നോമ്പ് വീണ്ടും കടന്നു വരുമ്പോൾ അത് ഉമ്മയുടെ അഭാവത്തെ വല്ലാതെ ഓർമ്മപ്പെടുത്തുന്നു. ചെറുപ്പകാലം മുതൽ മിക്കവരുടെയും നോമ്പനുഭവങ്ങളിൽ തീർച്ചയായും ഉമ്മയുടെ സാന്നി
ദ്ധ്യമില്ലാതിരിക്കില്ല, നോമ്പ് പിടിച്ച് പഠിക്കാൻ തുടങ്ങുന്ന ആ ബാല്യകാലത്ത് താങ്ങായും തണലായും നിന്നത് ഉമ്മയായിരുന്നു. ആദ്യമൊക്കെ ഒരു നോമ്പ് പിടിച്ച് പൂർത്തികരിക്കുക എന്നത് എവറസ്റ്റ് കയറുന്നതിനെക്കാൾ പ്രയാസമായിരുന്നു. പിന്നെ അരനോമ്പായി, മുക്കാൽ നോമ്പായി.. ഒടുക്കം ഒരു നോമ്പ് പൂർത്തീകരിക്കുമ്പോഴുള്ള സന്തോഷം, അത് വല്ലാത്ത സന്തോഷം തന്നെയായിരുന്നു.
അതിനെല്ലാം പിന്തുണ നൽകിയിരുന്ന സ്നേഹ സാന്നിദ്ധ്യം അത് ഉമ്മ തന്നെ ആയിരുന്നു.
കഴിഞ്ഞവർഷം മാത്രമായിരിക്കണം നോമ്പ് ഉമ്മയുടെ ജീവിതത്തിൽ അത്ര സജീവമല്ലാതെ പോയത്. അത്രയ്ക്കു വേദനയും ബുദ്ധിമുട്ടുകളും ഉമ്മയെ തളർത്തി. ആദ്യമൊക്കെ പറയുന്നതിനൊക്കെ മറുപടി പറയുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും പെരുന്നാളായപ്പോഴേയ്ക്കും ഉമ്മ വല്ലാതെ അവശതയിലായി. പിന്നെയും ഒരാഴ്ച്ച കൂടിയേ ഉമ്മ ഉണ്ടായിരുന്നുള്ളൂ. വീണ്ടും നോമ്പും പെരുന്നാളും കടന്നു വരുമ്പോൾ ഉമ്മയില്ലാത്ത ആദ്യത്തെ നോമ്പും പെരുന്നാളും ആകുമ്പോൾ അതുണ്ടാക്കുന്ന വേദന നിറഞ്ഞ ഓർമ്മകൾ…
പത്തറുപതു വർഷം മുൻപ് മണ്ണഞ്ചേരിയെന്ന പ്രകൃതി സുന്ദരമായ ഗ്രാമത്തിലെ പ്രതാപം നിറഞ്ഞ ഈരയിൽ തറവാട്ടിലേക്കായിരുന്നു ഉമ്മയുടെ വരവ്. അന്നത്തെ കാലത്തെ ഏറ്റവും വലിയ ആർഭാടങ്ങളോടെയാണ് ഉമ്മയുടെ വിവാഹം നടന്നത്…
ആഴ്ച്ച തോറും വരുമായിരുന്നു അങ്ങകലെ നിന്നും ഉമ്മയുടെ വാപ്പ. ഒരു കാറ് നിറയെ ബേക്കറി പലഹാരങ്ങളുമായുള്ള വല്യുപ്പയുടെ വരവ് കാത്തിരുന്നത് ഉമ്മ മാത്രമായിരുന്നില്ല, തറവാട്ടിലെ എത്രയോ കുട്ടികളും കൂടിയായിരുന്നു.
ബേക്കറികൾ അപൂർവ്വമായിരുന്ന അക്കാലത്ത് നിറയെ മണവും രുചിയുമുള്ള ബേക്കറി പലഹാരങ്ങളുമായുള്ള വല്യാപ്പയുടെ വരവ് തറവാട്ടിൽ ആഘോഷം തന്നെയായിരുന്നു.
