പമ്പ് ജംഗ്ഷനില്‍ നിന്ന് താഴോട്ടുള്ള റോഡ് റയില്‍വേസ്റ്റേഷനിലേക്ക് തിരിയുന്നിടത്തുള്ള മരച്ചുവട്. അവിടമാണ് കണ്ടുവച്ചിരിക്കുന്ന സ്ഥലം. ‘നീയിവിടെ ഇരുന്നാല്‍ മതി. ട്രെയിന്‍ കയറാന്‍ വരുന്നവരും വണ്ടിവിട്ട് വരുന്നവരും – അവരെയൊക്കെ വീഴ്ത്താന്‍ പറ്റിയ പാകത്തിലായിരിക്കണം നിന്റെയിരുപ്പും കിടപ്പും വാച്കമടിയും. സന്ധ്യകഴിയുന്നതോടെ ഞാന്‍ വരും. പറഞ്ഞതൊക്കെ ഒപ്പിച്ചോണം.
വേലുവാശാന്‍ അതുംപറഞ്ഞ് സ്കൂട്ടറില്‍ കയറാന്‍ നേരം ഒന്നുകൂടി പറഞ്ഞു. മറ്റാര്‍ക്കും ഇല്ലാത്ത സൗകര്യം നെനക്കുണ്ട്. കൂടെക്കൂടെ വണ്ടിവരുവേം പോവുകേം ചെയ്യുമ്പോഴുള്ള തെരക്ക് മാത്രമല്ല. അവിടെ പലരും ഓട്ടോ പിടിക്കാന്‍ വരണോരും അപ്പുറം മെയിന്‍ റോഡിലെ ബസ്റ്റോപ്പിലേക്ക് പോണോരും – അവര്‍ക്കൊക്കെ ഇതിലെ വന്നെ ഒക്കൂ. ആ സൗകര്യം നീ മൊതലാക്കണം – അല്ലെല്‍ –
ആണ്ടവന്‍ മരച്ചുവട്ടിലേക്ക് നീങ്ങി. കയ്യിലേയും കാലിലേയും കെട്ട് ശരിയല്ലേ എന്ന് നോക്കി. വലത്തെ കാലിന് മുട്ടിന് താഴെയുള്ള കരിഞ്ഞ ഭാഗം കാണത്തക്കവേണം ഇരിക്കാന്‍. പൊള്ളലേറ്റ് കരിഞ്ഞതണെന്ന് തോന്ണം. പിന്നെ മുഖത്തെ പാടുകള്‍. പാണ്ടുരോഗമണെന്ന് പറഞ്ഞ് അനാഥാലയത്തിലുള്ളവരും അകറ്റിയപ്പോള്‍ നിന്ന് പെഴയ്ക്കാന്‍ വേണ്ടി പുറത്ത് ചാടുകയായിരുന്നു. കൂടെക്കഴിഞ്ഞിരുന്ന പലരും മുഖം തിരിച്ചിരുന്നു. ഉച്ചയ്ക്കും സന്ധ്യ കഴിഞ്ഞ നേരത്തും പാത്രവുമായി വിളമ്പുകാരന്റെ അടുക്കലേക്ക് ചെല്ലുമ്പോള്‍ മറ്റുള്ളവരൊക്കെ ക്യൂവില്‍ നിന്ന് മാറും. ഏതോ മനോരോഗം പിടിച്ചവനാണെന്ന് മറ്റുള്ളരൊക്കെ കണക്കുകൂട്ടി. എന്തിന്? ചോറും കറിയും പാത്രത്തിലോട്ട് ഇട്ട് തരുന്നവന്‍ വരെ വേഗം തന്നെ കുറെ കോരിയിട്ട് ‘-പോ- ഒച്ചവയ്ക്കും. ഓരോന്ന് മെനക്കെടുത്താനായി വന്നോളും.’
രാത്രി പാവിരിച്ച് കിടക്കാന്‍ നേരം മറ്റുള്ളോര്‍ ഒഴിഞ്ഞുപോകും. ഇത് പകരുമത്രെ. എല്ലാവരുടെയും നോട്ടം കാണണം.
