തിരിച്ചറിവ്

 

ഇതൊരു തിരിച്ചറിവാണ് .

ഈ യാത്ര എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം.

ചങ്ങലയിൽ ഒരു കണ്ണിയാവുക എന്നത് മാത്രമായിരുന്നു എന്ടെ ആഗമന ഉദ്ദേശം എന്നതും, ബാക്കി ഇവിടെ ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും, ഇനി ചെയ്യേണ്ടി വരുന്നതും  നിലനിൽപ്പിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നു എന്നതാണു സത്യം, എന്ന തിരിച്ചറിവ്.

തിരിച്ചറിവിനപ്പുറം,  ഇനിപറയുന്നതു എന്റെ അപ്പനിൽനിന്നുള്ള കേട്ടറിവും, ഞാൻ കണ്ടറിഞ്ഞതുമാണ്

ചരിത്രം പറച്ചിലിനിടെ കഥാകാരൻ ഇടയ്ക്കൊക്കെ  തന്ടെ തോന്നലുകളും ഊഹങ്ങളും ചേർത്തിട്ടുണ്ട്. ഇടയ്ക്കൊക്കെ ചരിത്രത്തിനു നേരെ കണ്ണടച്ചിട്ടുമുണ്ട് മനപ്പൂർവ്വമല്ലെങ്കിലും. സഹൃദയരായ വായനക്കാർക്ക് അവിടെയൊക്കെ പൂരിപ്പിച്ചു ചേർക്കാൻ കഥാകാരനെ സഹായിക്കാവുന്നതാണ്.

മിനിയാന്ന്

 

കണ്ണി ആരംഭിക്കുന്നത് 1825 ലാണ്.  

സർ റോബർട്ട് ബ്രിസ്ടൗ വെല്ലിങ്ടൺ ഐലൻഡ് നികത്തിയെടുക്കാൻ തുടങ്ങിയ കാലഘട്ടം.

അന്നാണ് എന്ടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പനായ ശ്രീമാൻ പൈലി ഭൂജാതനായത്.

അതും കേരളത്തിന്റെ ഏറക്കുറെ മദ്ധ്യഭാഗമായ അങ്കമാലിയിൽ.

വളർന്നപ്പോൾ കുടുംബബിസിനസ് ആയ തേങ്ങാ കച്ചവടത്തിലേക്കു തിരിഞ്ഞ പൈലി തേങ്ങയുമായുള്ള കൊച്ചിയിലേക്കുള്ള വരവിലാണ് സുന്ദരിയായ വൈപ്പിൻ ദ്വീപിൽ കണ്ണ് വച്ചത്.

കാറ്റത്തു തേങ്ങാക്കുലകൾ ആടുന്ന ദ്വീപിന്റെ കിഴക്കു ഭാഗത്തെ കാഴ്ചകൾ, വള്ളത്തിലിരിന്നു കാണുകയായിരുന്ന  പൈലിയെ ഹര്ഷപുളകിതനാക്കി. പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങിൽ കയറി അതിൽ വച്ചിരിക്കുന്ന ചെത്ത് കുടത്തിൽ നിന്നും കള്ളു മോന്തിക്കുടിക്കാൻ അവന്ടെ മനസ്സ് ദാഹിച്ചു.

അങ്ങിനെയിരിക്കെയാണ് പൈലിക്കു സ്വന്തം വീട്ടിൽ നിന്നും മാറേണ്ടിവന്നത്. പത്തു മക്കളിൽ ആറാമനായ അവൻ തന്ടെ അനിയൻ കല്യാണം കഴിച്ചിട്ടും അവിടെ തന്നെ കൂടുന്നത് നാട്ടു നടപ്പല്ലാത്തതിനാൽ മാറി താമസിക്കാൻ തീരുമാനിച്ചു. കിഴക്കു മല കയറി കഷ്ട്ടപെട്ടു ജീവിക്കണോ, അതോ വൈപ്പിനിൽ പോയി വൈകുന്നേരങ്ങളിൽ നല്ല പുഴമീനും, കടൽമീനും കൂട്ടി കള്ളടിച്ചു ആനന്ദത്തോടെ ജീവിക്കണോ എന്ന ചോദ്യത്തിൽ വട്ടം കറങ്ങിയ പൈലി അവസാനം തെങ്ങും കള്ളും തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ തന്ടെ ഭാര്യയും മൂന്നു മക്കളുമായി അവൻ വൈപ്പിനിലേക്ക്വള്ളം കയറി. വൈപ്പിൻ ദ്വീപിന്ടെ കഥകൾ കേട്ടതോടെ അവന്ടെ അനിയനും ഭാര്യയും, ചേട്ടനും കുടുംബത്തോടുമൊപ്പം ചേർന്നു.

