അരണ്ട നീല വെളിച്ചം. ബാന്ദ്ര തെരുവിലെ തെരുവുവിളക്കിന്റെ പ്രകാശം ആ പഴയ ലോഡ്ജിന്റെ ഒന്നാം നിലയിലെ നൂറ്റിമുപ്പത്തിരണ്ടാം നമ്പർ മുറിയിൽ അധികം എത്തിയിരുന്നില്ല. താഴെ റോഡിൽ വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നുണ്ട്. എങ്ങും തെരുവിന്റെ ബഹളം. ആ ബഹളങ്ങൾക്കിടയിലേക്ക് വിദൂരതയിൽ നിന്നും ഒരു പാട്ടൊഴുകിയെത്തി. മറാഠി സംഗീതമാണ്. വരികൾ വ്യക്തമല്ല. എങ്കിലു കേൾക്കാം. ആ പാട്ടിന്റെ ഏറ്റകുറച്ചിലുകൾക്ക് കാതോർത്ത് ഞാൻ അങ്ങനെ കിടന്നു.
കൈതണ്ടയിൽ അവൾ കിടക്കുന്നുണ്ട്. ഇന്നത്തെ എന്റെ വരപ്രസാദം. ലോഡ്ജിലെ മാർവാടി പയ്യനോട് വിലപേശുമ്പോൾ ഒരൊറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളു. മലയാളിയാവണം.
അവൾ ഉറങ്ങിയിട്ടില്ല. പതിയെ കറങ്ങുന്ന ഫാനിന്റെ കേന്ദ്രബിന്ധുവിൽ ഇമവെട്ടാതെ നോക്കുന്നു. തീക്ഷണമായ കണ്ണുകൾ. നെറ്റിയിൽ തൊടുകുറിയുണ്ട്. ഒരു വെള്ള ബെഡ്ഷീറ്റിന്റെ മറ മാത്രമുള്ള അവളെ ഞാൻ പലകുറി കണ്ണോടിച്ചു. എണ്ണൂറ് വെള്ളികാശിന്റെ സ്വത്ത് ഞാൻ പലതവണ മനസ്സിൽ മൂല്യമിട്ട് തിട്ടപെടുത്തി.
ദേവതയാണ്.
മാർവാടി വാക്കുപാലിച്ചിരിക്കുന്നു.
ഒന്ന് കുളിക്കണം… അവൾ പറഞ്ഞു. മറുപടി പറയും മുമ്പേ ബെഡ്ഷീറ്റും പുതച്ച് അവൾ കുളിമുറിയിലേക്ക് നടന്നു. അർദ്ധനഗ്നതയ്ക്ക് തന്നെയാണ് ഭംഗി. ഒപ്പം പോകണമെന്നുണ്ടായിരുന്നു. പക്ഷേ ധൈര്യപ്പെട്ടില്ല. ഈ രാത്രി പുലരും വരെ അവൾ എന്റെ മാത്രമാണ്. ഞാൻ മനസ്സിനെ ധൈര്യപ്പെടുത്തി. പാതി ചാരിയ വാതിൽ തുറന്ന് അകത്ത് കേറി ഞാൻ ഓടാമ്പലിട്ടു. യാതൊരു മുഖഭാവവുമില്ലാതെ അവൾ എന്നെയൊന്ന് നോക്കി. മുഖത്ത് നോക്കാൻ എനിക്ക് അപ്പോഴും ധൈര്യം കിട്ടിയിരുന്നില്ല.
ജലകണങ്ങൾ പവിഴമുത്തുകൾപോലെ മുടിയിടകളിൽ നിന്നും കൺപീലികളിൽ നിന്നും ഇറ്റുവീണുകൊണ്ടിരുന്നു. നെറ്റിയിലെ കുങ്കുമക്കുറി ഒരു ചെറരുവിയായ് അവളുടെ മാറത്തൂടെ പെയ്തിറങ്ങി. ഞാൻ പതിയെ അടുത്ത് ചെന്നു. മുല്ലമൊട്ടിനു ചുറ്റും സിന്ധൂരം തൂവിയതുപോലെ ചുവന്ന കുരുക്കൾ തളിർത്തു നിന്നു. ഞാൻ തൊട്ടപ്പോൾ അവയ്ക്ക് ജീവൻവച്ചു.
വേണ്ട… എല്ലാത്തിനോടും വെറുപ്പ് തോന്നിതുടങ്ങിയിരിക്കുന്നു… ഒന്നും വേണ്ടിയിരുന്നില്ല. കൊടിയ വിഷാദം എന്നെ കീഴ്പ്പെടുത്തി.. മതിയാക്കാം…
കുളിമുറി വാതിൽ ഓടാമ്പൽ ഇളക്കി ഞാൻ പുറത്ത് കടന്നു. മുറിയിൽ പരിശ്രമിച്ചു കറങ്ങുന്ന ഫാനിനു കീഴെ തെല്ലുനേരം അനങ്ങാതെ നിന്നു. വല്ലാത്ത ആശ്വാസം.
വൈകാതെ കുളി കഴിഞ്ഞ് ഈറനുടുത്ത് അവൾ എന്റെ പുറകെ വന്ന് നിന്നു. നീ പൊയ്ക്കോളു… ഞാൻ കടുപ്പിച്ച് പറഞ്ഞു.
ഒരു രാത്രി എന്നല്ലേ പറഞ്ഞത്. അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു. വേണ്ട ഞാൻ ഒരു യാത്രയ്ക്കിറങ്ങുകയാണ്. ഉടൻ പുറപ്പിടും.
