പട്ടാളത്തിൽ നിന്നും പ്രിമേക്ചറായി പിരിയാനുള്ള അപേക്ഷ തയ്യാറക്കുകയാണ് പ്രമോദ്. ജാവ്ളയുടെ ക്യാന്റീനിലെ ഒരു മൂലയ്ക്കിരുന്ന് പെൻഷൻ പോകാൻ വേണ്ട ഓരോ കാരണങ്ങളും കടലാസ്സിൽ കുത്തിക്കുറിക്കുകയാണയാൾ.
ജാവ്ളെ അയാൾക്കു മുന്നിൽ കൊണ്ടുവെച്ച ചായ ആറിത്തണുത്തിരിക്കുന്നു.
“ഇത്ത്നാ ക്യാ ലിക് രെഹാ ഹെ സാബ് ചായ ചോട്ക്കർ ?” (ഇത്രയും എന്താണു സാറെ എഴുതുന്നത് ചായ കുടിക്കാതെ..?“
“ നൗക്കരി സെ തങ്ക് ഹൊഗയാ ജാവ്ളെ…ഇസ്ലിയെ ഗർ ജാനേ കാ ആപ്ളിക്കേഷൻ ലിക് രെഹാ ഹും…“ ( ഈ ജോലിയിൽ കഷ്ടപ്പാടാണ് ജാവ്ളെ…അതുകൊണ്ട് വീട്ടിൽ പോകാനുള്ള ആപ്ളിക്കേഷൻ എഴുതുകയാണ് )
”അഭി തോ ആപ് ജവാൻ ഹെ …..നൗക്കരി ചോഡേഗാ തോ ജീയെഗാ കൈസെ…?!“ (ഇപ്പോൾ നിങ്ങൾ ചെറുപ്പക്കാരനാണ്…..ജോലിവിട്ടാൽ പിന്നെ എങ്ങനെ ജീവിക്കും..?!)
ജാവ്ളെ ചോദിക്കുന്ന ചോദ്യത്തിനുത്തരം കൊടുക്കാതെ പ്രമോദ് കടലാസ്സിൽ എഴുതിക്കൊണ്ടിരുന്നു.
പതിനഞ്ചു വർഷം തള്ളിനീക്കിയത് എങ്ങനെയെന്ന് തനിക്കു മാത്രമേ അറിയുള്ളു. പ്രമോദ് കഴിച്ചുകൂട്ടിയ പതിനഞ്ചു വർഷത്തിനുള്ളിലെ തന്റെ ഭഗീരഥ പ്രയത്നത്തെക്കുറിച്ചോർക്കുകയായിരുന്നു. കഴിഞ്ഞുപോയതെല്ലാം പ്രേതദിനങ്ങളായി തോന്നുന്നു.
മുമ്പും പിമ്പും ആലോചിക്കാതെയുള്ള തീരുമാനമായിരുന്നു മിനിമം പെൻഷൻ കിട്ടുന്ന കാലയളവുവരെ ജോലിചെയ്യുക എന്നത്.…!.
പിരിയാനുളള നിവേദനം കൊടുത്തതിനുശേഷമാണ് രഞ്ജുവിനോട് അയാൾ പറഞ്ഞത്.
അവൾ പ്രമോദിന്റെ കാലിൽ പിടിച്ചു കെഞ്ചി ആപ്ളിക്കേഷൻ തിരിച്ചു വാങ്ങുന്നതിനായി.
“ ചേട്ടാ ഉള്ളൊരു നല്ല ജോലി കളഞ്ഞ് ഒടുവിൽ ദുഖിക്കാനുള്ള അവസ്ഥ വരുത്തിവെയ്ക്കല്ലെ” എന്ന്.
തന്റെ അഭിപ്രായങ്ങൾക്കൊരിക്കലും എതിരു പറയാത്ത ഭാര്യ ദൈന്യതയോടെയാണ് അതു പറഞ്ഞത്.
“നിങ്ങൾക്കറിയില്ലേ പ്രമോദേട്ട എന്റെ അസുഖവും അതിനുവേണ്ട ചിലവുകളും…ഇപ്പോഴാണെങ്കിൽ എല്ലാം മിലിട്ടറി ആശുപത്രിയിൽ നിന്നും നടക്കുന്നതുകൊണ്ട് ഒന്നും അറിയുന്നില്ല….നാട്ടിൽ ചെന്നാൽ എല്ലാം ചിലവുകൾ തന്നെയാവും… ഒരു വീടുപോലും വെയ്ക്കാൻ കഴിഞ്ഞിട്ടില്ല.. എല്ലാംകൂടി ഓർക്കുമ്പോൾ നെഞ്ചിൽ ആധി ഉരുണ്ടുകൂടുന്നു….”