നേരെചൊവ്വേ ഭക്ഷണം കഴിച്ചിട്ട്, ശരിക്കുറങ്ങാന്‍ പറ്റിയിട്ട് – ഒന്നിനും കഴിയുന്നില്ല. വഴക്കും ചീത്തപറക്‍ഹ്ചിലും-
‘എവിടുന്നിതൊക്കെ വരുന്നു- വല്ല കുഷ്ഠരോഗമാണെങ്കിലും കുഴപ്പമില്ല. അവരാണേ – നോക്കീം കണ്ടുവേ നിക്കൂ. ഇത് അതാണോ – ഇളിച്ചോണ്ട് വന്നോളും.’
ഒരു രാത്രി അനാഥാലയത്തിന്റെ പിന്‍ഭാഗത്ത് മതില്‍ പൊളിഞ്ഞു കിടക്കുന്ന ഭാഗത്തുകൂടി പുറത്ത് കടന്ന് രക്ഷപ്പെടുകയായിരുന്നു. പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തു നിന്ന് രാത്രി മുഴുവനും നടന്ന് കിഴക്കു ഭാഗത്തുള്ള ബസ്റ്റാന്റിനടുത്ത് വന്നപ്പോള്‍ ഇവിടെയും പരിഹാസവും പുച്ഛവും. മറ്റുള്ള ഭിക്ഷക്കാരുടെ അടുക്കല്‍ സ്ഥാനമില്ല. അവര്‍ സംഘം ചേര്‍ന്ന് പാത്രവും ഭാണ്ഡക്കെട്ടും വലിച്ചെറിഞ്ഞ് ഓടിക്കുകയായിരുന്നു. ഏങ്ങിവലിച്ചുള്ള ഓട്ടം ചെന്നു നിന്നത് വേലോശാന്റെ മുന്നില്‍. വിവരമറിഞ്ഞപ്പോള്‍ വേലോശാന്റെ സാന്ത്വനം.
‘താനൊന്നുകൊണ്ടും പേടിക്കേണ്ട. തനിക്ക് പറ്റിയ സ്ഥലം ഞാന്‍ കാണിച്ചു തരാം. തന്നെയാരും ഓടിക്കില്ല. അവിടിപ്പോള്‍ കിഴവിത്തള്ളയാ കിടപ്പ്. അതിനെ ഞാനിന്ന് കെട്ടുക്കെട്ടിക്കും. അവിടെ ഇനി താനാവും ഇരിക്കുക. പിന്നെ എന്നും വൈകിട്ട് ഞാന്‍ വരും. പറഞ്ഞതൊക്കെ – ഓര്‍ക്കൊണണ്ടല്ലോ. അതൊപ്പിച്ചോണം. പകുതി ഞാനെടുക്കും.
സ്റ്റേഷനിലേക്ക് തിരിയുന്ന മുക്കില്‍ – റോഡിനെതിരെ സ്ഥാനമുറപ്പിച്ചിട്ടുള്ളവര്‍- പ്രായം ചെന്ന- കാല് സ്വാധീനം കുന്ജ്ഞ ഒരുവള്‍- ഒരുവനൊരു കുഷ്ഠരോഗി. കൈവിരലിലൊരെണ്ണം അറ്റുപോയിട്ടുണ്ട്. പിന്നൊരുവന്‍ ഒരു ക്ഷയരോഗി- എപ്പോഴും മൂക്കുചീറ്റുന്നവും കാനയിലേക്ക് കാര്‍ക്കിച്ച് തുപ്പുകയും ചെയ്യുന്നവന്‍- കോങ്കണ്ണൂം കിറി കോടിയവനുമായ ഒരു വയസ്സന്‍. പിന്നെയാണ് വയസ്സിത്തിത്തള്ള. ഇന്നലെവരെ ഇവിടെ ഇരിപ്പുറപ്പിച്ചിരുന്ന ഇവരെയാണ് വേലുവാശാന്‍ അപ്പുറത്തേക്ക് പറഞ്ഞുവിട്ടത്.
പക്ഷെ ഇവരൊക്കെ ആണ്ടവനെ നോക്കി എന്തൊക്കെയോ പുലഭ്യം പറയുന്നു.
ഇതൊരു പകര്‍ച്ചവ്യാധി- ഞങ്ങടെ ദേഹത്തും ഈ പാണ്ട് വരാന്‍ അധികം നാള്‍ വേണ്ട. അടുത്തേക്കൊന്നും വന്നേക്കരുത്.
