രാമായണമാസം

r3

സൂര്യനകം പുക്കു കര്‍ക്കിടഗേഹത്തില്‍
രാമായണപുണ്യമാസമുണര്‍ന്നല്ലൊ
പുറവെള്ളം തള്ളുന്ന പുണര്‍തത്തിന്നൊ-
രുകാലും പുകയുന്ന പൂയവുമായില്യവും
തുളസിത്തറയിലെ നമ്രനാണത്തിന്
പുളകം കൊടുക്കാനൊരുങ്ങിയല്ലൊ

ചനുപിനെ പെയ്യുന്ന മഴയത്ത് കാരണ‌ോര്‍
തിരുവിളക്കൊന്നു കൊളുത്തിവെച്ചു
പലകയിട്ടതിന്മേലിരുന്നു പതുക്കനെ
കിളിപ്പാട്ട് പാടാന്‍ തുടങ്ങിയല്ലൊ

ശാരികപ്പെണ്‍കൊടി കളകളം പെയ്യുന്ന
രാമകഥാമൃതം കേട്ടീടുവാന്‍
കാറ്റും മരങ്ങളും കാതോര്‍ത്തുനില്‍ക്കുന്ന
ഗ്രാമമെ നീയൊരഹല്യയല്ലൊ

വേദാന്തമാരിതന്നമൃതായൊഴുകുന്ന
രാമായണമൊരു മോക്ഷസിന്ധു
അതിലെത്തരംഗങ്ങളുമ്മവെച്ചീടുന്ന
മലയാളനാടെ നീ ഭാഗ്യവതി

ഓരോ കഥയിലും തത്വമസിയു‌ടെ
രോമാഞ്ചം പുഷ്പിക്കും രാമായണ‌ം
വെറുമൊരു കഥയല്ല, അധ്യാത്മ വിദ്യതന്‍
ഉപനിഷദ് മാലയാം കാഞ്ചനാഭ

മുക്തരായുള്ളോരു രാക്ഷസരെക്കൊണ്ട്
സൂക്തങ്ങള്‍ പാടിക്കും രാമായണം
രാക്ഷസത്വത്തിലും വേദാന്തതത്വത്തിന്‍
രക്ഷകള്‍ തേടുന്ന രാമായണം

തുഞ്ചന്‍റെ തൂലിക തൂകിയ രാഘവ-
പഞ്ചാമൃതമുണ്ട കര്‍ക്കിടകം
കള്ളനെന്നുള്ള പേര്‍ പോയി മോക്ഷത്തിന്‍റെ
കഞ്ചുകം ചുറ്റി കുളിച്ചുനില്‍പു

നിലവിളക്കൊന്നു കൊളുത്തി നാം വെക്കുക
പലകയിട്ടവനെയിരുത്തീടുക
മഴ താളം കൊട്ടുമ്പോള്‍ കിളിപ്പാട്ട് പാടട്ടെ
ഗോപിക്കുറിയി‍ട്ട കര്‍ക്കിടകം

അതുകേട്ടു മുക്തിതന്‍ തീരമണയട്ടെ
ഹതഭാഗ്യ പ്രിയമാതാ മലയാളശ്രീ
അതുകേട്ടു സടകുടഞ്ഞെഴുന്നെറ്റു നില്‍ക്കട്ടെ
ഭൃഗുരാമന്‍റെ പ്രിയപുത്രി കേരളശ്രീ
അതുകേട്ടു നാടെങ്ങും നടമാടുമാസുരം
കിടിലം കൊണ്ടോടി മറഞ്ഞിട‍ട്ടെ

വ്യര്‍ത്ഥമായ് പോകാതിരിക്കട്ടെ നമ്മുടെ
കര്‍ക്കിടമാസമനോജ്ഞമോഹം
ചിങ്ങക്കതിരവനെത്തുന്നതിന്‍ മുന്നം
ചെങ്കതിര്‍ വീശട്ടെ പുണ്യമാസം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

    • ഇപ്പഴാണിത് കണ്ടത്. വളരെ നന്ദി!

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here