ഇടക്ക് വാപ്പയുടെ വരവിന്റെ കൃത്യമായ ഇടവേളകൾ തെറ്റുമ്പോൾ ഉമ്മയുടെ മനസ്സ് വല്ലാതെ നൊമ്പരപ്പെടും. വാപ്പിച്ചയെ നോക്കി വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന പാവം ഉമ്മയുടെ പറഞ്ഞു കേട്ടുള്ള ചിത്രം ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. നന്നെ ചെറുപ്പത്തിലെ കിലോമീറ്ററുകൾ ദൂരെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക്, കുടുംബത്തിലേക്ക് പറിച്ചു നടപ്പെട്ട ജീവിതമായിരുന്നു അത്. ഇന്നലെ വരെ അനുഭവിച്ച വാപ്പിച്ചിയുടെയും ഉമ്മിച്ചിയുടെയും സഹോദരങ്ങളുടെയും സ്നേഹം.
പുതിയ വീട്. തറവാടിത്തത്തിൽ മുന്തിയ തറവാടായിരുന്നു. സ്വത്തിന്റേയും ഭക്ഷണത്തിന്റെയും കാര്യത്തിൽ പിന്നിലൊന്നുമായിരുന്നില്ല. എങ്കിലും കൂട്ടുകുടുംബമായിരുന്നതിനാൽ എത്ര പേർക്ക് വെച്ചു വിളമ്പേണ്ടിയിരുന്നു. പലപ്പോഴും എല്ലാവർക്കും വിളമ്പി കഴിയുമ്പോൾ കലത്തിൽ കഞ്ഞി വെള്ളവും പറ്റും മാത്രം ബാക്കിയാവുമ്പോഴും ഉമ്മ ആരോടും പരാതി പറഞ്ഞിട്ടില്ല..
പിന്നെ കൂട്ടു കുടുംബത്തിൽനിന്ന് മാറുമ്പോഴും ഉമ്മയ്ക്ക് തിരക്ക് തന്നെയായിരുന്നു. അപ്പോഴേയ്ക്കും ഉമ്മയുടെ കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ ഉമ്മയല്ലാതെ ആരാണുള്ളത്. പലപ്പോഴും അവർക്കും ബാപ്പയ്ക്കുമൊക്കെ വിളമ്പികഴിക്കാൻ തുടങ്ങുമ്പോഴാവും അപ്രതീക്ഷിതമായ അതിഥികളുടെ വരവ്. അപ്പോഴും കഴിക്കാൻ കുറഞ്ഞു പോയതിന്റെ പേരിൽ ഉമ്മ ആരോടും പരാതി പറഞ്ഞിട്ടില്ല. ഉമ്മ ഉമ്മയ്ക്ക് വേണ്ടി എന്നെങ്കിലും ജീവിച്ചിട്ടുണ്ടോയെന്നുമറിയില്ല.
അന്നൊക്കെ ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാതിരുന്നതിന്റെ പേരിൽ ഉമ്മയോട് വഴക്കിട്ടത് ഓർക്കുമ്പോൾ ഇപ്പോൾ കണ്ണു നിറഞ്ഞു വരുന്നുണ്ട്. ഉമ്മയ്ക്ക് ആരെയും വെറുക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഉമ്മ എല്ലാം പൊറുത്തു തന്നിട്ടുണ്ടാവണം. ഇല്ലെങ്കിൽ മറുലോകത്ത് വെച്ച് കാണുമ്പോൾ എല്ലാം പൊരുത്തപ്പെടീക്കണം.
