ഉപ്പുകല്ലും താപ്പാമ്പും

 

ഇഷ്ടമുള്ളിടത്തെല്ലാം

കേറി നിരങ്ങി
നീണ്ടു നീണ്ട് പോകും
അടുക്കളയിലെ അടച്ചൂറ്റിപ്പലക പോലെ
ഒരു പരപ്പൻ തല.
വീടിന്റെ അങ്ങേത്തലയ്ക്കലേക്ക്
എണ്ണക്കറുപ്പുള്ള ഉടലും മിന്നിച്ചു കൊണ്ട്
ഓയിൽ സ്കിനുള്ള സ്ലിം ബ്യുട്ടിയായി
വിലക്കപ്പെട്ട ഇടങ്ങളിലൂടെ
അന്നനട നടക്കും വിമുഖ.

വിശന്നു മൊരിഞ്ഞ
ഒതുങ്ങിയ ആലിലവയറിഴച്ച്
തലങ്ങും വിലങ്ങും ചട്ടുകത്തല നീട്ടി
അഴുക്കുകളിൽ മണ്ണിരയെ തേടും.
ലോകത്തിലെ ഏറ്റവും ചെറിയ ഒച്ച
താപ്പാമ്പിന്റെ ഇഴയലാണ്.

ഉപ്പിനോളം അലിഞ്ഞു പോകുമുടൽ
അതിന്റെ പോക്കുവരവുകൾ
ഭൂപടത്തിലെ നദിപ്പാടുകൾ പോലെ.
എങ്ങാണ്ടൊക്കെയോ
ഉടലിന്റെ മെലിഞ്ഞ തിളക്കമുള്ള
വെള്ളിയിൽ തീർത്ത അടിവയറ്റിലെ
വെളുമ്പൻ ചിത്രങ്ങൾ
നെടുനീളെ പോറി വരയ്ക്കും .

അക്രമങ്ങളിൽ വെട്ടിമാറ്റപ്പെടുന്ന
എത്രയെണ്ണം കഷ്ണങ്ങളിലും
പിക്കത്തിന്റെ തലയുമായി എഴുന്നേറ്റ് വരും,
രക്തബീജനെ ഓർമ്മിപ്പിക്കും.

ജിംനാസ്റ്റിക്കിനെപ്പോലെ
ഏതെളുപ്പം ദിശയിലും ഉടൽ പിരിക്കും
തലവെട്ടിക്കും നൊടിയിട തെന്നിമറയും
ധൃതരാഷ്ട്രരെപ്പോലെ
ഒന്നൊരാലിംഗനത്തിൽ ഉടൽപ്പശ കൊണ്ട്
മണ്ണിരയെ ചേർത്ത് പിടിക്കും
നെഞ്ച് തുറന്നതിനുള്ളിൽ പ്രതിഷ്ഠിക്കും.
വിഷസഞ്ചിയില്ലാത്ത
താപ്പാമ്പ് പെരുപ്പാമ്പിനെപ്പോലെ
അടുത്തവിശപ്പിന് തപസ്സിരിക്കും.

മനുഷ്യരുടെ വെറുപ്പുള്ള
ഉപ്പിലലിഞ്ഞു ചേർന്ന്
വധിക്കപ്പെടുന്ന ചുറ്റികത്തലയൻ
അടുത്ത മഴക്കാലം വരെ
കാത്തു കിടക്കും ഏകാകിത.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English