ഒരേ വിദ്യാലയത്തിലെ എട്ടാം സ്റ്റാന്റേര്‍ഡ് വിദ്യാര്‍ത്ഥികളാണ് ജോയിയും ചാക്കപ്പനും. സ്കൂള്‍ വാര്‍ഷികം കഴിഞ്ഞ് ഇരുവരും വീടുകളിലേക്കു പോകാന്‍ തയ്യാറായി ബസ്റ്റോപ്പിലേക്കു ചെന്നു. താന്നിപ്പുഴ പാലത്തിന്റെ അടുത്താണ് ബസ്റ്റോപ്പ്. അവര്‍ ബസ്സു കാത്തുനിന്നപ്പോള്‍ പല യാത്രക്കാരും നടന്നു പോകുന്നതുകണ്ടു.
ഓരോ വഴിയാത്രക്കാരനെ കാണുമ്പോഴും കുട്ടികള്‍ പരസ്പരം പല കമന്റുകള്‍ പാസ്സാക്കി. അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു കിളവന്‍ വരുന്നതു കണ്ടു. അയാള്‍ ഞൊണ്ടി ഞൊണ്ടി നടന്നാണ് വന്നത്. കിളവന്റെ നടത്തം കണ്ടപ്പോള്‍ ചാക്കപ്പന്‍ പറഞ്ഞു:
‘ആ വല്യപ്പന്റെ മുട്ടുകാലിന് എന്തോ തകരാറുണ്ട്. ആ പാവം എന്തു ബുദ്ധിമുട്ടിയാണ് നടന്നു വരുന്നത്. വല്യപ്പന് ബസ്സില്‍ കയറി പോകാന്‍ പാടില്ലേ? എന്തിനിങ്ങനെ കഷ്ടപ്പെടുന്നു?’
‘ആ വല്യപ്പന്റെ മുട്ടുകാലിനല്ല തകരാറ്. കണംകാലിനാണ്. ആ നടത്തം കണ്ടാല്‍ അതു മനസ്സിലാക്കാന്‍ പാടില്ലേ?’ ജോയി അഭിപ്രായപ്പെട്ടു.
‘കണം കാലിനല്ല മുട്ടുകാലിനാണ് തകരാറ്. ഒരു സംശയവുമില്ല. ആ വല്യപ്പന്റെ നടത്തം ശദ്ധിച്ചു നോക്ക്.’ ചാക്കപ്പന്‍ പറഞ്ഞു.
‘നിന്റെ മുഖത്തല്ലേ കണ്ണ്? ആ വല്യപ്പന്റെ മുട്ടുകാലിന് ഒരു കുഴപ്പവുമില്ല. കണംകാലിനു തന്നെയാണ് കുഴപ്പം.’ ജോയി പറഞ്ഞു.
ഇങ്ങനെ ജോയിയും ചാക്കപ്പനും തര്‍ക്കിച്ചു കൊണ്ടു നിന്നു. ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന് ഇരുവരും വാദിച്ചു. രണ്ടൂപേരും
വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തര്‍ക്കം ഉന്നയിച്ചു കൊണ്ടേയിരുന്നു.
അങ്ങനെ സംസാരിച്ചു നിന്നപ്പോള്‍ കിളവന്‍ അവരുടെ അടുത്തെത്തി. ചാക്കപ്പന്‍ ചോദിച്ചു.
‘വല്യപ്പന്‍ എവിടെ പോകുകയാണ്?’
‘ഞാന്‍ കാലടി ചന്തയില്‍ പോകുകയാണ്.’ വല്യപ്പന്‍ പറഞ്ഞു.
‘എന്തിനാണ് നടന്നു ബുദ്ധിമുട്ടുന്നത്? ബസ്സു വരാറായി. ബസ്സില്‍ പോകാന്‍ പാടില്ലേ?’ ജോയി ചോദിച്ചു.
‘ബസ്സില്‍ കയറിയാല്‍ ഏഴുരൂപ കൊടുക്കണം. ദാ, ആ കാണുന്നതാണ് ചന്ത. അവിടെ ഇറങ്ങിയാലും ബസ്സുകാര്‍ ഏഴുരൂപ വാങ്ങും. എന്താ ചെയ്യാ, നടക്കാം.’ എന്നു പറഞ്ഞ് കിളവന്‍ നടക്കാന്‍ തുടങ്ങി.
അപ്പോള്‍ ചാക്കപ്പന്‍ ചോദിച്ചു: ‘വല്യപ്പന് നടക്കാന്‍ പ്രയാസമാണല്ലോ? മുട്ടുകാലിന് എന്ത്പറ്റി?
‘എന്റെ മുട്ടുകാലിന് ഒന്നും പറ്റിയിട്ടില്ല.’ കിളവന്‍ പറഞ്ഞു. ‘വല്യപ്പന്റെ കണം കാലിന് എന്താ പറ്റിയത്? നടക്കുമ്പോള്‍ വേദനയുണ്ടോ?’ ജോയി ചോദിച്ചു.
‘എന്റെ കണം കാലിനും ഒരു കുഴപ്പവുമില്ല. ദൈവം സഹായിച്ച് എന്റെ കാലുകള്‍ക്ക് അസുഖമൊന്നുമില്ല.’ കിളവന്‍ പറഞ്ഞു.
കിളവന്റെ മറുപടി കേട്ടപ്പോള്‍ ചാക്കപ്പനും ജോയിയും പരസ്പരം നോക്കി പറഞ്ഞു.
‘പിന്നെ എന്താണ്‍ വല്യപ്പന്‍ ഞൊണ്ടി ഞൊണ്ടി നടക്കുന്നത്?’
‘അതോ? ഞാന്‍ വരുന്ന വഴി എന്റെ ചെരിപ്പിന്റെ വള്ളി ഒരു വശം വിട്ടു പോയി. അതു ചന്തയില്‍ ചെല്ലുമ്പോള്‍ ചെരുപ്പുകുത്തിയുടെ കൈയില്‍ കൊടുത്തു നന്നാക്കിക്കാമല്ലോ എന്നു കരുതി ചെരിപ്പ് കാലില്‍ നിന്ന് ഊരിപോകാതെ പതുക്കെ നടക്കുന്നതാണ്. അല്ലാതെ എന്റെ കാലിന് ഒരു കുഴപ്പവുമില്ല മക്കളേ.’ എന്നു പറഞ്ഞ് കിളവന്‍ നടന്നു.
‘ആശാനും അടവു തെറ്റും.’ എന്നാണല്ലോ പഴമൊഴി. അബദ്ധം എല്ലാവര്‍ക്കും പറ്റാവുന്നതാണ് എന്നു സമാധാനിച്ച് ചാക്കപ്പനും ജോയിയും പിന്നെ തര്‍ക്കം ഉന്നയിച്ചില്ല. അവരുടെ വാദഗതികള്‍ തെറ്റായിരുന്നു എന്ന് അവര്‍ക്ക് ബോദ്ധ്യമായി. യാഥാര്ത്ഥ്യം അറിയാതെ തര്‍ക്കിച്ച് മണ്ടന്മാരായല്ലോ എന്നോര്‍ത്ത് ചിരിച്ച് ഇരുവരും ബസ്സില്‍ കയറി വീടുകളിലേക്കുപോയി.