കൂട്ടില്‍നിന്നിറക്കവേ
പാഴ്ചിറകൊന്നു വീശി
പാവമാകിളി മെല്ലെ
ചീട്ടുകള്‍ കൊത്താനെത്തി,
കിട്ടിപ്പോയൊരു ചിത്രം
നിത്യമാം ജോലിയല്ലോ
തന്‍ വൃത്താന്തം പറയുവാന്‍
ഉടയോന്‍ തിരിയവേ,
തെല്ലിട കാറ്റിന്‍കൂടെ
ചൂളമിട്ടാടുവാനായ്
ഉണര്‍ന്നുപോയ് കിളിമനം
കൂടൊക്കെ മറവിയായ്
ഓര്‍മയിലൊരു കാടും
കൂട്ടരും മാത്രമല്ലോ
പൂക്കളും പൂനിലാ
ചില്ലയിലാമോദവും
അമ്മതന്‍പായാരവും
അച്ഛന്റെലാളനയും
കൊക്കുകളുമ്മവക്കും
ഇണതന്‍കൂജനവും
കെണിയില്‍കുടുങ്ങവേ
ചിറകിട്ടടിക്കവേ
ചെവിയിലിണവന്നു
കരഞ്ഞുപൊരിഞ്ഞതും
ഒട്ടിടപാറിതെല്ലു
ദൂരത്തേയിരുന്നിട്ടും
പിന്നെയും ചാരെവന്നു
കണ്ണീരു തുടച്ചതും
ഇന്നലെകഴിഞ്ഞപോല്‍
കണ്ടീലയിന്നെവരെ
എന്നുമീ മിഴി രണ്ടും
നോക്കിക്കുഴഞ്ഞപ്പോളും
പിന്നില്ല കാടും മേടും
അതിരില്ലായാകാശവും
ഉള്ളതീ കൊച്ചുകൂടിന്‍
അഴിതന്‍ ചക്രവാളം
കയറുവാന്‍സമയമായ്
ഓര്‍മ്മകള്‍ കൂട്ടുണ്ടല്ലോ
മോചനമൊരിക്കലും
തടയാ ചീട്ടാകിലും