കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച നിതാ – മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോകോത്തര കലാസൃഷ്ടികൾക്കുള്ള ഇന്ത്യയിലെ പുതിയ തുറമുഖമാണ്. ലോക
കലാഭൂപടത്തിലെ നിരവധിപേരാണ് വിവിധ വിഭാഗങ്ങളിലായി കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായത്. അതിനിടയിൽ മലയാളികൾക്ക് അഭിമാനിക്കാനും ഒരു വകയുണ്ട്.
അന്‍സെലം കീഫര്‍, ലിന്‍ഡ ബെംഗ്ലിസ്, സിസിലി ബ്രൗണ്‍, ഫ്രാന്‍സെസ്‌കോ ക്ലെമെന്റ്ന്, റാഖിബ് ഷാ എന്നിങ്ങനെയുള്ള ലോകോത്തര കലാകാരന്‍മാര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്ന് അഞ്ച് പേരുടെ കലാസൃഷ്ടികളാണ് ഗാലറിയിൽ ഉൾപ്പെട്ടിട്ടുള്ളത്. അതിലെ ഏകമലയാളിയാണ് രതീഷ് എന്ന ആർട്ടിസ്റ്റ്. ഭൂപന്‍ ഖഖർ, ഭാരതി ഖേര്‍, ശാന്തിബായ്, രഞ്ജനി ഷെട്ടാര്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റുള്ളവർ. തന്റെ ജീവിതാവസ്ഥകളെ ശക്തമായ രാഷ്ട്രീയ അടിയൊഴുക്കുകളിൽ ചേർത്ത് അവതരിപ്പിക്കുന്ന ചിത്രകാരനാണ് രതീഷ്.
രഞ്ജിത് ഹോസ്കോട്ടെ, ജെഫ്രെ ഡെയ്ച്ചര്‍ എന്നിവർ ചേർന്നാണ് നിതാ അംബാനി കള്‍ച്ചറല്‍ സെന്ററിലേക്ക് കലാകാരന്‍മാരെ തിരഞ്ഞെടുത്തത്. രാജ്യത്ത് നിന്ന് അഞ്ച് പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തിന് പുറത്ത് നിരവധി ആര്‍ട്ട് ഗ്യാലറികളില്‍ രതീഷിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2005 ല്‍ ലണ്ടനിലെ ജെര്‍വുഡ് സ്‌പേസില്‍ ആര്‍ഒഎസ്എല്‍ ആര്‍ട്‌സ് സ്‌കോളർഷിപ്പ് എക്‌സിബിഷനിലാണ് രതീഷിന്റെ ചിത്രങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
യൂറോപ്പ്, ജപ്പാന്‍ , ഉത്തരകൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ രതീഷിന്റെ ചിത്രങ്ങളെത്തി. ഫുക്കുവോക്ക ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയം- ജപ്പാന്‍, അമേരിക്കയിലെ ഡർഹാമിലുള്ള നാഷണൽ മ്യൂസിയം ഓഫ് ആര്‍ട്ട്, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്- ന്യൂഡല്‍ഹി, സുസ്‌യം ആര്‍ട്ട് സെന്റര്‍, റിഗ- ലാത്വിയ എന്നീ മ്യൂസിയങ്ങളില്‍ രതീഷിന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English