രക്ഷസ്സ്‌

rakshas

പപ്പായി ഒന്നൂടെ ഒന്ന് മലർന്ന് കിടന്നു.. അവളുടെ ഉച്ചത്തിൽ ഉള്ള കൂർക്കം വലി ചീവീടുകളുടെ ശബ്ദത്തെ പോലും പിന്നിലാക്കി. പാലപ്പൂവിന്റെ മണം ഇരുളടഞ്ഞ അടുക്കളയുടെ ഇടനാഴിയിൽ പരന്നു. ആ ഇടനാഴി യുടെ ഒരു മൂലയിലെ ഒരുപാളി ജനൽ പൊളികൾ തണുത്ത കാറ്റിൽ “ടാപ്‌ ടാപ്‌ ” എന്ന് വീശി അടിച്ചു. . ഭയാനകമായ വിധം കുറുക്കന്മാർ ഓരിയിട്ടു. കാട്ട്മ്മൂങ്ങയുടെ മൂളൽ കേട്ട്‌ തൊഴുത്തിലെ അമ്മിണി പശു പോലും പേടിച്ച് കാത്‌ കൂർപ്പിച്ചു. പപ്പായി തന്റെ ചുറ്റുമുള്ള അന്തരീക്ഷമാറ്റങ്ങൾ ഒന്നും അറിഞ്ഞതേയില്ല. കൂർക്കം വലിയുടെ താളത്തിനൊത്ത്‌ അവൾ മനോഹരമായ സ്വപ്നലോകത്തിൽ സുഖമായി ഉറങ്ങി.

വെളുവെളു വെളുത്ത അവളുടെ അരക്കെട്ട്‌ മറച്ചിരുന്ന ദാവണി കാറ്റേറ്റ്‌ പതിയെ നീങ്ങി. ഒരു ഇളം തൂവൽ പോലെ എന്തോ ഒന്ന് അവളുടെ അരക്കെട്ടിനെ ഇക്കിളി കൂട്ടി..”ഷെ” ഉറക്കത്തിന്റെ ഊഷ്മളതയെ അലോസരപ്പെടുത്തിയ ആ ഇക്കിളി അവൾക്ക്‌ തീരെ പിടിച്ചില്ല.. ഇടക്കിടക്ക്‌ അവൾ കൈ കൊണ്ട്‌ അരക്കെട്ട്‌ ചൊറിഞ്ഞു. ഉറക്കത്തിന്റെ അജ്ഞാതമായ ലോകത്ത്‌ വിഹരിക്കുകയായിരുന്നു പപ്പായി. അവിടെ അവൾ മനോഹരമായ ഒരു തീൻ മേശയുടെ മുന്നിലാണ്‌. വല്യമ്മായി വച്ച് നീട്ടുന്ന പഴകിയ പഴഞ്ചോറല്ല.. നല്ല ചോറും കൂട്ടാനും..ഹായ്‌.. ഇത്‌ ഞാനുണ്ടാക്കണേലും രുചിയുണ്ടല്ലൊ.. അവൾ ആർത്തിയോടെ വാരി വിഴുങ്ങി.. കുറച്ച് അമ്മക്ക്‌ പൊതിഞ്ഞെടുക്കാം. പപ്പായി ഒരു പാത്രത്തിൽ ചോറും കൂട്ടാനും പൊതിഞ്ഞെടുക്കുന്നതിനിടയിൽ അതാ ആരോ പിന്നിൽ നിന്നും ഇക്കിളി കൂട്ടുന്നു. പപ്പായി അത്‌ ആദ്യം വകവച്ചില്ല.. പിന്നെ അരിശം മൂത്തു.. ഇക്കിളികൂട്ടുന്ന കൈ കടന്നു പിടിച്‌ നല്ലോണം ഒന്ന് ഞെരിച്ചു..

