വഴി നടത്തം

Road Trips To The Country | Babbaദിശയറിയില്ല…
അതിരറിയില്ല…
ഒന്നുറപ്പുണ്ട്,
ഇനിയില്ല, അധികം.

വഴി തുറന്നവർ
വര വരച്ചവർ
തെന്നി വീണപ്പോൾ
കൈപിടിച്ചുയർത്തിയോർ
തോളൊപ്പം നടന്നവർ
ആരുമില്ല, അരികിൽ.

സ്വപ്നങ്ങളുടെ വൻകരകളിൽ
തിരിഞ്ഞുനോക്കാതെ
പറക്കാൻ കൊതിച്ചു;
ആദ്യമെത്താനും.
മുന്നേറിയെന്നു നിനച്ചു;
ഇടയ്ക്ക് നിന്ന് കിതച്ചു.

വെയിൽ നനഞ്ഞ വഴികളിൽ
ചുവടുകളറിഞ്ഞമർന്ന കാലുകൾ
കുഴയുന്നതറിയുന്നുണ്ട്.
മഞ്ഞുതുള്ളികൾക്കിടയിലൂടെ
വീശി നടന്ന കൈകൾ
വിറയ്ക്കുന്നുമുണ്ട്.

പിന്നിട്ട വഴിയോരങ്ങൾ
മനസ്സിൽ ഓടിയെത്തുന്നു…
പഴയ കാലടികൾ
ഓരോന്നായി
മാടി വിളിക്കുന്നു…
കാണാതെപോയ കാഴ്ചകൾക്കും
കേൾക്കാതെ പോയ ശബ്ദൾക്കും
കണ്ണുകളും കാതുകളും
കൊതിയോടെ കാത്തിരിക്കുന്നു…

കാതങ്ങൾക്കിപ്പുറം
വിയർപ്പുണങ്ങിയ വഴിയിൽ
അസ്തമയ സൂര്യനൊപ്പം
ചോരവറ്റിയ കാറ്റിനരികെ
ഒരു ചാറ്റൽ മഴയെങ്കിലും
കൊതിച്ചു പോകുന്നു…

 

 


ചിത്രത്തിന് കടപ്പാട്: Google

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here