“എന്തിനാണ് രഞ്ജു നീയിങ്ങനെ ജിജ്ഞാസ്സപ്പെടുന്നത്…നിന്റെ പ്രമോദേട്ടനുളളപ്പോൾ…”
“എന്നാലും നാട്ടിലെ സ്ഥിതിഗതികൾ ഏട്ടനറിയില്ലേ …..ചിലവിന്റെ കാര്യത്തിലായാലും ….”
രഞ്ജു അയാളെ പട്ടാളത്തിൽനിന്നും പിരിയുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചു.
നാട്ടിൽ ചെല്ലുമ്പോഴൊക്കെ അയാൾ ഭാര്യ വീട്ടിലാണു താമസ്സം. വീട്ടിൽ ഭാര്യക്ക് ഒരു പരിഗണയും കൊടുക്കാത്തതു അയാളെ മാനസ്സികമായി തളർത്തിയിരുന്നു.
ശബളം കിട്ടുന്നതെല്ലാം മാസാമാസ്സം തീർന്നുപോയി. രഞ്ജുവിനുവേണ്ട മരുന്നുകൾ ചിലപ്പോൾ പുറത്തുനിന്നും വാങ്ങേണ്ടി വരാറുണ്ട്.
കഷ്ടപ്പാടുൾ അവരുടെ കൂടപ്പിറപ്പായിരുന്നിട്ടും അവർ സുഖ ദുഖങ്ങൾ പരസ്പരം പങ്കിട്ടു ജീവിച്ചു.
ഭാര്യ വീട്ടിൽ എത്ര നാളാണിങ്ങനെ താമസ്സിക്കുക. തന്റെ മാനത്തിനുതന്നെ കുറവു തോന്നാറുണ്ട്. അതൊരിക്കലും രഞ്ജുവിനെ അറിയിക്കാൻ ഇടയാക്കിയിട്ടില്ല.
പെൻഷൻ കിട്ടുന്ന പൈസകൊണ്ട് രഞ്ജുവിനു അച്ചൻ എഴുതിക്കൊടുത്ത അഞ്ചു സെന്റു സ്ഥലത്തിൽ ഒരു ചെറിയ വീടുണ്ടാക്കണം. പെൻഷൻ കിട്ടുന്ന പൈസകൊണ്ട് ഒതുങ്ങി ജീവിക്കണം എന്നൊക്കെ അയാൾ മനക്കണക്കുകൾ കൂട്ടി.
പെൻഷൻ പോകുന്നതിനു മുമ്പ് അമ്മയെ കൊണ്ടുവന്ന് കുറച്ചുനാൾ കൂടെ താമസ്സിപ്പിക്കണമെന്ന് വളരെ ആഗ്രമുണ്ടയാൾക്ക്.
നടക്കില്ലെന്നറിയാം. പെങ്ങൾ അമ്മയുടെ മനസ്സിൽ ദിവസ്സവും വിഷമാണ് കുത്തിവെയ്ക്കുന്നത് തങ്ങളെക്കുറിച്ച് !.
രഞ്ജുവിനു അസുഖമാണെന്നറിഞ്ഞിട്ടുപോലും തന്റെ വീട്ടിൽ നിന്ന് ആരും എത്തിനോക്കാറുപോലുമില്ല !.
“അച്ചിക്കോന്തൻ” എന്നൊക്കെ തരം കിട്ടുമ്പോഴൊക്കെ അവർ വിളിക്കാറുണ്ട്.
“ഒരു പെണ്ണിനെ കെട്ടിക്കൊണ്ടുവന്ന് അവൾക്ക് അസുഖമുണ്ടായാൽ ഉപേക്ഷിക്കാൻ പറ്റുമോ..?” അയാൾ പലപ്പോഴും രഞ്ജുവിനെക്കുറിച്ചോർത്ത് വേവലാതികൊള്ളും.
