പേരിന്റെയക്ഷരക്കൂട്ടുകൾ ഒന്നിച്ചു
ചോരയിൽ മുക്കിയെഴുതി വെച്ചു
നേരിന്റെ വിത്തുകൾ ചേറിൽ പതിപ്പിച്ച്
പോരിടങ്ങൾ തേടിപ്പറന്നു പോയോർ
ഉള്ളിൽ തറച്ചുള്ളൊരാദർശ രക്ഷക്കായ്
പ്രണയ പുഷ്പങ്ങളെ ചോരയായ് മാറ്റിയോർ
കത്തിയാളുംനിലങ്ങളെ പ്രണയിച്ചു
അഗ്നിയിൽ ഹോമിച്ചു വിടകൊണ്ടുപോയവർ
നീണ്ടുപോകുന്നൊരു ജീവിതരേഖയെ
പാതിയിൽ പൂർണ്ണ വിരാമം കുറിച്ചിട്ടു
വിസ്മൃതി പൂകേണ്ടതാമാക്ഷരങ്ങളെ
അനശ്വര ഗീതിയാൽ ജീവൻ കൊടുത്തവർ.
രണ്ടായ് പിരിയുംവഴിത്തിരിവുകൾ നോക്കി
പതിയാത്ത പാതയിൽപാദം പതിപ്പിച്ചു
ഭയമെന്ന വാക്കിനെ മണ്ണിൽകുഴിച്ചിട്ടു
രാത്രിയാമങ്ങൾക്കു കാവലിരുന്നവർ.
കൊലക്കയറുകൾ കണ്ടു പുഞ്ചിരിച്ചും
കൊടിക്കൂറകൾ കൊണ്ടു നെഞ്ചു വിരിച്ചും
വെടിക്കോപ്പുകൾ കണ്ടു ഞെട്ടിത്തിരിക്കാതെ
പടനിലങ്ങളിൽ പിന്തിരിഞ്ഞോടാതെ
ഇടനെഞ്ചിനുള്ളിൽ കെടാതെയെരിയുന്ന
അഗ്നിയാമാദർശ ദീപം തെളിച്ചവർ.
മുന്നിലേക്കായി പതിപ്പിച്ച പാദങ്ങൾ
പിൻവലിക്കാതെ പൊരുതാനുറച്ചവർ
മാനവകുലത്തിന്റെ മോചനവുംതേടി
മോഹന വാക്കുകൾ തല്ലിക്കൊഴിച്ചിട്ടു
വർണ്ണശബളമാം നാളുകൾ പുലരുവാൻ
യൗവനം അസ്തമിപ്പിച്ചു കഴിഞ്ഞവർ.
നാളെകൾ പുലരിയായ് ചക്രവാളങ്ങളിൽ
ചോരയൊലിപ്പിച്ചു ജന്മമെടുക്കവെ
നിങ്ങളൊഴുക്കിക്കളഞ്ഞ നിണത്തിന്റെ
ഗന്ധം പൊഴിക്കും ചെമ്പനിനീരുകൾ.
വാകമരത്തിന്റെ പൂക്കളിൽ കാണാം
പാതിയടച്ചു ചിരിക്കുന്ന കണ്ണുകൾ.
കാലചക്രം കറങ്ങിത്തിരിഞ്ഞാലും
കാണാം കരിന്തിരി കത്തും കുടീരങ്ങൾ
ജീവൻ കൊടുത്തു കത്തിച്ച നിലങ്ങളിൽ
മരണമില്ലാത്ത ഒരായിരം പേരുകൾ.
കനലാണിന്നുമുള്ളിൽ, വേവലാതി കനൽ …