അമേരിക്കയുടെ അവശിഷ്ടങ്ങൾ

അമേരിക്ക ഇന്ന് സ്വാതന്ത്ര്യത്തിൻ്റെ 244 വർഷങ്ങൾ പിന്നിട്ടു. ജൂലൈ 4 എന്നാൽ സാധാരണ സമയങ്ങളിൽ അമേരിക്കയിൽ ഒരു വലിയ ആഘോഷത്തിൻ്റെ ദിവസമാണ്. വേനലിൻ്റെയും അവധിക്കാലത്തിൻ്റെയും ഊഷ്മളതയിൽ കൂട്ടുകാരും വീട്ടുകാരും ചേർന്ന് ബാർബിക്യൂ ചെയ്യാനും ലിറ്റർ കണക്കിന്‌ ബിയർ കുടിക്കാനും, പിന്നെ അതിൻ്റെ അലസതയിൽ വൈകുന്നേരം വൻ നഗരങ്ങൾ മുതൽ ചെറുപട്ടണങ്ങൾ വരെ സംഘടിപ്പിക്കുന്ന വെടിക്കെട്ടുകൾ കാണാൻ പോകുന്ന രസങ്ങളുമാണ് എല്ലാവരുടെയും ഓർമയിൽ പൊന്തിവരിക.

ഇക്കൊല്ലം അത്തരം ആഘോഷങ്ങൽക്കൊന്നും സ്ഥാനമില്ലായിരുന്നു. സാധാരണ ചെറുതും വലുതുമായ ധാരാളം വെടി മരുന്നു പ്രകടനങ്ങൾ ആകാശത്ത് അരങ്കേറുന്നത് കാണാം, ഇപ്രാവശ്യം അവിടെ  നക്ഷത്രങ്ങൾ മാത്രം.

അമേരിക്ക ഇപ്പോൾ ഒരു അസാധാരണകാലത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനക്കും ജനാധിപത്യക്രമങ്ങൾക്കും യാതൊരു വിലകൽപ്പിക്കാത്ത ഒരു പ്രസിഡൻ്റും അയാളെ കണ്ണടച്ച് പിന്താങ്ങുന്ന റിപ്പബ്ളിക്കൻ പാർട്ടിയിലെ ഒരു വലിയ വിഭാഗവും രണ്ടര നൂറ്റാണ്ട് പഴക്കമുള്ള ഒരു ജനാധിപത്യ പരീക്ഷണത്തെ വെറും മൂന്നു വർഷങ്ങൾകൊണ്ട് തകർക്കുമെന്ന നിലയിലായിട്ടുണ്ട്. കൊറോണാ വൈറസിനെയും പോലീസ് അതിക്രമത്തെയും നേരിടാനുള്ള അമേരിക്കൻ ഭരണക്രമത്തിൻ്റെ കഴിവുകേട്‌ അമേരിക്കൻ ജനാധിപത്യത്തിൻ്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിൽ ചെന്നെത്തിയിരിക്കുന്നു

ഏറ്റവും പഴയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടാമെങ്കിലും അമേരിക്കൻ ജനതയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ജോർജ് ഫ്ളോയിഡിൻ്റെ പോലീസിൻ്റെ കൈകൊണ്ടുള്ള  അതിക്രുരമായ  മരണം തെളിയിക്കപ്പെട്ടത്. രാജ്യത്തിനു പുറത്ത് ഏകാധിപതികളെയും രാജാക്കന്മാരെയുമെല്ലാം  സംരക്ഷിക്കാനും താങ്ങിനിർത്താനും അമേരിക്കക്ക്  യാതൊരു ധാർമികപ്രധിബന്ധങ്ങളും ഒരിക്കലും ഉണ്ടായിട്ടില്ല. അതെല്ലാം അമേരിക്കയുടെ നിലനിൽപ്പിന് ആവശ്യമാണ് എന്ന ന്യായം നിരത്താറുമുണ്ട്.

