ആദ്യത്തെ കൺമണിയുടെ ജനനം ആർക്കായാലും വല്ലാത്ത ടെൻഷൻ തന്നെയാണ്.സിസേറിയനാണോ നോർമ്മലാണോ എന്നറിയാതെ ഞാനും ആകാംക്ഷയിലായിരുന്നു.ഡോക്ടറും നേഴ്സും അറ്റൻഡർമാരുമൊക്കെ ഒന്നും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും ഓട്ടമാണ്. ഇതിനെക്കാൾ നല്ലത് വല്ല സ്വകാര്യ ആശുപത്രിയായിരുന്നുവെന്ന് അതിനിടയിൽ ഞാൻ ഓർക്കാതെയുമിരുന്നില്ല,
പ്രസവത്തിനു മുമ്പ്,പ്രസവിച്ചെന്നറിയിക്കാൻ,കുട്ടി ആണോ പെണ്ണോ എന്നറിയിക്കാൻ,പ്രസവത്തിന് ശേഷം റൂമിൽ കൊണ്ടു വരുമ്പോൾ ….അങ്ങനെ സർക്കാർ ആശുപത്രിയിൽ കൊടുക്കുന്ന പടിയുമായി തട്ടിച്ചു നോക്കുമ്പോൾ പ്രൈവറ്റ് ആശുപത്രി തന്നെയായിരുന്നു ഭേദം.’’കൈക്കൂലി വാങ്ങുന്നത് ശിക്ഷാർഹം’’ എന്ന ബോർഡ് പ്രത്യക്ഷപ്പെട്ട ശേഷം ആകെക്കൂടിയുള്ള മാറ്റം ഇത്ര തുക വേണമെന്ന് പറയില്ല എന്നത് മാത്രം.നിങ്ങൾ എന്താണെന്നു വെച്ചാൽ തന്നാൽ മതി എന്നേ പറയൂ..[കുറഞ്ഞു പോയാൽ വിവരമറിയുമെന്നത് വേറെ കാര്യം.] എത്ര മധുരമായ പെരുമാറ്റം.
അതിനിടയിൽ പ്രസവിച്ചു എന്ന സന്തോഷവാർത്തയുമായി ഒരു നേഴ്സ് വന്നു ..കുട്ടി ആണ് തന്നെ എന്ന അറിയിപ്പുമായി മറ്റൊരാൾ..കൈമടക്കിന്റെ ഘോഷയാത്ര ഉൽഘാടനം ചെയ്യപ്പെട്ടെങ്കിലും എന്റെ ആഹ്ളാദം മറച്ചു വെക്കാൻ എനിക്ക് കഴിഞ്ഞില്ല. ലേബർ റൂമിലെ കാത്തിരിപ്പിനും പിരിമുറുക്കത്തിനുമൊടുവിൽ ബന്ധുക്കളോടും സുഹൃത്തുക്കളോടും സന്തോഷം പങ്കു.വെച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് കുട്ടിയെ കാണിക്കാൻ കൊണ്ടു വന്നത്. കൊണ്ടു വന്നയാൾക്കും പടി കൊടുത്തു.ഇനി അടുത്ത പടി എന്താണാവോ? സിസേറിയനായതു കൊണ്ട് ഭാര്യയെ അടുത്ത ദിവസമേ മുറിയിലേക്ക് കൊണ്ട് വരൂ..ആശുപതിയിൽ നിന്നു പോകും മുമ്പ് ഇനി എത്ര പടികൾ കടക്കണമാവോ?
അതിനിടയിൽ പുതിയ അന്തരീക്ഷം ഇഷ്ടപ്പെടാത്ത മട്ടിൽ കുഞ്ഞ് വലിയ വായിൽ കരച്ചിൽ തുടങ്ങി. പഠിച്ച പണിപലതും നോക്കി,താരാട്ടുകൾ പല ഈണത്തിലും ഭാവത്തിലും പാടി നോക്കി.ഒരു രക്ഷയുമില്ല.കരച്ചിലിനു ശബ്ദം കൂടിക്കൂടി വന്നു.പെട്ടെന്നാണ് എനിക്കൊരു ആശയം തോന്നിയത്. മൊബൈൽ ഫോണിന്റെ റിംഗ് ടോൺ ഓൺ ചെയ്ത് കുഞ്ഞിന്റെ ചെവിയോട് അടുപ്പിച്ചു വെച്ചു.പുതിയ ഹിറ്റ് പാട്ടിന്റെ ഈണം ഫോണിലൂടെ ഒഴുകി വന്നപ്പോൾ പതിയെ പതിയെ കുഞ്ഞ് കരച്ചിൽ നിറുത്തി,ലോകത്തിന് വന്ന മാറ്റത്തെക്കുറിച്ച് അവനും മനസ്സിലായെന്ന് തോന്നുന്നു..!
Click this button or press Ctrl+G to toggle between Malayalam and English