“അയ്യൊ എന്റെ കൈ ഒടിചല്ലോടീ നീയ്‌” അലർച്ച കേട്ട്‌ പപ്പായി ഞെട്ടി എഴുന്നേറ്റ്‌ കണ്ണുകൾ തുറക്കുംമ്പോഴുണ്ട്‌ മുന്നിൽ വിടവുകൾ മാത്രമുള്ള പല്ലും കടിച്ച്‌ പിടിച്ച്‌ കൊണ്ട്‌ വല്യമ്മായി നിൽക്കുന്നു. പിന്നെ തുടങ്ങുകയായി. ദിവസവും അതിരാവിലെയുള്ള ശകാര പെരുമഴ..”. അരി മുഴോനും അരച്ചിട്ട്‌ ഞാനിപ്പൊ ഒന്നു കണ്ണു ചീംബിയിട്ടെ ഉള്ളു. സമയം 3 മണി.. ഇപ്പൊഴേ അമ്മിണിയെ ഉണർത്തി പാലു ചുരത്തിപ്പിക്കണോ വല്യമ്മായി” വല്യമ്മായിയുടെ ആ കുഴിഞ്ഞ കണ്ണുകൾ പുറത്തേക്ക്‌ തള്ളി ” വേണ്ട..പതിയെ സാവധാനം ഉച്ച ആകുമ്പോള്‍ കറന്നാമതി” പിന്നെ തുടങ്ങുകയായി. ദിവസവും അതിരാവിലെയുള്ള ശകാര പെരുമഴ.. ഈ ശകാരം ഒരാഴ്ച കൊണ്ട്‌ പപ്പായിക്ക്‌ ശീലമായി തുടങ്ങിയിരുന്നു.

“അമ്മൂചന്റെ മരണ ശേഷം വീട്ടിലെ സ്ത്ഥിതി കഷടായി. പപ്പായിക്ക്‌ മൂന്ന് നേരം മുട്ടില്ലാതെ അന്നം കിട്ടൂല്ലോ..അത്‌ മതി. പോരാത്തതിന്‌ ബദ്ധുക്കളും ആണല്ലൊ.. നല്ല സ്ത്ഥിയിൽ കഴിയണൊരല്ലെ..ഒരു അടുക്കളക്കാരി ആയി കണ്ടൂച്ചാലും പ്രശ്നം ഇല്യ വല്യെചിയെ.. ഓള്‌ എല്ലാം കണ്ടും കേട്ടും നിന്നോളും” അമ്മ ഇവിടെ കൊണ്ട്‌ വിട്ടിട്ട്‌ പോകുമ്പോ ലേശം സങ്കടോക്കെ തോന്നിയെങ്കിലും ഇപ്പൊ എല്ലാം അങ്ങോട്ട്‌ ശീലായി..ആവാണ്ട്‌ പറ്റ്വൊ!

തെക്കേ വളപ്പില്‌ മൂവാണ്ടന്മാവ്‌ പൂത്തത്‌ കാണാൻ വേലിക്കൽ ചെന്ന് നിൽക്കുമ്പോഴാണ്‌ അപ്പുറത്തെ വീട്ടിലെ നങ്ങേലിയേയും അവളുടെ ചുരുണ്ട മുടിക്കാരി കുഞ്ഞേച്ചി, കല്യാണിയേയും കാണുന്നതും. കൂട്ടാകുന്നതും..”പാലപ്പറമ്പിലെ അടുക്കള ഭാഗത്ത്‌ നിറയെ പാല മരങ്ങളാ..യ്യ്‌ എപ്പൊഴേലും അതിനെ കണ്ടിട്ടുണ്ടൊ പപ്പായി??”പാലമരം കണ്ടിട്ടുൻണ്ടൊ എന്നല്ല നങ്ങേലി ചോദിക്കുന്നത്‌..പാലമരത്തിൽ പാർക്കുന്ന ഒരു രക്ഷസ്സുണ്ടത്രെ!
“അയിനെന്താ രക്ഷസ്സിനും പാർക്കണ്ടെ!..നിക്കിമ്മാതിരി ഒള്ള പേയിലും പിശാചിലും ഒന്നും പേടിയില്ലപ്പാ..നേരം ഒരു മണിയാകും ഞാനൊറങ്ങാൻ. അടുക്കളയിൽ തന്ന്യാവും അപ്പൊഴും..ന്റെ പണി കഴിഞ്ഞിട്ട്‌ വേണ്ടെ ഒന്ന് ഒറങ്ങാൻ. ഒരു പിശാചിനേം ഞാൻ കണ്ടിട്ടില്ല…നി അങ്ങനൊരു രക്ഷസ്സ്‌ വരുവാണേൽ നന്നായിർന്നു. മിണ്ടിം പറഞ്ഞും ഇരിക്കാലോ.” പപ്പായിയുടെ മറുപടി നങ്ങേലിയെയും കല്യാണിയേയും അമ്പരപ്പിച്ചു.