അവരുടെ വള്ളം മഞ്ഞനക്കാട്കഴിഞ്ഞു പെരുമ്പിള്ളിക്ക് കിഴക്കു വശം അപ്പങ്ങാട് കരയിൽ നങ്കുരമിട്ടു. അവർ അവിടെ  ഇറങ്ങി.

അങ്ങിനെ 1860-ഇൽ, കാറൽ മാർക്സ് ദാസ് ക്യാപിറ്റൽ പുറത്തിറക്കുന്നതിനും ഏഴു വര്ഷം മുൻപ്, അങ്കമാലിക്കാരനായ പൈലിയും അനിയനും തുടങ്ങിവച്ച കൊച്ചിയിലെ ചരിത്രം, ഞാറക്കൽ പുതുശ്ശേരി വീട്ടുകാരുടേത് – തുടങ്ങുകയായി. 2020 വരെയുള്ള 140 വർഷത്തേത്.

പൈലിയും അനുജനും താന്താങ്ങളുടെ ജീവിതം വൈപ്പിന്കരയിൽ വർഷങ്ങൾ കൊണ്ട് ഉറപ്പിച്ചു.

അതായതു പടർന്നങ്ങു പന്തലിച്ചു.

ഇനി കഥാകാരന്ടെ കുടുംബത്തിലേക്ക്….

പൈലിയുടെ ഇളയമകനായ മത്തായി. മത്തായിക്ക് മൂന്നാണ്മക്കൾ.

അക്കാലത്താണ് വൈപ്പിൻ ദ്വീപിൽ കൃഷിക്കാവശ്യമായ വെള്ളം എല്ലായിടത്തും എത്തിക്കുന്നതിനായി കനാലുകൾ നിർമ്മിക്കാൻ കൊച്ചി രാജകുടുംബം തീരുമാനിച്ചത്. അങ്ങിനെ പുഴയിൽ നിന്നും പടിഞ്ഞാറേക്ക് നിർമ്മിച്ച അപ്പങ്ങാട് തോടിൻ  തീരത്തായി മത്തായിയുടെ വീട്. ഇനിയുള്ള ചരിത്രത്തിനു നിശബ്ദം സാക്ഷിയായി  അപ്പങ്ങാട് തോടും നിറഞ്ഞൊഴുകാൻ തുടങ്ങി.

മത്തായിയുടെ മക്കളിൽ രണ്ടാമനായിരുന്നു ഔസേപ്പ്. ഔസേപ്പിനും പണി തേങ്ങ മൊത്തമായി വാങ്ങി പൊതിച്ചു കൊച്ചിയിൽ കൊണ്ട് പോയി വിറ്റു അതിൽനിന്നും ലാഭം എടുക്കുക എന്നതായിരുന്നു. പാരമ്പര്യമായിട്ടുള്ള കുലത്തൊഴിൽ. അതിനിടെ മറ്റൊരു കൈത്തൊഴിൽ കുടി ചെയ്യുമായിരുന്നു എന്ന് കേട്ടറിയുന്നു. കലാശത്തിന്ടെ തോലും പനച്ചിക്കയും ചേർത്ത് ഒരു മിശ്രിതം ഉണ്ടാക്കി മീൻ പിടിക്കാൻ പോകുന്നവർക്ക് വിൽക്കുക. അത് വലയിൽ തേച്ചു പിടിപ്പിച്ചാൽ വല ദ്രവിക്കില്ല

അങ്ങനെ സൈഡ് ബിസിനസ്സും നടത്തി ജീവിച്ചിരുന്ന ഔസേപ്പിനും ഭാര്യ കുഴുപ്പിള്ളികാരി മറിയത്തിനും മക്കൾ രണ്ട്.  

ദേവസ്സിയും അനുജൻ അന്തോണിയും.

ദേവസ്സി .

അദ്ദേഹത്തിന് വിശേഷണങ്ങൾ പലതാണ്.

എന്ടെ അപ്പൂപ്പൻ.

സുമുഖൻ.

ആറടിപൊക്കവും ഒത്ത വണ്ണവും.

പട്ടാളക്കാരൻ നായിക് ദേവസ്സി.

ഇന്ത്യ മുഴുവൻ സഞ്ചരിച്ചയാൾ.

