സമയമേറെയായ്
നിലാവൊഴിഞ്ഞൊരീ
മണൽപ്പരപ്പിൽ ഞാൻ
തനിച്ചിരിക്കുന്നു.
പുഴ വരുന്നെന്റെ
കാൽ നനക്കുന്നു
‘വരിക വരി’കെന്നു
കൈകൾ നീട്ടുന്നു.
അരിയ ഗീതകം
പതിയെ മൂളിയെൻ
അരികിലൂടവൾ
ഒഴുകി നീങ്ങുന്നു.
വിജനവീഥിയിൽ
വിലോല വായുവിൻ
നിശ്ശബ്ദ സാന്ത്വനം.
ഒരു നിശാഗന്ധിതൻ പരിമളം
മേലെ വിണ്ണിൻ മഹാമൗനം.
താഴെയീ പുഴയുടെ സ്നേഹഗീതാമൃതം.
അവൾ വരുന്നെന്റെ
കാൽ നനക്കുന്നു
‘വരിക വരി’കെന്നു
കൈകൾ നീട്ടുന്നു.
അരിയ ഗീതകം
പതിയെ മൂളിയെൻ
മനസ്സിലേക്കവൾ
ഒഴുകിയെത്തുന്നു.
ഇരുട്ടിന്റെ മരുഭൂമിയാകെത്തളിർക്കുന്നു
കിനാവുകൾ പൂക്കളായ് വിരിയുന്നു
പാട്ടുകൾ പൂമ്പാറ്റകളായ് പറക്കുന്നു.
എല്ലാം നനച്ചു കൊ –
ണ്ടെല്ലാം നിറച്ചു കൊ –
ണ്ടൊഴുകുന്ന പുഴയുടെ മാറിൽനിന്നെ-
ന്നുദയസൂര്യൻ ജ്വലിച്ചുയരുന്നു .
തങ്കക്കതിർ നീട്ടി –
യെന്നെപ്പുണർന്നവ-
നരുമയായ് ചുംബിക്കെ
എന്താത്മഹർഷം
ആയിരം പൂക്കൾ
സുഗന്ധം പരത്തു –
ന്നൊരായിരം മഴവിൽ
നിറങ്ങൾ വിരിയുന്നു.
ആയിരം ഗന്ധർവ്വ
ഗീതങ്ങളുയരുന്നു
നെറുകയിൽ
സഹസ്ര ദളപദ്മമുണരുന്നു
വിണ്ണിൻ ഘനമൗന
മേഘം പിളർന്നു കൊ –
ണ്ടെന്നിൽ മഹാപ്രണവ
നാദം മുഴങ്ങുന്നു
ഇനി ,
ഇനിയെന്തു ഞാൻ ?
ഇനിയെന്തു നീ ?
നിത്യസത്യമീപ്പുഴയുടെ
നിതാന്തപ്രവാഹം
ശാന്തം സുഖം സൗമ്യം.
Click this button or press Ctrl+G to toggle between Malayalam and English