ജാലകത്തിനു വെളിയിൽ തലേ രാത്രിയിൽ പൂത്തുലഞ്ഞു നിന്ന പാരിജാതമരത്തിൽനിന്ന് മണ്ണിലേക്കുതിർന്നു വീണ പൂക്കൾ മഞ്ഞുതുള്ളികളുടെ പരിരംഭണത്തിൽ അമർന്നുകിടന്നു. തൊടിയിലെ വാഴകളിൽനിന്ന് ഇനിയും വേർപെടാത്ത ഉണക്കവാഴയിലകളെ ഉലച്ചുകൊണ്ട് പേ പിടിച്ച വൃശ്ചികക്കാറ്റടിച്ചപ്പോൾ
ആദ്യാനുരാഗത്തിൻ്റെ ആർദ്രമായ ഓർമ്മകളെന്നപോലെ ജനലഴികളിൽ കൂടി പൂമണം മുറിയിൽ നിറഞ്ഞു.
ജോലിയിൽനിന്നു വിരമിച്ചതിനുശേഷം ആദ്യത്തെ വരവാണ്. ഇന്നലെ വൈകീട്ട് ഡേ – എക്സ്പ്രസ്സിനാണ് നാട്ടിലെത്തിയത് . അതികാലത്തെ സിന്ധുവിൻ്റെ ഓരോ അമറലും എൻ്റെ ഉറക്കം കെടുത്തിയിരുന്നു. ഉറക്കം മുറിഞ്ഞ ചെറുകലിപ്പിലാണ് അടുക്കളയിലെത്തിയത്.
മുത്തശ്ശി വലിയ ഉത്സാഹത്തിലായിരുന്നു അന്ന്. കാപ്പികുടിച്ച ഗ്ലാസ്സ് വലിയ ശബ്ദത്തിൽ മേശപ്പുറത്ത് വെച്ച്, പണിക്കാരിയോട് പറഞ്ഞു.
“സരോജന്യേ, ആ മണിയൻ നായരോട് കാലത്ത് ന്നെ ഒന്നിങ്കഡ് വരാൻ പറ. അസ്സനാരടവടെ സിന്ധൂനെ ചവിട്ടിക്കാൻ കൊണ്ട് പൂവാനാണ്ന്ന് പറഞ്ഞാ മതി.”
അസ്സനാര് മരിച്ചിട്ട് പത്തിരുപത് കൊല്ലമായാലും “അസ്സനാരടവടെക്ക്” എന്നെ ദേശവാസികൾ ഇപ്പോഴും പറയൂ.
“ശരി മുത്തിയേ”..പോണപോക്കില് പറയാമെന്ന് ഉറപ്പു കൊടുത്ത് ബാക്കിയായ ഇഡ്ഡലിയും പാക്ക് ചെയ്ത് സരോജനി അടുക്കള പടിയിറങ്ങി നടന്നു.
ദേശത്തെ ഒരേ ഒരു യൂനാനി- വെറ്റിനറി വൈദ്യനായിരുന്നു അസ്സനാര്. ഹസ്സൻ ഹാജിയാർ ലോപിച്ചു ലോപിച്ചാണ് അസ്സനാരായത് . അസ്സനാരുടെ കയ്യിൽ രാമകൃഷ്ണൻ നായര് പട്ടാളത്തീന്ന്പിരിഞ്ഞു വന്നപ്പോ കൊടുത്ത ഒരു ട്രങ്ക്, കവചകുണ്ഡലം പോലെ എപ്പോഴും കാണും. കാളക്കോ, പോത്തിനോ, മാടിനോ മറ്റു വീട്ടു മൃഗങ്ങൾക്കോ എന്തെങ്കിലുമൊക്കെ അസുഖം പിടിപെടുമ്പോൾ അസ്സനാർക്ക് ആള് പോകും. അങ്ങിനെ പോകുന്ന ആളുടെ ചുമതലയാണ് ഈ പെട്ടി ചുമക്കൽ. പെട്ടി ആള് തലേല് വെച്ചിട്ടോ തൂക്കി പിടിച്ചിട്ടോ മുൻപിലും അസ്സനാര് പിന്നിലും നടന്നാൽ ഉറപ്പിക്കാം ഏതോ വീട്ടിലെ കാലിക്കോ, പട്ടിക്കോ പൂച്ചക്കോ ദീനമാണെന്ന്.
