വൈകിട്ടരിയുമായ്
കിതച്ചെത്തും മൗനത്തിൻ,
ശ്വാസവേഗ തരംഗങ്ങൾ
നിശ്ശബ്ദകടലിൽ,
ഓളങ്ങളാകുമ്പോൾ..
ചുടുകഞ്ഞി വിളമ്പിത്തന്ന
മിഴികളിൽ ഉപ്പുകടൽ
കവിഞ്ഞൊഴുകുമ്പോൾ
പരിഭവച്ചാറ്റലിൽ നനഞ്ഞിട്ടും
അലിവില്ലാത്തവനെന്ന്,
അനുരാഗക്കടലിന്റെ
വേലിയിറക്കങ്ങളിൽ…
പണിതേടി പട്ടണം തോറും,
ഒടുവിൽ നോവിൻ ചുഴികൾ,
പ്രതീക്ഷത്തോണി ഉലച്ച
പരിഹാസപ്പുഴയുടെ
കുത്തൊഴുക്കിൽ..
അനുദിനം വ്യാപ്തിയേറുന്ന
ഓർമ്മക്കടലിലെ
പരിഭ്രമത്തിരമാലകൾ
കരൾത്തീരം തൊടുമ്പോൾ
സങ്കടമേഘം, പെയ്തൊഴിയാ പ്രണയം,
കീറിയ ചോരച്ചാലുകൾ നോവിൻ
മഴയതു ചേരും പലതാം ധമനികൾ
ഒഴുകിച്ചേരും ചങ്കിൽ കടലായ്…