1960 കളിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുകയും അതിലിരുന്നു ഫോട്ടോ എടുക്കുകയും ചെയ്തിട്ടുള്ള കേമൻ.

ലീവിന് വന്നാൽ നാട്ടിലെ ഹീറോ.

എല്ലാം കേട്ടറിവ് മാത്രം. കണ്ടറിവ് ഇല്ല.

കാരണം 1965 ഇൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ചെയ്യുന്നതിനിടെ

എന്ടെ അപ്പന്ടെ 17മത് വയസിൽ, അപ്പൂപ്പൻ ഈ ലോകം വിട്ടു പോയിരുന്നു.

ലീവിന് നാട്ടിൽ നിൽക്കുന്ന സമയത്ത്‌ വയറുവേദന മൂലം നേവൽ ഹോസ്പിറ്റൽ സജീവനിയിൽ പ്രവേശിപ്പിക്കുകയും, രോഗം കലശലായതോടെ അവിടെ നിന്നും വിമാനമാർഗം മുംബൈയിലേക്ക്‌ കൊണ്ടുപോയി അവിടെവച്ചു മരണപ്പെടുകയും, അവിടെ തന്നെ അടക്കം ചെയ്യുകയുമുണ്ടായി എന്ന് അറിയിപ്പ് മാത്രം കാത്തിരുന്നവർക്കു നൽകി ഒരു അവസാനം. 

പിന്നീട് 9 വർഷങ്ങൾക്കു ശേഷം 1974 ഇൽ അപ്പൻ അവിടെ അന്വേഷിച്ചു ചെന്നപ്പോൾ ഒരു രേഖ പോലും ബാക്കിയില്ലാതെ മരിച്ചുപോയ അനേകം പട്ടാളക്കാരിൽ ഒരുവനായി, ജീവിച്ചിരിക്കുന്നവരുടെ ഓർമകളിൽ മാത്രമായി അപ്പൂപ്പൻടെ ജീവിതം എന്ന് ചരിത്രം.     

കണ്ടിട്ടില്ലാത്ത അപ്പൂപ്പൻടെ വീരചരിതം പറയുന്നതിനിടയിൽ കണ്മുന്നിലുണ്ടായിരുന്ന അമ്മുമ്മയെ മറന്നു. കക്ക വാരൽ തൊഴിലാളിയായിരുന്ന അണ്ടിപ്പിള്ളിക്കാവ് കാട്ടുപറമ്പിൽ തോമസിന്ടെ മൂത്ത പുത്രി കുഞ്ഞന്നം ദേവസ്സി. സാമ്പത്തികമായി  യാതൊരു നീക്കിയിരുപ്പും ബാക്കി വയ്ക്കാതെ 5 കുഞ്ഞു മക്കളെ മാത്രം ഭർത്താവ് തന്നിട്ട് പോയിട്ടും തളരാതെ, ജീവിതം പോരാടി ജയിക്കുന്നവർക്കുള്ളതാണെന്നു തെളിയിച്ച ധീര.

അപ്പൂപ്പന്ടെ മരണശേഷം അപ്പന്ടെയും സഹോദരങ്ങളുടെയും മുന്പോട്ടുള്ള ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ദുഃഖങ്ങൾ മറക്കാനുള്ളതും സന്തോഷങ്ങൾ ഓർക്കാനുള്ളതും എന്ന് കരുതുന്നതിനാൽ തല്ക്കാലം ഓർമ്മകൾ ചരിത്രത്തിന്ടെ കോണിൽ പൊടി പിടിച്ചു തന്നെ ഇരിക്കട്ടെ.

വർഷങ്ങൾക്കുശേഷം ആശ്രിതനിയമനത്തിൽ കഥാകാരന്ടെ അപ്പൻ ജോസഫ്, നേവൽ ബേസിലെ ജോലിക്കാരനാവുന്നു.  

പിന്നെ ചരിത്രത്തിനു വേഗത കൂടുകയാണ്.

തറവാട് വീടിന് അപ്പുറത്തുള്ള അപ്പങ്ങാട് തോടിന് അക്കരെയുള്ള കോഴിക്കോട്ടുതറ ജോസെഫിന്ടെ 6 മക്കളിൽ നാലാമത്തേതായ ഗ്രേസിയെ വിവാഹം കഴിക്കുന്നു. ഇന്നസെൻറ് ഡയലോഗ് ആണെങ്കിൽപ്രേംശാദി.  

കഥാകാരൻ പിറക്കുന്നു. സജി ജോസ് എന്ന പേര് ലഭിക്കുന്നു.