അന്നൊക്കെ കുട്ടിസെറ്റ് അവരുടെ പിന്നാലെ കൂടും. ആ പെട്ടി തുറന്ന് അതിലെ സാധന സാമഗ്രികളുടെ വൈവിധ്യം നോക്കിക്കാണുക എന്നത് ഞങ്ങൾ പിള്ളേർക്ക് അക്കാലത്തെ പേര് പറയാൻ വയ്യാത്ത ഒരു വികാരമായിരുന്നു. പെട്ടിക്കുള്ളിൽ ചികിത്സാസാമഗ്രികളായിരിക്കും. രണ്ടു വിഭാഗമായി സാമഗ്രികൾ ക്രമീകരിച്ചിരിക്കും. ഒരു ഭാഗത്ത് കത്രിക, പഞ്ഞി, ബാൻഡേജ് തുണി, കൊടിൽ, ഒടിവിൽ വെച്ചുകെട്ടാനുള്ള മുള കഷണങ്ങൾ, തുരിശ്, ഡെറ്റോൾ, സൾഫണാമൈഡ്, ബോറിക് പൊടി തുടങ്ങിയവ. മറുഭാഗത്ത് വെള്ളത്തിൽ കലക്കി കൊടുക്കാനുള്ള ഔഷധപൊടികളായിരിക്കും. അസ്സനാർക്ക് മാത്രം വായിക്കാൻ പറ്റുന്ന പേരുകളെഴുതിയ പൊടികൾ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് ഡബ്ബകൾ കാലപ്പഴക്കം കൊണ്ട് ചെമ്മണ്ണിൻ്റെയും കരിക്കലത്തിൻ്റെയും നിറങ്ങളായിട്ടുണ്ടാകും. ഈ സാമഗ്രികൾ ഞങ്ങൾക്ക് എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല. കുചദ്വയഭാരവും ജഘന വിസ്‌താരവുമുള്ള തരുണികളെ നോക്കി വെള്ളമിറക്കി നിൽക്കുന്ന വൃദ്ധകാമന പോലെയാണത്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും പെട്ടി അടച്ച് അസ്സനാര് സ്ഥലം കാലിയാക്കുന്ന വരെ ഞങ്ങൾ അവിടെ ചുറ്റിപറ്റി നിൽക്കും.
കൊളമ്പുദീനം, പട്ടുണ്ണിപനി, അടപ്പൻ, കരിങ്കുറു, അകിട് വീക്കം തുടങ്ങി സർവ്വസാധാരണ കാലിരോഗങ്ങൾക്ക് അസ്സനാരുടെ പെട്ടിമരുന്നുകൾ പരിഹാരമുണ്ടാക്കും. എന്നാൽ, അദ്ദേഹത്തിൻ്റെ രോഗവിജ്ഞാനപരിധിക്കു പുറത്തുള്ള ലക്ഷണങ്ങൾ കണ്ടാൽ “അയിൻ്റെ ടിക്‌നിക്ക് കേടണ് രച്ചപ്പെടില്ല്യ” എന്ന അന്ത്യവിധി കല്പിക്കും.
സരോജനി പോയിട്ട് അരമണിക്കൂറിനുള്ളിൽ തന്നെ മണിയൻ നായർ ഹാജരായി. വന്നവഴിയെ മണിയൻ നായർ സിന്ധുവിനെ കെട്ടിയിട്ട കയർ അഴിച്ചു. ആ ബന്ധനത്തിൽ നിന്നുള്ള മോചനം ഏറെ നേരമായി കാത്തിരുന്ന പോലെ സിന്ധു നന്ദി സൂചകമായി മണിയൻ നായരെ കടാക്ഷിച്ചു. എന്നിട്ട് ചാണകം മെഴുകിയ മുറ്റത്ത് കാറ്റ് കൊഴിച്ചിട്ട കണ്ണിമാങ്ങകൾ ചവിട്ടി മെതിച്ച് ധൃതിയിൽ ഗേറ്റിലേക്ക് നടന്നു. ഇപ്പോൾ കയറിൻ്റെ നിയന്ത്രണം സിന്ധുവിനോ മണിയൻ നായർക്കോ എന്നറിയാൻ കഴിയാത്ത വിധം മണിയൻ നായരെയും വലിച്ചു കൊണ്ട് സിന്ധു നടന്നു.
അസ്സനാരുടെ മകൻ മൊയ്തീൻ കുട്ടിയാണ് കളത്തിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്. മൊയ്തീൻ കുട്ടിയുടെ ഏഴ് മൂത്ത സഹോദരന്മാരും ദുബായിൽ സൂപ്പർ മാർക്കറ്റിൽ ജോലിക്കാരാണ്. രണ്ട് വർഷത്തിലൊരിക്കൽ എല്ലാവരും ഒരു മാസത്തെ അവധിയിൽ ഒത്തുകൂടും. അവരെല്ലാം തിരിച്ചു പോയാൽ വീണ്ടും മൊയ്തീൻ കുട്ടിയും ബീബിയും കുട്ടികളും മാത്രമായി കളം ചുരുങ്ങും. അസ്സനാരുടെ മരണത്തോടെ കന്നുകാലി ചികിത്സ അവസാനിച്ചു. മക്കളിൽ മൊയ്തീൻ കുട്ടിയൊഴികെ ആരും തന്നെ കാലിവൈദ്യം പഠിച്ചില്ല. ഉണ്ണാനുള്ള അരി കൃഷിയിൽനിന്നു കിട്ടുന്നുണ്ട്. കാലിവൈദ്യത്തിനൊപ്പം രണ്ട് വിത്തുകാളകൾ ഉള്ള കാരണം നിത്യേനയെന്നോണം മൊയ്തീൻകുട്ടിക്ക് മിനിമം ഒന്ന് രണ്ട് കേസുകളെങ്കിലും ഉണ്ടാകുമെന്നത് തീർച്ചയാണ്…