പക്ഷേ, യാഥാർത്യം എന്തൊക്കെ ആയാലും അമേരിക്ക സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും ഒരു ദീപസ്തംഭമായി, അമേരിക്കൻ പരീക്ഷണത്തിൽ അനുരാഗബദ്ധരായ ഫ്രഞ്ചുകാർ സ്റ്റാച്യൂ ഓഫ് ലിബേർട്ടി കൊടുത്തയച്ച കാലം മുതൽ നിലകൊണ്ടിട്ടുണ്ട്. സൽമാൻ റഷ്ദി ഈയിടെ വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയതു പോലെ ഭരണഘടന ഉറപ്പു വരുത്തുന്ന, വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമാണ് അമേരിക്കയെ മറ്റു ജനാധിപത്യരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ജോർജ് ഫ്ളോയിഡിൻ്റെ പോലീസിൻ്റെ കൈകൊണ്ടുള്ള മരണം കറുത്തവർ അനുഭവിക്കുന്ന വിവേചനത്തിൻ്റെ അളവ് ലോകത്തിൻ്റെ മുമ്പിൽ മറനീക്കി  പുറത്തു കൊണ്ടുവന്നു.

പോലീസ് ക്രൂരതക്കെതിരെ  പ്രതികരിച്ചവരിൽ നല്ലൊരു പങ്ക് വെളുത്തവർ തന്നെയാണെന്നുള്ളതാണ് അമേരിക്കയുടെ അവശിഷ്ടത്തിൽ കണ്ട ഹൃദ്യമായ ഒരു കാര്യം. പക്ഷേ, മൗണ്ട് റഷ്മോറിൽ നിന്നുകൊണ്ട് തൻ്റെ സ്വാതന്ത്ര്യ ദിന സന്ദേശം ജനങ്ങളെ കൂടുതൽ ഭിന്നിപ്പിക്കാൻ വേണ്ടിയാണ് ട്രംമ്പ് ഉപയോഗിച്ചത്. അങ്ങനെ വംശീയ വിദ്വേഷം ആളിക്കത്തിച്ച് അത് നവംബറിലെ തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ടാക്കി മാറ്റുവാനും.

ഇത്തവണ അമേരിക്കക്കാർ ട്രംമ്പിൻ്റെ ചതിക്കുഴിയിൽ വീഴില്ല എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. അടുത്തകാലത്ത്  ഒറ്റൊരു പോളിൽ പോലും ട്രംമ്പ് മുന്നിലല്ല. ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ 10% -ൽ അധികം ലീഡാണ് പല പോളുകളിലും. അത്തരമൊരു താഴ്ചയിൽ നിന്ന് ട്രംമ്പ് രക്ഷപ്പെടണമെങ്കിൽ നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് കാര്യമായി എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കണം.

ട്രംമ്പ് നവംമ്പറിൽ തോൽക്കും എന്ന് കരുതിയാൽ തന്നെ അയാൾ അവശേഷിച്ചിട്ട് പോകുന്ന അമേരിക്ക ശരിക്കും പരീക്ഷിണിതമായ ഒരു രാജ്യമായിരിക്കും. എന്തിനേയും നേരിടാൻ കഴിവുള്ള അതിശക്തമായ ഒരു രാജ്യം എന്നുണ്ടായിരുന്ന അതിൻ്റെ പ്രതിച്ഛായ ലോകമെങ്ങും ഒരു തലമുറയുടെ മുമ്പിൽ നഷ്ടമായി. സർവാധിപത്യക്രമങ്ങളായ റഷ്യക്കും ചൈനക്കും യഥാക്രമം യൂറോപ്പിലും ഏഷ്യയിലും മുൻകൈ കിട്ടി.  റഷ്യക്കെതിരെ ട്രംമ്പ്  ഒന്നും ചെയ്യാതെ ഇരുന്നപ്പോൾ ചൈനക്കെതിരെയുള്ള നീക്കങ്ങൾ തൻ്റെ അണികളെ കാണിക്കാനുള്ള തട്ടിപ്പാണെന്ന് അടുത്തയിടെ തെളിയിക്കപ്പെട്ടു. തൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ചൈനക്കുവേണ്ടി എന്തു ചെയ്തുകൊടുക്കാനും ട്രംമ്പ് തയ്യാറായിരുന്നു.

