എല്ലാ കഴിവുകളും ഉപയോഗിച്ചും സമസ്തദൈവങ്ങളെ വിളിച്ചും അരങ്ങിൽ പാടിത്തീർന്നപ്പോൾ യുവപ്രതിഭ തളർച്ചയുടെ വക്കിൽ എത്തിയിരുന്നു.അപ്പോഴും കിതപ്പ് തീർന്നിരുന്നില്ല.പിന്നെ മാർക്ക് അറിയാനുള്ള ആകാംക്ഷയും….അപ്പോഴാണ് അവതാരക വേഷത്തിന്റെ ആംഗലേയ മലയാളം.’’ഇനി നമുക്ക് ജഡ്ജസിന്റെ അഭിപ്രായം കേൾക്കാം..’’
പിന്നെ ജഡ്ജസിന്റെ ഊഴമായിരുന്നു. .ചിരിയോടെ ഒരാൾ തുടങ്ങി.’’മോനേ,എന്താണീ പാടിയത്.? ഇതിന്റെ ഒറിജിനൽ മോൻ കേട്ടിട്ടുണ്ടോ?….’’ അയാളുടെ അരങ്ങ് തകർക്കൽ കഴിഞ്ഞപ്പോൾ ഭാവിയിലെ യുവതാരത്തിൻട്റെ മുഖം വിവർണ്ണമായി.പാടാൻ വേണ്ടി സ്റ്റേജിൽ കയറേണ്ടായിരുന്നു എന്നു പോലും തോന്നിപ്പോയി.ഉടൻ തന്നെ അടുത്ത വിധി കർത്താവ് തുടങ്ങി.’’മോനേ നമ്മൾ പാടുമ്പോൾ എന്തെങ്കിലും സംഗതികളൊക്കെ പാട്ടിലുണ്ടാവണ്ടേ..?’’..അയാളും ഒട്ടും മോശമാക്കിയില്ല.ജഡ്ജിമാരുടെ പ്രകടനങ്ങൾ കഴിഞ്ഞപ്പോൾ യുവഗായകൻ തളർച്ചയുടെ വക്കിലെത്തി.ഇപ്പോൾ കരയുമെന്ന ഭാവം.
പെടെന്നാണ് അയാൾ ധൈര്യം വീണ്ടെടുത്തത്. മാർക്ക്പറയാൻ തുടങ്ങുന്നതിന് മുമ്പ് സ്ഥിരം വിധി കർത്താക്കളും അതിഥി വിധികർത്താക്കളുമൊക്കെയിരിക്കുന്ന സീറ്റിനു മുന്നിലേക്ക് യുവഗായകൻ നടന്നടുത്തത് തികച്ചും അപ്രതീക്ഷിതമായിരുന്നു.സദസ്യരും അവതാരകയും അമ്പരന്നു .
’ ’എന്തോന്നാ സാറൻമാരേ നിങ്ങളിവിടെയിരുന്ന് വിളിച്ചു പറയുന്നത്.നിങ്ങളൊക്കെ പാടാനും ഹാർമോണിയം പിടിക്കാനും തുടങ്ങിയപ്പോൾ ഇതു പോലുള്ള ജഡ്ജിമാരുണ്ടായിരുന്നെങ്കിൽ റെക്കോഡിംഗ് സ്റ്റുഡിയോയുടെ പടി കാണാൻ നിങ്ങൾക്ക് കഴിയുമായിരുന്നോ..’’..പിന്നെയും എന്തൊക്കെയോ യുവഗായകൻ വിളിച്ചു പറഞ്ഞു.മനസ്സിലുണ്ടായിരുന്നത് മുഴുവൻ വിളിച്ചു പറഞ്ഞപ്പോൾ അവന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.അപ്പോഴും ജഡ്ജസിന്റെയും സദസ്സിന്റെയും അമ്പരപ്പ് മാറിയിരുന്നില്ല.വേഷമില്ലാത്ത അവതാരക വേഷത്തിന് ഇംഗ്ളീഷിലും മലയാളത്തിലും മാറിമാറി ശ്രമിച്ചിട്ടും ഒരു സംഗതിയും പറയാൻ കഴിഞ്ഞില്ല.അന്നാദ്യമായി റിയാലിറ്റി ഷോയുടെ സംപ്രേക്ഷണം തടസ്സപ്പെട്ടു.