ഓർമ്മയുടെ നരച്ച വനഭൂമികളിലൂടെ എന്റെ മനസ്സിന്റെ രഥചക്രങ്ങൾ ഉരുണ്ടു. മൊയ്തീൻ കുട്ടിയും ഞാനും ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെ ഗവ. യു .പി. സ്കൂളിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചവരാണ്. മുതുകുന്നിക്കാരൻ ആണ്ടവൻ, കയറാടിയിൽനിന്ന് വന്നിരുന്ന തോമസ്, കൈപ്പഞ്ചേരിയിൽനിന്ന് വന്നിരുന്ന മൊട്ട ലക്ഷ്മണൻ എന്നിവരായിരുന്നു രണ്ടാം ബെഞ്ചിലെ അപര ഗെഡികൾ. മൊയ്തീൻ കുട്ടി നന്നായി പാട്ടു പാടുമായിരുന്നു. “കണ്ണിനു കണ്ണായ കണ്ണാ.. എന്നും ഗുരുവായൂർ വാഴും താമരക്കണ്ണാ..” “ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ.. ചതിക്കല്ലെ മരണമവസാനം വരെ..” തുടങ്ങിയ അവൻ സ്ഥിരമായി പാടാറുള്ള ഒന്ന് രണ്ടു സിനിമാഗാനങ്ങൾ ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്. രണ്ടാമത്തെ പാട്ടിൻ്റെ അനുപല്ലവയിൽ “അണിയമുന്നാൻ കൊണ്ടാടും ഞാനമേരിക്കയിൽ.. ” എന്നൊരു വരി അവൻ പാടുന്നതുകേട്ട് വീട്ടിൽ ഞാൻ പാടിയപ്പോഴാണ് അത്യാവശ്യം സാഹിത്യവാസന ഉണ്ടായിരുന്ന അച്ഛൻ പെങ്ങൾ എന്താടാ ഈ “അണിയമുന്നാൻ” എന്ന് ചോദിച്ചത്. അന്ന് അതെന്താണെന്ന് എനിക്കും അറിയില്ലായിരുന്നു ഹണിമൂണിനാണ് അവൻ അണിയമുന്നാൻ എന്ന വാക്കിനാൽ വിവക്ഷിച്ചിരുന്നതെന്ന് അച്ഛൻപെങ്ങൾ തിരുത്തിയതെന്നോർക്കുന്നു. അതിന്റെ അർത്ഥം ചോദിച്ചപ്പോളാണ് നിനക്ക് അതൊന്നും അറിയാനുള്ള പ്രായമായിട്ടില്ലെന്ന പുതിയ അറിവ് അച്ഛൻ പെങ്ങൾ പ്രഖ്യാപിച്ചത്. പിന്നീട് ഒരു ബാലകൗതുകമായി ‘ഹണിമൂണ്’ എന്നെ ആവാഹിച്ചു. അറിയാൻ പാടില്ലാത്തതെല്ലാം അറിയണമെന്ന ഒരു ദുർവാശി എന്നെ പിടികൂടിപ്പോയത് അന്നു തൊട്ടായിരുന്നു. അതിന്റെ വ്യാകരണം അന്നത്തെ രണ്ടാംബെഞ്ച് ഗെഡികളുടെയും വിജ്ഞാനപരിധിക്ക് പുറത്തായിരുന്നു. വലിയച്ഛൻ വാളയാറിൽനിന്ന് വരുമ്പോൾ കൊണ്ടുവരുന്ന നാരങ്ങാമിഠായി വഴി സൗഹൃദത്തിന്റെ പാതയിൽ സഹസഞ്ചാരിയായ, കാർത്ത്യായനി ടീച്ചറുടെ മകൾ സുജാതയോടു ചോദിയ്ക്കാൻ തോമസ്സാണ് മാർഗ്ഗ നിർദ്ദേശം തന്നത്. സുന്ദര വിഡ്ഢിയായിരുന്ന ഞാൻ മുന്നും പിന്നും നോക്കാതെ അപാര ആത്മവിശ്വാസത്തോടെ സുജാതയോട് ഇന്റെർവെല്ലിനു കിട്ടിയ ഇടവേളയിൽ സംശയം തീർക്കാൻ ഒരു അബോർടീവ് അറ്റംപ്റ്റ് നടത്തി, പിന്നീട് അത് വലിയ പുകിലായത് അവൾ ക്ലാസ്സ് മാഷായ ബാലമ്മാഷോട് കാര്യം അതേപടി റിപ്പോർട്ട് ചെയ്യുകവഴി, വിശ്വാസവഞ്ചന നടത്തിയപ്പോഴാണ്. ബാലമ്മാഷ് സ്വകാര്യമായി വിളിച്ച് കാര്യം തിരക്കിയപ്പോൾ ട്രൗസറിൽ മൂത്രം പോയത് ആദ്യമായാണ് ഇപ്പോൾ വെളിപ്പെടുന്നത്. ആരോടും പറയാത്ത അബദ്ധങ്ങളുടെയും അപരാധങ്ങളുടെയും പട്ടികയിൽ സുഖകരമായ ഒരു ഓർമ്മച്ചീളായി ഇടക്കെല്ലാം മനസ്സിന്റെ മൃദുസ്ഥലികളിൽ ഈ സംഭവം കുത്താറുള്ളതോർത്തപ്പോൾ ചിരി പൊട്ടി. പിൽക്കാലത്ത് ബാലമ്മാഷും സുജാതയും അങ്ങിനെ തന്നെയാകും സംഭവത്തെ ഓർമ്മിച്ചിട്ടുണ്ടാകുക
എന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഓരോന്നാലോചിച്ച് മൊയ്തീൻകുട്ടിയുടെ കളത്തിലെത്തിയതറിഞ്ഞില്ല. മൈലാഞ്ചി ചെടികൾ അതിരു തീർത്ത ഗേറ്റില്ലാത്ത കളത്തിലെത്തിയപ്പോൾ തലയിൽ ചാണകവട്ടിയുമായി പുറത്തേക്ക് വന്ന മൊയ്തീൻകുട്ടി വട്ടി താഴെ വെച്ച് തലേകെട്ടഴിച്ച് ഉപചാരം ചൊല്ലി. വിശേഷങ്ങൾ കൈമാറുമ്പോൾ മൊയ്തീൻ കുട്ടിയുടെ പരുപരുത്ത കൈപ്പടം കുറെ നേരം എൻ്റെ കൈകളെ പുണർന്നിരുന്നു. ചാണകത്തിന് പഴയകാല മണത്തിനുപകരം ഒരു വല്ലാത്ത ദുഗ്ഗന്ധം. ഇപ്പോഴത്തെ റെഡിമേഡ് തീറ്റകൾ കൊണ്ടാകാം. അവൻ സിന്ധുവിന് നേരെ തിരിഞ്ഞു ചോദിച്ചു.
