എല്ലാ ശനിയാഴ്ചയും മുടങ്ങാതെ എത്തുന്ന മുടന്തനായ ആ യാചകൻ്റെ പേര് ‘രാജാവ് ‘ എന്നായിരുന്നു !
ഗ്രാമത്തിലെ ചന്തപ്പുരയിലാണ് രാജാവ് ഉൾപ്പെടെ മൂന്നു യാചകരുടെ അന്തിയുറക്കം. നേരം പുലർന്നാൽ മൂന്നുപേരും മൂന്നു വഴിക്കു പോകും. അന്തിമയങ്ങുമ്പോൾ തല ചായ്ക്കാൻ ചന്തപ്പുരയിലെത്തും.
മുടന്തനായ യാചകനോട് മറ്റു രണ്ടു പേർക്കും അസൂയയാണ്. കാരണം, മുടന്തനായതു കൊണ്ട് അയാൾക്ക് കൂടുതൽ ഭിക്ഷ കിട്ടിയിരുന്നു. ശനിയാഴ്ചകളിൽ മുടന്തന് ഭിക്ഷ കൊടുക്കുന്നത് ശനി പ്രീതികരമാണെന്ന വിശ്വാസമാണ് അതിനു പിന്നിൽ. (ശനിക്കും അല്പം മുടന്തുണ്ടല്ലോ )
എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ പിറന്നാൾ വന്നത് (ജന്മനക്ഷത്രമാണ് പിറന്നാളിനു പരിഗണിക്കു ക) ഒരു ശനിയാഴ്ചയാണ്.ശനിയാഴ്ച ജന്മദിനം വരുന്നത് അത്ര ശുഭകരമല്ല. അതിനു പരിഹാരമായി അമ്മ ഒരു മാർഗം കണ്ടെത്തി. ചന്തപ്പുരയിലെ മുടന്തൻ യാചകന് അന്നദാനം നൽകുക. പക്ഷേ, അന്ന് അയാൾ ഭിക്ഷയ്ക്കായി വീട്ടിലെത്തിയില്ല. അതു കൊണ്ട് ഞാനും അമ്മയും കൂടി യാചകർക്കുള്ള ഭക്ഷണവുമായി ചന്തപ്പുരയിലെത്തി. (വീട്ടിൽ നിന്നും പത്തു മിനിറ്റു നടക്കേണ്ട ദൂരമെ ചന്തപ്പുരയിലേയ്ക്കുണ്ടായിരുന്നുള്ളു.)
ഞങ്ങൾ ചെല്ലുമ്പോൾ മുടന്തുള്ള യാചകൻ അവിടെ ഉണ്ടായിരുന്നില്ല. മറ്റു രണ്ടു പേർക്ക് ഭക്ഷണം നൽകി. അയാൾക്കുള്ളത് അവരെ ഏൽപ്പിച്ചു. അയാൾ എവിടെ പോയെന്ന് അവർക്കറിയില്ല. തലേന്നു രാത്രി അയാൾ തിരിച്ചെത്തിയിട്ടില്ല.
” രാജാവ് അങ്ങനെയാണ്. എടയ്ക്ക് കാണാണ്ടാവും. രണ്ടീസം കഴിയുമ്പോൾ തിരിച്ചെത്തും.”
അവരിൽ ഒരാൾ പറഞ്ഞു.
“രാജാവെന്നാണോ അയാളുടെ പേര്!”
അമ്മ ആശ്ചര്യപ്പെട്ടു.
“അമ്മാ, അതൊരു പെരിയ കതയാണ്. അവൻ്റെ മാറാപ്പിനുള്ളിൽ ഒരോലക്കെട്ടുണ്ട്. ജാതകം. അതിൽ അവന് രാജയോകമുണ്ടെന്നാ എഴുവെച്ചിരിക്കണത്. ഏതോ ജോൽസിയൻ പറഞ്ഞതാണത്രെ…..”
അയാൾ കാര്യങ്ങൾ വ്യക്തമാക്കി.അയാളുടെ ശരിയായ പേരോ മറ്റു വിവരങ്ങളോ അവർക്കും നിശ്ചയമില്ല.
പിറ്റേന്നു കാലത്താണ് ആ വാർത്ത അറിയുന്നത്. പാറമടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നു.
അത് ആ യാചകൻ്റെതായിരുന്നു.
പോലീസുകാർ വന്ന് മൃതദേഹം പുറത്തെടുത്തു. പാറമടയിലെ അലക്കു കല്ലിൽ വച്ചിരുന്ന അയാളുടെ ഭാണ്ഡം അവർ തുറന്നു നോക്കി. ഒരു കാവിമുണ്ടും ഷർട്ടും രണ്ടായിരത്തിനടുത്ത് രൂപയും അതിനകത്തുണ്ടായിരുന്നു. പിന്നെ, മുരുകൻ്റെ ചിത്രമുള്ള മഞ്ഞനിറുള്ള തുണി സഞ്ചിയിൽ ഭദ്രമായി പൊതിഞ്ഞു വച്ച ഒരു ജാതകവും.