ഞങ്ങൾ പിരിയാൻ തുടങ്ങവേ പരിചരക്കാരിൽ ഒരാൾ എന്റെ അടുത്തേക്ക് വന്നു.
”ഇയാൾ താങ്കൾക്കുള്ള വിശ്രമമുറി കാണിച്ചു തരും.”അതും പറഞ്ഞ് പ്രഭു അവിടെ നിന്നും തിരികെ നടന്നു. അപ്പോൾ ആ പരിചാരകൻ എന്നെ ഒരു വിശ്രമമുറിയിലേക്ക് ആനയിച്ചു.
അതിവിശാലമായ ഒരു മുറി. ചന്ദനം കൊണ്ട് തീർത്ത കട്ടിലിൽ ഇടയ്ക്കിടയ്ക്ക് സ്വർണനൂലുകൾ കൊണ്ട് ചിത്രപ്പണികൾ ചെയ്തിരുന്നു. എപ്പോഴും സുഗന്ധം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ അത്യന്തം സുഖമുള്ള ഒരു തരം ചൂട് തങ്ങി നിന്നിരുന്നു. മാദകത്വം തുളുമ്പുന്ന സ്ത്രീകളുടെ ചുവർചിത്രങ്ങൾ ആ വിശ്രമമുറിയെ കൂടുതൽ മിഴിവുള്ളതാക്കി തീർത്തു.
‘ആ ചഷകത്തിൽ നിറയെ മേൽത്തരം മദ്യമുണ്ട്. ആവശ്യമെന്ന് തോന്നിയാൽ അത് എടുത്ത് ഉപയോഗിച്ചുകൊള്ളൂ .’ആ പരിചാരകൻ എന്നോട് പറഞ്ഞു.
‘ഇതിനെല്ലാം ധാരാളം പണം ചിലവാകില്ലേ ?. തികച്ചും മുന്തിയ ഭക്ഷണവും രാജകീയമായ താമസവും. ഇതിനെല്ലാം വേണ്ടുന്ന പണം എന്റെ കയ്യിൽ ഇല്ല.’ ഞാൻ തെല്ല് ജാള്യതയോടെ അയാളോട് പറഞ്ഞു.
‘അത് സാരമില്ല സുഹൃത്തേ. ഇതിനോടകം താങ്കൾ അത് തന്നു കഴിഞ്ഞു. ഇനി ഭയാശങ്കകൾ വെടിഞ്ഞ് താങ്കൾ സുഖമായി ഉറങ്ങിക്കൊള്ളുക.’അത്രയും പറഞ്ഞ ശേഷം അയാൾ ആ മുറി വിട്ടു പുറത്തേക്ക് പോയി.
‘ഞാൻ എപ്പോഴാണ് ഇവിടെ പണം കൊടുത്ത് ?.ആരും എന്നോട് ഇതുവരെ പണം ആവശ്യപ്പെടുകപോലും ചെയ്തില്ലല്ലോ ?പിന്നെ ആരായിരിക്കും എനിക്ക് വേണ്ടി പണം കൊടുത്തിട്ടുണ്ടാവുക? ഇനി ആ കൈനോട്ടക്കാരനെങ്ങാനും ആവുമോ ?.’ ഞാൻ കൂടുതൽ ആശയക്കുഴപ്പത്തിലായി.എന്തെങ്കിലുമാകട്ടെ, ഞാൻ ഉറങ്ങാൻ കിടന്നു
.
രാത്രിയുടെ ഏതോ യാമത്തിൽ മുറിയുടെ പുറത്തു നിന്നും ഒരു മനുഷ്യന്റെ ദയനീയമായ അലറിക്കരച്ചിൽ കേട്ടുകൊണ്ട് ഞാൻ ഞെട്ടിയുണർന്നു.
പുറത്തെവിടെയോ അതിഭീകരരായ കുറെ വേട്ടനായ്ക്കൾ മുറുമുറുക്കുന്ന ശബ്ദം , എന്നാൽ അതിനെയും വെല്ലുന്ന ഉച്ചത്തിൽ ആ മനുഷ്യൻ ഉറക്കെ നിലവിളിക്കുന്നത് ഞാൻ കേട്ടു.ആ നായ്ക്കൾ അയാളെ കടിച്ച് കീറുകയാണെന്നു എനിക്ക് തോന്നി. മെല്ലെ ആ മനുഷ്യന്റെ ശബ്ദം നേർത്തു നേർത്തു വന്നു. ഒടുവിൽ ആ ദീനശബ്ദം അന്തരീക്ഷത്തിൽ അലിഞ്ഞ് ഇല്ലാതെയായി.
‘നായിന്റെ മോൻ . അവന് ഇന്ന് തന്നെ ഇവിടെ നിന്നും രക്ഷപ്പെടണം പോലും. ഇരുട്ട് വാഴുന്ന ഈ നാട്ടിൽ വെളിച്ചത്തിന്റെ മഹത്വം പറഞ്ഞ് ആരെങ്കിലും നടന്നാൽ ഇത് തന്നെയാകും അവന്റെയെല്ലാം വിധി.’ ആരോ പുറത്തു നിന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
പിന്നീടങ്ങോട്ട് എനിക്ക് തെല്ലും ഉറങ്ങാൻ കഴിഞ്ഞില്ല. എങ്ങനെയെങ്കിലും ഒന്ന് നേരം വെളുത്ത് കിട്ടിയാൽ മതിയെന്നായി എനിക്ക് . എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടി ഞാൻ വന്ന ഇടം ശരിയായില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി. അടിമുടി ദുരൂഹത നിറഞ്ഞ ഈ അന്തരീക്ഷത്തിലെ ഇരുട്ട് എന്റെ ചിന്താമണ്ഡലത്തിലേക്ക് ഭയത്തിന്റെ ഒരു കൂട്ടം കാളസർപ്പങ്ങളെ തുറന്നു വിട്ടു.