അരി ആട്ടുന്ന കുഴവിയിൽ പിടിച്ച് ഉറക്കം തൂങ്ങുന്ന ചില രാത്രികളിൽ അധികം ദൂരത്ത്‌ അല്ലാതെ പാത്രം കൊണ്ട്‌ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി തന്നെ ആരോ വിളിച്ചുണർത്തണതായി പപ്പായിക്ക്‌ തോന്നാറുണ്ട്‌..”രക്ഷസാകുമോ..?” ഉള്ളിൽ ഭയത്തിന്റെ വിറങ്ങലിച്ച ഒരു നുര മാത്രം പൊന്തും..പിന്നെയും യാത്ഥാർത്ഥ്യത്തിലേക്ക്‌ മടങ്ങി വരും.”എന്ത്‌ രക്ഷസ്സ്‌!! മനുഷ്യമ്മാര്‌ ഒണ്ടാക്കിവച്ച കൊറെ ഇല്ലാ കഥകൾ..” “ഇനീപ്പൊ ഒള്ളതാണേലും ഈ പപ്പായിക്ക്‌ പേടിക്കാൻ പറ്റൂല.. കാലത്ത്‌ പച്ചവെള്ളം കിട്ടണേൽ ഈ അരി മുഴോനും ആട്ടിയെ തീരു.. രക്ഷസ്സും ന്നെ സഹായിക്കാൻ കൂടിക്കൊ.. ഒരുപകാരം ചെയ്‌..ന്നെ പോലൊള്ള പാവങ്ങൾക്ക്‌..” അങ്ങനെ പല രാത്രികളിലും പപ്പായിയെ ഉണർത്താൻ പാത്രങ്ങളുടെ ഒച്ച നിരന്തരം തുടർന്നു. ഭയത്തെ കീഴ്പ്പെടുത്തി പപ്പായി അത്‌ ആസ്വദിച്ചു.
“നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്ത പപ്പായി എന്തിനെ ഭയക്കാനാ”
പക്ഷേ അന്ന് പപ്പായിക്ക്‌ രണ്ട്‌ മണിയായിട്ടും ഉറക്കം വന്നില്ല. കിഴക്കേപുരയിലെ വല്യെട്ടന്റെ മുറിയിൽ അരണ്ട വെളിച്ചം കണ്ടാണ്‌ പതിയെ ജനൽ പൊളി തുറന്ന് നോക്കിയത്‌.. കിഴക്ക്‌ ഭാഗത്തെ ഇടതൂർന്ന വാഴകള്‍ക്കിടയിൽ ഒരു നിഴലനക്കം.. വാഴയിലകൾ നല്ലോണം വിറക്കുന്ന പോലെ!!

