1. ശരി
—————–
ഉവ്വ് സർ
എല്ലാം ശരിയാണ്
കിഴക്കാലെ തന്നെ ഉദയം
പടിഞ്ഞാറ് തന്നെ പടിയൽ
ഉണ്ണുന്നുണ്ട്
ഉടുക്കുന്നുണ്ട്
എല്ലാം പതിവ് പോലെ
അടുക്കള
ഊണുമുറി
മക്കള്ടെ മുറി
പുള്ളിക്കാരന്‍റെ മുറി
എല്ലാം ശരിയാണ്
ഉപ്പ്, മുളക്, മഞ്ഞൾ
പാൽ, പത്രം,പണയച്ചീട്ട്
എല്ലാം ശരിക്കും ശരിയാണ്
പനി, ജലദോഷം, തലവേദന
അതും വളരേ ശരിയാണ്
ഇതു വരെയും എല്ലാം ശരിയാണ് സർ
നെഞ്ചിലെ കേവു ഭാരം പോലും.
2. മേല്‍വിലാസം
———————-
പ്രേഷകന്‍റെ മേല്‍വിലാസം
പേര്
വീട്ടുപേര്
സ്ഥലം
ജില്ല
പിന്‍കോഡ്
ഗ്രാഹകന്‍റെ മേല്‍വിലാസം
പേര്
വീട്ടുപേര്
സ്ഥലം
ജില്ല
പിന്‍കോഡ്
മേല്‍വിലാസങ്ങള്‍ ഒന്നായതിനാല്‍
ഞാനെഴുതിയ കത്തുകള്‍
എന്നിലേക്കു തന്നെ
തിരിച്ചു വരുന്നു