“അസുഖമുള്ളവളെപ്പിടിച്ച് തന്റെ മകന്റെ തലയിൽ കെട്ടിവെച്ചതാണ് !!.” എന്നാണ് അമ്മ എപ്പോഴും രഞ്ജുവിന്റെ വീട്ടുകാരെ പഴിക്കുന്നത്.
അച്ചൻ പാവമാണ്. എന്നു കരുതി അച്ചനെ അച്ചിക്കോന്തൻ എന്നു വിളിക്കുവാൻ പറ്റുമോ ?.
വീട്ടിലെ അധികാരം അമ്മയ്ക്കും പെങ്ങൾക്കുമാണ്.
പെങ്ങൾ പറയുന്നതിനപ്പുറത്തേക്ക് അമ്മ കടക്കാറില്ല !.
അമ്മയെ തങ്ങളുടെ അടുത്തേയ്ക്കു വിളിച്ചാൽ പെങ്ങൾ വിടുമോ എന്തോ ?.
ഡെൽഹിയും ആഗ്രയും മറ്റും കാണിക്കാനാണെന്നു പറയുമ്പോൾ വരാതിരിക്കില്ല.
രഞ്ജുവിനു തീരെ വയ്യാതിരുന്നിട്ടും അമ്മയെ കൊണ്ടുവന്ന് എല്ലാ സ്ഥലങ്ങളും കാണിച്ചു.
വീണു കിട്ടിയ ഏതോ ഒരവസ്സരത്തിൽ അമ്മയോടു പ്രമോദ് പറഞ്ഞു
“പെൻഷന് എഴുതിക്കൊടുത്തമ്മേ…കിട്ടുന്ന കാശുകൊണ്ട് രഞ്ജുവിനു കിട്ടിയ സ്ഥലത്ത് ഒരു കുഞ്ഞു വീടുവെയ്ക്കണം ”
അമ്മയുടെ മനസ്സ് അറിയാൻ കൂടിയാണ് പ്രമോദ് പറഞ്ഞത്.
“എന്റെ പ്രമോദേട്ടന്റെ അമ്മേനെ ഞാൻ പൊന്നുപോലെ നോക്കൂലെ അങ്ങോട്ട് വന്നാലെക്കൊണ്ട്…!!”. രഞ്ജു സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു.
അത്താഴത്തിനിരുന്നപ്പോൾ ഒരു ഗ്ളാസ്സിൽ അല്പം ബ്രാണ്ടി പകർന്ന് വെള്ളംചേർത്ത് അമ്മയ്ക്കു കൊടുത്തു പ്രമോദ്.
തലയ്ക്കുപിടിച്ചപ്പോൾ അമ്മ പറഞ്ഞു “അതിയാൻ പോയതുമുതൽ അന്യന്റെ വീട്ടിൽ കഴിയുന്നതുപോലെയാ….നീ നാട്ടിൽ വരുമ്പോൾ വീടുവെയ്ക്കാൻ ഞാൻ കുറച്ചു പൈസ തരാം…!”
“എന്തരാണ ഈ കേൾക്കണത് …..നിങ്ങള് വീട് വെയ്കാൻ പൈസ തരൂന്നോ…? കാവിലമ്മയാണെ സത്യാണെ കേക്കണത്..!” രഞ്ജു അധിശയത്തോടെ പറഞ്ഞു.
പ്രമോദിനും രഞ്ജുവിനും വിശ്വസ്സിക്കാനായില്ല അമ്മ പറഞ്ഞ വാക്കുകൾ. ആയിരം പൂത്തിരികൾ അവർക്കു മുന്നിൽ കത്തിയെരിയുന്നതുപോലെ തോന്നി അവർക്ക്. അമ്മ ദേവിയേപ്പോലെ അനുഗ്രഹിച്ചിരിക്കുന്നു.
***
ജാവ്ളെയുടെ ക്യാന്റീനിൽ വെച്ച് പ്രമോദിനു കൂട്ടുകാർ പാർട്ടി കൊടുത്തു.
ഇനിയൊരിക്കൽ കണ്ടെങ്കിലായി. വിട പറയുമ്പോൽ എല്ലാവരുടെയും കണ്ണൂകൾ കലങ്ങിയിരുന്നു.
ഒരു ദേഷ്യത്തിനെടുത്തുചാടി പെൻഷൻ വാങ്ങിയത് മണ്ടത്തരമായിപ്പോയോ എന്ന് പ്രമോദ് സ്വയം ചിന്തിച്ചുപോയി.