ഞാൻ എപ്പോഴാണ് ഉറങ്ങിപ്പോയതെന്നു എനിക്കറിയില്ല, ആരോ എന്റെ കതകിൽ നിർത്താതെ തട്ടുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഉറക്കമുണർന്നത്. ധൃതിപ്പെട്ട് ഞാൻ എന്റെ മുറിയുടെ വാതിൽ തുറന്നു.
”നേരം പുലർന്നു കഴിഞ്ഞു.വരൂ, പ്രാതൽ കഴിക്കാം.”എന്നെ തട്ടിയുണർത്തി ആൾ പറഞ്ഞു.
ജാലകത്തിലൂടെ ഞാൻ മുറിയുടെ പുറത്തേക്ക് നോക്കി, അപ്പോൾ എനിക്ക് നേരം പുലർന്നതായി തോന്നിയതേയില്ല. അപ്പോഴും അവിടമാകെ ഇരുട്ട് തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.
പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് ഞാൻ ധൃതിയിൽ ഊട്ടുമുറിയിലെത്തി . അന്ന് രാത്രിയിൽ ഉണ്ടായ സംഭവം എൻ്റെ സിരകളെ ആകമാനം പിടിച്ചുലച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, തീൻമേശയിൽ നിരത്തിവച്ചിരുന്ന വിശിഷ്ടവിഭവങ്ങളിലൊന്നും എനിക്ക് യാതൊരു വിധത്തിലുമുള്ള താല്പര്യവും തോന്നിയില്ല.
”ഇപ്പോൾ സമയമെത്രയായി ?” ഊട്ടുമുറിയിൽ എന്റെ ഇരിപ്പിടത്തിനടുത്തായി നിന്ന പരിചാരകനോട് ഞാൻ ചോദിച്ചു.
”ഇവിടെ എപ്പോഴും ഒരേ സമയമാണ്.” അയാളുടെ മറുപടി എന്നെ വല്ലാതെ ചൊടിപ്പിച്ചു. എനിക്ക് തോന്നിയ അമർഷം ഞാൻ തെല്ലും മറച്ചുപിടിക്കാതെ ഞാൻ അയാളെ ഒന്ന് നോക്കി. എന്നാൽ അയാളുടെ മുഖഭാവം കണ്ട മാത്രയിൽ ഞാൻ സ്തംഭിച്ചു പോയി. അയാൾക്കും ആ കൈനോട്ടക്കാരൻ്റെ അതേ മുഖം!.
”എവിടെയെങ്കിലും എന്നെ ഇതിനു മുമ്പ് വച്ച് കണ്ടിട്ടുണ്ടോ ?.” അയാൾ എന്നോട് ചോദിച്ചു.
”ഇല്ല.” ഞാൻ അയാളോട് കള്ളം പറഞ്ഞു.
”എന്നാൽ നല്ലത് . എങ്കിൽ ഇനി നിങ്ങൾ ഭക്ഷണം കഴിക്കൂ .” അയാൾ എന്നോട് പറഞ്ഞു.
”ഇവിടെയെന്താണ് പ്രഭാതമായിട്ടും ഇരുട്ട് വിട്ടു മാറാത്തത് ?.” അയാളെ അങ്ങനെ വിടാൻ എനിക്ക് ഭാവമില്ലായിരുന്നു.
” ഇരുട്ട് എന്ന് വച്ചാൽ എന്താണ് ? .” ‘അയാൾ എന്നോട് ചോദിച്ചു. എന്നിട്ട് ഒരു നിമിഷത്തെ ഇടവേള എടുത്തതിന് ശേഷം അയാൾ തുടർന്നു .
”പ്രകാശത്തിന്റെ പൂർണതയാണ് ഇരുട്ട്, കാരണം മുഴുവനായും പ്രകാശപൂർണമായ ഏതൊരന്തരീക്ഷവും കാഴ്ചക്കാരന് സമ്മാനിക്കുന്നത് തികഞ്ഞ അന്ധത മാത്രമാണ്. ഇരുട്ടിലും അത് തന്നെയാണ് സംഭവിക്കുന്നത് . എങ്കിൽപ്പിന്നെ എന്ത് മേന്മയാണ് ഏതെങ്കിലും ഒരു ശ്രോതസ്സിൽ നിന്നും ഊർജ്ജം സ്വീകരിച്ചു മാത്രം ജനിക്കാൻ സാധിക്കുന്ന പ്രകാശത്തിന് ഉള്ളത്?.”
തലേദിവസം അവിടെ വച്ച് പ്രഭു പറഞ്ഞതും ഇതുതന്നെയായിരുന്നല്ലോ എന്ന് ഞാൻ അപ്പോൾ ഓർത്തു .
അയാൾ തുടർന്നു .
”സൂര്യഗോളമാണ് പകൽ മുഴുവൻ ഈ ഭൂമിക്ക് പ്രകാശമേകുന്ന ഊർജ്ജശ്രോതസ്സ്. സൂര്യവെളിച്ചത്തിൽ എല്ലാവരും എല്ലാം കാണുന്നു. എന്നാൽ ആരെങ്കിലും തേജോന്മുഖനായ അതേ സൂര്യനെ ഒന്ന് നോക്കിയാൽ ….അയാൾ താൽക്കാലികമായിട്ടെങ്കിലും അന്ധനായി മാറുന്നു .”
അപ്പോൾ പരിചാരകൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് എനിക്ക് തോന്നി.
അയാൾ വീണ്ടും തുടർന്നു .