അതിനുമാത്രാം കാറ്റ്‌ വീശുന്നും ഇല്ല..പിന്നെ ഇതെന്ത്‌ പ്രതിഭാസമാണ്‌. പപ്പായി സൂക്ഷിച്ച് നോക്കി. അതാ രണ്ട്‌ മനുഷ്യർ വാഴത്തോപ്പിൽ നിന്നും പൊന്തി വരുന്നു..ഇരുട്ടിന്റെ തീവ്രതയിൽ അവരുടെ മുഖം വ്യക്തമല്ല.. പപ്പായി രണ്ടും കൽപ്പിച്ച് അടുക്കളയിൽ നിന്ന് കറിക്കത്തി എടുത്തു പതിയെ അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി.. അവരുടെ അടുത്തേക്ക്‌..”എന്താത്‌!! കല്യാണിയെ!!ആ അപ്പൊ നീയായിർന്നല്ലെ രക്ഷസ്സ്‌..ന്നാലും വല്യെട്ടനെ പറ്റി ഇങ്ങനെ നിരീച്ചില്ല..വല്യമ്മായി അറിഞ്ഞാ ന്താകും..സ്ത്ഥിതി” തന്റെ കാലിൽ സാഷ്ടാംഗം വീണ്‌ കരഞ്ഞ ആ പുരുഷ കേസരിയെ ഓർത്ത്‌ നേരം വെളുക്കുവോളം പപ്പായി ചിരിച്ചു. പുളിശ്ശെരിൽ ഉപ്പ്‌ പോരാഞ്ഞ്‌ അരിശം പൂണ്ട്‌ അയാള്‍ പണ്ട്‌ ഇതേകാലുകളിൽ പുളിശ്ശെരി കോരി ഒഴിച്ചിട്ടുണ്ട്‌..ഹും!!..രക്ഷസ്സായി ആളുകളെ പേടിപ്പിച്ച് ശൃംഗരിക്കുകയായിരുന്നു രണ്ടാളും..

അന്ന് പപ്പായിക്ക്‌ തീരെ വയ്യായിരുന്നു.. കടുത്ത പനിയും വിറയലും.. അരി അരക്കാൻ കുന്നോളം.. ഉച്ചക്ക്‌ ഒരു വറ്റിറക്കാനും കഴിഞ്ഞില്ല.. സമയം പന്ത്രണ്ട്‌.. വീട്ടിലെ മറ്റുള്ളോർ എല്ലാരും ഉറങ്ങികഴിഞ്ഞിരിക്കണം.. പപ്പായിക്ക്‌ അന്നാദ്യമായി അമ്മയെ കാണണമെന്ന് തോന്നി..തീർത്തും ഒറ്റപ്പെട്ട്‌.. അവശയായി അവൾ ആട്ട്‌ കല്ലിൽ മുഖം ചേർത്ത്‌ വച്ച് കിടന്നു.. ദൂരെ നിന്നും പാത്രം കൊണ്ടുള്ള ഒച്ച കേൾക്കുന്നുണ്ട്‌..പക്ഷേ പപ്പായിക്ക്‌ എഴുനേൽക്കാൻ ശക്തി കിട്ടുന്നില്ല.. ദീനം കലശലായിട്ടുണ്ട്‌.

“പപ്പായി !!” സൗമ്യമായൊരു ശബ്ദം.പിന്നിൽ നിന്ന്..പപ്പായി മെല്ലെ എഴുന്നേറ്റു..തന്റെ തോളിൽ മെല്ലെ തലോടിക്കൊണ്ടാതാ വല്യമ്മായി നിൽക്കുന്നു..”മതി മോളെ..നിനക്ക്‌ തീരെ വയ്യല്ലോ..അമ്മായി അരച്ചോളാം..പൊയി കിടന്നോളു” പപ്പായിക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി..വല്യമ്മായിക്ക്‌ തന്നോട്‌ ഇങ്ങനെ സൗമ്യമായി പെരുമാറാനും അറിയാം.. അവൾ സന്തോഷത്തോടെ പോയി കിടന്നു.
“അരി അരക്കാതെ കൂർക്കം വലിച്ചുറങ്ങുന്നു. അശ്രീകരം.!!” വല്യമ്മായിയുടെ പതിവിലും ഭീകരമായ ആക്രോശം കേട്ട്‌ പപ്പായി പേടിച്ച് കരഞ്ഞു. “വല്യമ്മായി പറഞ്ഞിട്ടല്ലെ ഞാൻ ഉറങ്ങിയെ..അരച്ചോളാം എന്നും പറഞ്ഞില്ലെ” പപ്പായി കരഞ്ഞു കൊണ്ട്‌ ചോദിച്ചു.*ആഹാ..കള്ളം പറയുന്നോ. ഞാനെപ്പഴാ നിന്നൊട്‌ അങ്ങനെ പറഞ്ഞെ?” പപ്പായിക്ക്‌ അത്ഭുതമായി..”ഇന്നലെ രാത്രി”.. വല്യമ്മായി പപ്പായിയെ ശകാരിക്കുന്നത്‌ കേട്ട്‌ കൊണ്ട്‌ അടുക്കള വാതിൽപ്പടിയിൽ അവർ നിൽക്കുന്നുണ്ടായിരുന്നു..പപ്പായിയുടെ അമ്മ..”വാ മോളെ ..നമുക്ക്‌ പോകാം..പണമുണ്ടായിട്ട്‌ കാര്യമില്ല ..മനുഷ്യത്തം വേണം.. ദീനം മൂത്ത്‌ വിറച്ചിരിക്കുന്ന ഈ പാവം പെണ്ണിനോട്‌ അൽപം ദയ കാണിക്കായിർന്നു വല്യെചിയെ..വാ പപ്പായി..വീട്ടിലേക്ക്‌ പോകാം..ഉള്ള കഞ്ഞി കുടിച്ച് നമുക്കവിടെ അന്തസായി കഴിയാം..”

