പ്രിയപ്പെട്ട ബാബു ആലപ്പുഴ


വളരെ അപ്രതീക്ഷിതമായാണ് കഥാകൃത്തും കാർട്ടൂണിസ്റ്റുമായ ബാബുവിന്റെ വിയോഗ വാർത്ത അറിഞ്ഞത്.എന്റെ ഏറവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. പുഴ ഓൺലൈൻ മാഗസിനിലെയും ഹാസ്യകൈരളി മാസികയിലെയും സ്ഥിര സാന്നിദ്ധ്യമായിരുന്നു..മിക്കവാറും ഞങ്ങളുടെ നർമ്മകഥകൾ ഒന്നിച്ച് അല്ലെങ്കിൽ അടുത്തടുത്ത് വന്നു കൊണ്ടിരുന്നു. ഏതെങ്കിലും പുതിയ ഹാസ്യപ്രസിദ്ധീകരണത്തെപ്പറ്റി അറിഞ്ഞാൽ അഡ്രസ്സ് അറിയില്ലെങ്കിൽ എന്നെ വിളിച്ചു ചോദിക്കും.’’തമാശ’’ മാസിക അങ്ങനെ അദ്ദേഹം അഡ്രസ് വാങ്ങിയ ഒരു പ്രസിദ്ധീകരണമാണ്.അതിന് ശേഷം അദ്ദേഹത്തിന്റെ കഥകളും കാർട്ടൂണുകളും നിരന്തരം അതിൽ വന്നു കൊണ്ടിരുന്നു.ഒരിക്കൽ ബാബുവിന്റെ ഫോൺ കോൾ. ’ഇത്തവണത്തെ തമാശയിൽ എന്റെ പേരിൽ രണ്ടു കഥകൾ വന്നിട്ടുണ്ട്.അതിൽ ഒന്ന് മാത്രമേ എന്റെതുള്ളൂ,മറ്റേ കഥ വായിച്ചിട്ട് നിങ്ങളുടെതാണെന്ന് തോന്നുന്നു.’’
ഉടനെ തന്നെ ഞാൻ തമാശയുടെ കോപ്പി സംഘടിപ്പിച്ചു നോക്കി, ശരിയാണ്, എന്റെ കഥ തന്നെയാണ്, പത്രാധിപർക്ക് മനസ്സിലായില്ലെങ്കിലും ബാബുവിന് വായിച്ചപ്പോൾ തന്നെ എന്റെ ശൈലി മനസ്സിലായി.കൂടുതൽ ഹാസ്യസാഹിത്യ രംഗത്ത് പ്രവർത്തിച്ചിരുന്നവരും ഒരേ നാട്ടുകാരുമായതു കൊണ്ടായിരുന്നിരിക്കാം ഈ ആത്മബന്ധം ഉണ്ടായത്. ഹാസ്യകൈരളിയിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അയൽവാസികളും ഒരേ പഞ്ചായത്തുകാരുമണെന്ന് അറിയുന്നത് പിന്നീടാണ്.
പാക്കാനാർ, ഹാസ്യകൈരളി തുടങ്ങിയവയുടെ പത്രാധിപരായ മോഹൻ സാർ ഞങ്ങളെ രണ്ടുപേരെയും ഒന്നുപോലെ പ്രോൽസാഹിപ്പിച്ചിരുന്ന ആളാണ്. ’’നിങ്ങളുടെ കഥകൾ അൽപം താമസിച്ചു കൊടുത്താലും കുഴപ്പമില്ല,എപ്പോഴും പ്രസക്തിയുള്ളതാണ് അതിലെ പ്രമേയം’’ സാർ ഒരിക്കൽ പറഞ്ഞതോർക്കുന്നു. എന്റെ ഒരു പുസ്തകപ്രകാശനത്തിന് മോഹൻ സാർ എന്റെ നാടിൽ വന്നിരുന്നു, അന്നും ബാബു നേരത്തെ എത്തി. സാറുമായി സംസാരിക്കാനും പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനും…എന്റെ ആദ്യ പുസ്തകപ്രകാശന ചടങ്ങിൽ ബാബു കഥ വായിച്ച കാര്യം എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞു.
എന്റെ ഓരോ പ്രകാശന ചടങ്ങിനും ഹാസ്യവുമായി ബന്ധപ്പെട്ട പ്രമുഖരെ കൊണ്ടു വരാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുഞാൻ നാട്ടിൽ നിന്ന് താമസം മാറിയെങ്കിലും എല്ലാ പ്രകാശന ചടങ്ങുകളും നടത്തിയത് മണ്ണഞ്ചേരിയിലെ വൈ.എം.എ.ഗ്രന്ഥശാലയിൽ വെച്ചാണ്.എന്റെ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിച്ചത് ആ ഗ്രന്ഥശാലയും കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു..സുകുമാർ സാർ,ചെമ്മ്നം ചാക്കോ സാർ, പി.സി.സനൽകുമാർ, സ്പീഡ്സ്പീട്ടൂണിസ്റ്റ് ജിതേഷ്, നൂറനാട് മോഹൻ തുടങ്ങി പലരും എത്തിയപ്പോൾ അതിലെല്ലാം ആദ്യവാസനക്കരനായി ബാബു ഉണ്ടായിരുന്നു.പ്രമുഖ ഹാസ്യകാരൻമാരെയും പത്രാധിപൻമാരെയും കാർട്ടൂണിസ്റ്റുകളെയുമൊക്കെ പരിചപ്പെടാനും പരിചയം പുതുക്കാനുമൊക്കെ കഴിയുന്നതിൽ അദ്ദേഹത്തിനും സന്തോഷമായിരുന്നു.കാരണം ഞങ്ങളും ആ സാഹിത്യ ശാഖയുടെ ഇങ്ങേയറ്റത്തൂള്ള രണ്ടു പേരാണെന്ന് വിശ്വസിക്കുന്നവരാണല്ലോ ഞങ്ങൾ?