”അപൂർണമായ പ്രകാശത്തിന് മാത്രമേ കാഴ്ചയുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയൂ. ആ അപൂർണതയിലാണ് താങ്കൾ ഇതുവരെ ജീവിച്ചു പോന്നത്. ഇനിയെങ്കിലും താങ്കൾ അത് മനസിലാക്കൂ . അപൂർണമായതിനെ ഉപേക്ഷിക്കൂ, പൂർണമായതിനെ വരിക്കൂ . താങ്കളുടെ ജീവിതം മേലിൽ അർത്ഥപൂർണമാകും .’അയാൾ പറഞ്ഞു നിർത്തി.
എൻ്റെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാൻ തുടങ്ങിയതായി എനിക്ക് തോന്നി. ഏതായാലും എന്റെ യാത്ര വെറുതെയാകുമെന്ന് തോന്നുന്നില്ല. ഞാൻ മനസ്സിൽ പറഞ്ഞു.
”ഇന്ന് വൈകുന്നേരം ഇവിടെ ഒരു കർമ്മം നടക്കുന്നുണ്ട്. താങ്കളെ ഞാൻ പ്രഭുവിന്റെ പേരിൽ അതിലേക്ക് പ്രത്യേകം സ്വാഗതം ചെയ്യുന്നു.”പ്രാതൽ കഴിഞ്ഞു മുറിയിലേക്ക് തിരികെ നടക്കാൻ തുടങ്ങവേ ആ പരിചാരകൻ എന്നോട് പറഞ്ഞു.
” ഉറപ്പായും ഞാൻ പങ്കെടുക്കും .” അതും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് നടന്നു.
സമയം കുറെയേറെ കടന്നു പോയി.
”വരൂ..വേഗം വരൂ..കർമ്മം ആരംഭിക്കാറായി.”ഒരാൾ ധൃതിയിൽ എന്റെ മുറിയുടെ വാതിൽക്കൽ വന്നു പറഞ്ഞു. തികഞ്ഞ ആകാംഷയോടെ ഞാൻ അയാളോടോപ്പം നടന്നു.
വിശാലമായ ഒരു മൈതാനത്തേക്കാണ് അയാൾ എന്നെ കൊണ്ടുപോയത്. മൈതാനത്തിനു ചുറ്റും ധാരാളം ഇരിപ്പിടങ്ങൾ വൃത്താകൃതിയിൽ ക്രമീകരിച്ചിരുന്നു. മൈതാനത്തിന്റെ നടുവിൽ ഒരു കൽത്തൂൺ സ്ഥാപിച്ചിരുന്നു. സാധാരണ അവിടം മുഴുവൻ ഇരുട്ട് നിറഞ്ഞ അന്തരീക്ഷമാണെങ്കിലും, മൈതാനത്തിന്റെ നടുവിൽ നല്ല രീതിയിൽ വെളിച്ചം ക്രമീകരിച്ചിട്ടുണ്ടായിരുന്നു.
”അവിടെയായിരിക്കണം കർമ്മം നടക്കാൻ പോകുന്നത് .”ഞാൻ മനസ്സിൽ പറഞ്ഞു.
എന്നിട്ട് ഞാൻ ചുറ്റും നോക്കി. ആയിരക്കണക്കിന് ആളുകൾ അവിടെ കൂടിയിരിക്കുന്നു. അപ്പോൾ മാത്രമാണ് ആ സ്ഥലത്ത് അത്രയുമധികം ആളുകൾ താമസിക്കുന്നുണ്ടന്ന് എനിക്ക് മനസിലായത്.
എല്ലാവരുടെ കണ്ണിലും അക്ഷമയും ആകാംഷയും പ്രകടമായിരുന്നു. അവിടെ കൂടിയിരുന്ന എല്ലാവരുടെയും, പിന്നെ എന്റെയും ആകാംഷകൾക്ക് വിരാമമിട്ടുകൊണ്ട് ചിലർ ചേർന്ന് ചങ്ങലകൾ കൊണ്ട് ബന്ധിച്ച ഒരു മനുഷ്യനെ ആ മൈതാനത്തിന്റെ നടുത്തളത്തിലേക്ക് കൊണ്ടുവന്നു. എന്നിട്ട് അയാളെ ആ കൽത്തൂണിൽ കെട്ടിയിട്ടു.
‘എന്നെ അഴിച്ചു വിടൂ..ദൈവത്തെയോർത്ത് എന്നെ വെറുതേ വിടൂ..’ ആ മനുഷ്യൻ അലറിവിളിച്ചുകൊണ്ടിരുന്നു.
‘ഇതെന്താണ് ഇവിടെ നടക്കാൻ പോകുന്നത് ?’ ഞാൻ ഭയത്തോടും വെറുപ്പോടും കൂടെ എന്റെ അടുത്തിരുന്ന ആളോട് ചോദിച്ചു.
”ഒന്ന് മിണ്ടാതിരിക്കൂ ..’ അയാൾ തികഞ്ഞ ദേഷ്യത്തോടും അവജ്ഞയോടും കൂടി എന്നോട് പ്രതികരിച്ചു .