ഈ രാത്രി ഞാൻ ഒറ്റയ്ക്ക്…
മുഴുവിപ്പിക്കാൻ സമ്മതിച്ചില്ല. പോകാൻ പറഞ്ഞാൽ പൊയ്ക്കോളണം. ഞാൻ കയർത്തു.
അവൾ ഒന്നും മിണ്ടാതെ മുറിയുടെ വലതു വശത്തുള്ള കണ്ണാടിയുടെ മുന്നിലേക്ക് മാറിനിന്നു. വസ്ത്രം മാറി ബാഗും എടുത്ത് പോകാൻ ഒരുങ്ങുന്നതുവരെ ഞാൻ നോക്കി നിന്നു.
ഇത് വച്ചോളു… ഓട്ടോ പിടിച്ച് പോയാൽ മതി. പോകാനൊരുങ്ങിയ അവളുടെ കയ്യിൽ ഒരു നൂറ് രൂപ നോട്ട് പിടിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഒന്നും പറയാതെ അതും വാങ്ങി അവൾ യാത്രയായി.
മറ്റൊരു യാത്രയ്ക്ക് സമയമായി…
മേശവലിപ്പിൽ നിന്ന് ഞാൻ ആ സ്ഫടികകുപ്പി പുറത്തെടുത്തു. മനസ്സിനെ മത്തുപിടിപ്പിച്ചുകൊണ്ട് തന്നെ തുടങ്ങാം. ഇന്നെല്ലാം രാജകീയമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
ആ സ്ഫടികകുപ്പിയിൽ നിന്ന് ഞാൻ അല്പം ഒരു ഗ്ലാസ്സിലേക്ക് പകർന്നു. ഒറ്റ വലിക്ക് കുടിച്ചു. ആ സ്വർണ്ണ ദ്രാവകം നെഞ്ചിലൂടെ എരിഞ്ഞിറങ്ങി. അടുത്തതൊഴിച്ചു. ഇത് സ്വല്പം നേർപ്പിക്കാം. കീസയിൽ നിന്നു ഞാൻ ആ ചെറിയ കുപ്പി പുറത്തെടുത്തു. അവസാനത്തെ ഇറ്റും ഞാൻ ആ ഗ്ലാസ്സിലേക്ക് പകർന്നു. വെള്ളത്തിന് സമാനമായ നിറവും സാന്ദ്രതയും ഉള്ള ആ ദ്രാവകം മദ്യത്തിൽ നന്നായി അലിഞ്ഞു ചേർന്നു. രുചി പരീക്ഷിക്കാൻ തോന്നിയില്ല. ഇഷ്ടമായിലെങ്കിലോ…? നാവിൽ തൊടിയിച്ചില്ല. അവസാനത്തെ മാത്രയും എന്റെ കണ്ഠങ്ങൾ ഏറ്റുവാങ്ങി. ഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് ഞാൻ കട്ടിലിലേക്ക് ചായ്ഞ്ഞു…
പ്രാർത്ഥിച്ച്.. കണ്ണടച്ചു കിടന്നോളൂ അമ്മേടെ കുട്ടി… അമ്മേടെ ശബ്ദമാണ്. ജീവിച്ച നാളുകളത്രയും ചെറു ചിത്രങ്ങളായ് കൺമുന്നിൽ പ്രത്യക്ഷപ്പെട്ടു. അമ്മയുടെ മുഖമാണ് അധികവും കണ്ടത്. മനസ്സിന്റെ ഇരുളുപിടിച്ച ഏതോ കോണിലിരുന്ന് എല്ലാം ശരിയാവുമെന്ന് എന്നോട് പറയും പോലെ. വൈകിപ്പോയി… ഒടുങ്ങണം എന്നു കരുതിതന്നെയാണ് ഇങ്ങനൊരു മിശ്രിതം തിരഞ്ഞെടുത്തത്. വിഷവും മദ്യവും. മദ്യം വിഷത്തെ ദ്രുതഗതിയിൽ വ്യാപിപ്പിച്ച് മരണത്തെ അനായാസമാകുന്നു.
ഇതുവതെ തോന്നാതിരുന്ന ഭയം മനസ്സിനെ ദുർബലപ്പെടുത്തി. നെഞ്ചിനു കീഴെ വല്ലാത്ത ഭാരം തോന്നുന്നു. ശക്തമായൊരു ഇരുട്ട് കണ്ണിലേക്ക് അടിച്ചു കയറി. രക്തം ഏതൊ വെഗ്രതയിൽ ശരീരമാകെ പാഞ്ഞു. അത് കവിഞ്ഞൊഴുകി ഒരു രുദ്രരേഖയായ് മൂക്കിലൂടെ താഴോട്ടൊലിച്ചു.
ലോഡ്ജിനു താഴെ പാതയോരത്ത് വാഹനങ്ങളുണ്ട്, ആളുകളുണ്ട്. ഒന്ന് എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ആ ചിന്ത മനസ്സിൽ നിന്ന് കൈകാലുകളിലേക്ക് എത്തും മുമ്പേ ശരീരം ചലനമറ്റിരുന്നു. ഉള്ളിൽനിന്ന് ഒരു കയ്പ് തികട്ടി വന്നു. ഞാൻ തൊണ്ടപൊട്ടി നിലവിളിച്ചു. രക്തത്തുള്ളികൾ കുന്നികുരുക്കളായി രൂപാന്തരപ്പെട്ടു. അവ വിരിപ്പിലും മെത്തയിലും ചിതറിവീണു. പതിയെ അതിലലിഞ്ഞു.
കണ്ണുകളടഞ്ഞു… ഇരുട്ട് കനത്തുനിന്നു… രക്തം തണുത്തു… തെരുവുണർന്നിരുന്നു…