പേപ്പൻ എന്ന് വിളിക്കുന്ന ഇളയച്ഛന് പി ഡബ്ലിയു ഡി യിൽ ജോലി ലഭിക്കുന്നു.  

അപ്പൻ പെരുമ്പിള്ളിയിൽ, ഞാറക്കൽ പഞ്ചായത്തു അതിർത്തിയിൽ പറമ്പു വാങ്ങുന്നു

വീട് വെക്കുന്നു . അങ്ങോട്ട് താമസം മാറുന്നു.  

അനിയത്തിമാരായ സജിനിയും ഷാനിയും പിറക്കുന്നു.

 

ഇന്നലെ 

ഇന്നലെകൾ പുലരുമ്പോൾ ഞാൻ ഒരു കുട്ടി ട്രൗസർ ഇട്ടു കുന്തൻകാലിൽ ഇരിക്കുകയാണ്. വീടിന്ടെ കിഴക്കു വശത്തു പടർന്നു പന്തലിച്ചു കിടന്നിരുന്ന പരുത്തിയിൽ നിന്നും നിറമുള്ള ചിറകുകൾ വീശിപ്പറന്ന് ഒരു ഹെലികോപ്റ്റർ പോലെ പറന്നിറങ്ങുന്ന കോഴികളെ നോക്കി. പല കളറിലുള്ള പൂവനും പിടകളും. പറന്നിറങ്ങി ഒന്ന് ചിറകൊക്കെ കുടഞ്ഞു അവ തീറ്റ തേടി പറമ്പിലേക്കിറങ്ങും. എല്ലാ കോഴികളും പറന്നിറങ്ങിയാൽ ഞാനും പോവും. പല്ലു തേക്കാൻ.

ഞങ്ങളുടെ വീടിരുന്ന പറമ്പ് നിറയെ മരങ്ങളായിരുന്നു. പിന്നെ വാഴകളുംഎല്ലാം എന്ടെ അപ്പനും അമ്മയും ചേർന്ന് നട്ടു നനച്ചൂ വളർത്തി എടുത്തത്. ഒരറ്റത്തൊരു കുളം. ഓണക്കാലമായാൽ പറമ്പു നിറയെ കൊച്ചു കൊച്ചു ചെടികളും പൂക്കളും തുമ്പികളും. കൂടെ അമ്മ വളർത്തുന്ന കോഴികളും.

അന്ന് കോഴിമുട്ട കടയിൽ നിന്നും വാങ്ങുന്ന പതിവില്ല. മാത്രവുമല്ല എന്തെങ്കിലും ഒരാഘോഷം വീട്ടിൽ വന്നാൽ ഒരു പൂവൻ അന്ന് മയ്യത്താകും. കൂടാതെ കാശിനു എന്തെങ്കിലും അത്യാവശ്യം വന്നാൽ ഒരു കോഴിയെ വിൽക്കുന്ന ഏർപ്പാടും അന്നുണ്ടായിരുന്നു. പൂവൻ കോഴിയെ വിൽക്കാൻ ഉണ്ടെന്നു പറഞ്ഞാൽ പെരുമ്പിള്ളിയിലെ ഒരു മിൽ ഉടമയുടെ വീട്ടിലെ വേലക്കാരി വീട്ടിൽ നിന്നും വാങ്ങി കൊണ്ട് പോകുമായിരുന്നു. ദിവസവും കോഴിക്കറി കഴിക്കുന്ന വീട്ടുകാർ എനിക്ക് അന്ന് അത്ഭുതമായിരുന്നു.

അപ്പന്ടെ കൂട്ടുകാരിൽ, സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ മാറി താമസിക്കുന്ന  ഒരേ ഒരാൾ എന്ടെ അപ്പനായിരുന്നു

അതുകൊണ്ടു തന്നെ കൂട്ടുകാരിൽ എന്ത് സന്തോഷം  വന്നാലും ആഘോഷം വീട്ടിൽ ആകും. ഒരെട്ടു പത്തു പേർ കൂടി ചേർന്ന് ഒരടിപൊളി പാർട്ടി. അങ്ങിനെയുള്ള ദിവസങ്ങൾ ഞങ്ങൾ മക്കൾക്കും സന്തോഷമാണ്. കാരണം അത്തരം ആഘോഷദിവസങ്ങളിൽ ആണ്  കട്ട്ലെറ്റ്, ചിക്കൻ റോസ്സ്ട്, ഡക്ക് റോസ്സ്ട്, ബുൾസ് മുതലായ വിഭവങ്ങൾ കാണാനും കഴിക്കാനും അവസരം കിട്ടാറുള്ളത്.