ഏതാനും നിമിഷങ്ങൾ കൂടി കടന്നു പോയി. അതേ ആളുകൾ ചേർന്ന് ഒരു കൂട്ടം വേട്ടപ്പട്ടികളെ ആ മൈതാനത്തേക്ക് തുറന്നു വിട്ടു. പിന്നീടവിടെ കണ്ട കാഴ്ച ..ഓ ..ദൈവമേ …എനിക്ക് ഓർക്കാൻ കൂടി വയ്യ. ഭ്രാന്തമായി ആർത്തലയ്ക്കുന്ന ആ വേട്ടപ്പട്ടികൾക്ക് നടുവിൽ , കൽത്തൂണിൽ ഇരുമ്പ് ചങ്ങലകളാൽ ബന്ധിതനായി ഒരു മനുഷ്യൻ!. ചുറ്റും കൂടിയിരുന്ന ജനക്കൂട്ടങ്ങളുടെ ആർപ്പുവിളികൾക്കും ആ വേട്ടപ്പട്ടികളുടെ ക്രൂരമായ മുറുമുറുപ്പുകൾക്കുമിടയിലൂടെ ആ പാവം മനുഷ്യന്റെ ആർത്തനാദം ഇല്ലാതെയായി. ആ മനുഷ്യനെ ആ നായ്ക്കൾ പച്ചക്ക് കടിച്ച് കീറി. അയാൾ ഒരു അസ്ഥിപഞ്ജരം മാത്രമായി കഴിഞ്ഞപ്പോഴാണ് അവ ഒന്ന് വിശ്രമിക്കാൻ പോലും കൂട്ടാക്കിയത് . അതിക്രൂരവും പൈശാചികവുമായ ആ കൃത്യത്തിന് സാക്ഷിയായതിന് ശേഷം അവിടെ കൂടിയിരുന്ന ജനക്കൂട്ടം അത്യാഹ്ളാദത്തോടെ അവിടെ നിന്നും പിരിഞ്ഞു പോയി.
ഞാനും ഒരുവിധം എന്റെ മുറിയിലേയ്ക്കു തിരിച്ചെത്തി. എന്റെ മനസാകെ കലുഷിതമായിക്കഴിഞ്ഞിരുന്നു . ഇത്രമേൽ പൈശാചികമായ കാര്യങ്ങൾ നടക്കുന്ന ഒരിടത്തേയ്ക്കാണല്ലോ ഞാൻ എന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടി ഇത്ര ബദ്ധപ്പെട്ട് വന്നത് ,അതോർത്തപ്പോൾ എന്റെ ഉള്ളിലൊരു വിങ്ങൽ,അത് അണപൊട്ടി ഒഴുകാൻ തുടങ്ങി. കലങ്ങി മറിഞ്ഞ എന്റെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണീർചാലുകളിൽ ഞാൻ എന്നെത്തന്നെ സ്പുടം ചെയ്യാൻ ആരംഭിച്ചു. തൽഫലമായി എന്റെ എല്ലാ പ്രശ്നങ്ങളുടെയും യഥാർത്ഥ കുറ്റവാളിയെ ഞാൻ തിരിച്ചറിഞ്ഞു.
അത് ഞാൻ തന്നെ ആയിരുന്നു!.
സ്വന്തം ജീവിതാവസ്ഥയിൽ നിന്നും പ്രകാശം കണ്ടെത്താൻ സാധിക്കാതെ, ഒടുക്കം പ്രകാശം തിരഞ്ഞെത്തിയത് ഇരുട്ട് വാഴുന്ന നാട്ടിൽ!. എത്ര വിരോധാഭാസമായ കാര്യമാണത്. ഇന്ന് രാത്രി ഒന്ന് വെളുത്തു കിട്ടുകയേ വേണ്ടൂ . ഇവിടെ നിന്നും പുറപ്പെടാൻ തന്നെ ഞാൻ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ എഴുന്നേറ്റ് പ്രഭുവിനെ കാണാൻ ചെന്നു .അപ്പോൾ അദ്ദേഹം ഞങ്ങൾ തമ്മിൽ ആദ്യം കണ്ടുമുട്ടിയ പ്രാർത്ഥനാമുറിയിലെ ഇരിപ്പിടത്തിൽ ഇരിക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തെ കണ്ട മാത്രയിൽത്തന്നെ എന്റെ മനസിലെ ദേഷ്യം മുഴുവൻ ഒരു വിസ്ഫോടനത്തോടെ പുറത്തേക്ക് വന്നു.
”ഇന്നലെ എത്ര ക്രൂരമായിട്ടാണ് നിങ്ങളുടെ ആളുകൾ ഒരു മനുഷ്യനെ കൊല്ലാൻ കൊടുത്തത് ?.’ ഞാൻ പരുഷമായി ചോദിച്ചു.
അപ്പോൾ അയാളുടെ മുഖത്ത് ക്രൂരമായ ഒരു ചിരി വിടരുന്നത് ഞാൻ കണ്ടു.
‘അപ്പോൾ ആ പ്രവൃത്തി തെറ്റായിരുന്നു എന്നാണോ താങ്കൾ പറയുന്നത് ?’ അയാൾ ചോദിച്ചു.ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
‘തെറ്റും ശരിയും തികച്ചും ആപേക്ഷികമാണ് സുഹൃത്തേ . അതിനെ അങ്ങനെ നിർവചിക്കുന്നതാണ് നല്ലത് .’അയാൾ ഒരു നിമിഷത്തേക്ക് സംഭാഷണം നിർത്തി. എന്നിട്ട് വീണ്ടും തുടർന്നു .
‘താങ്കളുടെ നാട്ടിൽ വധശിക്ഷ തെറ്റാണോ ?’ അദ്ദേഹം ചോദിച്ചു.
‘അല്ല.’ഞാൻ മറുപടി പറഞ്ഞു.
‘എന്നാൽ ഇന്നലെ താങ്കൾ ഇവിടെ കണ്ടത് അത്തരത്തിലുള്ള ഒന്നായിരുന്നു. അയാൾ ഇവിടത്തെ നിയമങ്ങളിൽ നിന്നും വഴി മാറി ജീവിക്കാൻ ശ്രമിച്ചു. അതിന് ഞങ്ങളുടെ നാട്ടിൽ നൽകുന്ന ശിക്ഷ മരണമാണ്. തെറ്റ് ചെയ്യുന്നവൻ ശിക്ഷ അർഹിക്കുന്നു. അതിനെ അങ്ങനെ കണ്ടാൽ മതി.’ അയാൾ പറഞ്ഞു നിർത്തി.
