റഷൊമോൺ

അങ്ങനെയിരിക്കെ,
ഒരു കഥ പറയാൻ രണ്ടാള് വന്നു
കൊച്ചുമേനവന്റെ കഥ
രണ്ട് ധ്രുവങ്ങളിൽ നിന്ന്
രണ്ട് കാഴ്ചകളിൽ പതിഞ്ഞ
ഒരാളുടെ കഥ
കൊച്ചുമേനവന്റെ കഥ

1. മരുമകൻ പറഞ്ഞു:

അമ്മാവൻ വീരൻ
പുകഴ്പാടി നാടൊട്ടുക്ക് സിൽബന്ദികൾ
തലമുറകളിൽ വേരോടിയ തറവാടിത്തം
പ്രമാണികളിൽ ദേശത്തെ പ്രധാനി.

ലാവണ്യകളിൽ മയങ്ങാതെ
ത്യാഗത്തിൻ പര്യായം പോൽ
ബുദ്ധിഭ്രമിച്ചൊരു നാരിയെ വേളി-
കഴിച്ചതിന്നും ദേശമോർക്കുന്നു.

അടിതെറ്റിയ കൂലികൾക്കൊന്നും
അന്നയൽദേശത്തും കാൺമാനില്ല
മനമറിയുന്നൊരു തമ്പ്റാനിതുപോൽ
മണ്ണറിയുന്നൊരു കാർന്നോരും.

വയസ്സെഴുപതിലും വീണുകിടന്നില്ല
ഓട്ടം തന്നെയോട്ടം, ഉയിര് പോകും
വരെയും പടയോട്ടം. കേസരി.

2. അടിയാളൻ പറഞ്ഞു

തമ്പ്റാനെന്നാൽ ഭയം തന്നെ
ഭയം കൊണ്ട് ബഹുമാനം
ബഹുമാനം കൊണ്ട് പണി
പണി കൊണ്ട് നിറയണ പള്ള,
വെറുപ്പാണ്, ഉള്ളിലെവിടെയോ.

ഇളയതിൽ പൂതി മൂത്ത്
മൂത്തേനെ കെട്ടിയ അക്കിടിയന്നും
കള്ളിൻപുറത്തൊരു ചിരിപ്പാട്ടാണ്.
ഉറക്കെയാരും കേട്ടില്ല.
പെണ്ണുങ്ങളാരും മനംമടുത്ത് ചത്തില്ല
പിഴപ്പിച്ചുകൊല്ലുന്ന പാവക്കൂത്ത്
കണ്ണുതുറന്നാരും കണ്ടില്ല.

പീത്വാ പുലഭ്യം പറഞ്ഞും തൊഴിച്ചും
ഉള്ള തരിമാനം കൂടി വിറ്റൊഴിഞ്ഞു,
ചുട്ടെരിച്ച കുടികളിലെ കരച്ചിലിന്നും
കാതിലിരമ്പും.

ഒടുക്കം, നുരയും പതഞ്ഞ് തെക്കും
വടക്കുമോടി നാണക്കേടായി,
ഇളയതുങ്ങൾക്ക്. ചങ്ങലയ്ക്കിട്ടു.
തല തല്ലി ചത്തു, ദാ അവിടത്തെ തറയിൽ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English