ബാപ്പയുടെ മരണശേഷം എപ്പോഴും തറവാട്ടിലേക്ക് ഓടി വരാൻ ഉമ്മയുണ്ടായിരുന്നു. പഴയ ഓർമ്മകൾ അയവിറക്കാനും, സംശയങ്ങൾ ദൂരീകരിക്കാനും ഉമ്മയുണ്ടായിരുന്നു, കഥകൾ വായിക്കാൻ ഉമ്മയുണ്ടായിരുന്നു… ഇനി ആരാണ് ഇറങ്ങാൻ നേരം കുറച്ചു കഴിഞ്ഞ് പോകാമെന്നു പറയാൻ? വീട്ടിൽനിന്ന് ഉമ്മയെ കാണാൻ ഇറങ്ങിയെന്ന് പറയുമ്പോൾ തന്നെ ചായ തിളപ്പിച്ചു വെച്ച് പുറത്തേക്ക് നോക്കിയിരിക്കാൻ ഇനി ആരാണുള്ളത്?
ഉമ്മയുടെ മുറിയിൽ വെറുതെ കയറി നോക്കി. എവിടെയൊക്കെയോ ഉമ്മയുടെ ശബ്ദം ഇപ്പോഴും കേൾക്കാം… പണ്ടു പറഞ്ഞു തരാറുള്ളതു പോലെ ഉമ്മ ചരിത്രങ്ങൾ പറയാൻ തുടങ്ങുകയാണോ?
എത്ര ചരിത്രങ്ങൾ ഉമ്മ പറഞ്ഞു തന്നിരിക്കുന്നു. അത്തറുപ്പാപ്പയുടെ ചരിത്രം ഇപ്പോഴും മനസ്സിലുണ്ട്. അത് ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണ്. ഉമ്മയുടെ വീട്ടിൽ വെച്ചും വല്ലപ്പോഴും ഈ നാട്ടിൽ വെച്ചും അത്തറുപ്പാപ്പയെ കണ്ടിട്ടുണ്ട്. കയ്യിലുള്ള തിളങ്ങുന്ന പെട്ടിയും തൂക്കി അത്തറുപ്പാപ്പ വരുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്.
ഉമ്മയുടെ വീട്ടിൽപോയി വരുന്ന അത്തറുപ്പാപ്പയിൽ നിന്ന് വല്യാപ്പയുടെ, വല്ലീമ്മയുടെ, സഹോദരങ്ങളുടെ വിവരങ്ങളറിയാൻ ഉമ്മ കാത്തിരിക്കും. പലതരം അത്തറുകൾ ഉപ്പാപ്പ പുറത്തെടുത്തു വെക്കും… അതിനിടയിൽ വിശേഷങ്ങൾ പറയും… അത്തറുകൾക്ക് സ്വർഗത്തിന്റെ പേരുകളാണ്. ’’ജന്നാത്തുൽ ഫിർദൗസ്’’ വിശേഷപ്പെട്ട ഒരു സ്വർഗ്ഗമാണ്.. ആ പേരുള്ള അത്തറാകാട്ടെ അതു പോലെ തന്നെ സുഗന്ധപൂരിതമാണ്. ഉപ്പാപ്പയുടെ കയ്യിൽ പല തരം സുറുകളുമുണ്ട്. .സുറുമകൾക്ക് ‘’രാജാത്തി’’ , ‘’കോജാത്തി ‘’ എന്നിങ്ങനെ രാജ്ഞിമാരുടെ പേരുകളാണ്.
ഇതൊക്കെ കൂടാതെ നിസ്ക്കാരം കഴിഞ്ഞ് ദിക്ർ ചൊല്ലാനുള്ള ദസ്ബിയുണ്ട്. നല്ല നിറങ്ങളിലും വലിപ്പത്തിലുമുള്ള ദസ്ബികളുണ്ട്… പിന്നെ അറബി മലയാളം പ്രാർത്ഥനകൾ… ചെറിയ യാസീൻ… ബദർ യുദ്ധം, ഉഹദ് യുദ്ധം തുടങ്ങിയ യുദ്ധചരിത്രങ്ങൾ…
ഉമ്മ ഇതെല്ലാം വാങ്ങിക്കുമായിരുന്നു… വായിക്കുമായിരുന്നു. ഉമ്മുമ്മയാകട്ടെ ഇതെല്ലാം നമ്മളെക്കൊണ്ട് വായിച്ച് കേൾക്കും. വെറുതെയല്ല, അതിനു പകരമായി എത്രയെത്ര കഥകളും പാട്ടുകളും പറഞ്ഞു തന്നിരിക്കുന്നു.