“ഇവൾ റെഡി ആണല്ലോ.”
“അയ്യോ.. കാലത്ത് ഒന്ന് കണ്ണടക്കാൻ വിട്ടിട്ടില്ല. വെറുതെ അമറികൊണ്ടിരിക്ക്യാ”
അവൻ സിന്ധുവിനെ തലോടിക്കൊണ്ട് അവൾക്കു ചുറ്റും നടന്ന് വിശദമായി നിരീക്ഷണം നടത്തി. ആ സമയം മുഴുവൻ അവനിൽ വന്ന മാറ്റങ്ങൾ ഞാൻ നോക്കി കാണുകയായിരുന്നു. ഒരുപാടു വർഷങ്ങൾക്ക് ശേഷമാണല്ലോ അവനെ നേരിൽ കാണുന്നത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ടതിൽ നിന്നും വളരെയൊന്നും അവൻ ഉയരം വെച്ചിട്ടില്ല. അപ്പോഴും ഇപ്പോഴും കുള്ളൻ തന്നെ. മണ്ണിൽ പണിയെടുക്കുന്ന കാരണം മാംസപേശികൾ ബലിഷ്ടമായിരുന്നു. വായ തവളയുടേത് പോലെ മുഖത്തിന്റെ വലിയൊരു ഭാഗം അപഹരിച്ചിരുന്നു. ഉണങ്ങിയ പുൽക്കാട് പോലെ നെഞ്ചിലെ രോമങ്ങൾ. ചെങ്കീരിയുടേത് പോലെ ചുവന്ന കണ്ണുകൾക്ക് ഒരു മാറ്റവുമില്ല. ചിരിക്കുമ്പോൾ പൊട്ടിയ മുൻവരിപ്പല്ല് മഞ്ഞച്ചു കണ്ടു. എന്നിരുന്നാലും അവന്റെ സ്ഥിരോത്സാഹത്തിനും ആത്മവിശ്വാസത്തിനും ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവുമുണ്ടായിരുന്നില്ല.
സിന്ധുവിന്റെ കഴുത്തിലെ കയർ മണിയൻ നായരിൽ നിന്ന് വാങ്ങി മൊയ്തീൻകുട്ടി കാര്യത്തിലേക്കു കടന്നു.
“അപ്പൊ ശരി. നിനക്ക് മൂരിക്കുട്ടി വേണോ ആനാവുക്കുട്ടി വേണോ?’
“ചോദിച്ചത് കിട്ടുമോ”
“തീർച്ചയായും നീ പറഞ്ഞോ.”
“അനാവന്നെ.”
എനിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. കാര്യം പശു എന്ന് കേൾക്കുന്നത് തന്നെ ഇപ്പോൾ പേടിയാണ്. പശു ഇറച്ചി കയ്യിൽ വെച്ചവരെ അടിച്ചൂന്നോ കൊന്നൂന്നോ ഒക്കെ കേൾക്കുന്ന കാലമാണ്. പെട്ടെന്ന് എൻ.എസ്. മാധവന്റെ പാല് പിരിയുന്ന കാലത്തിലേക്ക് ഓർമ്മ ഊളിയിട്ടു. സ്വന്തം ശരീരത്തിൽ നിന്നും ശസ്ത്രക്രിയ ചെയ്തു ബയോപ്സിക്കായി പുറത്തെടുത്ത കുഞ്ഞു മാംസക്കഷണവുമായി ഗ്രാൻഡ് ട്രങ്ക് എക്സ്പ്രെസ്സിൽ തലസ്ഥാനത്തെത്തിയ ഒരു മനുഷ്യനെ ആൾക്കൂട്ടം ചവിട്ടി കൊന്ന കഥ
ഒരു വട്ടം കൂടി തല തരിപ്പിച്ചു.
“കൃഷ്ണൻകുട്ട്യേ..ഡാ.. ഒരു കയറെടുത്ത് ബഡെ വാടാ.”
