രാജകല്പ്പന

പണ്ട് പണ്ട് പരശുപുരം എന്ന രാജ്യത്ത് പാപ്പു ആശാരിയും മകളും താമസിച്ചിരുന്നു. ആശാരി കൊട്ടാരത്തിലെ പണിക്കാരനായിരുന്നു. ഒരു ദിവസം ആശാരിയെ വിളീക്കാന്‍ രാജാവ് മന്ത്രിയെ അയച്ചു. മന്ത്രി ആശാരിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ആശാരി അവിടെ ഉണ്ടായിരുന്നില്ല.

ആശാരിയുടെ മകളെ വിളിച്ച് മന്ത്രി ചോദിച്ചു.

” അച്ഛന്‍ എവിടെ പോയി?”

” അച്ഛന്‍ കാലിനു വേലി വാങ്ങാന്‍ പോയി”

” എപ്പോഴാണു വരുന്നത്?” മന്ത്രി വീണ്ടും ചോദിച്ചു.

”വന്നാല്‍ വരില്ല വന്നില്ലെങ്കില്‍‍ വരും”

അവളുടെ കൂസലില്ലാത്ത മറുപടി കേട്ട് മന്ത്രിക്കു കോപം അടക്കാനായില്ല.

” ങാ ? ഹാ! നീ അത്രക്കായോ ? ഉടനെ രാജാധാനിയിലേക്ക് പോന്നോ. നിന്റെ ധിക്കാരം നിറുത്താം”

” അയ്യോ !അടിയനിപ്പോള്‍ വരാന്‍ പാടില്ലല്ലോ”

” അതെന്താ?”

” തല അടുപ്പത്തിരിക്കുന്ന കലത്തിലും ഉടല്‍ അടുപ്പിലുമാണ്”

ഇതും കൂടി കേട്ടപ്പോള്‍‍ മന്ത്രിയുടെ രോഷം ആളിക്കത്തി . അയാള്‍ പല്ലു ഞെരിച്ച് മടങ്ങിപ്പോയി തിരുമുമ്പില്‍ ചെന്ന് വിവരമുണര്‍ത്തിച്ചു.

പാപ്പു ആശാരിയെ ഉടനെ പിടിച്ചുകൊണ്ടു വരുവാന്‍ രാജാവ് കല്പ്പന കൊടുത്തു.

രാജ സേവകന്മാര്‍ ആശാരിയെ പിടിച്ചുകൊണ്ടു വന്നു തിരുമുമ്പില്‍ ഹാജറാക്കി.

രാജാവ് ആശാരിയോടു കല്പ്പിച്ചു.

” നാളെ നാലുമണിക്കു മുമ്പ് മരമല്ലാത്ത മരം‍ കൊണ്ട് കൂടുണ്ടാക്കി കിളിയില്ലാത്ത കിളിയെ കൂട്ടിലാക്കി എന്റെ മുമ്പില്‍ കൊണ്ടു വരണം. അല്ലാത്ത പക്ഷം നിന്റെ ശിരസ്സ് ഛേദിച്ചു കളയുന്നതായിരീക്കും. ഉം … നിനക്കു പോകാം ”

ആശാരി വിഷണ്ണനായി വീട്ടിലേക്കു മടങ്ങി. തന്റെ മകളുടെ ധിക്കാരം കൊണ്ടാണ് കുഴപ്പങ്ങളെല്ലാം വന്നതോര്‍ത്തപ്പോള്‍ അവളെ കൊല്ലാനുള്ള ദേഷ്യം വന്നു അയാള്‍ക്ക്. അയാള്‍ വീതുളി എടുത്തുകൊണ്ട് മകളുടെ നേരെ പാഞ്ഞു. ബുദ്ധിമതിയായ മകള്‍ അച്ഛനെ സമാധാനപ്പെടുത്തിക്കൊണ്ട് കാര്യം ചോദിച്ചു.

ആശാരി രാജകല്പ്പനം മകളെ അറിയിച്ചു. മകള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

” ഇതയല്ലേ ഉള്ളു അതിന് അച്ഛനിത്ര വെപ്രാളപ്പെടുന്നതിനെന്തിനാ? ഞാന്‍ പരിഹാരമുണ്ടാക്കാം
അച്ഛന്‍ പോയി കുറെ ഞാങ്ങണ വെട്ടിക്കൊണ്ടു വാ ..”