വേലുവാശാന്‍ കൂനികൂനി നടക്കുന്ന വയസ്സിത്തിത്തള്ളയെ എഴുന്നേല്പ്പിച്ച് പറഞ്ഞുവിടാന്‍ നേരത്ത് പറഞ്ഞ വാകുകള്‍ ഇപ്പോശ്ഴും ചെവിയില്‍ മുഴങ്ങുന്നു.
‘പെണ്ണാണ്. പ്രായം ചെന്നോളാണ്. എന്നിട്ടും എന്താ പ്രയോജനം? ഇന്നേവരെ ഇരുന്നൂറ് രൂപാപോലും തന്നിട്ടില്ല. ഇനി കൊറെനാള് തള്ളയുടെ ഇരിപ്പിടം ദാ ഇവിടെയാണ്!.’
തള്ള കെഞ്ചി. ‘എനിക്ക് വയ്യ. ഇവിടാകുമ്പം മരച്ചുവട്ടില്‍ വെയില്‍ കൊള്ളില്ല. പിന്നെന്റെ പ്രായോം നോക്കണം.’
‘വേണ്ട. ഇവിടെ സ്ത്രീ സംവരണമൊന്നുമില്ല. വേഗം മാറണം. ‘
ആണ്ടവന്‍ കയ്യിലെ ഭാണ്ഡക്കെട്ട് മരച്ചുവട്ടിലേക്ക് വച്ചു. ചുളുങ്ങിയ അലുമിനിയം പാത്രം നീട്ടി വച്ച കാല്‍ക്കല്‍ വച്ചു. പിന്നെ ദയനീയമായ ഒരു നോട്ടം. ഒരു റിഹേഴ്സല്‍ നടത്തുകയായിരുന്നു.
എതിരെയിരുന്നവരെയൊക്കെ പിറുപിറുത്തു തുടങ്ങി.
‘ബാക്കിയുള്ളോന്റെ കഞ്ഞികുടി മുട്ടിക്കാന്‍- കെട്ടിയിടുത്തേക്കണു.’
ട്രെയിന്‍ വിട്ട് ആള്‍ക്കാര്‍ വരുന്നു. ട്രെയിന്‍ രണ്ടെണ്ണമാണ് സ്റ്റേഷനില്‍ വന്നേക്കുന്നത്. ഒന്ന് വടക്കോട്ടും പിന്നൊന്ന് തെക്കോട്ടും. രണ്ട് വണ്ടിയിലേയും ആള്‍ക്കാര്‍ സ്റ്റേഷനു പുറത്തേക്ക് വന്നതോടെ ഒരുത്സവത്തിന്റെ മട്ടായായിരുന്നു.
പക്ഷെ വന്നവരൊന്നും കയ്യിലിരുന്ന പാത്രം നീട്ടി പട്ടിണിയും പരിവട്ടവും നിറഞ്ഞ വാക്കുകള്‍ പറഞ്ഞിട്ടും ഫലമില്ലായിരുന്നു.
‘വണ്ടിയിലും ഇവറ്റെകളെക്കൊണ്ട് ശല്യമായിരുന്നു. ഇപ്പം ഇവിടെയും. ‘മുന്നില്‍ വന്ന ഒരുവന്റെ വാക്കുകളാണ്. എന്നിട്ടും അയാള്‍ പോക്കറ്റില്‍ കയ്യിട്ടു.
‘ഓ- ചില്ലറയില്ല. പിന്നാട്ടെ.’
ഓരോരുത്തരും കടന്നുപോകുന്നതല്ലാതെ ആരും ഗൗനിച്ചില്ല. അപ്പുറം പോലീസ് വക പ്രീപെയ്ഡ് ബൂത്തിന്റെ മുന്നില്‍ ചിലര്‍ ക്യൂ നില്‍ക്കുന്നു. അവരില്‍ ഒരുവന്‍ മാത്രം ഒരു നാണയം പാത്രത്തിലേക്ക് വലിച്ചെറിഞ്ഞു. രണ്ട് രൂപ. ഇന്നത്തെ ആദ്യത്തെ കൈനീട്ടം. അതേസമയം അപ്പുറമിരിക്കുന്നവരുടെ പാത്രത്തില്‍ ഇതിലേക്കാളും കൂടുതല്‍ നാണയം വീഴുന്നുണ്ട്. എന്താ- ഇവിടെയും ഒറ്റപ്പെട്ട് പോവുകയാണോ?
