ജൂൺ 19 – സ്കൂൾ ഗ്രന്ഥപ്പുരയുടെ നട തുറപ്പുത്സവം. ഗോപിമാഷ് തുവാല കൊണ്ട് മൂക്കും വായും മൂടിക്കെട്ടി ആദ്യത്തെ അലമാരയുടെ വാതിൽ തുറന്നതോടെ പതിനാലു ദിവസത്തെ ആഘോഷപരിപാടികൾക്കു തുടക്കമായി.
ഏഴാം ക്ലാസ്സിലെ തല മുതിർന്ന പതിനാല് പരികർമികൾ മാഷിനെ സഹായിക്കാൻ ഇരുവശങ്ങളിലുമായി നിരന്നു നിന്നു.അവർ പഞ്ചതന്ത്രവും പറയിപെറ്റ പന്തിരുകുലവും പൂതപ്പാട്ടും മറ്റും ഇരു കൈയും നീട്ടി ഏറ്റുവാങ്ങി പുറത്തേയ്ക്കിറങ്ങി പ്രദക്ഷിണം വച്ചു. ‘വായിച്ചു വളരുക ‘ എന്ന അരുളപ്പാട് പല തവണ ആവർത്തിക്കപ്പെട്ടു.
ഉത്സവത്തോടനുബന്ധിച്ച് കാവ്യാ ലാപനം, പോസ്റ്റർ രചന, ആസ്വാദനക്കുറിപ്പ്, പ്രശ്നോത്തരി തുടങ്ങിയ പതിവു കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. പതിനാലാംനാൾ സമാപനത്തോടനുബന്ധിച്ച് പാരിതോഷികങ്ങളും പ്രഖ്യാപിച്ചിരുന്നു.(ഭണ്ഡാരം വരവ് തൃപ്തികരമാണെങ്കിൽ മാത്രം)
കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ശേഷിക്കെ വാസു മാഷ് , പ്രോഗ്രാം നോട്ടീസുമായി വന്ന് ഒരു സംശയം അറിയിച്ചു.
“ഗോപി മാഷേ, വായനാ പക്ഷാചരണം എന്നല്ലേ വേണ്ടത് ? ഇതിൽ പക്ഷേ, പക്ഷാഘാതം എന്നാണ് അച്ചടിച്ചു വച്ചിരിക്കുന്നത് ! ”
ഗോപിമാഷ് നോട്ടീസ് വാങ്ങിച്ച് അലസമായൊന്ന് കണ്ണോടിച്ചു.
“ഒന്നോർത്താൽ ഇതു തന്നെയാണ് ശരി. വായനാ പക്ഷാഘാതം !”