ബോലാനോ എന്ന ചെറുകഥാകൃത്ത്

ലാറ്റിൻ അമേരിക്കൻ സാഹിത്യത്തെ റോബർട്ടോ ബോലാനോയോളം അടുത്തകാലത്ത് തീപിടിപ്പിച്ചവർ ഉണ്ടാവില്ല. വായനയോടും എഴുത്തിനോടുമുള്ള ഈ എഴുത്തുകാരന്റെ ആർത്തി ലോകം ഏറ്റെടുക്കുകയായിരുന്നു.കവി, നോവലിസ്റ്റ് ,ലേഖകൻ എന്നിങ്ങനെ നിരവധി മുഖങ്ങളുള്ള ഒരു പ്രതിഭയാണ് ബോലാനോയുടേത്. ബോലാനോയുമായി അധികം ആരും പറഞ്ഞു കേൾക്കാത്ത ഒന്നാണ് ചെറു കഥകൾ. ബൊലാനോയുടെ ചെറുകഥകളുടെ സൗന്ദര്യത്തെപ്പറ്റി എഴുത്തുകാരനായ കരുണാകരന്റെ കുറിപ്പ് വായിക്കാം

അച്ഛന്‍മാരുടെയും ആണ്മക്കളുടെയും താങ്ങാനാവാത്ത സങ്കടം ഓര്‍മ്മിപ്പിയ്ക്കുന്ന കഥ, Last Evenings on Earth, എന്ന കഥയെപ്പറ്റി അങ്ങനെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ബൊലഞ്ഞോയുടെ (Roberto Bolano) ഈ കഥ, അതേ പേരിലുള്ള സമാഹരത്തിലെ മനോഹരമായ കഥയാണ്. ഈയിടെ ഞാനത് ഒന്നുകൂടി വായിച്ചു.

മെക്സിക്കോ നഗരത്തില്‍ നിന്നും അക്കാപുല്‍ക്കോയിലേക്ക് വിനോദയാത്ര പോകുന്ന അച്ഛന്റെയും മകന്റെയും കഥയാണിത്. മകന്‍, വിഷാദവാനായ ഒരു യുവബുദ്ധിജീവിയെ ഓര്‍മ്മിപ്പിക്കുന്നു, അച്ഛന്‍ സുന്ദരനായ ഒരു ട്രക്ക്‌ ഡ്രൈവര്‍, അയാള്‍ മുമ്പ് ഒരു ബോക്സറും ആയിരുന്നു. ബി എന്നാണ് മകനെ പരിചയപ്പെടുത്തുന്നത്, അയാളുടെ കൈയ്യില്‍ ഫ്രഞ്ച് സര്‍റിയലിസ്റ്റുകളുടെ കവിതകളുടെ സമാഹാരമുണ്ട്, യാത്രയില്‍ ആ ഒരു പുസ്തകം മാത്രം അയാള്‍ വായിക്കുന്നു. അതില്‍ കാണാതായ ഒരു യുവ കവിയുമുണ്ട്. യാത്രയില്‍ താങ്ങാന്‍ ഹോട്ടലുകളില്‍ എത്തുമ്പോള്‍ അച്ഛന്‍ അന്വേഷിക്കുന്നത് വേശ്യാലയങ്ങളാണ്, ആനന്ദം വരുകയല്ല നമ്മള്‍ തേടുന്നതാണ് എന്ന് അയാളുടെ പെരുമാറ്റം, സംഭാഷണം ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. ഈ സന്തോഷങ്ങളിലേക്ക് മകനെയും പറഞ്ഞുവിടാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ മകന്‍ തന്റെ സ്വന്തം ലോകത്തോ വഴിയില്‍ വായിക്കാന്‍ എടുത്ത പുസ്തകത്തിലൊ മുഴുകുന്നു. അല്ലെങ്കില്‍ ഒറ്റയ്ക്ക് കടലില്‍ പോയി വരുന്നു. അച്ഛന്‍ അവനെ കളിയാക്കുന്നു, എന്തൊരു യുവത്വമാണ് ഇത് എന്ന് പറഞ്ഞ്‌.