സ്റ്റേഷന് മുന്നില്‍ കാറില്‍ വന്നിറങ്ങിയവരുടെ കൂട്ടത്തിലെ ഒരു പ്രായംന്‍ ചെന്ന സ്ത്രീ പേഴ്സ് തുറന്ന് പത്ത് രൂപയുടെ നോട്ടിട്ടു.
‘മോളൂടെ ഇന്റര്‍വ്യൂ നടക്കുന്നു. അമ്പലത്തില്‍ പോവാന്‍ പറ്റിയില്ല. ഒരു പുണ്യം ഇങ്ങനെയെങ്കിലും-‘
അവര്‍ ആരോടാണ് പറഞ്ഞതെന്നറിയില്ല. ആ കുട്ടി ഇന്റര്‍വ്യൂവിന് പാസാവട്ടെ.
അപ്പുറത്തെത്തള്ളാ വിളീച്ചുകൂവി തുടങ്ങി .
‘ബാക്കിയുള്ളോര്‍ക്ക് കിട്ടേണ്ട കാശ്ശാ- മുടിഞ്ഞുപോവത്തെ ഉള്ളു.’ അരമണിക്കൂര്‍ കഴിഞ്ഞു. വീണ്ടൂം വണ്ടി വന്നു. ഇത്തവണ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയവര്‍ക്ക് ക്ഷമ ഇല്ല. അധികവും ജോലിക്കു പോവേണ്ടവരാണേന്ന് തോന്നുന്നു. ജനപ്രളയം ആയിരുന്നെങ്കിലും കിട്ടിയത് വെറും അഞ്ചു രൂപ. എതിരെയിരിക്കുന്നവരില്‍ കുഷ്ഠരോഗിക്ക് മാത്രമാണ് എന്തെങ്കിലും കാര്യമായി കിട്ടിയെതെന്ന് തോന്നുന്നു.
കൈവിരലുകളിലൊന്നറ്റ് പോയതും വളഞ്ഞുനിന്ന് മാത്രം ചോദിക്കാന്‍ പറ്റുന്നത്കൊണ്ടും ആള്‍ക്കാരുടെ അനുകമ്പ പിടിച്ചു പറ്റാന്‍ കഴിഞ്ഞു. പിന്നെ ചിലര്‍ കൊടുക്കുന്നത് മുന്നില്‍ വന്നുപെട്ട ഈ ശല്യം ഒഴിഞ്ഞുപോട്ടെയെന്ന തോന്നലില്‍ നിന്നുമാവാംങ്കണ്ണിന് കാഴ്ചയില്ലാത്തവര്‍ക്കും രക്ഷയുണ്ട്. പക്ഷെ മുഖത്ത് പാണ്ട് പിടിച്ചയാളെ മാത്രം കണ്ടില്ലെന്ന് നടിക്കുന്നും. ഇത് പകരുന്നരോഗമല്ലെന്ന് എത്രപേര്‍ക്കറിയാം. അപ്പുറം മൂക്ക് ചീറ്റി എപ്പോഴും കാര്‍ക്കിച്ച് തുപ്പുന്നവനും കൂനുപിടിച്ച വയസ്സത്തിത്തള്ളയ്ക്കും കിട്ടുന്ന പരിഗണന പോലും ലഭിക്കുന്നില്ല. ഇന്നത്തോടെ തന്നെ ഇവിടെ നിന്ന് പോവേണ്ടിവരും.
ഉച്ചയായതോടെ പാത്രത്തിലേക്ക് നോക്കി. പത്തിന്റെ നോട്ടുള്‍പ്പടെ കിട്ടിയത് ഇരുപത്തഞ്ച് രൂപ മാത്രം. അപ്പുറം കുഷ്ഠരോഗിക്ക് ഇപ്പോഴെ നൂറെങ്കിലും തികഞ്ഞുകാണും.
നല്ല വിശപ്പും ദാഹവും. കാലത്തെ കുപ്പിയില്‍ കൊണ്ടുവന്ന വെള്ളം ഇനി ഒരു കവിള്‍ കുടിക്കാന്‍ കാണും. ആകെ ഇന്ന് ഞ്ച്ചത് റൊട്ടിയുടെ ഒരു കഷണം. ഇനി പിടിച്ച് നില്‍ക്കാന്‍ വയ്യ. എന്തെങ്കിലും മേടിച്ച് കഴിക്കണമെന്ന് വിചാരിച്ച് ഇവിടെ നിന്നെണീറ്റ് പോവാനും വയ്യ. അപ്പം ആ കെളത്തി ഇവിടെ വന്നുകൂടും.