അന്ന് ഇന്നത്തെ പോലെ ബ്രോയ്ലർ ചിക്കനോ ബേക്കറികളോ ഇല്ലാത്തതിനാൽ ഒരു പരിപാടി തീരുമാനിക്കുമ്പോൾ തന്നെ പാചകം ചെയ്യാൻ കോക്കി എന്ന് നാട്ടിൽ വിളിപ്പേരുള്ള പാചകക്കാരനെ ഏർപ്പാട് ചെയ്യും. നാട്ടിൽ അക്കാലത്തെ മെയിൻ കോക്കി ആയിരുന്നു കർമലിചുച്ചി എന്ന് പേരുള്ള സ്ത്രീ. അവരുടെ കാൾഷീറ്റ് കിട്ടിയാൽ തന്നെ വീട്ടുകാർക്ക് പകുതി ടെൻഷൻ ഒഴിയും.  

പരിപാടിക്ക് ഒരാഴ്ച മുൻപ് വീടുകളിൽ അവരുടെ ഒരു സിറ്റിംഗ് ഉണ്ട്. അന്ന് അവർ മെനു തീരുമാനിക്കും. അതിനു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇടും. ചിക്കൻ ചോപ്സ്, കരിമീൻ മപ്പാസ്ഇറച്ചി തുണ്ടൻ, ഇഷ്ട്ടൂ എന്ന് വിളിപ്പേരുള്ള stew, എന്ന് വേണ്ട അവർ പറയുന്ന പേരുകൾ കേൾക്കുമ്പോൾ തന്നെ ഞങ്ങൾ കുട്ടികളുടെ വായിൽ കപ്പൽ ഓടാൻ തുടങ്ങും

അമ്മവീടിനോടു  ചേർന്ന് ചെമ്മീൻ കമ്പനിയും, അവിടെ ഐസ് റൂമും ഉണ്ടായിരുന്നതിനാൽ അവിടെ ആഘോഷങ്ങൾക്ക് വേറെ എങ്ങും ഇല്ലാത്ത കുളിരു കോരുന്ന ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാകും . പുഡ്ഡിംഗ്. കാരണം ഫ്രിഡ്ജ് അന്ന് അപൂർവമായിരുന്നു.

മുതിർന്ന ആണുങ്ങൾക്കും വീട്ടിൽ ഒരാഘോഷം വന്നാൽ മറ്റൊരു ആഘോഷം കുടിയുണ്ടാകും. വെള്ളമടി. അന്ന് ഇന്നത്തെ പോലെ വൈകീട്ട് എന്താ പരിപാടി എന്നാരും ചോദിക്കില്ല. കാരണം ദിവസവും കള്ളടിക്കുന്നവരെ അന്നത്തെ സമൂഹം കള്ളുകുടിയൻ എന്ന പേര് നൽകി ചെറിയൊരു അയിത്തം നൽകി മാറ്റി നിർത്തിയിരുന്നു. ഇന്നത് മാറി ഡെയിലി അടിക്കാത്തവനെ നാട്ടുകാർ ഒറ്റപ്പെടുത്തുന്ന സ്ഥിതിയായി.

അങ്ങനെ ബാല്യകാലം സ്മൂത്ത് ആയി പോയ്കൊണ്ടിരിക്കെയാണ് അപ്പൻ ആ പറമ്പു വിൽക്കാൻ തീരുമാനിക്കുന്നത്.

ഇന്നത്തെപ്പോലെ വീടിനു ചുറ്റും മതിലും, മഴവെള്ളം കെട്ടി നിർത്തി പറമ്പിൽ തന്നെ ഇറക്കുന്ന ഏർപ്പാടും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം ഏതെങ്കിലും തോട്ടിലേക്ക് അതിന്ടെ ഇഷ്ട്ടപ്രകാരം ഒഴുകിപോവുകയായിരുന്നു പതിവ്. 

എന്നാൽ ഞങ്ങളുടെ പറമ്പു ചുറ്റുമുള്ള പറമ്പുകളേക്കാൾ താഴ്ന്നിരുന്നതു കൊണ്ടും വെള്ളം ഒഴുകിപ്പോകുന്ന തോട് അടുത്ത പറമ്പിൽ വീട് വയ്ക്കുന്നവർ നികത്തിയതു കൊണ്ടും മഴ പെയ്താൽ ഞങ്ങളുടെ പറമ്പിൽ വെള്ളപൊക്കമുണ്ടാവാൻ  തുടങ്ങി.   