മൊയ്തീൻ കുട്ടി നീട്ടി വിളിച്ചു. അപ്പുറത്തുള്ള തൊഴുത്തിൽ നിന്ന് ചടച്ചു നീണ്ട ഒരു ചെക്കൻ കാറ്റത്തു പറന്നു വരുന്ന അപ്പൂപ്പൻ താടി പോലെ കയറുമായി ഓടി വന്നു. മൂക്കിൽ നിന്നും ഒഴുകിവരുന്ന മൂക്കള വലം കയ്യിന്റെ പടം കൊണ്ട് തുടച്ചു ട്രൗസറിന്റെ പുറകിൽ തേച്ചു. കണ്ണുകളുടെ അലൈൻമെന്റ് തെറ്റി ഒരു കണ്ണ് മറ്റേ കണ്ണുമായി പിണങ്ങി വേറൊരു ദിശയിലേക്കായ കാരണം അവൻ ആരെയാണ് നോക്കുന്നതെന്ന് എനിക്ക് വ്യക്തമായില്ല. ലേശം മഞ്ഞകലർന്ന അവന്റെ കണ്ണുകൾ പാതി വെന്ത കണ്ണൻമീനിന്റെ കണ്ണുകളെ ഓർമ്മിപ്പിച്ചു.
കൃഷ്ണൻകുട്ടി കൊണ്ടുവന്ന കയറും സിന്ധുവിന്റെ കഴുത്തിൽ കെട്ടി. ഇപ്പോൾ രണ്ടു കയറുകളാൽ അവൾ ബന്ധിക്കപ്പെട്ടിരുന്നു. ഒരു കയറിൽ മൊയ്തീൻ കുട്ടിയും, മറ്റേ കയറിൽ മണിയൻനായരും ചെക്കനും പിടിച്ചുകൊണ്ട് സിന്ധുവിനെ അടുത്തുള്ള രണ്ടു തേക്കിൻ കുറ്റികൾക്കടുത്തേക്കു നടത്തിച്ചു.
“ഏട്ടക്ക് ആനാവു കുട്ടി വേണോത്രെ. മാടിനെ സൂര്യനെതിരായി നിർത്ത്.”
മൊയ്തീൻകുട്ടി ചെക്കനോട് കല്പിച്ചു.
‘അതെന്തിനാ അങ്ങിനെ നിർത്തുന്നത്. ഇവിടെയാണെങ്കിൽ സൂര്യനെ കാണാനും ഇല്ലല്ലോ.” എന്നിലെ അന്വേഷണ കുതുകി ഉണർന്നു.
“നേരം വെളുത്താല് സൂര്യൻ വെരാണ്ടിരിക്കില്ലല്ലോ. നാശം പിടിച്ച കാർമേഹം കാരണം നമ്മള്ക്ക് കാണാൻ പറ്റാത്തതല്ലേ.”
മൊയ്തീൻകുട്ടി എൻ്റെ സംശയം ദൂരീകരിച്ചുകൊണ്ട് സിന്ധുവിന്റെ മുഖവും ശരീരവും മേഘം മറച്ചിരുന്ന സൂര്യന് നേർക്ക് തിരിച്ചുകൊണ്ട് കയറുകൾ മുറുക്കി തേക്കിൻ കുറ്റികളിൽ ബന്ധിച്ചു ചെക്കന് നിർദ്ദേശം കൊടുത്തു.
“മാട് ചാടാണ്ടെ നോക്കണം ട്ടോടാ.”.
ചെക്കൻ കയറിലെ പിടുത്തം ഒന്ന് കൂടി ഉറപ്പിച്ച് മിണ്ടാതെ നിന്നു. മൊയ്തീൻ കുട്ടി അടുത്തുള്ള തൊഴുത്തിന് നേരെ വേഗത്തിൽ നടന്നു. അകത്തു നിന്നും ഒരു കൂറ്റൻ കാളയെ കൊണ്ടുവന്നു. കാളയുടെ മൂക്കിൽ തുളച്ചിട്ട ഒരു സ്റ്റീൽ വളയത്തിൽ ബന്ധിച്ച കയറിൽ പിടിച്ചാണ് മൊയ്തീൻ കുട്ടി കാളയെ നടത്തിച്ചുകൊണ്ടുവന്നത്. ആകാരം കൊണ്ട് ഞങ്ങളെക്കാൾ ഉയരം അവനുണ്ടായിരുന്നു. വെള്ളയും കറുപ്പും നിറം. നാടൻ ജനുസ്സല്ലെന്നു തീർച്ച. കാലുകൾക്ക് താരതമ്യേന നീളക്കുറവുണ്ടെങ്കിലും ശരീരം ഒരു പത്തു ടൺ ഭാരമുള്ള ട്രക്കിനെ പോലെ ഭീമാകാരം.
കാള പതുക്കെ സിന്ധുവിനടുത്തേക്ക് നടന്നു. അതിന്റെ പാൽ പോലെ വെളുത്ത കണ്ണുകൾ കൊണ്ട് സിന്ധുവിനെ നോക്കി അൽപനേരം നിന്നു. മുൻകാലുകൾ മാറി മാറി നിലത്തു വെച്ചുരസി. മൂക്ക് വിടർത്തി. പ്രത്യേക തരത്തിലുള്ള സീൽക്കാരം ശബ്ദം പുറപ്പെടുവിച്ചു.
“കയറ് മുറുക്കെ പിടിച്ചോ!.” മൊയ്തീൻകുട്ടി മണിയൻനായരോടും ചെക്കനോടും ഉറക്കെ പറഞ്ഞു. അവർ രണ്ടുപേരും കയർ വലിച്ചു പിടിച്ചു. അപ്പുറത്തും ഇപ്പുറത്തുമായി സിന്ധുവിന് തെല്ലുപോലും അനങ്ങാൻ പറ്റാതെ നില്പുറപ്പിച്ചു.