അറിയാതെ തന്നെ കണ്ണുകളടഞ്ഞുപോകുന്നു. എന്തൊക്കെയോ ഒച്ചയും ബഹളവും. മെയിന്‍ റോഡില്‍കൂടി ഒരു ജാഥ കടന്നുപോകുന്നതിന്റെ ആരവം കേള്‍ക്കാം. പിന്നെ ഒരു വണ്ടിയില്‍ മൈക്കില്‍ക്കൂടി വിളിച്ചു പറയുന്നതിന്റെ ഒച്ച. പിന്നെ-
മുന്നില്‍ വച്ച പാത്രത്തില്‍ ഒരു കനപ്പെട്ട സാധനം വന്നുവീണപോലെ. കണ്ണ് തുറന്നപ്പോള്‍ കണ്ടത് ഒരിലപ്പൊതി. ‘കഴിച്ചോളു അമ്പലത്തിലെ ധാരയുടെ ചോറും പ്രസാധവുമാണ്. ഇന്ന് കുഞ്ഞിന്റെ ചോറൂണുമായിരുന്നു. ഭഗവാന്റെ അനുഗ്രഹം കിട്ടു.’
അമ്പലത്തിലെ ചോറാണേന്ന് കേട്ടപ്പോഴെ നാവില്‍ വെള്ളമൂറി. അപ്പുറമിരിക്കുന്നോരും എത്തിനോക്കി.
‘എനിക്ക് കിട്ടേണ്ടതാ- അതിയാന്‍ കൊണ്ടുപോയത്. ഇങ്ങനൊരുത്തന്‍ വന്ന് പെട്ടത് കൊണ്ട് -‘
തള്ള എന്തൊക്കെയോ പിന്നെയും പറയുന്നു. അവരെ ഇവിടെ നിന്നും എഴുനേല്പ്പിച്ച് വിട്ടതിന്റെ ദേഷ്യം ഇപ്പോഴും തീര്‍ന്നിട്ടില്ല.
സ്റ്റേഷനിലേക്ക് പോലീസുകാര് കൊണ്ടായിരിക്കും ഇപ്പോള്‍ ഒരനക്കവും ഇല്ല. അല്ലെങ്കിലാ തള്ള ഇനിയും എന്തെങ്കിലും പറഞ്ഞേനെ.
ചോറ് കഴിച്ചാല്‍ കുടിക്കാന്‍ വെള്ളമില്ല. എണീറ്റ് പോവാനും വയ്യ. കുറച്ച് നേരം കൂടി കാക്കാം. ഒരിളം കാറ്റിന്റെ വീശല്‍. കണ്ണൂകളടഞ്ഞുപോകുന്നു.
ഒരുത്സവാഘോഷത്തിനിട പെട്ടിരിക്കുന്നു. റോഡരികില്‍ വരിവരിയായി സ്ഥാനം പിടിച്ചവരില്‍ ഒരുവനായി താനും. അപ്പുറം അമ്പലമുറ്റത്ത് നിരനിരയായി നെറ്റിപ്പട്ടം കെട്ടിയ ആനകള്‍. ചെണ്ടയുടെയും നാദസ്വരത്തിന്റെയും മേളം. ആതോടൊപ്പം ആര്‍പ്പുവിളിയും. ഏതോ ഭക്തിഗാനം പാടുന്നത് മൈക്കില്‍ കൂടി വരുന്നു. എല്ലാം കൊണ്ടും സുഖം പകരുന്ന അന്തരീക്ഷം.
‘ഓഹോ പള്ളിയുറക്കത്തിലാണ് അല്ലേ? എത്രയുണ്ടെടാ പറഞ്ഞതൊക കിട്ടിയോ?
