ആകാശ മേലായ്പ്പിലേക്കുയർന്നു നില്കുന്നു
നീതി ബോധത്തിന്റെ ലോഹക്കുരിശ്ശങ്ങനെ
ഉയർന്ന ഭാഗത്തു ശൂലത്തിൻ മുനയുണ്ട്
രണ്ടു വശങ്ങളിൽ നിന്നും അല്പം മേലോട്ട്,
അല്പമേ വേണ്ടൂ…
അതു നമ്മുടേതായി – ഒരുവൻ
കുരിശിന് മുകളിലൂടാകാശത്തു നോക്കൂ
താരങ്ങൾക്കിടയിൽ കാണുന്നതാണ്
നാം – മറ്റൊരുവൻ
ചന്ദ്രകല മുട്ടി ഒരു വെളുത്ത പക്ഷി
ചിറകുകൾ വീശി പറന്നു, പെട്ടന്ന്..
പറവ ചിറകറ്റ് താഴേക്ക്..
ശക്തിയായ് താഴേക്ക്…
കുരിശിന്റ കൂർത്ത മുനയിലേക്ക്
ചുവന്നു കറുത്ത രക്‌തം, അരിച്ചിറങ്ങുന്നു താഴേക്ക്..
പറവ പറക്കമറ്റതെന്തേ…
ആകാശത്തുവച്ചേ പറവ കരുത്തു കൈ വിട്ടു
നിങ്ങളാണ് കാരണം
കുരിശിലേക്കാണ് പറവ വീണത്
നിങ്ങളാണ് കാരണം
അല്ല ശൂലമാണ് കാരണം
മൂന്നു പേരും ഒരു മൃത പറവയും
വൈകിയില്ല,
നാലു മൃതം മാത്രം
പുതിയ കാലത്തിലെ പുതിയ നിയമങ്ങൾ
പിറക്കുമോ ഇനി ഒരവതാരം ഭൂമിയിൽ
ഇവിടെ നിൻ സൃഷ്ടികൾ എല്ലാം നശിച്ചിടും
ഇവിടെ നിൻ ഗാഥകൾ തിരുത്തി വായ്ക്കപ്പെടും…