പണ്ട് പണ്ട് ഒരിടത്ത് പമ്മന്‍ എന്നൊരു കര്‍ഷകനുണ്ടായിരുന്നു . അയാള്‍ വയലിലിറങ്ങി പാടുപെട്ട് പണിയെടുത്ത് പണമുണ്ടാക്കി.
പമ്മനോടൊപ്പം അയാളുടെ ഭാര്യയും മക്കളും വയലില്‍ പണി ചെയ്തു അയാളുടെ കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് പണിയെടുത്തപ്പോള്‍ കുടുംബം അടിക്കടി അഭിവൃദ്ധി പ്രാപിച്ചു.
പമ്മന്റെ കുടുംബത്തിന്റെ അഭിവൃദ്ധി കണ്ടപ്പോള്‍ അയല്പക്കത്തുള്ള ഒരു കര്‍ഷകന് അവരോടു അസൂയ തോന്നി. പമ്മന്റെ പണം എങ്ങനെയെങ്കിലും തട്ടിയെടുക്കാനുള്ള മാര്‍ഗം അവനാരാഞ്ഞു .
കൊയ്ത്തു കഴിഞ്ഞു നെല്ലു വിറ്റ പണം കിട്ടിയ ദിവസം വീട് കൊള്ള ചെയ്ത് പണം കൈക്കലാക്കാന്‍ അയല്പക്കത്തുള്ള കര്‍ഷകന്‍ തീരുമാനിച്ചു. പമ്മന്റെ വീട് കൊള്ള ചെയ്യുന്നതിനു വേണ്ടി അകലെ ഗ്രാമത്തിലുള്ള രണ്ടു കള്ളന്മാരെ അയാള്‍ ശട്ടം കെട്ടി.
കളളന്മാര്‍ പമ്മന്റെ വീട്ടില്‍ അര്‍ദ്ധരാത്രി എത്തി . കള്ളന്മാരെ കണ്ടപ്പോള്‍ പമ്മന്റെ പട്ടികള്‍ കുരച്ചു . പട്ടികളുടെ കുര കേട്ട് പമ്മന്‍ ഉറക്കത്തില്‍ കിടന്ന് ‘ ഇവിടാരാ’ എന്ന് പറഞ്ഞു .
അപ്പോള്‍ കള്ളന്മാര്‍ അകത്തു കടക്കാന്‍ തക്കം നോക്കി നില്‍ക്കുകയായിരുന്നു . അവരോടാണു ചോദിക്കുന്നതെന്നു കള്ള്ന്മാര്‍ കരുതി. അവര്‍ ഞെട്ടിപ്പോയി.
” നമുക്ക് ഓടി രക്ഷപ്പെടാം അല്ലെങ്കില്‍ നമ്മളെ ഇപ്പോള്‍ പിടിക്കും ” ഒരു കളളനഭിപ്രായപ്പെട്ടു.
ആ അഭിപ്രായത്തോടു കൂട്ടുകാരന്‍ കള്ളന്‍ യോജിച്ചു ഇരുവരും മുറ്റത്തേക്കിറങ്ങി . അപ്പോള്‍ പട്ടികള്‍ വീണ്ടും വീണ്ടും കുരച്ച് ബഹളം കൂട്ടി. പമ്മന്‍ ഉറക്കത്തില്‍ കിടന്ന് പുതപ്പ് തലവഴി മൂടിക്കൊണ്ട് ‘ മുറ്റത്താരാ മുറ്റത്താരാ ‘ എന്നു പറഞ്ഞു .
പമ്മന്റെ പറച്ചില്‍ കേട്ടപ്പോള്‍ തങ്ങളെ കണ്ടുകൊണ്ടാണ് ചോദിക്കുന്നതെന്ന് കളളന്‍മാര്‍ കരുതി. അവരുടെ ഭയം ഇരട്ടിച്ചു വീട്ടുകാര്‍ ബഹളം കൂട്ടി നാട്ടുകാരെ ഉണര്‍ത്തി തങ്ങളെ പിടിക്കുമെന്ന് വിചാരിച്ച് കള്ളന്മാര്‍ ജീവനും കൊണ്ട് ഓടി
പമ്മന്റെ രണ്ടു പട്ടികളുടെ പേരുകളാണ് ഇവിടാരാ മുറ്റത്താരാ എന്ന് . പമ്മന്‍ ഉറക്കത്തില്‍ കിടന്ന് തന്റെ പട്ടികളുടെ പേരുകള്‍ ചൊല്ലി വിളീച്ചതു കേട്ടാണ് കള്ളന്‍മാര്‍ ഓടിയത്.