“വാടാ കുട്ടാ”, മൊയ്തീൻകുട്ടി കാളയോടായി പതുക്കെ പറഞ്ഞു. കാള ഭാരോദ്വഹനം നടത്തുന്ന അഭ്യാസിയെപോലെ പിൻകാലുകളിലൂന്നി
ഭാരിച്ച ശരീരത്തിന്റെ മുൻഭാഗം സിന്ധുവിന്റെ പുറകിലേക്ക് ഉയർത്തി. സിന്ധു ഒന്ന് ഞെട്ടി വിറച്ചു. കാള ഒന്ന് ചെറുതായി അമറി. പതുക്കെ മുൻകാലുകൾ നിലത്തേക്കുവെച്ചു. അതിന്റെ കണ്ണുകളിൽ ഒരു സംതൃപ്ത ഭാവത്തെ വായിച്ചെടുക്കാമായിരുന്നു. ഒരുനിമിഷത്തെ സൃഷ്ടിയുടെ ഹരിശ്രീ.
“ചില കാളകൾക്ക് ഒന്നിലധികം തവണ ചവ്ട്ടണ്ടി വരും.” മൊയ്തീൻ കുട്ടി തുടർന്നു. “ന്നാ ഇവൻ ഒരു സൂചി കൊടുത്താൽ അതിന്റെ തൊളേല് വരെ കേറ്റും. അത്രക്ക് ഷാർപ്പണ്”
“സൂപ്പർ!.” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു “ബുൾസ് ഐ ന്നൊക്കെ പറയുന്നത് വെറുതെയല്ല അല്ലെ?”
മൊയ്തീൻ കുട്ടി ഞാൻ പറഞ്ഞത് മനസ്സിലായിട്ടോ അല്ലാതെയോ തല കുലുക്കി സമ്മതിച്ചു. കാളയുടെ കയറും പിടിച്ചുകൊണ്ട് തൊഴുത്തിലേക്ക് നടന്നു. അതിനെ കെട്ടിയിട്ട് തിരിച്ചു വന്നു.
എന്നിലെ അന്വേഷണ കുതുകി വീണ്ടും തല പൊക്കി.
“അല്ല മൊയ്തീനെ, ചവിട്ടിക്കുന്ന സമയത്ത് പശുവിനെ സൂര്യന് അഭിമുഖമായി നിർത്തിയാൽ ആനാവു കുട്ടിയെ പ്രസവിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടോ?”
“തീർച്ചയായും. അങ്ങനേ ണ്ടാവുള്ളൂ..എൻ്റെ അനുഭവം അങ്ങനേണ്. മാട് നീങ്ങിപ്പോയ ഒന്ന് രണ്ട് കേസുകളിലേ മറിച്ച് ണ്ടായിട്ട് ള്ളൂ. നെണക്ക് വേണങ്കി കണക്ക് കാണിച്ച് തര”
മൊയ്തീൻകുട്ടി ചെക്കനോടും മണിയൻനായരോടും സിന്ധുവിൻറെ അടുത്ത് നിൽക്കാൻ പറഞ്ഞിട്ട് കളപ്പുരയിൽ പഴയ ഒരു മേശയും കസേരയും ഇട്ട പൂമുഖത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. ഇരുട്ട് മൂടിയ ഒരു കൊച്ചു മുറിയായിരുന്നു അത്. വൈക്കോലിൻ്റെയും പുൽപോന്തു പൊടിയുടെയും സമ്മിശ്ര ഗന്ധം വായുവിൽ തങ്ങി നിന്നിരുന്നു. മുറിയുടെ മൂലയിൽ പുറത്തേക്കു പോകാൻ വഴി തിരഞ്ഞു പറന്നുകൊണ്ടിരുന്ന വേട്ടാവെളിയന്റെ മൂളൽ കേട്ടു. അവൻ മേശയുടെ വലിപ്പു തുറന്ന് അതിൽ നിന്നും ഏതോ പഴയകാല ഹിന്ദി സിനിമാനടിയുടെ മുഖചിത്രമുള്ള, കാലപ്പഴക്കം കൊണ്ട് പിഞ്ഞു തുടങ്ങിയ ഒരു നോട്ടു ബുക്കെടുത്തു.അത് എനിക്ക് തന്നു കൊണ്ട് പറഞ്ഞു.