‘എന്തായാലും ഞാൻ എന്റെ നാട്ടിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു കഴിഞ്ഞു.’ഞാൻ അയാളോട് പറഞ്ഞു.
”താങ്കളുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ ..നോക്കൂ .. ഞാൻ ഇവിടെ ആരെയും നിർബന്ധപൂർവ്വം താമസിപ്പിക്കാറില്ല.’അയാൾ എന്നോട് പറഞ്ഞു.
”ഈ മാന്യന് തിരികെ പോകാൻ വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കൂ.”അയാൾ ഒരു പരിചാരകനോട് നിർദേശിച്ചു. എനിക്ക് തെല്ലും താല്പര്യമില്ലെങ്കിലും അയാൾക്ക് വന്ദനം പറഞ്ഞ് ഞാൻ എന്റെ മുറിയിലേക്ക് നടന്നു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും ,”താങ്കൾക്ക് പുറപ്പെടാനുള്ള കുതിരവണ്ടി തയ്യാറായിക്കഴിഞ്ഞു .”ഒരു പരിചാരകൻ എന്റെ അടുക്കൽ വന്നു പറഞ്ഞു. ഞാൻ എന്റെ ബാഗും കയ്യിലെടുത്ത് അയാളുടെ പിന്നാലെ ഇറങ്ങി.അയാൾ അറിയിച്ചതുപോലെതന്നെ അവിടെ ഒരു കുതിരവണ്ടി എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു. ആ പരിചാരകനോട് യാത്ര പറഞ്ഞശേഷം ഞാൻ ആ കുതിരവണ്ടിയിൽ കയറി യാത്ര തിരിച്ചു. ഞങ്ങൾ ആ പ്രവേശനകവാടത്തിലുള്ള ആർച്ചിന് സമീപം എത്തി. അപ്പോൾ അവസാനമായി ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.
‘അന്ധതയുടെ ആത്മാക്കളേ വിട, മരണത്തെക്കാളും മരവിച്ച മനസ്സോടെ ആയിരങ്ങൾ മറുലോകത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നു.’ ‘
ആർച്ചിന്റെ മറ്റേ വശത്ത് ആലേഖനം ചെയ്ത വാചകങ്ങൾ ആയിരുന്നു അത്. ഒരുപക്ഷേ ഇതായിരിക്കും ഇവിടെ ജീവിക്കുന്നവരെ ഇവിടെത്തന്നെ തുടർന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പക്ഷെ ഞാൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു. ഇനി ഒരിക്കലും ഇവിടേയ്ക്കില്ല. പ്രശാന്തതയുടെ തീരം കാണാൻ സാധിച്ചില്ലെങ്കിലും അശാന്തിയുടെ ആഴങ്ങളിലേക്ക് നിപതിക്കാൻ ഞാനില്ല.എന്റെ ദൃഢനിശ്ചയമാണിത് !.ഏതോ ഒരു കടലിന്റെ ഇരമ്പൽ കേട്ടുകൊണ്ട് ഞാൻ എന്റെ ചിന്തയിൽ നിന്നും ഉണർന്നു.
ഞാൻ സഞ്ചരിച്ചിരുന്ന കുതിരവണ്ടിക്ക് വേഗത കുറഞ്ഞതായി എനിക്ക് തോന്നി. കുതിരവണ്ടിക്കാരൻ ആ കുതിരവണ്ടി ഞങ്ങൾ സഞ്ചരിച്ചിരുന്ന വഴിയുടെ ഓരം ചേർത്ത് നിർത്തി.
‘നിങ്ങൾക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി.’ അയാൾ എന്റെ അടുക്കൽ വന്ന് പറഞ്ഞു.
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി. അയാൾ ഒരു കടൽപ്പാലത്തിന്റെ മുമ്പിലാണ് എന്നെ ഇറക്കിവിട്ടിരിക്കുന്നത്.
”ഏതാണ് ഈ സ്ഥലം ?’ ഞാൻ ഇവിടേക്ക് വരുമ്പോൾ ഇങ്ങനെ ഒരു പ്രദേശം കണ്ടതുപോലുമില്ലല്ലോ ?.” ഞാൻ അയാളോട് ചോദിച്ചു.
”ഈ പാലം കടന്നാൽ താങ്കൾ ബസ്സിറങ്ങിയ സ്ഥലത്തേക്കെത്താം.’അയാൾ പറഞ്ഞു.
ഞാൻ മെല്ലെ ആ കടൽപ്പാലത്തിലൂടെ നടക്കാൻ തുടങ്ങി.
”ഒരു നിമിഷം നിൽക്കൂ .”അയാൾ എന്നോട് പറഞ്ഞു.
”അശാന്തിയുടെ ഭാണ്ഡവും പേറി ഞങ്ങളുടെ നാട്ടിലെത്തിയ താങ്കൾക്ക് ഇതാ ഞങ്ങളുടെ പ്രഭുവിന്റെ വക ഒരു സ്നേഹ സമ്മാനം. ഈ പാലം കടക്കുവോളം അത് താങ്കൾക്ക് കൂട്ടായിരിക്കട്ടെ.”അത്രയും പറഞ്ഞുകൊണ്ട് അയാൾ എന്റെ കൺപോളകളുടെ മുകളിൽ ഒന്ന് തൊട്ടു.