ഒന്നിൽനിന്നൊന്നായ് തുടങ്ങുന്ന മോഹങ്ങൾ ഒരിക്കലും അവസ്സാനിക്കില്ലെന്നറിയാം. ഓരോന്നും സാധിച്ചുവരുമ്പോൾ സമയം വളരെ മുന്നോട്ടു പൊയ്പ്പോയിരിക്കും. അതുകൊണ്ട് എടുത്ത തീരുമാനംതന്നെയാണ് ഉചിതമെന്ന് പ്രമോദ് സമാധാനിച്ചു.
രഞ്ജുവിന്റെ അച്ചൻ കൊടുത്ത അഞ്ചു സെന്റു സ്ഥലത്തിൽ വീടു പണിയാൻ പ്ലാനിട്ടു.
താഴെ മരുമകൾക്കു പണിയുന്ന അതേപോലെതന്നെ അമ്മയ്ക്കു മുകളിൽ വേണമെന്ന നിബന്ധനയിലാണ് പൈസ കൊടുത്തത്.
പണികളെല്ലാം നോക്കി നടത്തുന്നത് രഞ്ജുവാണ്. ഓരു സെക്കന്റ് ഹാന്റ് കാറുവാങ്ങി പ്രമോദ് ടാക്സിയോടിക്കുന്നു.
ഒരു കുട്ടിയെപ്പോലെ രഞ്ജു പണിതുയരുന്ന വീടിനെ സ്നേഹിച്ചു. അതിന്റെ കല്ലുകളോട് കഥ പറഞ്ഞു. ഭിത്തികൾക്കും ചെവിയുണ്ടെന്നാണു സങ്കല്പം. ഭിത്തിയുടെ ചെവിയിൽ തന്റെ ദൈന്യതകൾ മന്ത്രിച്ചു.
എല്ലാം ഭംഗിയായി പണിതുതീരുവാൻ തറയിൽ കുമ്പിട്ട് അവൾ ഭഗവതിയോടു പ്രാർത്ഥിച്ചു.
ഇടയ്ക്ക് തന്റെ രോഗം മാനസ്സികമായി തളർത്തിയെങ്കിലും അതൊന്നും വകവെയ്ക്കാതെ അവൾ മുന്നോട്ടു നീങ്ങി.
വീടെല്ലാം പണിതീർന്നു. അവർ ആഗ്രഹിച്ചപോലെ മനൊഹരമായ വീട്.
തുറന്നടയുമ്പോൾ മണിനാദമുതിരുന്ന രണ്ടുപാളി വാതിൽ. മണിച്ചിത്രത്താഴു പിടിപ്പിച്ച കതക്. അവൾ ആ കതക് വീണ്ടും വീണ്ടൂം അടച്ചു തുറന്നു അതിന്റെ മണിനാദം കേൾക്കാനായി. എല്ലാ മുറികളിലും കയറിയിറങ്ങും. അതിലെ ഗ്രാനൈറ്റു പാളികളിൽ കയ്യോടിച്ചു നോക്കും. തറയുടെ നൈർമ്മല്യതയിൽ ഒട്ടിക്കിടക്കും. അടുക്കളയുടെ ഭാഗത്ത് പച്ചക്കറിത്തോട്ടം വെച്ചുപിടിപ്പിച്ചു.
സ്വീകരണ മുറിയിൽ നിന്നു നോക്കിയാൽ ദൂരെക്കിഴക്ക് മല മടക്കുകളും തെങ്ങിൻ തോപ്പുകളും ഇടതൂർന്ന വൃക്ഷലലാദികളും കാണാം. സൂര്യൻ ഉദിച്ചുയരുന്ന നേർക്കാഴ്ച കാണാം. വീടിനു മുന്നിൽ നിന്നുതന്നെ ഉഷപൂജ ചെയ്യാം.
മുറ്റത്തിന്റെ ഒരു കോണിൽ കിണറുഭിത്തി മോഡിയായി കെട്ടിയുണ്ടാക്കിയിരിക്കുന്നു. കുറച്ചു ഭാഗം പച്ചപ്പുല്ലുകൾ പിടിപ്പിച്ചിട്ടുണ്ട്. ഭംഗിയുള്ള ചുറ്റുമതിലും ഒത്തിണങ്ങിയ ഗെയിറ്റും. മുറ്റം നിറയെ തിളക്കമുള്ള ബ്ളോക്കുകൾ പാകിയിരിക്കുന്നു. രഞ്ജുവിന്റെ സ്വപ്നവീട് അവളെ കോൾമയിർ കൊള്ളിച്ചു.