മഴ വെള്ളം സ്വന്തം പുരയിടത്തിൽ തന്നെ ഇറങ്ങുന്നത് പിന്നീട് ഗുണം ചെയ്യും എന്ന കാര്യം അറിവില്ലാത്തവർക്കു പറഞ്ഞുകൊടുക്കാൻ വാട്ട്സാപ്പ്, ഫേസ്ബുക് മുതലായവ ഇല്ലാത്തതിനാൽ അറിവുള്ളവരാരും അതിനു മെനക്കെട്ടില്ല. മഴക്കാലത്ത് പറമ്പു നിറയെ വെള്ളം നിറഞ്ഞു നിൽക്കുന്നത് കണ്ടു നിൽക്കാനുള്ള മനക്കട്ടി ഇല്ലാത്തതിനാലും സാമ്പത്തികമായി ചില പരാധീനതകൾ ഉണ്ടായിരുന്നതിനാലും ആ പറമ്പു വിൽക്കാൻ അപ്പൻ തീരുമാനമെടുത്തു.

അങ്ങനെ ആറാം  ക്ലാസ്സിൽ പടിക്കുന്നതിനിടെ….. 1983 മാർച്ചിൽ – കപിൽ ദേവ് ക്രിക്കറ്റ് വേൾഡ് കപ്പ് ഉയർത്തുന്നതിനും 3 മാസങ്ങൾക്കു മുൻപ് – ഞങ്ങൾ ആ സ്വർഗം – അങ്ങനെ വിളിക്കാനാണ് കഥാകാരന് ഇഷ്ട്ടം – വിട്ടിറങ്ങി. തറവാട്ടിലേക്ക്. തൽക്കാലത്തേക്ക്.

തറവാട്ടിലെ ആ എട്ടുമാസക്കാലം രസകരമായ ഓർമകളാണ്. പല വലിപ്പത്തിലുള്ള പല തരക്കാരായ കൂട്ടുകാർ, ചേട്ടന്മാർ, ചേച്ചിമാർ. ഒരു വശത്തുകൂടെ ഒഴുകുന്ന അപ്പങ്ങാട് തോട്. അതിൽ മീൻ പിടിക്കുന്നവർ. വഞ്ചിക്കാർ . നീന്തി കുളിക്കുന്നവർ.

തോടിൻടെ കാര്യം ഓർത്താൽ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അത്ര മനോഹരമായ കാഴ്ചയല്ല. 

അപ്പങ്ങാട് തോടിൻടെ വശത്തുള്ളവരുടെയെല്ലാം കക്കൂസ് അന്ന് ആ തോട്ടിലായിരുന്നു. വീടിനു വശത്തായി വെള്ളത്തിൽ  ചതുരാകൃതിയിൽ നാലു കുറ്റികൾ. നാലു വശവും ഓല കൊണ്ട് മറ. അതിലേക്കു കരയിൽ നിന്നൊരു തടി കൊണ്ടൊരു ബന്ധം. പിന്നെ അകത്തു കാല് കുത്തി ഇരിക്കാനായി രണ്ടു തടികഷ്ണങ്ങൾ നീളത്തിൽ. തീർന്നു. അതിലിരുന്നു താഴ്ത്തേക്കു നോക്കിയാൽ അക്വാറിയത്തിലേക്കു നോക്കുന്ന പോലെയാണ്. കരിമീൻ, കൂരി, പള്ളത്തി, പൂച്ചൂട്ടി അങ്ങനെ പലതരം മീനുകൾ. അതൊരു കാഴ്‌ച തന്നെ ആയിരുന്നു. വീട്ടിലെ കാരണവന്മാർ അതിൽ കയറിയാൽ പിന്നെ മുകളിലേക്ക് പുക പൊയ്ക്കൊണ്ടിരിക്കും. അന്ന് ബീഡി വലിച്ചാലേ അവർക്ക് അവിടെ ഇരിക്കാൻ ഒരിത് കിട്ടുകയുള്ളു എന്നായിരുന്നു വെപ്പ് .

ശൗചാലയങ്ങൾ തോട്ടിൽ ആയിരുന്നതിനാൽ തോട്ടിലെ പ്രധാന കാഴ്ച്ച ഞങ്ങൾ കുട്ടികളുടെ ഭാഷയിലെ മസ്‌കൺഠങ്ങൾ ആയിരുന്നു. അത് ഇങ്ങനെ ഒഴുകുന്നതിനിടയിലൂടെ തോട്ടിൽ നീന്തി കുളിക്കുന്നവവരുടെ ചങ്കുറ്റം ഇന്നും എന്ടെ ആലോചനകൾക്ക്  അപ്പുറത്താണ്.