പൊടുന്നനെ എന്റെ പഞ്ചേന്ദ്രിയങ്ങളിൽ ഒരു മിന്നലാട്ടം, അന്നുവരെ കാണാത്ത കാഴ്ചകൾ , കേൾക്കാത്ത മനോഹര നാദങ്ങൾ, ഒരായിരം സൗഗന്ധികപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന സൗരഭ്യം, എല്ലാം എനിക്ക് നിമിഷനേരംകൊണ്ട് അനുഭവവേദ്യമാകാൻ തുടങ്ങി. അപ്പോൾ ഞാൻ ജീവിതത്തിൽ ആദ്യമായി കാഴ്ചയുടെ ഓരോ പരമാണുവിനേയും തിരിച്ചറിയാൻ ആരംഭിച്ചു. അവ എന്റെ കാഴ്ചയുടെ പിന്നാമ്പുറത്തെ അരണ്ട വെളിച്ചത്തിൽ മനോഹരമായി മിന്നുമറയുന്നത് ഞാൻ കണ്ടു. ഓരോ നിമിഷത്തിലെ പരമാണുവിനും ഓരോ നിറം !. പച്ച,മഞ്ഞ,നീല,ചുവപ്പ് …അങ്ങനെ പോയി ആ നിറങ്ങളുടെ ഘോഷയാത്ര.
പെട്ടന്ന് അവിടേക്ക് ഒരു പ്രകാശഗോളം കടന്നു വന്നു. അപ്പോൾ അത്രയും നേരം ഞാൻ കണ്ടുകൊണ്ടിരുന്ന നിറങ്ങളുടെ ആ വിസ്മയ ലോകം അസാധാരണമായി പ്രകാശിക്കുന്ന ആ ഗോളത്തിന്റെ പ്രകാശത്തിന് മുമ്പിൽ അപ്രത്യക്ഷമായി.
എനിക്ക് ശരിക്കും വിഷമം തോന്നി. എന്റെ മുഖം മ്ലാനമായി. എന്നാൽ ഏതാനും നിമിഷങ്ങളുടെ ദൂരത്തിൽ ഞാൻ കണ്ടുനിൽക്കുമ്പോൾത്തന്നെ ആ പ്രകാശഗോളം മെല്ലെ മങ്ങി ഇരുളാൻ തുടങ്ങി. ആ ഗോളം മങ്ങിമറയുന്ന മുറയ്ക്ക് അവിടെ മുമ്പുണ്ടായിരുന്ന ആ വർണങ്ങളുടെ വിസ്മയലോകം എന്റെ മുമ്പിൽ വീണ്ടും അനാവൃതമാകാൻ തുടങ്ങി.ഒടുവിൽ ആ പ്രകാശഗോളം ഏതാണ്ട് മുഴുവനായി കറുത്തിരുണ്ട് കഴിഞ്ഞപ്പോൾ വീണ്ടും ആ കാഴ്ചയുടെ മനോഹര ലോകം എന്റെ മുമ്പിൽ കൂടുതൽ മിഴിവോടെ കാണപ്പെട്ടു.
അപ്പോൾ ആ പ്രഭു പറഞ്ഞത് മുഴുവൻ ശരിയാണെന്നു എനിക്ക് തോന്നി. ഓ ദൈവമേ ..ഇതെല്ലാം ഒരിക്കലും എന്നെ വിട്ടുപോകാതിരുന്നെങ്കിൽ …ഞാൻ മെല്ലെ ആ മായാലോകത്തിലൂടെ നടക്കാൻ തുടങ്ങി.
അല്പദൂരം നടന്നു കാണും ,പെട്ടന്നാണ് എന്റെ പാദങ്ങളിൽ ഒരു വഴുക്കൽ അനുഭവപ്പെട്ടത്, നടക്കുമ്പോൾ എന്റെ കാലുകൾ നിലത്തുറയ്ക്കാത്ത പോലെ, ഞാൻ ഞെട്ടി ധൃതിയിൽ എന്റെ കണ്ണുകൾ തുറന്നു.അപ്പോൾ ജീർണിച്ച് പൊളിഞ്ഞു വീഴാറായ ഒരു കടൽപ്പാലത്തിന്റെ ഏറ്റവും അറ്റത്തായിട്ട് നിൽക്കുകയായിരുന്നു ഞാൻ. തൊട്ടു മുന്നിൽ അലറി വിളിക്കുന്ന കടൽ ….പിന്നിൽ …അതെന്തായാലും എന്ത് ?. ഞാൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന പരമാർത്ഥം അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. ഇല്ല . എനിക്കിനി ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കില്ല.കാലം തന്റെ കറുത്ത ചരടുകൾ കൊണ്ട് എന്റെ ജീവിതം വരിഞ്ഞു മുറുക്കി കെട്ടാൻ പോകുന്നു എന്ന് ഞാൻ മനസിലാക്കിക്കഴിഞ്ഞു. അപ്പോൾ കാലഹരണപ്പെട്ട വിശ്വാസങ്ങൾ എന്ന് പറഞ്ഞ് ഞാൻ തള്ളിക്കളഞ്ഞ ഓരോ ജീവിതമൂല്യങ്ങളും എന്റെ ഉള്ളിലിരുന്ന് തേങ്ങിക്കരയാൻ തുടങ്ങി.പെട്ടന്ന് എന്റെ കാലൊന്നു വഴുക്കി,ഞാൻ അലറിക്കരഞ്ഞുകൊണ്ട് ആർത്തലയ്‌ക്കുന്ന ആ കടലിന്റെ ആഴങ്ങളിലേക്ക് നിപതിച്ചു.
അന്നാട്ടിൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നു. കടൽക്കാറ്റ് അതിനെ ഊതിക്കത്തിച്ചു. ആ കടൽക്കരയിൽ പാതി മൃതനായ ഒരു മനുഷ്യൻ വന്നടിഞ്ഞിരിക്കുന്നു. കടലിൽ മീൻ പിടിക്കാൻ പോയ മുക്കുവരാണ് അയാളെ ആദ്യം കണ്ടെത്തിയത്. അവർ അയാളെ അവിടെയുള്ള ഒരു ആശ്രമത്തിലേക്ക് എത്തിച്ചു. ആ മനുഷ്യൻ ഞാനായിരുന്നു.