കണ്ണ് തുറന്ന്പ്പോള്‍ വേലുവാശാന്‍ മുന്നില്‍. സന്ധ്യകഴിഞ്ഞ് ചുറ്റും വൈദ്യുതിവെളിച്ചം പകരുന്ന കാഴ്ചയോട് പൊരുത്തപ്പെടാന്‍ കുറെ സമയമെടുത്തു. അപ്പുറമിരുന്നവരൊക്കെ സഥലം വിട്ടുക്കഴിഞ്ഞു. ഇപ്പോള്‍ മുന്നില്‍ ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്നവനും പിന്നെ കപ്പലണ്ടിയും നാരങ്ങാവെള്ളവും സോഡയും വില്‍ക്കുന്ന ചിലര്‍. മെയിന്‍ റോഡിലെ ബഹളവും ഒച്ചവയ്പ്പും – പക്ഷെ ഇതൊന്നും അറിയാതെ പോയി. വിശപ്പും ദാഹവും ഇന്നലത്തെ ഉറക്കക്ഷീണവും കാരണം ഒന്നും അറിഞ്ഞില്ല. വേലുവാശാന്റെ മുഖം ദേഷ്യം കൊണ്ട് ജ്വലിക്കാന്‍ വേറെ കാരണമൊന്നും വേണ്ടായിരുന്നു.
‘നൂറ്റൊന്നുലുവ. ഇതിലും ഭേദം ആ കെളത്തിയായിരുന്നു. ദിവസവും 250 – 300 വച്ച് കിട്ടുമായിരുന്നു. തന്നെപ്പിടിച്ചിരുത്തിയിട്ട് എന്താടോ എനിക്ക് കിട്ടിയഗുണം.?’
പെട്ടന്നാണ് മുന്നിലെ പാത്രത്തിലെ ഇലപ്പൊതികണ്ടത്. അതോടെൊരു തെളിച്ചം മുഖത്ത്.
കോള്ളാലോ, ആരുടെയാ സല്‍ക്കാരം? ഇന്ന് വൈകിട്ട് ഹോട്ടല്‍ ഭക്ഷണം വേണ്ടാന്ന് വയ്ക്കാം.
ഏതായലും നൂറ്റൊന്നുരൂപ- പിന്നെയിച്ചോറും ഇതും ഞാനെടൂക്കുവാ- താനിവിടെയിരി- ഇനി രാത്രി വണ്ടീക്ക് വല്ലോമ്മ് കിട്ടുമോന്ന് നോക്ക്. ഞാന്‍ പോണൂ.
പൊതിച്ചോറീന്റെ കാര്യം കേട്ടതോടെ ഉള്ളീലെ വിശപ്പ് ആളിക്കത്തി.
‘അയ്യോ- ഇന്നൊന്നും കഴിച്ചിട്ടില്ല. ആ ചോറെങ്കിലും വച്ചിട്ട് പോ-‘
‘ഫാ- ചൊണകെട്ടവനെ- എനിക്കിവിടെ നിന്ന് ആ കെളത്തിയായിരുന്നേല്‍ ഇരുന്നൂറെങ്കിലും കിട്ടിയേനെ. അതാ ഇല്ലാതെ പോയത്. തനിക്കിന്ന് വായു ഭക്ഷണം മതി.’
ആണ്ടവന്റെ കെഞ്ചലും അപേക്ഷയൊന്നും കേള്‍ക്കാതെ, വേലുവാശാന്‍ സ്കൂട്ടറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യാന്‍ നേരത്താണ് മുമ്പിലൊരു തലക്കെട്ടുകാരന്‍. കൈലിയും ടീഷര്‍ട്ടും പിന്നെ കയ്യിലൊരു കറുത്തചരടുകൊണ്ടൊരു കെട്ടും.
പെട്ടെന്ന് ഉന്ത് വണ്ടിക്കാരും കപ്പലണ്ടിവില്ക്കുന്നവരും പുറകോട്ടൊതുക്കി മാറി നില്‍ക്കുന്നു. അവരുടെ മുഖത്തൊരു സംഭ്രമം. അപ്പുറം, ചായയടിക്കുന്നവന്റെ തലക്കെട്ടവനഴിച്ച് കഴിഞ്ഞു.
വേലുവാശാന്‍ അതൊന്നും ഗൗനിക്കാതെ സ്കൂട്ടര്‍ സ്റ്റാര്‍ട്ടു ചെയ്യാനുള്ള ശ്രമത്തിലാണ്. പക്ഷെ മുന്നില്‍ വന്നു നില്‍ക്കുന്നയാള്‍ അനങ്ങുന്നേയില്ല.
‘തനൊന്ന് മാറിയേ- എനിക്ക് പോണം.’
‘താനിപ്പോള്‍ പോണില്ല. കുറെക്കഴിഞ്ഞ് പോയാല്‍ മതി.’