അമേരിക്കയിലെ താറുമാറായിരുന്ന ആരോഗ്യ രംഗത്ത് കുറച്ചെങ്കിലും പരിഹാരമായിരുന്നു കഴിഞ്ഞ പത്തുകൊല്ലത്തോളമായി പ്രാബല്യത്തിലുള്ള ഒബാമ കെയർ. അതിനെ എങ്ങനെയെങ്കിലും പൊളിക്കുക എന്നത് ട്രംമ്പിൻ്റെ മാത്രമല്ല, റിപ്പബ്ളിക്കൻ പാർട്ടിയുടെ തന്നെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. അതിൻ്റെ പല വശങ്ങളും കോടതിയുടെ സഹായത്തോടെ അവർക്ക് നിയമവിരുദ്ധമാക്കാനും കഴിഞ്ഞു. അധികം താമസിയാതെ സുപ്രീം കോടതി ഒബാമ കെയർ മൊത്തത്തിൽ നിയമാനുസൃതമാണോ എന്ന് വിധിക്കും. ട്രംമ്പ് നിയമിച്ച രണ്ട് ജഡ്ജുമാർ ഇരിക്കുന്ന സുപ്രീം കോർട്ട് ആ നിയമത്തെ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ചാൽ ദശലക്ഷക്കണക്കിന് അമേരിക്കാർക്ക് ആരോഗ്യപരിരക്ഷണം നഷ്ടപ്പെടും.

ഫെഡറൽ കോർട്ടുകളിൽ ട്രംമ്പ് നിയമിച്ച 200-ൽ അധികം ജഡ്ജുമാരാണ് അമേരിക്കയുടെ ബാധ്യതയായി വളരെക്കാലം ഉണ്ടാകുക. ഏതു പുതിയ നിയമത്തെയും യാതൊരു സാമൂഹിക ബാധ്യതയുമില്ലാത്ത  ഇവർക്ക് ഭരണഘടനാവിരുദ്ധമെന്ന് വിളിച്ച് തള്ളിക്കളയാം.  ഭാവിയിൽ വരുന്ന ഏതു പുരോഗമന സർക്കാറുകളുടെയും പ്രതിയോഗികൾ ആയിരിക്കും ഇവർ.

ആന കേറിയ കരിമ്പിൻ തോട്ടം പോലെയാണ് മൂന്നരക്കൊല്ലത്തെ ട്രംമ്പ്  ഭരണത്തിനു ശേഷം അമേരിക്ക കിടക്കുന്നത്. ആ പരിതാപകരമായ അവസ്ഥയിൽ നിന്ന് കരകയറാനുള്ള കരുത്ത് അമേരിക്കക്ക് ഉണ്ട്, അതിന് പ്രാപ്തരായവർ മുന്നിരയിൽ നിന്ന് നയിച്ചാൽ. ജോ ബൈഡൻ വിജയിക്കുകയും അദ്ദേഹം നല്ലൊരു ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്താൽ അമേരിക്കയുടെ ദുരിതങ്ങൾ ഒരു ദു:സ്വപ്നം പോലെ കടന്നുപോകാൻ ഇടയുണ്ട്.

4 വർഷങ്ങൾ കൂടി അമേരിക്കയെ ട്രംമ്പിൻ്റെ  കൈകളിൽ ഏൽപ്പിച്ചാൽ രണ്ടര നൂറ്റാണ്ട് പഴക്കമുള്ള ഒരു ജനാധിപത്യ പരീക്ഷണം അതിൻ്റെ അവസാനം കാണുക തന്നെ ചെയ്യും എന്നതിൽ യാതൊരു സംശയവുമില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here