അവിടത്തെ ആശ്രമവാസികൾ എന്നെ നല്ലവണ്ണം ശുശ്രൂഷിച്ചു. ഒരാഴ്ചക്കാലത്തെ കൃത്യമായ ചികിത്സാവിധികളും, ചിട്ടയായ വിശ്രമവും എന്നെ പൂർണ ആരോഗ്യവാനാക്കി മാറ്റി. അന്നാണ് ആ ആശ്രമവാസികൾ ഗുരു എന്ന് വിളിക്കുന്ന ആ ആശ്രമത്തിലെ ശ്രേഷ്ഠൻ എന്നെ സന്ദർശിച്ചത്.
‘ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ട സന്തോഷം തേടിയുള്ള യാത്രയിലായിരുന്നല്ലേ …’അദ്ദേഹം എന്നോട് ചോദിച്ചു.
‘തെറ്റും ശരിയും തികച്ചും ആപേക്ഷികമായ ഈ ലോകത്തിൽ ഞാൻ അങ്ങനെയൊരു യാത്ര തിരഞ്ഞെടുത്തുപോയി ഗുരോ ..’ഞാൻ പറഞ്ഞു.
”തെറ്റും ശരിയും തികച്ചും ആപേക്ഷികമാണ് പോലും ! . ആര് പറഞ്ഞു തന്നൂ ഈ ഭോഷത്തം ?.’ ഗുരു ചോദിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു.
‘തെറ്റും ശരിയും തികച്ചും വേറിട്ടു നിൽക്കുന്നവയാണ്. അത് തിരിച്ചറിയാൻ സാധിക്കാത്തവർക്കാണ് ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാത്തത് .ഇരുട്ടിൽ മിന്നിത്തെളിയുന്ന നക്ഷത്രങ്ങളെ കണ്ടിട്ടില്ലേ.അവ ഇരുട്ടിന്റെ മഹത്വം വിളിച്ചോതുകയല്ല, മറിച്ച് പകലിന്റെ വരവറിയിക്കുകയാണ്. ഇരുട്ടിൽ സഞ്ചരിക്കുന്നവന് മാത്രമേ വഴി തെറ്റുകയുള്ളൂ . എന്നാൽ പ്രകാശത്തിൽ സഞ്ചരിക്കുന്നവൻ ലക്ഷ്യപ്രാപ്തി നേടും. ഒരാളുടെ സന്തോഷം അവനവനിൽത്തന്നെ കുടികൊള്ളുന്ന ഈശ്വര സാന്നിധ്യമാണ്. അത് നഷ്ടപ്പെടുന്നവന് ഈശ്വരനെയാണ് നഷ്ടപ്പെടുന്നത്.’ ഗുരു പറഞ്ഞു നിർത്തി.
‘പൂർണമായ പ്രകാശം അന്ധത തീർക്കുകയല്ലേ ഗുരോ ചെയ്യുന്നത് ?’ ഞാൻ ചോദിച്ചു.
‘പൂർണമായത് എന്നാൽ എന്താണ് ?. ഒരുവന് പൂർണമായി ഉൾക്കൊള്ളാൻ സാധിക്കുന്നത് എന്നാണ് അർഥം. നോക്കൂ, കാട്ടുതീ പടർന്നാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകും, ധാരാളം വന്യജീവികളും, സസ്യലതാതികളും നശിക്കും. എന്നാൽ അതേ അഗ്നിയുടെ ശരിയായും പൂർണവുമായുള്ള ഉപയോഗം മനുഷ്യനെ സംസ്കാരസമ്പന്നനാക്കും.’ ഗുരു പറഞ്ഞു നിർത്തി.
‘മറ്റൊന്നിലും ആശ്രയിക്കാതെ സ്വയം നിലനിൽക്കുന്ന അന്ധകാരമല്ലേ പ്രകാശത്തേക്കാൾ ശ്രേഷ്ഠം ?’ ഞാൻ വീണ്ടും ചോദിച്ചു.
‘താങ്കൾ പറഞ്ഞത് ശരിയാണ്. അന്ധകാരത്തിന് നിലനിൽക്കാൻ യാതൊരു ഊർജ്ജശ്രോതസ്സിന്റെയും ആവശ്യമില്ല,കാരണം അത് മൃതമാണ്. ഒരിക്കൽ മൃതമായിക്കഴിഞ്ഞ ഒന്നിലും പിന്നീട് ജീവന്റെ കിരണങ്ങൾ സന്നിവേശിപ്പിക്കാൻ സാധിക്കില്ല. പ്രകാശമെന്നാൽ പ്രേമമാണ്. ഈ പ്രപഞ്ചസൃഷ്ടാവിനു തന്റെ സൃഷ്ടിജാലങ്ങളോട് തോന്നുന്ന അടങ്ങാത്ത പ്രേമം. അതിൽ നിന്നാണ് ഇന്ന് നാം കാണുന്ന പൂക്കളും, ചെടികളും, വൃക്ഷലതാദികളും ,പൂമ്പാറ്റകളും, വന്യജീവികളും, ഉരഗങ്ങളും, എന്തിനേറെ സമസ്തവും പിറവി കൊള്ളുന്നത്. അതേ പ്രേമമാണ് ഇതിനെയെല്ലാം പരിപാലിക്കുന്ന, ഒരിക്കലും അവസാനിക്കാത്ത,അനന്തമായ ഊർജ്ജശ്രോതസ്സ്. ഇനി താങ്കൾ പറയൂ..സൃഷ്ടാവിന്റെ പ്രേമത്തിൽ ആശ്രയിക്കണോ അതോ എന്നേക്കും മൃതമായതിനെ ആശ്രയിക്കണോ ?’ അദ്ദേഹം പറഞ്ഞു നിർത്തി.