“നീ ദ് നോക്ക്. എന്റുപ്പ അസ്സനാര് ഉള്ളപ്പോ തൊട്ട് ബടെ ചവിട്ടിക്കാൻ കൊണ്ട് വരണ സകല മാടുകളുടെയും അവറ്റടെ കുട്ടികളുടെയും റെക്കോഡ് ഇതിലുണ്ട്. ഇത് പോലെ ഓരോ കൊല്ലത്തെയും വേറെ വേറെ ബുക്കുണ്ട്”
നോട്ട് ബുക്കിൻ്റെ പേജുകൾ ഇടക്കുനിന്നും ഓരോന്നായി മറിച്ചു കാണിച്ചുതന്നു. ഞാനത് ഓടിച്ചു നോക്കി. ആദ്യ വരിയിൽ തോട്ട മൈലി, കുട്ടികൃഷ്ണൻ നായര്, കൊളപ്പെര വീട്, … ആനാവ് എന്നിങ്ങനെ യഥാക്രമം പശുവിൻ്റെ പേര്, ഉടമസ്ഥൻ്റെ പേര്, വീട്ടുപേര്, ബീജസങ്കലനത്തിനു കൊണ്ടുവന്ന ദിവസം, പശു പ്രസവിച്ച ദിവസം, അവസാനമായി കുട്ടിയുടെ ലിംഗം എന്നീ വിവരങ്ങൾ കൃത്യമായി എഴുതി ചേർത്തിട്ടുണ്ടായിരുന്നു. അവസാനത്തെ എല്ലാ കോളത്തിലും ആനാവ് എന്നാണ് എഴുതി കണ്ടത്. പെട്ടെന്ന് ഒരു കോളത്തിൽ മൂരി എന്നെഴുതിയത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു വിജയിയെ പോലെ ഞാൻ അവനോട് ചോദിച്ചു.
“ഇതിൽ ഒരു മൂരിക്കുട്ടിയെ കാണാനുണ്ടല്ലോ.! ”
“നീ അതിൻ്റെ അടിയിൽ എഴുതിയതും വായിക്ക്.”
ഞാൻ വായിച്ചു. “മാട് ചാടി” എന്ന് മാത്രം ഇണ ചേർത്ത തിയതിയുടെ അടുത്തായി എഴുതിയിട്ടുള്ളതു കണ്ടു. അവൻ വിശദീകരിച്ചു.
“ചെലപ്പോ വെപ്രാളം കൊണ്ട് മാട് ചാടും. അപ്പൊ എത്ര ആഞ്ഞു പിടിച്ചാലും കയറിൻ്റെ പിടുത്തം വിടും. ദിക്ക് മാറും. പിന്നെ ഒറപ്പ് പറയാമ്പറ്റില്ല്യാ’ ”
“ഒരു കാര്യം ചോദിച്ചോട്ടെ മൊയ്തീനെ? ഈ അറിവ് നീ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലേ? ഇതിന് നിനക്കൊരു പേറ്റൻ്റ് റൈറ്റ് എടുത്തൂടെ? നമ്മുടെ നാട്ടിൽ ഒരു രണ്ടാം ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവാകാൻ അതുവഴി നിനക്കാകുമല്ലോ!”
അർത്ഥമറിയാത്ത ഒരു ചിരിയായിരുന്നു അവന്റെ ആദ്യ പ്രതികരണം.
“ഇല്ല.. അതൊന്നും വേണ്ടടാ. ഇപ്പൊ ഇതുകൊണ്ടൊക്കെ ഉള്ള സന്തോഷം മതി എനിക്ക്. ഇവിടന്ന് പോണ എല്ലാ മാടുകളും പെറണ ആനാവ്
കുട്ട്യോളും ഇവിടത്തന്നെ വരും .അതണ് ചരിത്രം വില്ലജ്കാര് കൊണ്ടുവന്ന കൃത്രിമ സങ്കലന കേന്ദ്രം വരെ പൂട്ടിപ്പോയിണ്ട് . അറിയോ നെണക്ക്?”
“ശരി ഈ അറിവ് നീ ആരോടും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് നീ എങ്ങിനെയാണ് ഈ വിവരം മനസ്സിലാക്കിയത്? .” വീണ്ടും എന്നിലെ അന്വേഷണ ത്വര.
“തീർച്ചയായും നീ ആരോടും പറയില്ലെന്ന് എനിക്കറിയാം. എന്റെ ഉപ്പ മരിക്കാൻ നേരത്ത് എന്നെ മാത്രം അരികിൽ വിളിച്ചു രഹസ്യമായി പറഞ്ഞ അറിവണ്. നെണക്ക് ഈ അറിവ് മാത്രം മതി ഇനിയുള്ള കാലം സുഖമായി ജീവിക്കാൻ ന്നും പറഞ്ഞാണ് ഉപ്പ മയ്യത്തായത്.”
“എന്നിട്ട് നീ ഇപ്പോഴും പഴയപോലുള്ള ജീവിതമാണല്ലോ. എന്തെ പച്ച പിടിക്കാഞ്ഞത്.”
“ഇങ്ങനേക്കങ്ങട് പോയാ മതീടാ. മനസ്സമാധാനത്തോടെയും കൂടപ്പെറപ്പുകളെക്കാൾ സന്തോഷത്തോടെയും അങ്ങട് ജീവിച്ചു പോണ്ട്. അത്
പോരെ ?”
എനിക്ക് അവനോടുള്ള ബഹുമാനം ഇരട്ടിച്ചു.
“ഉപ്പ ഈ വിഷയത്തിൻ്റെ ശാസ്ത്രീയ വശങ്ങളെ പറ്റി എന്തെങ്കിലും പറയുകയുണ്ടായോ?”
ഇടംകയ്യിലെ തള്ള വിരലിൻ്റെയും ചൂണ്ടുവിരലിൻ്റെയും അഗ്രങ്ങൾ കൊണ്ട് വലത്തേ നാസാസാദ്വാരത്തിന്റെ അരികുകളിൽ ഒരു പര്യവേഷണം നടത്തിക്കൊണ്ട് മൊയ്തീൻകുട്ടി പറഞ്ഞു.