ഇനിയൊരു മുഹൂർത്തം നോക്കി പാലുകാച്ചി കയറിക്കൂടിയാൽ മതി.
****
പ്രമോദിന്റെ അമ്മ അന്നു ഭദ്രകാളിയേപ്പോലാണ് ഉറഞ്ഞു തുള്ളിയത്.
അവർക്കു മകന്റെ കൂടെയുള്ള പൊറുപ്പുവേണ്ടത്രെ !. മരുമകളുടെ അടിമയായി നില്ക്കാൻ കഴിയില്ലപോലും.
“ഒന്നുമല്ലെങ്കിൽ ഞാൻ സ്വന്ത മകളല്ലെ അമ്മാ… ഞാനുള്ളപ്പോൾ മരുമകളുടെ വീട്ടിൽ പോയി അടിമയായി ജീവിക്കണോ..കൊടുത്ത പൈസയും വാങ്ങിപ്പോരെ….അമ്മയെ മരണംവരെ ഈ മകൾ പൊന്നുപോലെ നോക്കും..!!”
മകൾ വേണ്ടത്ര വിഷം അമ്മയിൽ കുത്തിനിറച്ചാണ് അയച്ചിരിക്കുന്നത്. അതാണവരുടെ മട്ടും ഭാവവും ഇത്രപെട്ടെന്ന് മാറാൻ കാരണം.
ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമാണ് അമ്മായിയമ്മയിൽ നിന്നുമുണ്ടായിരിക്കുന്നത്.
പ്രമോദ് നിസ്സഹായനായി നിന്നു.
എവിടന്നുണ്ടാക്കാനാണ് അമ്മ തന്ന പണം തിരിച്ചു കൊടുക്കാനായി.
അമ്മ തങ്ങളെ ചതിക്കുകയായിരുന്നു.
“ ഈ വീട് തങ്ങളെ ചതിച്ചോ ഭഗവതിയേ…?” എന്നു രഞ്ജു മനസ്സിൽ ശങ്കിച്ചു ജീവശ്ചവമ്പോലെ നിന്നു.
പുതിയ വീടിന്റെ മുക്കിലും മൂലയിലും പോയിനിന്ന് രഞ്ജു തേങ്ങിത്തേങ്ങി കരഞ്ഞു
“ന്നാലും ന്റെ ഭഗവതിയേ ഈ ചതി വേണ്ടേർന്നു !”. പുതിയ മണ്ണിന്റെ, പുതിയ വീടിന്റെ മണം ചങ്കിലേക്ക് തുളച്ചുകയറുന്നതുപോലെ രഞ്ജുവിനു തോന്നി.
പ്രമോദ് പെൻഷൻ വാങ്ങുന്ന ബാങ്കിൽ നിന്ന് വീടും തന്റെ പെൻഷനും ഈടുവെച്ച് അമ്മയ്ക്കു കൊടുക്കാനുള്ള പൈസ തരപ്പെടുത്തി.
അമ്മയുടെ ആവശ്യപ്രകാരം അമ്മയുടെ പൈസ മദ്ധ്യസ്ഥന്മാർ മുമ്പാകെ തിരിച്ചുകൊടുത്തു.
ആ പൈസയുമായി അമ്മ പോകുന്നത് ഹൃദയഭേദകമായി അവർ നോക്കിനിന്നു.
****
കുട്ടിയുണ്ടായപ്പോൾ കുട്ടിയ്ക്കുവേണ്ടി അമ്മ നേർന്ന ഒരു വഴിപാട് വളരെ വർഷമായി മുടങ്ങിക്കിടക്കുന്നു.
അസുഖമുള്ള രഞ്ജു പ്രസവിച്ചപ്പോൾ അല്പം അപാകത തോന്നിയതുകൊണ്ടായിരിക്കും അന്നങ്ങനെ അമ്മ വഴിപാട് നേർന്നത്.
പട്ടാളത്തിലായിരുന്നപ്പോൾ നാട്ടിൽ വരുമ്പോൾ ആ വഴിപാടു കഴിക്കണം കഴിക്കണം എന്നു നിരൂപിച്ച് കാലങ്ങൾ നീണ്ടുപോയി.