” ങാ..ങാ.. അത് മരമല്ലത്ത മരമാണല്ലോ അച്ഛനോര്‍ത്തില്ല മോളെ” എന്നു പറഞ്ഞുകൊണ്ട് അയാള്‍ വേഗം ഞാങ്ങണ കൊണ്ടു വന്ന് ഭംഗിയുള്ള കൂടുണ്ടാക്കി. ഇനിയെന്തു ചെയ്യണമെന്നയാള്‍ മകളോടു ചോദിച്ചു .

മകള്‍ പറഞ്ഞു
.
” അച്ഛന്‍ പോയി ഒരു പൂത്താങ്കീരിയെ പിടിച്ചു കൊണ്ട്‍ വാ…”

”എടീ നീ ബുദ്ധിയുള്ള കുട്ടിയാണല്ലോ കിളിയല്ലാത്ത കിളീ പൂത്താങ്കീരിയാണല്ലോ പൂത്താങ്കീരിക്ക് എന്താ പ്രയാസം ഞാനിപ്പോള്‍ കൊണ്ടു വരാമല്ലോ”

അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളീല്‍ ആശാരി പൂത്താങ്കീരിയെ പിടിച്ചു കൊണ്ടു വന്ന് കൂട്ടിനുള്ളിലാക്കി അതുമായി രാജാധാനിയില്‍ ചെന്നു. രാജാവിനു സന്തോഷമായി. അദ്ദേഹം ആശാരിയെ അഭിനന്ദിച്ചു.

ആശാരി പറഞ്ഞു.

” യഥാര്‍ത്ഥത്തിലുള്ള അഭനന്ദനമര്‍ഹിക്കുന്നത് എന്റെ മകളാണ്. അവളാണ് ഇതൊക്കെ എനിക്കു പറഞ്ഞൂ തന്നത്”

ആശാരിയുടെ മകളെ രാജസന്നിധിയില്‍ കൊണ്ടുവാരാന്‍ രാജാവ് കല്പ്പിച്ചു.

ആശാരിയുടെ മകള്‍ വന്നു.

”നീ നമ്മുടെ മന്ത്രിയോട് ധിക്കാരമായി സംസാരിച്ചതിന് മുക്കാലിയില്‍ കെട്ടി ഇരുപത്തിയഞ്ച് അടി അടിക്കുവാന്‍ നാം തീരുമാനിച്ചിരിക്കുന്നു”

രാജകല്പ്പന കേട്ട് ആശാരിക്ക് സങ്കടമായി. മകള്‍ക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല
അവള്‍ പറഞ്ഞു.

” അടിയന്‍ അവിടത്തെ മന്ത്രിയോട് ധിക്കാരമായി ഒന്നും സംസാരിച്ചിട്ടില്ല. മന്ത്രി അച്ചനെ അന്വേഷിച്ച് വീട്ടില്‍‍ വന്നപ്പോള്‍‍ അച്ഛന്‍ ചെരിപ്പ് വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. പോകുന്ന വഴി ഒരു പുഴയുണ്ട് . പുഴയില്‍ മലവെള്ളം വന്നാല്‍ അച്ഛന്‍ വരികയില്ല. മലവെള്ളം വന്നില്ലെങ്കില്‍ അച്ഛന്‍ വരും എന്നും പറഞ്ഞു. അതുകേട്ട് കോപിച്ച മന്ത്രി അടിയനോട് കൊട്ടാരത്തിലേക്കു വരാന്‍ കല്പ്പിച്ചു. അപ്പോള്‍ അടിയന്‍ നെല്ലു പുഴുങ്ങുകയായിരുന്നു. വയ്ക്കോലാണ് കത്തിച്ചിരുന്നത്. അതിനാല്‍ അടുപ്പിനരുകില്‍ നിന്ന് മാറുവാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. അതാണ് അടിയന്‍ മന്ത്രിയോട് പറഞ്ഞത്”

ആശാരിയുടെ മകളുടെ ബുദ്ധി വൈഭവം കണ്ട് സന്തോഷിച്ച രാജാവ് ഇരുപത്തിയഞ്ചു പറ നിലം കരം ഒഴിവാക്കി അവള്‍ക്ക് പതിച്ചു കൊടുക്കാന്‍ കല്പ്പന പുറപ്പെടുവിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here