വാസ്തവത്തില്‍, അച്ഛനും മകനും ഇടയിലുള്ള ഒരു പിളര്‍പ്പാണ് കഥ; അത്രയും ദൃഡമായ അവരുടെ സ്നേഹത്തിലും, അതിന്റെ അടിയൊഴുക്ക് കഥ കാണിക്കുന്നു. തിന്നും കുടിച്ചും നീന്തിയും വായിച്ചും സ്വപ്നം കണ്ടും അവര്‍ രണ്ടു വഴികളിലാണ്. ഒരുമിച്ചായിരിക്കുമ്പോഴും. അല്ലെങ്കില്‍, ഒരേസമയം ഊഷ്മളവും, എങ്കിലും മുഴുവന്‍ മനസ്സിലാകാത്തതുമായ ഒരു ബന്ധം, ഒരുപക്ഷെ ലോകത്തെ എല്ലാ അച്ഛന്‍മാരിലും ലോകത്തെ എല്ലാ ആണ്‍മക്കളിലുമായി തുടരുന്ന ഒരു ബന്ധത്തിന്റെ സ്മരണയാണത്. ഒരുപക്ഷെ ആണ്‍മക്കളുടെ വാര്‍ദ്ധക്യം പിന്നീട് അവരുടെ യുവത്വത്തെ തൊടുന്ന ഒരു വഴി അവരുടെ അച്ഛന്മാരിലൂടെയാണ്. മറ്റൊരു വഴി, ഒരുപക്ഷെ, അവര്‍ മുങ്ങി മരിച്ച പ്രേമച്ചുഴികളുടെ പുനരാഗമനങ്ങളിലൂടെയുമാകും.

ബൊലഞ്ഞോയുടെ കഥ അവസാനിക്കുന്നത് ഒരു ബാറിലെ രാത്രിയോടെയാണ്. അവിടെ വെച്ച് എന്തായാലും ഉണ്ടാകാന്‍ പോകുന്ന ഒരു ‘അടി’, fight, സൂചിപ്പിച്ചുകൊണ്ട്. വേശ്യകളും ചീട്ടുകളിക്കാരും ബാര്‍ഗേളുകളും പുകപോലെ വിഷം വമിക്കുന്ന ഒരു രാത്രിയും അതിനു സാക്ഷിയാകാന്‍ പോകുന്നു എന്ന് തോന്നിപ്പിച്ച്ചുകൊണ്ട്. പിന്നീട് അവിടെ എന്തുണ്ടായി എന്ന് കഥ പറയുന്നില്ല. ആ അച്ഛനും ആ മകനും എന്താണ് പിന്നെ ഉണ്ടായതെന്നും. പക്ഷെ കഥയുടെ പേര് ഓര്‍ത്തുനോക്കൂ : “Last Evenings on Earth”….. ഓരോ വായനയിലും ഈ കഥയുടെ അന്ത്യത്തെ പക്ഷെ പരിചിതമായ അന്ത്യങ്ങളുടെ വരികള്‍കൊണ്ട് നമുക്ക് പൂരിപ്പിയ്ക്കാന്‍ പറ്റും; അപ്പോഴും പ്രവചനാതീതമായ മറ്റൊരു അന്ത്യം, കഥയുടെ ആദ്യം മുതലേ, മറ്റൊരു ഘ്രാണശക്തിയോടെ നമ്മെ പിന്തുടരുന്നുമുണ്ടാകും.

ഞാനീ കഥ മൂന്നോ നാലോ തവണ വായിച്ചിട്ടുണ്ട്. വളരെ മുമ്പ് കവിയും ചിത്രകാരിയുമായ ഡോണാ മയൂര ഈ പുസ്തകം അയച്ചു തന്നത് കിട്ടിയപ്പോള്‍ ആദ്യം വായിച്ചതും ഈ കഥയാണ്. ആദ്യം ആ കഥയുടെ പേരിനെ പ്രതി. പിന്നെ അതിന്റെ കഥയെപ്രതി, ഭാഷയെപ്രതി, ഘടനയെ പ്രതി.

കഥ, അവസാനമായി, ഒരു മാനസികനിലയുടെ, mood, ഓര്‍മ്മ അവശേഷിപ്പിയ്ക്കുന്നു: വിഷാദത്തിലേക്ക്‌ പതുക്കെ വിലയിയ്ക്കുന്ന ഒരു ബന്ധം, ആ സമയം, പതുക്കെ ഓര്‍മ്മയിലേയ്ക്കും കലരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English