പുതിയ വീട്ടിൽ കയറിത്താമസ്സം തുടങ്ങിയതിനു ശേഷം കുട്ടിയേയും കൂട്ടി അമ്മ നേർന്ന വഴിപാടു കഴിക്കാൻ അവർ പുറപ്പെട്ടു.
അമ്പലത്തിലേയ്ക്കുള്ള വഴിക്കിരുപുറവും ഭിക്ഷക്കാർ ഇരിപ്പുണ്ട്.
വഴിപാടിന്റെ ഭാഗമായി എല്ലാ ഭിക്ഷക്കാരുടെ ചട്ടികളിലും ഭിക്ഷയിട്ടു കൊടുക്കണം.
കുട്ടിയെക്കൊണ്ടുതന്നെയായിരിക്കണം എല്ലാവർക്കും ഭിക്ഷ കൊടുക്കേണ്ടത്. എല്ലാവരുടെ പാത്രത്തിലും ഭിക്ഷ ഇടുവിച്ചു.
ഒരു വയസ്സായ സ്ത്രീ ഭിക്ഷപ്പാത്രമില്ലാതെ തന്റെ ഉടുമുണ്ടിന്റെ കോന്തലയാണ് നിവർത്തിപ്പിടിച്ചിരിക്കുന്നത്.
അവർ ആ മടിക്കുത്തിൽ പൈസയിടുമ്പോൾ അവരുടെ മുഖത്തു സൂക്ഷിച്ചുനൊക്കി.
നിശബ്ദമായ നിമിഷങ്ങൾ. ഒന്നും മിണ്ടാൻ അവർക്കു നാവനങ്ങിയില്ല. രഞ്ജു അവരെ കെട്ടിപ്പിടിച്ചു ശബ്ദം പുറത്തുവരാതെ വിതുമ്പിക്കരഞ്ഞു.
ആ ഭിക്ഷക്കാരുടെ പന്തിയിൽ നിന്നു പണിപ്പെട്ട് അവർ അമ്മയെ പുറത്തു കൊണ്ടുവന്നു.
അമ്മ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.
“ആ പൈസയെല്ലാം അവൾ എന്നെ പറ്റിച്ചു വാങ്ങിയെടുത്തു. അവൾ ആഗ്രഹിച്ചത് നടന്നു കഴിഞ്ഞപ്പോൾ എന്നെ അവൾ പുറത്താക്കി. പോകാൻ ഒരു വഴിയുമില്ലായിരുന്നു. നിങ്ങളെ വഞ്ചിച്ച എനിക്ക് തിരഞ്ഞെടുക്കാൻ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു…!” അവർ ചങ്കുപൊട്ടി കരയുകയായിരുന്നപ്പോൾ.
“എനിക്കങ്ങട് വരാൻ കഴിയൂല കുട്ടികളെ…..അത്രമാത്രം ഈ അമ്മ ദ്രോഹിച്ചിരിക്കണു…!”
രഞ്ജു അവരെ കെട്ടിപ്പിടിച്ചു.
കുട്ടിയുടെ വഴിപാടു കഴിച്ച് അവർ വീട്ടിലേക്കു മടങ്ങി.
കാറിന്റെ പിൻ സീറ്റിൽ രഞ്ജുവിന്റെ ചുമലിലേക്ക് തലചായ്ച് അപ്പോൾ അമ്മ തളർന്നുറങ്ങുകയായിരുന്നു.
വീട്ടിലെത്തിയപ്പോൾ അവരുടെ ആഗ്രഹപ്രകാരം പണിത മുകളിലത്തെനില അവർക്കായി തുറന്നുകൊടുത്തുകൊണ്ട് രഞ്ജു പറഞ്ഞു
“ഇന്നുമുതൽ ഇതമ്മയുടെ സ്വന്തം വീടാണ് – അമ്മ ഞങ്ങളുടെയും സ്വന്തം..!” രഞ്ജു പറഞ്ഞു.
അപ്പോൾ വിടർന്ന മുഖങ്ങളുമായി നില്ക്കുന്നവർക്കിടയിൽ ഒരു സെൽഫി ക്ളിക്കുചെയ്യുകയായിരുന്നു പ്രമോദ്.