പൊട്ടിക്കരഞ്ഞുപോയി ഞാൻ. കരച്ചിലിന്റെ ഒടുവിൽ, സാന്ത്വനത്തിന്റെ പൂവിതൾ സ്പർശം പോലെ ഗുരുവിന്റെ മെല്ലിച്ച കൈകൾ എന്റെ ശിരസ്സിൽ തഴുകി.
”ഇനി സ്വസ്ഥമായി താങ്കളുടെ നാട്ടിലേക്ക് മടങ്ങിക്കൊള്ളൂ. അതിന് വേണ്ടത് എന്റെ ശിഷ്യന്മാർ താങ്കൾക്കുവേണ്ടി ചെയ്തുകൊള്ളും. താങ്കൾക്ക് നല്ലത് ഭവിക്കട്ടെ.” ഇത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം സ്നാനത്തിനായി പുറപ്പെട്ടു.
അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഇടതൂർന്ന് വളർന്നു നിൽക്കുന്ന ദേവദാരു മരങ്ങളുടെ സമീപത്തായുള്ള ഒരു തടാകത്തിന്റെ തീരത്തേക്ക് എന്നെ നയിച്ചു . അവിടെ ഒരു ചെറുവഞ്ചി ഒരു മരച്ചില്ലയിൽ കെട്ടിയിട്ടിരുന്നു. അവരിലൊരാൾ എന്നെ ആ വഞ്ചിയിൽ കയറാൻ സഹായിച്ചു. ഞാൻ ആ വഞ്ചിയിൽ കയറി സ്വസ്ഥമായി ഇരുന്നതിനു ശേഷം അയാളും എന്റെ ഒപ്പം വഞ്ചിയിലേക്ക് കയറി.
”ഞാൻ താങ്കളെ ഈ തടാകത്തിന്റെ മറുകരയിലേക്ക് എത്തിക്കാം. അവിടെ കാണുന്ന ഒറ്റയടിപ്പാതയിലൂടെ നടന്നാൽ താങ്കളുടെ നാട്ടിലേക്കുള്ള ബസ് നിൽക്കുന്ന സ്ഥലത്തേയ്ക്കെത്താം.”
അല്പം ദൂരത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു. എന്നിട്ട് മെല്ലെ വഞ്ചി തുഴഞ്ഞ് അയാൾ എന്നെ ആ തടാകത്തിന്റെ മറുകരയിലേക്ക് എത്തിച്ചു. അയാൾക്ക് നന്ദി പറഞ്ഞ് ഞാൻ ആ ഒറ്റയടിപ്പാത ലക്ഷ്യമാക്കി നടന്നു.
സുഖശീതളമായ കാറ്റ് തഴുകി കടന്നുപോകുന്ന ഒരു താഴ്വര.ആ താഴ്വര നിറയെ വിവിധ തരത്തിലുള്ള പൂക്കൾ. ആ പൂക്കളിൽ നിന്നും തേൻ നുകർന്ന് പറക്കുന്ന പൂമ്പാറ്റകൾ. ഞാൻ ആ വഴിയോരത്തുള്ള മനോഹരമായ ദൃശ്യഭംഗിയെല്ലാം ആവോളം ആസ്വദിച്ച് മുന്നോട്ട് നടക്കവേ എന്റെ മുന്നിൽ വഴി രണ്ടായിപ്പിരിഞ്ഞു.
ഒരു വശത്തേക്ക് തിരിഞ്ഞപ്പോൾ എനിക്ക് പോകാനുള്ള ബസ് നിർത്തിയിട്ടിരിക്കുന്നത് ഞാൻ കണ്ടു. അത് കണ്ട എന്റെ ഹൃദയം തുടിച്ചു.മറ്റേ വശത്തേക്ക് നോക്കിയപ്പോൾ, അല്പം ദൂരെയായി ഒരു വലിയ ആർച്ച് ഞാൻ കണ്ടു. ആ ആർച്ചിൽ എഴുതിയിരുന്ന വാചകങ്ങൾ എന്നെ തികച്ചും ഞെട്ടിച്ചു കളഞ്ഞു.
‘നിശബ്ദതയുടെ താഴ്വരയിലേക്ക് സ്വാഗതം. ഇവിടെ നിങ്ങൾക്കായി ശവക്കൂനകളുടെ മുകളിൽ പനിനീർപ്പൂക്കൾ പൂത്തു നിൽക്കുന്നു.’ ഞാൻ ഹൃദയം നുറുങ്ങി കരഞ്ഞു പോയി.
ഈ തിരിച്ചുവരവിന് ഞാൻ ശരിക്കും അർഹനാണോ .. ഞാൻ ആ പാതയുടെ നടുവിലായി മുട്ട് കുത്തി. ദൂരെ ബസ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം, ഞാൻ മെല്ലെ ആ ബസ്സിനെ ലക്ഷ്യമാക്കി നടന്നു. അപ്പോൾ ഞാൻ വ്യക്തമായി കണ്ടു ആ ബസ് ഡ്രൈവർക്ക് ആ ആശ്രമശ്രേഷ്ഠന്റെ , എന്റെ ഗുരുവിന്റെ അതേ മുഖം. ഞാൻ ആ ബസ്സിലേക്ക് കയറി.അത് മെല്ലെ മുന്നോട്ട് പാഞ്ഞു.മുന്നോട്ട് പോകുന്തോറും ചുറ്റുപാടും കൂടുതൽ മനോഹരമാകുന്നത് തെളിഞ്ഞ പ്രകാശത്തിലൂടെ ഞാൻ നോക്കിക്കണ്ടു.
Super story aanu.
NS Madhavante oru geinus ee kadhayilund.
Western Authors il anenkil Hermen Hesse enna german writer nte line lanu.
Malayala Kadhalokathinu oru brilliant kadhakarane kitty
Thanks a lot for the comments !!