“ഓ..തീർച്ചയായും. ഉപ്പ നല്ലൊരു കന്ന് വൈദ്യനായിരുന്നു. ബുദ്ധിമാനും.”
“അതും കൂടി ഒന്ന് പറയുമോ” ആകാംഷ കെട്ടുപൊട്ടിച്ചു.
അത് ഒരു ശാസ്ത്രോണ്. കുട്ടീൻ്റെ കാര്യത്തില് പശൂന് വല്യ റോളില്ല്യ. കാളക്കണ് റോള്. എല്ലാ പശുക്കൾക്കും ഒരു അണ്ഡമുണ്ടാകും. കാളേണ് കുട്ടി ആണോണോ പെണ്ണോണോന്നു ഒറപ്പിക്കണത്”
“അതെങ്ങനെ?”
“ഉപ്പ പറഞ്ഞത് കാളക്ക് രണ്ട് തരം ബീജംണ്ടെന്നണ്. ആണും പെണ്ണും. അപ്പൊ കാള ചവിട്ടുമ്പോ ഈ ബീജങ്ങൾ അണ്ഡത്തിൻ്റെ നേരെ ഒരു ഓട്ട വാശി നടത്തും. അതിൽ ഏതണോ ആദ്യം പശൂൻ്റെ അണ്ഡത്തിൽ എത്തണത് ആ അണ്ഡമായിരിക്കും കുട്ടി ഏതണെന്ന് തീരുമാനിക്യ. മനസ്സിലായോ?”
“ഇത് ബയോളജിയല്ലേ. എനിക്ക് മനസ്സിലായി. പക്ഷെ സൂര്യനും കിഴക്കുഭാഗവും ഒക്കെ?”
“പറയാ.. സൂര്യന് ഒരു പവറുണ്ട്. ഈ ബീജങ്ങളെ അത് ആകർഷിക്കും. എന്നാലും പെൺ ബീജങ്ങളെ കൂടുതലായി വലിക്കും. അപ്പൊ മാടിനെ കെഴക്കോട്ട് തിരിച്ച് നിർത്തുമ്പൊ അതിൻ്റെ അണ്ഡത്തില് ആദ്യം കേറണത് പെൺ ബീജമായിരുക്കുമത്രേ. ഇനി മാടിനെ വേറെ എവടക്കെങ്കിലും തിരിച്ച് നിർത്ത്യാ ആൺ ബീജം ഓട്ടത്തിൽ ജയിക്കും. കാരണം പെൺ ബീജത്തിനെ സൂര്യൻ അതിൻ്റെ നേരെ വലിക്കും.”
“സൂര്യൻ എത്രയോ ലക്ഷം കിലോമീറ്റർ അകലെയല്ലേ ഭൂമിയിലുള്ള പശുവിൻ്റെ വയറ്റിലെ ബീജത്തെ വലിക്കാൻ അതിനു പറ്റ്വോ മൊയ്തീനെ?.”
“നീ നോക്ക്.. ചന്ദ്രനും അത് പോലെന്നല്ലേ? കടലിലെ വേലിയേറ്റം ണ്ടാക്കാൻ അതിന് പറ്റണില്ല്യേ?”
നെനക്ക് ഇപ്പൊ പശുക്കുട്ടിയെ കിട്ടിയാ പോരെ. നെൻ്റെ മാട് പെറണത് ആനാവ് കുട്ടി തന്നെന്നുള്ള
കാര്യത്തിൽ സംശയേ വേണ്ട.”
എനിക്ക് വേണ്ട വിശദീകരണം കിട്ടിക്കഴിഞ്ഞു. എനിക്ക് ഒരു കാര്യം കൂടി അറിയാതെ മോയ്തീനോട് യാത്ര പറയാൻ കഴിയില്ല. വർദ്ധിതമായ ആകാംഷയോടെ ഞാൻ ചോദിച്ചു.
“മൊയ്തീനെ എന്റെ ഒരു സംശയം കൂടി ഞാൻ ചോദിക്കട്ടെ ?”
“നീ ചോയ്‌ച്ചോ. എനിക്കറിയാവുന്നതാണെങ്കിൽ പറയാം.”
“ഈ ശാസ്ത്രം മനുഷ്യനിൽ പ്രായോഗികമാണോ.?”
“തീർച്ചയായും.”
അവൻ്റെ പ്രതികരണം ഉറച്ചതായിരുന്നു.
എൻ്റെ അവസാനത്തെ ആകാംഷ ചോദ്യമായി പൊട്ടിച്ചാടി.
” ഈ കാര്യത്തിൽ നിനക്ക് എന്തെങ്കിലും തെളിവ്തരാൻ പറ്റുമോ.?
മൊയ്തീൻ കുട്ടി അവന്റെ മഞ്ഞ പല്ലുകൾ വെളിയിൽ കാട്ടി മാറത്തെ രോമരാശിയിൽ വർത്തുളാകൃതിയിൽ തടവിക്കൊണ്ട് നിഷ്കളങ്കമായ ഒന്ന് ചിരിച്ചു.ആ ചിരിയിൽ മൊയ്‌തീൻ കുട്ടിയും ഏഴു സഹോദരന്മാരും ഒരു വെളിപാടു പോലെ എന്റെ കണ്ണിൽ തെളിഞ്ഞു വന്നു.