1
പൊക്കക്കുറവിൽ പൊക്കം
നീളക്കുറവിൽ ഉണ്ണിക്കവിത
ഹിമാലയത്തിൻ കണ്ണുണ്ണി നീ
മലയാളത്തിൻ പൊന്നുണ്ണി
2
എല്ലാമായൊരു ഇല്ലായ്മ
എങ്കിലുമിവിടൊരു വല്ലായ്മ
മായയ്ക്കുണ്ടൊരു വാലായ്മ
പാണ്ടൻ നായയ്ക്കുണ്ടൊരു വയ്യായ്ക
3
ഏകാന്തഭക്തി വിരിഞ്ഞ നെറ്റിയിൽ
ഏകഭസ്മരേഖ പൂശി നടക്കും ഏകാകി നീ
കട്ടിക്കണ്ണടക്കുള്ളിൽ ദർശനത്തിന്റെ
നേത്രങ്ങളേതോ വിസ്മയത്തുമ്പത്ത് !
വടിക്കാത്ത താടിക്കിടയിൽ
ഭാവചാപല്യങ്ങൾക്കിടം നിഷേധിക്കും ബ്രഹ്മചാരിച്ചുണ്ടുകൾ
സ്വച്ഛന്ദവിഹാരി, നീ കവിതക്കാവിലെ പൂജാരി!
ഈരേഴു പതിനാലു കൊല്ലം പോയി
കുറുങ്കവിതകളുടെ ബാദുഷ
പടിയിറങ്ങിപ്പോയിട്ട്!
ഋജുമലയാണ്മയിൽ കുറുക്കിയെഴുതാനും
കുട്ടികളോടൊപ്പം നീട്ടിച്ചൊല്ലാനും
ഇനിയൊരിക്കൽക്കൂടി നിളക്കരയിൽ
ഒരതിഥിയായി എത്തുമോ നമ്മുടെ കുഞ്ഞുണ്ണിമാഷ് !!
4
ആയുസ്സിന്റെ ചില്ലറ
ആത്‌മാവിന്റെ പൊന്നറ
പൊന്നറ തേടിയിറങ്ങാതെ
വീണുമയങ്ങി വെള്ളിച്ചില്ലറയിൽ
ഞെട്ടിയുണർന്നൂ കല്ലറയിൽ!
കല്ലറ എല്ലുംകൊട്ടിൻ കലവറ
സത്യത്തിൻ തറപറയറിയുന്നോനത് നിറപറ
5
ഒരിക്കൽ ഗുരു കുഞ്ഞുണ്ണി
ഇവന്റെ പേർക്കൊരു കാർഡിൽ :
തനിക്ക് എഴുതാൻ കഴിയും ;
വിടാതെ കൂടിക്കോളൂ !
കല്പന ശിരസാ വഹിച്ചു
വിടാതെ ചുറ്റിപ്പറ്റിയിട്ടെന്താ,
കാവ്യമങ്കയുടെ പൂർണ്ണകുംഭക്കൊങ്കകൾ
പിടിയൊട്ടും തരാതെ കൊതിപ്പിക്കുകയല്ലേ
പൊക്കിൾകുഴിക്കക്കരെ………..!
6
മരുഭൂവിലെ കണ്ണീർപ്പാടത്ത്
കവിതപ്പെണ്ണേ
വിതയ്ക്കൂ നീ
പച്ചപ്പും അത് കാണാനൊരു
പച്ചക്കണ്ണും തന്ന് മയക്കൂ നീ.
കവിതപ്പെണ്ണേ
പാടൂ നീ
കേൾക്കാനിരു കാതും
തന്ന് മയക്കൂ നീ.
കവിതപ്പെണ്ണേ,യുണർത്തൂ
സ്വപ്നാടകനാമെന്നെ, മെല്ലെ നീ,
ഋതലോകത്തേക്ക് തെളിക്കൂ!
കവിതയുടെ ആന്തരിക സൗന്ദര്യത്തിൽ ഏറെ ഗാംഭീര്യം നിറഞ്ഞു നിൽക്കുന്ന കുഞ്ഞുണ്ണിമാഷിനിന്റെ ഓർമ്മ പുതുക്കുന്ന നിറക്കൂട്ടുകൾ. വായനക്കാരന്റെ മനസ്സിനെ സ്വാധിനിക്കുന്നതും…….
വേണുമാഷിന് അഭിനന്ദനങ്ങൾ ?
Very nice
The depth and breadth is highly appreciable
Keep it up