 കുടിവെള്ള ക്ഷാമം അന്ന് നാട്ടിലെ ഒരു പ്രധാന വിഷയമായിരുന്നു. 

വെളുപ്പിന് എഴുന്നേറ്റു പോയി പബ്ലിക് ടാപ്പിനു മുൻപിൽ ക്യൂ നിന്ന് വേണം കുടിക്കാനുള്ള വെള്ളം കൊണ്ടുവരാൻ. പിന്നെ വീട്ടാവശ്യത്തിനുള്ളത് ഏതാണ്ട് ഇരുന്നൂറു മീറ്റർ അകലെയുള്ള കുളത്തിൽ നിന്നും കോരി കൊണ്ട് വരണം. എന്ടെ ഓർമയിൽ അത് ഇളയച്ഛന്മാരുടെ ജോലി ആയിരുന്നു. ഇരു കൈകളിലും അലുമിനിയം കുടങ്ങൾ തൂക്കി പിടിച്ചു ഫുൾ ബോഡി സ്ട്രെച്ചിൽ അമ്പു തൊടുത്തു വിട്ടപോലെയുള്ള അവരുടെ വരവ് കാണാൻ നല്ല രസമായിരുന്നു. അവർക്കെങ്ങനെ അല്ലായിരുന്നുവെങ്കിലും. 

രണ്ടു കുടം വെള്ളം കൊണ്ടുവരുന്നതിനെ ഒരു തൂക്ക് വെള്ളം എന്നാണ് പറയുക. അങ്ങനെ പത്തിരുപതു തൂക്ക് വെള്ളം കൊണ്ടുവരണം ഒരു ദിവസം. ഈ കഷ്ടപ്പാട് ഏറ്റെടുത്ത് വീട്ടിൽ എല്ലാവർക്കും വേണ്ടിയുള്ള വെള്ളം കൊണ്ട് വരുന്ന അവരുടെ  മാനസികാവസ്ഥ എനിക്ക് ഇന്നും പിടികിട്ടിയിട്ടില്ല. കാരണം ആത്മീയമായ പുണ്യം അല്ലാതെ ഭൗതീകമായ ഒന്നും തന്നെ അവർക്കു അതിൽനിന്നു ലഭിച്ചിട്ടില്ല .

എന്ടെ കുട്ടിക്കാലത്ത്‌ ആളുകൾ സോഡിയം കുറഞ്ഞോ മഗ്‌നീഷയം കിഡ്‌നിയിൽ അടിഞ്ഞോ മരിച്ചതായി കേട്ടിട്ടില്ല. കൊളെസ്ട്രോൾ കാരണം ഹാർട്ട് അറ്റാക്ക് വന്നു എന്ന് പോലും പറയാറില്ല. “വെളുപ്പിന് കതക്‌തുറന്നു മൂത്രമൊഴിക്കാൻ പോയി വന്നു കിടന്ന  മനുഷ്യനാണ്. ഇപ്പൊ കിടക്കണ കിടപ്പു കണ്ടാ” എന്നായിരിക്കും ഒരു മരണവീട്ടിൽ ചെല്ലുമ്പോൾ കേൾക്കുന്നത്. അത് കൊണ്ട് തന്നെ ആളുകൾ കൊളെസ്ട്രോൾ ഭയമില്ലാതെ ഇറച്ചി കഴിച്ചിരുന്നു. പ്രേതെയ്കിച്ചു പോത്തിറച്ചി. അതും ഞായറാഴ്ച.

വെട്ടാനുള്ള പോത്തിനെ ശനിയാഴ്ച കൊണ്ട് വരും. തറവാടിന് വടക്കേ അതിരിൽ ഒരു ഇടവഴിയായിരുന്നു. ഇടവഴി എന്ന് പറഞ്ഞാൽ രണ്ടു പേർക്ക് കഷ്ട്ടിച്ചു വയറുകൾ മുട്ടാതെ കടന്നു പോകാവുന്ന വീതി. അതിലൂടെയാണ് മണികെട്ടിയ പോത്തിനെ കൊണ്ടുവരുന്നത്. വേലി കെട്ടിയ ഓലക്കീറുകൾക്കിടയിലൂടെ  ഒളിഞ്ഞുനോക്കിയാൽ സിനിമാസ്കോപ്പ് കാഴ്ചയിൽ പോത്തിനേയും അതിനേക്കാൾ ഭീകരനായി പുറകിൽ വരുന്ന കശാപ്പുകാരനെയും കാണാം. പിന്നീട് കാലൻ എന്ന സങ്കല്പം എന്നിൽ ഉറച്ചത് ആ കാഴ്ച്ചയിൽ നിന്നാണ്.

