രണ്ടായിരത്തിന്‍റെ ആത്മകഥ

200

 

നാശം, വീണ്ടും രണ്ടായിരത്തിന്‍റെ നോട്ട് തന്നെ: എ ടി എമ്മില്‍ നിന്ന് കാശെടുത്ത യുവതി കൂട്ടുകാരികളെ നോക്കി പിറുപിറുക്കുന്നത് കേട്ടപ്പോള്‍ പുറത്തേയ്ക്ക് വന്ന രണ്ടായിരത്തിന് ശരിക്ക് കരച്ചില്‍ വന്നു.

എത്ര ദിവസമായി ഈ കുറ്റപ്പെടുത്തല്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ബാങ്കിലും കടയിലും റെയില്‍വേ സ്റ്റെഷനിലും എന്നു വേണ്ട എവിടെയും ആര്‍ക്കും തന്നെ വേണ്ട. ഓരോന്നോര്‍ത്ത് വിഷമിച്ചു കൊണ്ടിരുന്നപ്പോള്‍ യുവതിയുടെ പേഴ്സില്‍ കൂടെയുണ്ടായിരുന്ന നൂറിന്‍റെയും അമ്പതിന്‍റെയും പത്തിന്‍റെയുമൊക്കെ നോട്ടുകള്‍ രണ്ടായിരത്തെ നോക്കി കളിയാക്കി ചിരിച്ചു.

രണ്ടായിരമാണത്രേ, രണ്ടായിരം. സിനിമാക്കാര്‍ പോലും ഇതിലും നന്നായി നോട്ടിറക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു നടന്‍ തന്നെ പറയുന്നത് കേട്ടു: ആരും കാണാതെ ഒരു മൂലയ്ക്ക് കിടക്കുകയായിരുന്ന പഴയ അഞ്ചു രൂപ നോട്ട് അങ്ങനെ പറയുന്നത് കൂടി കേട്ടതോടെ രണ്ടായിരത്തിന് സഹിച്ചില്ല. പേഴ്സിന്‍റെ അറ തുറന്ന് അത് പുറത്തേക്ക് ചാടിപ്പോയി.

ആത്മഹത്യ തന്നെ ശരണം. ഈ കുത്തുവാക്കുകള്‍ കേള്‍ക്കുന്നതിലും നല്ലത് അതാണ്‌ : അങ്ങനെ ചിന്തിച്ച് പുഴയില്‍ ചാടാന്‍ പോകുമ്പോഴാണ് അതിന് കുടിയന്‍ പാക്കരനെ പുതിയ യജമാനനായി കിട്ടിയത്. ഓരോന്ന് പറഞ്ഞ് അയാള്‍ സ്നേഹത്തോടെ തലോടുന്നത് കണ്ടപ്പോള്‍ ഒരു വേള രണ്ടായിരത്തിന്‍റെ മനസ് ചഞ്ചലപ്പെട്ടു.

പാക്കരന്‍റെ ഷാപ്പിലേക്കുള്ള പതിവ് യാത്രക്കിടയില്‍ ഒരു പോലീസുകാരന്‍റെ കണ്ണിലുടക്കുന്നത് വരെ രണ്ടായിരം സുഖ സുഷുപ്തിയിലായിരുന്നു.

എന്താടാ, ഇത് വ്യാജനോ അതോ ഫോട്ടോസ്റ്റാറ്റോ? : തന്നേ തിരിച്ചും മറിച്ചും നോക്കി കാക്കി അങ്ങനെ ചോദിക്കുന്നത് കേട്ടപ്പോഴാണ് രണ്ടായിരം ഞെട്ടിയുണര്‍ന്നത്. അതോടെ എല്ലാം പൂര്‍ണ്ണമായി. കള്ളനെന്നും പേര് കേട്ടു. അവന്‍റെ കണ്ണുകളില്‍ നിന്നും ജലം ധാരധാരയായി പുറത്തേക്കൊഴുകി.

അയ്യോ, എന്‍റെ പൊന്നേമാനേ ഇത് ഒറിജിനലാ, റിസര്‍വ് ബാങ്ക് അടിച്ചിറക്കിയ ഒറിജിനല്‍ നോട്ട്. കണ്ടില്ലേ സീല്‍ പതിഞ്ഞിരിക്കുന്നത് : ഏമാന്റെ കയ്യില്‍ നിന്ന് നോട്ട് വാങ്ങി അതിലെ മുദ്ര കാണിച്ചുകൊണ്ട് പാക്കരന്‍ മൊഴിഞ്ഞപ്പോള്‍ തര്‍ക്കിക്കാന്‍ സമയമില്ലാത്തതു കൊണ്ട് പോലീസുകാരന്‍ കളം വിട്ടു.

അപ്പോഴാണ്‌ രണ്ടായിരത്തിന് ശ്വാസം നേരെ വീണത്. പക്ഷെ അത് അധികം നീണ്ടു നിന്നില്ല. പാക്കരന്‍ തരാനുണ്ടായിരുന്ന പണത്തിന്‍റെ പേരില്‍ ഡ്രൈവര്‍ ഭാസി അവനെ കൈവശപ്പെടുത്തി.

നാളെ ബസ് സ്റ്റാന്‍റ് മേരിക്ക് കൊടുത്ത് ചില്ലറ മാറാം – ഭാസി ആത്മഗതം പോലെ പറയുന്നത് കേട്ടപ്പോള്‍ അപകര്‍ഷതാ ബോധം കൊണ്ട് രണ്ടായിരത്തിന്‍റെ മുഖം കുനിഞ്ഞു.

ഭാസിയേ, നമ്മുടെ രാജുവിന്‍റെ കല്യാണം നാളെയല്ലേ ? എന്തെങ്കിലും കൊടുക്കണ്ടേ ? : പുറത്തേക്കിറങ്ങുന്ന സമയത്താണ് കണ്ടക്ടര്‍ സണ്ണിക്കുട്ടി ചോദിച്ചത്. ഭാസിയുടെ മനസ്സില്‍ പെട്ടെന്ന് രണ്ടായിരത്തിന്‍റെ മുഖം തെളിഞ്ഞു. തൃശൂര്‍ റൂട്ടിലോടുന്ന പാരിജാതം ബസ്സിന്‍റെ ഓണര്‍ കം ഡ്രൈവറാണ് രാജു.

രണ്ടു ദിവസം കഴിഞ്ഞ് പ്രിയതമയോടൊപ്പം സമ്മാനക്കവറുകള്‍ പൊട്ടിച്ചു നോക്കുമ്പോള്‍ അതിലൊന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് രാജു കണ്ടു- ഭാസി-500, ഗോപാലകൃഷ്ണന്‍- 500, സണ്ണിക്കുട്ടി – 500, ലാലന്‍-500. തുറന്ന് നോക്കിയപ്പോള്‍ ഒരു രണ്ടായിരം പുറത്തേക്ക് ചാടി.

പരിഭവങ്ങളും പ്രശ്നങ്ങളുമായി രണ്ടായിരത്തിന്‍റെ കഥ ഇനിയും തുടരും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English