ലേഖകൻ

 

 

പ്രകാശന ചടങ്ങുകളിൽ മാത്രമല്ല എന്റെ ഒരു പുസ്തകം സിനിമയായപ്പോൾ അതിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം,അതിന്റെ ആഡിയോ റിലീസിന്.. അങ്ങനെ ഏതു പരിപാടിക്കും ബാബു ആദ്യമെത്തുമായിരുന്നു. അതിന് നേരിട്ടുള്ള ക്ഷണമൊന്നും അദ്ദേഹത്തിന് ആവശ്യമായിരുന്നില്ല.എങ്ങനെ അറിഞ്ഞാലും ബാബു എത്തിക്കൊള്ളും. എന്റെ കാര്യത്തിൽ മാത്രമല്ല,ചെറിയ പരിചയമുള്ളവരാണെങ്കിലും അദ്ദേഹം ഇങ്ങനെ തന്നെയാണ് ചെയ്യുക.
നാട്ടിലെയും അയൽ നാടുകളിലെയും ചെറുതും വലുതുമായ എല്ലാ സാഹിത്യ സദസ്സുകളിലും അദ്ദേഹം ഓടിയെത്തുകയും കഥകൾ അവതരിപ്പിക്കുകയും ചെയ്യും.തിരക്കുകൾക്കിടയിൽ നമുക്ക് പലപ്പോഴും നടക്കാതിരിക്കുന്ന കാര്യം ബാബു ഇത്ര കൃത്യതയോടെ എങ്ങനെ ചെയ്യുന്നു എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നിട്ടും ആ ഭാവമൊന്നും ഒരിക്കലും കാണിച്ചിട്ടില്ല,ലളിതമായിരുന്നു വേഷം..മനസ്സും. ആരുടെയും ഉയർച്ചയിൽ അസൂയയില്ല.ആരുടെ സൃഷ്ടിയാണെങ്കിലും എവിടെ കണ്ടാലും അത് വിളിച്ച് പറയും.അഭിപ്രായം പറയും. ജനയുഗം വാരാന്തപ്പതിപ്പിൽ വന്ന ഒരു കഥ ഉൾപ്പെടെ ചിലതൊക്കെ അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് പ്രസിദ്ധീകരിച്ച കാര്യം അറിഞ്ഞതു തന്നെ.ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൽ വന്ന ‘’മറ്റേമ്മയുടെ കണക്കുപുസ്തകം’’എന്ന എന്റെ അനുഭവക്കുറിപ്പ് എന്തുകൊണ്ടോ അൽപം താമസിച്ചാണ് ബാബു കണ്ടത്.കണ്ട ആ നിമിഷം തന്നെ എന്നെ വിളിച്ചു അഭിപ്രായമറിയിച്ചു.
അതായിരുന്നു ഞങ്ങൾ തമ്മിൽ നടത്തിയ അവസാന സംഭാഷണമെന്ന് എനിക്കു തോന്നുന്നു ലോക്ക്ഡൗണായിരുന്നതിനാൽ കുറനാളായി അദ്ദേഹത്തെ കണ്ടിട്ട്..അല്ലെങ്കിൽ ഗ്രന്ഥ ശാലകളിൽ,ബസ്സ്റ്റാന്റിൽ.. അങ്ങിനെ ഇടയ്ക്ക് എവിടെയെങ്കിലും വെച്ച് ബാബുവിനെ കാണുമായിരുന്നു..ഏതെങ്കിലും സാഹിത്യ സദസ്സുകളിൽ പോകുന്ന വഴിയാകാം,അല്ലെങ്കിൽ പോയിട്ട് വരുന്ന വഴിയാകാം..
ഏതായാലും ഇനി അങ്ങനെ കാണാൻ ബാബു ഇല്ല. പുഴ മാഗസിനിലും ഹാസ്യകൈരളിയിലുമൊക്കെ മൽസരിച്ച് കഥകൾ പ്രസിദ്ധീകരിക്കാനും അഭിപ്രായം പറയാനും അദ്ദേഹം കൂടെയീല്ലല്ലോ എന്ന ദുഖം എനിക്കുണ്ട്. ഒരേ മേഖലയിൽ പ്രവർത്തിച്ചിരുന്നവരായിട്ടും ഒരിക്കലും വിദ്വേഷമോ അസൂയയോ മനസ്സിൽ കടന്നു വന്നിട്ടില്ല.അത് അദ്ദേഹത്തിന്റെ നിഷ്കളങ്കത കൊണ്ടാകാം.ഒന്നിച്ചു കൂടെ നിന്നിട്ട് പെട്ടെന്ന് അപ്രത്യക്ഷമായതു പോലെയുള്ള ആ ശൂന്യത ഒരു തീരാദു:ഖമായി എന്നും മനസ്സിൽ നിൽക്കും..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചരിത്രപണ്ഡിതൻ ഡോ. ഹരി വാസുദേവൻ കോവിഡ്- 19 ബാധിച്ച് കൊൽക്കത്തയിൾ അന്തരിച്ചു
Next articleഅമേരിക്കൻ ആരോഗ്യ രംഗത്തെ ഇന്ത്യൻ നഴ്സസ് സാന്നിധ്യം അറിയാൻ നാഷണൽ സർവ്വേ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here