പാലപ്പൂവുകൾ പരന്ന് കിടക്കുന്ന അടുക്കള മുറ്റത്ത്‌ കൂടി അമ്മയുടെ കൈയും പിടിച്ച് പപ്പായി ഇറങ്ങുമ്പോൾ..പാലക്കൊമ്പില്‍ നിന്ന് ഒരു കിളി ചിലച്ചു..”ഹും..അപ്പൊ ഒക്കെ രക്ഷസ്സിന്റെപണി ആയിരുന്നല്ലെ.” പപ്പായി അടക്കി ചിരിച്ച് കൊണ്ട്‌ പറഞ്ഞു..

വർഷങ്ങൾക്ക്‌ ശേഷം…പപ്പായി വീണ്ടും പാലപ്പറമ്പില്‍ എത്തി.. “ഇതെന്താ വല്യമ്മായിയെ അടുക്കള ഇവ്ടെ”
“ഒന്നും പറയണ്ട എന്റെ പപ്പായിയെ..അന്ന് യ്യ്‌ പോയെ പിന്നീ അടുക്കളയിൽ പുക കണ്ടിട്ടില്ല..അവിടെ ഒന്നും വെക്കാൻ പറ്റുന്നില്ല..പണിക്കാരൊക്കെ ദീനം വന്ന് പോകാൻ തൊടങ്ങി. ഞാൻ രണ്ട്‌ വട്ടം..പേടിച്ച് പനിച്ച് കിടന്നു.. ഒരു ജാതി ഒച്ചയും ബഹളവും രാത്രിയിലൊക്കെ.. ആ അടുക്കളയിൽ ഒരു രക്ഷസ്സുണ്ടത്രെ!! അവിടെ ആരും കേറണത്‌ അതിനിഷ്ടല്ലാത്രെ!! പിന്നെ അടുക്കള അവിടന്ന് അങ്ങ്‌ മാറ്റി..”

“ഹും..അപ്പൊ രക്ഷസ്സുകൾ മനുഷ്യത്തം ഉള്ളവരാണെന്നുറപ്പായി..അന്ന് അമ്മായി ആയി വന്ന് എന്നോട്‌ മിണ്ടിയത്‌ രക്ഷസ്സാണെന്ന് ഇപ്പൊ ഞാൻ തീർത്തും വിശ്വസിക്കുന്നു..പക്ഷേ…പിശാചുക്കളായ അവർക്ക്‌ മനുഷ്യരെക്കാൾ മനുഷ്യത്തം ഉണ്ട്‌..അതുറപ്പ്‌..”അത്‌ കേട്ട്‌ വല്യമ്മായിയുടെ മുഖത്ത്‌ കുറ്റബോധത്തിന്റെ കരി നിഴൽ പടർന്നു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here