ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ബ്രീട്ടിഷ് നോവലിസ്റ്റായ കസുവോ ഇഷിഗുറോ സാഹിത്യത്തിനുള്ള ഇത്തവണത്തെ നോബൽ സമ്മാനം സ്വീകരിച്ചത്.ദിവസത്തിന്റെ അവശിഷ്ടങ്ങൾ എന്ന കൃതിക്ക് 1989 ലെ മാൻ ബുക്കർ പ്രൈസ് നേടിയ ജാപ്പനീസ് വംശജനായ ഇഷിഗുറോ ഞാറാഴ്ച്ചയാണ് ലോകത്തിലെ ഏറ്റവും പേരുകേട്ട സാഹിത്യ സമ്മാനം സ്വീകരിച്ചത്.
സ്റ്റോക്ക്ഹോമിൽ നടന്ന ചടങ്ങിൽ സ്വീഡിഷ് രാജാവിന്റെ കയ്യിൽ നിന്ന് 63 വയസ്സുകാരനായ ഇഷിഗുറോ ബഹുമതി ഏറ്റുവാങ്ങി. ലോകത്തിനോട് മനുഷ്യനുള്ള കൺകെട്ടിന് സമാനമായ ബന്ധത്തിന് പിന്നിലുള്ള ഗർത്തത്തെ അനാവരണം ചെയ്യുന്ന വൈകാരികതയുടെ ഒഴുക്ക് നിറഞ്ഞ കൃതികളാണ് ഇഷിഗുറോയുടേത് എന്ന് സ്വീഡിഷ് അക്കാദമി അഭിപ്രായപ്പെട്ടു.
ഓർമ്മ,സമയം,വ്യക്തിയുടെ മിഥ്യാബോധം എന്നിവയെ കേന്ദ്രീകരിച്ചാണ് ഈ നോവലിസ്റ്റിന്റെ കൃതികൾ ഏറെയും മുന്നോട്ടു നീങ്ങുന്നത്.ജപ്പാനിലെ ദുരന്ത മേഖലയായ നാഗസാക്കിയിലും ജനിച്ച ഇഷിഗുറോ അഞ്ചാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം ലണ്ടനിലേക്ക് എത്തിപ്പെട്ടു. ഇഷിഗുറോയുടെ ആദ്യ രണ്ടു നോവലുകളിലും ജപ്പാൻ എന്ന ഭൂമിക സജീവ സാന്നിധ്യമായി കടന്നു വരുന്നുണ്ട്. അകലെയുള്ള ബന്ധുക്കളേയും പ്രിയപ്പെട്ടവരെയും പറ്റി അഭിമുഖങ്ങളിലും മറ്റും ആവേശത്തോടെയാണ് ഈ എഴുത്തുകാരൻ സംസാരിക്കാറുള്ളത്.
തീരെ ചെറിയ പ്രായത്തിൽ ആദ്യമായി നോബൽ സമ്മാനത്തെപ്പറ്റി തന്റെ അമ്മയിൽ നിന്നും കേട്ടതിനെപ്പറ്റി നോബൽ സമ്മാനം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിൽ എഴുത്തുകാരൻ ഓർക്കുന്നുണ്ട്. അന്ന് 5 വയസ്സായിരുന്നു ഇഷിഗുറോയുടെ പ്രായം.രാജ്യത്തിൽ നിന്നുള്ള ഒരാൾക്ക് ഒളിമ്പിക്സിൽ മെഡൽ ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഒരാൾക്ക് നോബൽ സമ്മാനം ലഭിക്കുമ്പോളുള്ള പ്രതികരണം എന്നും ഇഷിഗുറോ കൂട്ടിച്ചേർത്തു.
1982 ൽ പുറത്തിറങ്ങിയ ആദ്യ നോവലിൽ തന്നെ അറ്റോമിക് ബോംബിങ്ങിന് ശേഷമുള്ള നാഗസാക്കിയിൽ നിന്ന് വരുന്ന ഒരുവളുടെ കഥയാണ് നോവലിസ്റ്റ് പറയുന്നത്. ഒരു നഗരത്തിന്റെ ഭൗതികവും ആത്മീയവുമായ മുറിവുകളെ ‘എ പെയിൽ വ്യൂ ഓഫ് ദി ഹിൽസ്’ പരിശോധിക്കുന്നു.
യുദ്ധത്തിന് ശേഷം ഉള്ള ജപ്പാനിലെ ഒരു പെയിന്ററുടെ കഥയാണ് 1986 ൽ പുറത്തിറങ്ങിയ ‘ആൻ ആർട്ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിങ് വേൾഡ് ‘ പറയുന്നത്.മാൻ ബുക്കർ പ്രൈസ് നേടിയ ‘റിമെയിൻസ് ഓഫ് ദി ഡേ’ എന്ന കൃതിയാവട്ടെ പോസ്റ്റ് വാർ ബ്രിട്ടനിലെ ഒരു പാചകക്കാരന്റെ കഥയാണ് പറയുന്നത്.ഇത് പിന്നീട് 1993ൽ ആന്റണി ഹോപ്കിൻസിന്റെ നായകവേഷത്തിൽ സിനിമയായി. ‘നെവർ ലെറ്റ് മി ഗോ’ എന്ന സയൻസ് ഫിക്ഷൻ നോവലും വെള്ളിത്തിരയിലേക്ക് രൂപം മാറിയ ഇഷിഗുറോ രചനയാണ്.അവയവങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു കൂട്ടം ക്ലോണുകളുടെ കഥയാണ് കൃതി പറയുന്നത്. ഇഷിഗുറോയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ കൃതി 2015ൽ പ്രസിദ്ധീകരിച്ച ‘ബറീഡ് ജയ’ന്റാണ്
പരിപാടിയോടനുബന്ധിച്ച് വേർതിരിവുകളുടെ ഈ ലോകത്തിൽ സാഹിത്യത്തിന്റെ ആവശ്യകതയെപ്പറ്റിയായിരുന്നു ഇഷിഗുറോയിക്ക് പറയാനുണ്ടായിരുന്നത്.നല്ല എഴുത്തും നല്ല വായനയും വേലിക്കെട്ടുകൾ തകർക്കും അദ്ദേഹം കൂട്ടിച്ചേർത്തു.