രജത താരകം

macro-leaf-photo-tall-l

ദീർഘമാം പകലിന്റെ നീളും വഴിത്താരയിൽ
താരമേ നിനക്കായ് ഞാൻ കാത്തിരുന്നു

അർക്കന്റെ പൊൻതൂവൽ കിരീട മങ്ങകലെ
ആഴിതൻ പാൽത്തിരയിൽ ഒളിയ്ക്കുംവരെ

പാൽപുഞ്ചിരി തൂകി കയ്യെത്താദൂരത്ത്
ചന്ദ്രിക വാനിലായ് എത്തുംവരെ

കളകളാഘോഷത്തോടെ പറവകൾ തങ്ങൾതൻ
കുട്ടിലായ് ചേക്കേറും നേരംവരെ

ആരുമേകാണാതെ രാവിന്റെ മെത്തയിൽ
നിശാഗന്ധി മദാലസയായ് മാറുംവരെ

പകലിന്റെ ആടിത്തിമർപ്പിൻ തളർച്ചയാൽ
വൃക്ഷങ്ങൾ കുളിർകാറ്റിൽ മയങ്ങും വരെ

യാചിച്ചു ഞാനാ കരിമുകിൽ കുട്ടങ്ങളോടായ്
വഴി മാറുമോ നിങ്ങളെൻ പൊൻ താരത്തിനായ്

പെയ്യരുതേ വർഷ മേഘങ്ങളേ നിങ്ങൾ
മിന്നും പൊൻ താരത്തെ ഞാൻ കാണുംവരെ

വിണ്ണിന്റെയനന്തമാം അങ്കണത്തിൽ നിന്നും
കാർമേഘക്കൂട്ടങ്ങൾ അദൃശ്യരായി

നിശ്വാസമടക്കി പിടിച്ചു പേമാരിയും
പൊന്മണി താരത്തിൽ വരവേൽപ്പിനായ്

കണ്ണിമവെട്ടാതെ നോക്കി നിന്നു ഞാനും
അനന്തമാം ആകാശ സാഗരത്തിൽ

കണ്ടു ഞാൻ പുഞ്ചിരി തൂകിയെത്തും
നക്ഷത്രമേ നിന്നെ എൻ ജീവിതത്തിൽ

ആഹ്ലാദമാം നമ്മിലെ നിമിഷങ്ങളല്ലോ
ഈ മർത്ത്യജീവിതത്തിനുൾപ്രേരകം

താരമേ നിയാം പ്രതീക്ഷയല്ലോ
നാളെയായ് മർത്ത്യനെ നയിച്ചിടുന്നു

കാർമേഘക്കൂട്ടത്തിൽ നീ ബന്ധിയായെങ്കിലും
വരുമല്ലോ എനിയ്ക്കായ് നീ രജനിതോറും.

 

(ജീവിതത്തിൽ വല്ലപ്പോഴും വീണുകിട്ടുന്ന മഞ്ഞുതുള്ളിയെപ്പോൽ കുളിർ നൽകും സന്തോഷ നിമിഷങ്ങളും, നന്മ നിറഞ്ഞ നാളെയെന്ന പ്രതീക്ഷയുമാണ് ഓരോ മനുഷ്യന്റെയും ജീവിതത്തെ മുന്നോട്ട് നയിയ്ക്കുന്നത്. ഇവിടെ ഇവൾക്ക് സന്തോഷ നിമിഷങ്ങളും, പ്രതീക്ഷകളും – ദുഖങ്ങളും, പ്രതിസന്ധികളും ആകുന്ന പകൽ മുഴുവൻ കാത്തിരുന്ന കിട്ടുന്ന ആകാശത്ത് തെളിഞ്ഞു മായുന്ന പ്രതീക്ഷയെന്ന, സന്തോഷമെന്ന നക്ഷത്രമായി തോന്നുന്നു)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English