മലയാള കവിതയെ ആധുനികതയുടെ വിചിത്ര ലോകത്തെക്ക് കൈ പിടിച്ചു നടത്തിയ ബഹുമുഖ പ്രതിഭയായിരുന്നു അയ്യപ്പപ്പണിക്കർ, കവിതയും നിരൂപണവും തുടങ്ങി പണിക്കർ കൈ വെക്കാത്ത മേഖലകൾ കുറവാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹത്തിൻറെ കഴിവ് ഏറെ പ്രശസ്തവുമായിരുന്നു. കവിതയിൽ അന്നുവരെ കാണാതിരുന്ന രീതികളും സ്വാതന്ത്ര്യങ്ങളും പണിക്കർ സ്വീകരിച്ചു. കവിതയുടെ വ്യാപ്തിയും ആഴവും മലയാളി മനസ്സിലാക്കിയത് അതിലൂടെയായിരുന്നു .ലോക കാവ്യാ വേദികളിൽ മലയാള കവിതയെയും ഇന്ത്യൻ കവിതയെയും അഭിമാനത്തോടെ പരിചയപ്പെടുത്തിയതും അയ്യപ്പപ്പണിക്കാരായിരുന്നു.പണിക്കരുടെ ചരമവാർഷിക ദിനം മലയാളി ഓർക്കുമ്പോൾ കവിതയുടെ മാറ്റൊലിയാണ് കേൾക്കുന്നത്
1930 സെപ്റ്റംബര്‍ 12ന് ആലപ്പുഴ ജില്ലയിലെ കാവാലത്തായിരുന്നു ജനനം. തിരുവനന്തപുരം എംജി കോളേജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. പിന്നീട് കേരള സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്നു. 1960-ല്‍ ദേശബന്ധു വാരികയില്‍ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് ആധുനിക മലയാള കവിതയുടെ ആധാരശില. ഗോത്രയാനം, പൂക്കാതിരിക്കാന്‍ എനിക്കാവില്ല, ജീബാനന്ദദാസ്, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ കഥകളും മഹാരാജ കഥകളും, പൂച്ചയും ഷേക്‌സ്പിയറും എന്നിവയാണ് പ്രധാന കൃതികള്‍. 2006 ഓഗസ്റ്റ് 23-ന് അദ്ദേഹം അന്തരിച്ചു.