അതു കേൾക്കാൻ ഉമ്മയുൾപ്പെടെ എല്ലാവരുമുണ്ടാകും.വലിയ അലിക്കത്തും കാതിലണിഞ്ഞ് തലയാട്ടിയുള്ള ഉമ്മുമ്മയുടെ കഥ കേൾക്കാൻ എന്തു രസമായിരുന്നു. ഒരു നാൾ ഉമ്മുമ്മയും കഥകളോടൊപ്പം സ്വർഗത്തിലേക്കു പോയി.അത്തറുപ്പാപ്പായെ കുറെ നാൾ കാണാതായപ്പോളാണ് സങ്കടത്തോടെ ഉമ്മ ഒരു ദിവസം പറയുന്നത്, ‘’ മോനേ,നമ്മുടെ അത്തറുപ്പാപ്പയും പോയി..’’ ‘’ജന്നാത്തുൽ ഫിർദൗ’’സെന്ന അത്തറുമായി അത്തറുപ്പാപ്പയും ‘’ജന്നാത്തുൽ ഫിർദൗ’’സെന്ന സ്വർഗത്തിലേക്ക് പോയിരിക്കുന്നു.
ഉമ്മുമ്മയെപ്പോലെ ഇടയ്ക്ക് ഉമ്മയും പാട്ടുകൾ പാടുമായിരുന്നു. മരുന്നിന്റേയും വേദനയുടെയും ഇഞ്ചക്ഷൻ ചെയ്യാൻ കയ്യിൽ ഞരമ്പുകൾ കിട്ടാതെ വന്ന അസ്വസ്ഥയുടെയും നാളുകളിലും ഉമ്മയുടെ ഓർമ്മകളെ ഞാനുണർത്തി. ’’ഉമ്മാ, ഓർക്കുന്നുണ്ടോ, പണ്ടത്തെ കത്തു പാട്ടൊക്കെ..’’
‘’എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ..’’ ആശുപത്രിക്കീടക്കയിൽ കിടന്നു കൊണ്ട് ഉമ്മ കത്തു പാട്ടിലെ വരികൾ മൂളിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. പോകാൻ നേരം ഞാൻ ഉമ്മയുടെ കൈകൾ ചേർത്തു പിടിച്ചു. ’’ഉമ്മാ,ഞാൻ പോയിട്ട് വരട്ടെ..’’
എപ്പോഴത്തെയും പോലെ ഉമ്മ ‘ദുആ’ ചെയ്തു, ’’പടച്ചവൻ നമുക്ക് നല്ലതു വരത്തട്ടെ…’’ നിറഞ്ഞ കണ്ണുകളോടെ ഇറങ്ങാൻ തുടങ്ങുമ്പോഴുണ്ട് അപ്രതീക്ഷിതമായി ഉമ്മയുടെ ശബ്ദം,
’’നീ എന്റെ കടിഞ്ഞൂൽ മകനല്ലേ, എന്നെ എഴുന്നേൽപ്പിച്ചിരുത്തിയിട്ട് പോയാൽ മതി..’’ പതിയെ എന്റെ കൈകൾ പിടിച്ച് ഉമ്മ എഴുന്നേറ്റു. ഇരിക്കുമ്പോൾ വേദനയുണ്ട്. എങ്കിലും ഉമ്മ ഇരിക്കാൻ ശ്രമിച്ചു…
ഈ വർഷത്തെ നോമ്പ് വരുമ്പോൾ എല്ലാം ഓർമ്മകളാക്കി ഉമ്മ പോയി, എങ്കിലും ഉമ്മ പറഞ്ഞും പഠിപ്പിച്ചും തന്നവ എപ്പോഴും ഉമ്മയുടെ അവിസ്മരണീയമായ ഓർമ്മകളുണർത്തി മനസ്സിലുണ്ടാവും..
Click this button or press Ctrl+G to toggle between Malayalam and English