ഞായറാഴ്ച ഇറച്ചി വാങ്ങിക്കൊണ്ടു വന്നാൽ പിന്നെ വീട്ടിൽ ഒരു ചെറിയ പെരുന്നാളാണ്. ഒരാൾ ഇരുന്ന് അത് മുറിച്ചു കഷ്ണങ്ങളാക്കും. ഇന്നത്തെ പോലെ വെട്ടികൂട്ടലല്ല. പലകയിട്ടു നിലത്തിരുന്നിട്ടു ഒരു അരിവാൾ കാലുകൊണ്ട് ചവിട്ടിപ്പിടിക്കും. എന്നിട്ടു ഇറച്ചിക്കഷ്‌ണം രണ്ടു കൈകൊണ്ടു എടുത്തു അരിവാളിന്ടെ വായ്ത്തലയിലുടെ നൈസായി മുറിച്ചെടുക്കും. ഉപ്പിൽ വെന്തു കഴിയുമ്പോൾ തന്നെ പകുതി എല്ലാവരും കൂടെ കഴിച്ചിരിക്കും. ഞായറാഴ്ച കളിയ്ക്കാൻ വരുന്ന കുട്ടികൾക്കൊക്കെ ഉപ്പിൽ വെന്ത ഇറച്ചിയുടെ മണമായിരിക്കും.

വീട്ടിൽ ഭക്ഷണം തയ്യാറാകാൻ വൈകിയാൽ  ഞങ്ങൾ കുട്ടികൾക്ക്  പേപ്പൻ ഇടക്കൊക്കെ പുറത്തുപോയി ഭക്ഷണം വാങ്ങി തരും. രണ്ടു ചായപ്പീടികകൾ ഉണ്ടായിരുന്നു. ഒന്ന് അപ്പങ്ങാട് പാലത്തിനടുത്തും പിന്നൊന്ന്  പാലത്തിൽ നിന്നും കുറച്ചകലെയും. ആദ്യത്തേതിൽ തോടിനഭിമുഖമായാണ് ബെഞ്ചുകൾ ഇട്ടിട്ടുള്ളത്. 

ആ ചായക്കടകളുടെ  പ്രേത്യേകത കയറിച്ചെല്ലുമ്പോൾ തന്നെ മുക്കിലടിക്കുന്ന  ചുമരിൽ പതിച്ചുണങ്ങിയ ചായയുടെയും പരിസരത്തു കൂട്ടിയിട്ടിരിക്കുന്ന ഉപയോഗിച്ച ചായപ്പൊടിയുടെയും പിന്നെ അടുപ്പിലെ പുകയുടെയും ഒക്കെ കൂടിച്ചേർന്ന ഒരു ഗന്ധമാണ്. പിന്നെ കരിപിടിച്ച മതിലുകളും എല്ലാം ചേർന്ന് ഒരു വല്ലാത്ത ഫീൽ ആണ്. 

അവിടെയിരുന്നു, പുട്ട് പപ്പടം ചേർത്ത് കുഴച്ചു തൊണ്ടയിലൂടെ ഉരസി ഇറക്കുന്നതിനിടെ അൽപ്പം ചൂടു ചായ അതിലൂടെ കടത്തിവിടുന്ന ഒരു  ഒരു സുഖം പിന്നീട് ജോലിക്കിടെ പല പഴയ ചായക്കടകളിൽ കയറിയിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ല.

തറവാട്ടിലെ ഒരു വർഷത്തെ താമസത്തിനു ശേഷം ഞങ്ങൾ പുതിയൊരു പറമ്പു വാങ്ങി വീട് വച്ച് അങ്ങോടു താമസം മാറി.  

1984 ഇൽ ക്രിക്കറ്റ് കളി നാട്ടിൽ വളരെ വേഗം പ്രചാരം നേടുന്ന നേരം. സമപ്രായക്കാരായ ഒരുപാടു പേര് കൂട്ടുകാരായി ഉള്ള ഒരു പ്രദേശത്തേക്ക് ഞങ്ങൾ എത്തി.

 

ഇന്ന്

തുടരും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here