അത് പറയാന്‍ താനാരാ? വേലുവാശാന്‍ അത് പറഞ്ഞുതീരുന്നതിനുമുന്നേ കരണക്കുറ്റിക്കൊരു വീക്ക്. അതോടെ സ്കൂട്ടറോട് കൂടി അയാള്‍ നിലത്ത്.
തപ്പിപ്പിടഞ്ഞ് എഴുന്നേല്‍ക്കാന്‍ തുടങ്ങിയ വേലുവാശാനെ എഴുന്നെല്പ്പിച്ച് പറഞ്ഞു.
‘ഞാന്‍ വാസു. പിരിവ് വാസു. ചട്ടമ്പി വാസുവെന്നും ചിലര്‍ വിളീക്കാറുണ്ട്. ഞാന്‍ ചന്തമുക്കിലാ പിരിക്കാറ്. അവിടെ പാവങ്ങടേ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരാറില്ല. ിവിടെ താനീ ചെയ്യണപോലെ.
അതോടെ പലരും പലരും കാഴ്ചക്കാരായിമാറി. സ്റ്റേഷനില്‍ നിന്ന് വണ്ടി വിട്ട് വരുന്നവരും കാഴ്ചകാണാന്‍ കൂടി. അപ്പുറം ഓട്ടോ സ്റ്റാന്‍ഡിലുള്ളവരും ഇങ്ങോട്ടാണ് നോട്ടം.
‘ആട്ടെ ഞാന്‍ പോട്ടെ ഇനി ഇങ്ങോട്ട് വരില്ല.’.
‘നില്‍ക്ക്. പോവാന്‍ വരെട്ടെ. ഇയാളോട് മേടിച്ച കാശ് തിരിച്ച് കൊടുക്ക്.’
ഇയാക്കി സ്ഥലം ഏര്‍പ്പാടാക്കികൊടുത്തത് ഞാനാ. ഇന്നത്തെ പൈസ മാത്രമേ ഞാനെടുക്കുന്നുള്ളൂ.
‘ഫാ! എരപ്പെ. താനരാ ജോലികൊടുക്കാന്‍? സര്‍ക്കാരോ? ഈ സ്ഥലം നിന്റെ തറവാട്ടു വകയാണോ?
വാസു പിന്നെ വേലുവാശാന്റെ എളിയില്‍ തിരുകിയിരുന്ന പേഴ്സ് ബലമായി പിടിച്ചെടുത്ത്, അതിലുള്ള രൂപ മുഴുവനും എണ്ണിനോക്കി. മൊത്തം മൊന്നൂറ് രൂപ.
‘ഓഹോ- ഇത്രയേ പിരിക്കാന്‍ പറ്റിയുള്ളോ? ഏതായാലും ദേഹമനങ്ങാതെ കിട്ടിയ കാശല്ലേ? അതീ പാവത്തിന് കൊടുത്തേര്. അയാടെ ചോറിന്റെ കാശോടെ കൂട്ടിയാന്ന് കരുതിയാമതി. ദാ- പേഴ്സ് പിടി. നാളെ മുതല്‍ ഈ ഭാഗത്തോട്ട് വന്നേക്കരുത്.
വേലുവാശാന്‍ എന്ത് വേണമെന്നറിയാതെ മിഴിച്ചുനിന്നു.
ഇത്രയും പേരുടെ മുന്നില്‍ വെച്ച് നാണം കെട്ടതിന്റെ ജാള്യത മുഖത്തുണ്ട്. എങ്ങനെയും പോയാമതിയെന്നായി. പയ്യെ സ്കൂട്ടറിന്റടുക്കലേക്കു നീങ്ങി. സ്റ്റാര്‍ട്ട് ചെയ്യാനായി തുടങ്ങിയപ്പോള്‍ വാസു-
‘നില്‍ക്ക്. എന്നേം ആ ചന്തമുക്കിലോട്ട് വിട്.’
പിന്നെ തിരിഞ്ഞ് ആണ്ടവനോടായി പറഞ്ഞു.
‘ചെല്ല്. വയറ് നിറച്ച് വല്ല ഹോട്ടലീന്ന് എന്തെങ്കിലും വാങ്ങിക്കഴിക്ക്’
ഒന്നും സംഭവിക്കാത്ത മട്ടില്‍ വേലുവാശാനും തൊട്ടുപിന്നില്‍ വാസുവും – സ്കൂട്ടറില്‍ സഥലം വിട്ടു.