റൂമി
ദാഹം തീരാത്ത മത്സ്യം
വിവർത്തനം: വി. രവികുമാർ
പബ്ലിഷർ: ഐവറി ബുക്സ്
മഹാനായ ആത്മീയാചാര്യനായ മൗലാന ജലാലുദ്ധീൻ റൂമിയുടെ നൂറോളം കവിതകളുടെ തർജ്ജമയാണ് പുസ്തകത്തിലുള്ളത്.
പുസ്തകത്തിന്റെ ശീർഷകം തന്നെ ആഴമേറിയതാണ്.ജലത്തിൽ ജീവിക്കുമ്പോഴും മത്സ്യത്തിന് ദാഹം തീരുന്നില്ല എന്ന് പറയുന്നതിലൂടെ മനുഷ്യന്റെ ആർത്തിയും സ്പർശിച്ചു കവി.
ഉണ്ടെന്നുമില്ലെന്നുമല്ല- സ്വത്വം തേടിയലയുന്ന അലച്ചിലും വലച്ചിലുമാണ് കണ്ടത്.കണ്ടെടുക്കുന്ന സ്വത്വത്തിൽ താനുണ്ടോയെന്ന ചോദ്യവും.
ദൈവസ്നേഹത്താൽ മത്തനാകുമ്പോൾ ഉതിർന്നു വീണവയും ഗുരുവും കാമുകനും ഒന്നാകുന്ന അവസ്ഥയും അതിൽനിന്ന് പിറവിയെടുക്കുന്ന വാക്കുകളുമാണ് ഏറെ കവിതയിലും പ്രതിഫലിക്കുന്നത്.
“പൂർണ്ണതയുടെ വറവുചട്ടി” യുക്തായുക്തങ്ങളിൽ നിന്നും നിറയുന്ന നിറവിലും ഒഴിയുന്ന ശൂന്യതയിലേയ്ക്കൊരു പ്രയാണം ആഗ്രഹിക്കുന്ന മനസ്സ്. “പരിപൂർണതയിൽക്കിടന്നു പൊരിയട്ടെ ഞാൻ” എന്ന് പാടുന്ന കവിയും.”ഒരു തുള്ളി വിഴുങ്ങാൻ വായ തുറന്ന ചിപ്പിയിൽ പിന്നെ വിളഞ്ഞത് മുത്താണത്രെ”, “നിന്റെ മുഖമൊന്നു കണ്ടാൽ മതിയെനിക്ക്, ഒരു മരത്തലപ്പിൽ,പുറപ്പെട്ടുവരുന്ന സൂര്യനിൽ,വായുവിൽ”, ഏറെ സ്പർശിച്ച ചില വരികൾ .
എല്ലാ കവിതകളും ഇഷ്ടം. എങ്കിലും ചിലത് “താനാവണമെങ്കിൽ”, ഒരു വികാരത്തിൽ നിന്ന്”, “തുറന്ന ജാലകം”, “സ്വന്തം പ്രഹേളികയുടെ പൊരുളു തിരിക്കൂ”. എത്ര വായിച്ചാലും മതിവരാത്ത ആചാര്യന്റെ വാക്കുകൾ ഉത്തമനീതിയോടെ വിവർത്തനം ചെയ്തിരിക്കുന്നു.